97-ാം വയസ്സിലും ആരോഗ്യം സംരക്ഷിച്ച് താങ്കള്‍ മുന്നോട്ടുപോകുന്നു. ആരോഗ്യസ്ഥിതി എന്താണ്? ദൈനംദിന വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ടോ?

= എനിക്ക് സ്വന്തംനിലയില്‍ സംരക്ഷിക്കാനാവാത്തവിധമാണ് ആരോഗ്യകാര്യങ്ങള്‍. തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളുണ്ട്. ടി.വി.യിലും പത്രങ്ങളിലും വരുന്ന വാര്‍ത്തകള്‍ ശ്രദ്ധിക്കുന്നുണ്ട്.

 കേരളത്തില്‍ ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്ന് കരുതുന്നുണ്ടോ?

തീര്‍ച്ചയായും. ഇടതുപക്ഷഭരണം നിലനില്‍ക്കണമെന്ന് അധ്വാനിക്കുന്ന ജനവിഭാഗവും മതനിരപേക്ഷ മനസ്സുള്ളവരും ആഗ്രഹിക്കുന്നുണ്ട്. രണ്ടു പ്രളയങ്ങളും നിപയും കോവിഡുമൊക്കെ അതിജീവിച്ച് ജനങ്ങള്‍ക്ക് സംരക്ഷണകവചം ഒരുക്കിയ സര്‍ക്കാരിനെ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. ഏതു കെടുതിയിലും അടുപ്പിലെ തീ അണയാതെ കാവല്‍നിന്ന ഇടതുപക്ഷത്തെയല്ലാതെ ജനങ്ങള്‍ക്ക് തിരഞ്ഞെടുക്കാനാവില്ല. എന്നാലും എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ വിശ്രമമില്ലാതെ പണിയെടുക്കണം. നേട്ടങ്ങളുടെ തുടര്‍ച്ചയും വളര്‍ച്ചയും ജനങ്ങള്‍ക്കുമുന്നില്‍ വിശദീകരിക്കണം.

പിണറായി വിജയന്‍ എന്ന നേതാവിനെയും മുഖ്യമന്ത്രിയെയും എങ്ങനെ വിലയിരുത്തുന്നു? 

ഏതെങ്കിലും നേതാവിനെ വിലയിരുത്തുന്നതില്‍ കാര്യമില്ല. നേതാവില്ലാതെ മുന്നണിനേതൃത്വത്തിന് പൂര്‍ണതയില്ലല്ലോ. പാര്‍ട്ടി ഏല്‍പ്പിച്ച ചുമതലകള്‍ ഏതുരീതിയില്‍ നിര്‍വഹിക്കുന്നു എന്നതിലാണ് കാര്യം. ഭൂപരിഷ്‌കരണമായാലും വിദ്യാഭ്യാസ ബില്ലായാലും നെല്‍വയല്‍ നീര്‍ത്തട സംരക്ഷണമായാലും അനധികൃത കൈയേറ്റമൊഴിപ്പിക്കലായാലും ദുരന്തങ്ങളെ നേരിടുന്ന കാര്യമായാലും ക്ഷേമനടപടികളായാലും ഒക്കെ അങ്ങനെതന്നെ. ഈ സര്‍ക്കാര്‍ ജനങ്ങളുടെ പക്ഷത്താണ് എന്നകാര്യത്തില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടാവാനിടയില്ല.

ഇടതുഭരണത്തിന്റെ അവസാനകാലത്ത് ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളുണ്ടായി. സ്വര്‍ണക്കടത്തുമുതല്‍ കേരളത്തിന്റെ കടല്‍ വില്‍ക്കുന്നു എന്ന ആരോപണംവരെ. എന്തുതോന്നുന്നു? 

