ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തെയും കുടുംബാധിപത്യത്തെയും ചോദ്യം ചെയ്ത് 1978ല്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസില്‍ ഉയര്‍ന്നുവന്ന തിരുത്തല്‍ശക്തിയിലെ പ്രധാനികളില്‍ ഒരാളായിരുന്നു അന്നത്തെ അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന പി.സി.ചാക്കോ. ശരദ്പവാറിനൊപ്പം 1986 ല്‍  കോണ്‍ഗ്രസില്‍ തിരിച്ചെത്തിയെങ്കിലും ചാക്കോ ഒരിക്കലും കോണ്‍ഗ്രസില്‍ സുരക്ഷിതനായിരുന്നില്ല. എന്‍.സി.പി.യില്‍ ചേരാനുണ്ടായ സാഹചര്യം മുതിര്‍ന്ന നേതാവ് പി.സി.ചാക്കോ മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസുമായി പങ്കുവെക്കുന്നു.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യവും കുടുംബാധിപത്യവും ചോദ്യം ചെയ്താണല്ലോ 1978ല്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് 1986ല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയത് തെറ്റായ തീരുമാനമായിപോയെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ? 
ശരദ്പവാറിനൊപ്പം 1986 ല്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയതിന്റെ തെറ്റും ശരിയും മനസിലാക്കാന്‍ അന്ന് കഴിയുമായിരുന്നില്ല. പ്രതീക്ഷയോടെയാണ് തിരിച്ചുപോയത്. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടശേഷം രാജീവ്ഗാന്ധി അധികാരത്തില്‍വന്നു. കോണ്‍ഗ്രസില്‍നിന്ന് വിട്ടുപോയവരെ തിരികെ കൊണ്ടുവരാന്‍ രാജീവ് ശ്രമം തുടങ്ങി. അങ്ങനെ ശരദ്പവാറിനെ തിരിച്ചുവിളിച്ചു. തുടക്കത്തില്‍ എനിക്ക് അതിനോട് വിയോജിപ്പായിരുന്നു. പവാര്‍ പറഞ്ഞതുപ്രകാരം രാജീവ്ഗാന്ധി എന്നെ ഫോണില്‍ വിളിച്ചു. അഭിപ്രായങ്ങള്‍ പാര്‍ട്ടി വേദിയില്‍ തുറന്നുപറയാന്‍ കഴിയുന്ന, തികഞ്ഞ ജനാധിപത്യപാര്‍ട്ടിയായി മുന്നോട്ടുപോകുമെന്ന് രാജീവ് ഉറപ്പ് നല്‍കി.അങ്ങനെ തികഞ്ഞ പ്രതീക്ഷയോടെയാണ് തിരിച്ചുപോയത്. അതുകൊണ്