ആരോപണങ്ങളെ ഭയപ്പെട്ടാല്‍ ഒരു ഭരണാധികാരിക്കും ഭരണം നടത്താനാവില്ല. കഴിഞ്ഞ ഭരണത്തിന്റെ അവസാനകാലത്തും ഇതുപോലുള്ള ആരോപണങ്ങളുണ്ടായല്ലോ. ഞാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിക്കെതിരേ നിലനില്‍ക്കുന്ന ഒരു ആരോപണം കണ്ടെത്തുന്നതിനുവേണ്ടി പ്രതിപക്ഷം ഒരു കമ്മിറ്റിയെ നിയോഗിക്കുകവരെ ചെയ്തിട്ടുണ്ടല്ലോ. കേന്ദ്ര ഏജന്‍സികളാണ് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കുന്നത്. അതും, എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആവശ്യാര്‍ഥം. തിരഞ്ഞെടുപ്പുകാലത്ത് ആ അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് എന്ന ആരോപണവും ഉണ്ട്. കടല്‍ കേരള സര്‍ക്കാരിന് വില്‍ക്കാനാവില്ലല്ലോ.

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ എന്നനിലയിലുള്ള പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടോ? 

തീര്‍ച്ചയായും. പതിമ്മൂന്ന് വിഷയമേഖലകളില്‍ സമഗ്രമായ പഠനം നടത്തുകയും ശുപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തശേഷമാണ് ഞാന്‍ സ്ഥാനമൊഴിഞ്ഞത്. ആ റിപ്പോര്‍ട്ടുകളില്‍ എന്തു നടപടി കൈക്കൊള്ളും എന്നതിനെക്കൂടി ആശ്രയിച്ചാണ് പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തി.

ബി.ജെ.പി. കേരളത്തിലും നേട്ടമുണ്ടാക്കാന്‍ വലിയ ശ്രമത്തിലാണ്. ഫലമുണ്ടാവുമോ? 

ബി.ജെ.പി. കേരളത്തില്‍ നേട്ടമുണ്ടാക്കാനായി ശ്രമിക്കും. വിമോചനസമരം തൊട്ടിങ്ങോട്ട് പ്രതിലോമശക്തികള്‍ ഇടതുപക്ഷത്തെപ്പോലെതന്നെ സജീവമാണ്. പക്ഷേ, ഇത് കേരളമാണ്. ഇടതുപക്ഷ മതനിരപേക്ഷ കേരളത്തില്‍ ബി.ജെ.പി.ക്ക് വേരുറപ്പിക്കാനാവില്ല. രാഷ്ട്രത്തെ വിറ്റുതുലയ്ക്കുന്ന ബി.ജെ.പി.യെ ഏറ്റവും നന്നായി വിലയിരുത്തുന്നതും കേരളമാവും.

മാരാരിക്കുളത്തെ തോല്‍വിക്കുശേഷമാണ് താങ്കള്‍ മാറിയത് എന്നൊരു വിലയിരുത്തലുണ്ട്. പിന്നീടാണ് താങ്കളുടെ ജനകീയത കുത്തനെ ഉയര്‍ന്നത്. മാരാരിക്കുളത്തിനുശേഷം ഒരു മാനസാന്തരം സംഭവിച്ചോ? 

അത് ആരുടെ വിലയിരുത്തലാണെന്നറിയില്ല. ഏതായാലും മാരാരിക്കുളത്തെ തോല്‍വിക്ക് മുമ്പും പിമ്പും ഒരു കമ്യൂണിസ്റ്റുകാരന്‍ എന്നനിലയില്‍ എന്റെ നിലപാടുകളില്‍ മാറ്റമുണ്ടായിട്ടില്ല. എന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ വിലയിരുത്തിയതിന്റെ ഫലമായിട്ടാവണം, എന്റെ ജനകീയത ഉയര്‍ന്നിട്ടുണ്ടെങ്കില്‍ അങ്ങനെ സംഭവിച്ചത്. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമ്പോഴും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ ആവുമ്പോഴും ജനങ്ങള്‍ ഒപ്പമുണ്ടായിരുന്നു എന്നു പറയുന്നതല്ലേ ശരി? ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതോ പരാജയപ്പെടുന്നതോ അല്ലല്ലോ കാര്യം.

ഇപ്പോഴത്തെ ദിനചര്യ എങ്ങനെ? 

ദിനചര്യകളില്‍ കാര്യമായ മാറ്റംവന്നിരിക്കുന്നു. മുമ്പൊക്കെ രാവിലെ നാലുമണിക്ക് ആരംഭിച്ചിരുന്ന ദിനചര്യകള്‍ അതേപടി തുടരാനാവുന്നില്ല. നടത്തവും യോഗയുമൊക്കെ വെട്ടിക്കുറയ്‌ക്കേണ്ടിവന്നിരിക്കുന്നു.

ഇത്രയും ദീര്‍ഘമായ ഒരു രാഷ്ട്രീയജീവിതം നല്‍കിയ തിരിച്ചറിവുകള്‍ എന്തൊക്കെയാണ്? 

 രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനശൈലിയില്‍ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പഴയ പല മുദ്രാവാക്യങ്ങളും അപ്രസക്തമാവുകയോ അവഗണിക്കപ്പെടുകയോ ചെയ്യപ്പെട്ടിരിക്കുന്നു. ഇ.എം.എസ്. പറഞ്ഞതുപോലെ, സത്യസന്ധതയും ത്യാഗനിര്‍ഭരതയുമാണ് രാഷ്ട്രീയക്കാരുടെ അടിസ്ഥാനമൂല്യങ്ങള്‍. ഇത് ഈ കാലഘട്ടത്തില്‍ വിഷമമേറിയ ഒരു പ്രക്രിയയായി മാറിയിരിക്കുന്നു. അതിനു കാരണം മൂലധന താത്പര്യങ്ങളുടെ സ്വാധീനം രാഷ്ട്രീയപ്പാര്‍ട്ടികളെയും പിടികൂടുന്നു എന്നതുകൂടിയാണ്. അതിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെ മാത്രമേ, ഇടതുപക്ഷമൂല്യങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയൂ.

ചെയ്തത് തെറ്റായിപ്പോയി എന്ന് എപ്പോഴെങ്കിലും തോന്നിയ സന്ദര്‍ഭങ്ങളുണ്ടോ?

ഇല്ല. പക്ഷേ, വേണ്ടത്ര പൂര്‍ണതയില്‍ ചെയ്‌തോ എന്ന തോന്നല്‍ ഉണ്ടായ എത്രയോ സന്ദര്‍ഭങ്ങളുണ്ട്. ഭൂമിയുടെ വിനിയോഗം സംബന്ധിച്ച്, പരിസ്ഥിതി സംബന്ധിച്ച്, സ്ത്രീസുരക്ഷ സംബന്ധിച്ച്, അഴിമതിക്കെതിരേയുള്ള പോരാട്ടം സംബന്ധിച്ച് എല്ലാം കുറേക്കൂടി ചെയ്യാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്.

സ്വന്തം അനുഭവത്തില്‍നിന്ന് രാഷ്ട്രീയത്തിലെ വരുംതലമുറയ്ക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?

 പ്രത്യയശാസ്ത്രത്തിന്റെ അടിത്തറയില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ നിലപാടുകളില്‍ അവസാനംവരെ ഉറച്ചുനില്‍ക്കുക. ആരൊക്കെ അതിനെ എതിര്‍ത്താലും ജനങ്ങള്‍ ഒപ്പമുണ്ടാവും. ജനങ്ങളുടെ താത്പര്യമാണ് കമ്യൂണിസ്റ്റുകാരന്റെ താത്പര്യം. അതിനപ്പുറം കമ്യൂണിസ്റ്റുകാരന് വേറെ താത്പര്യങ്ങളില്ല.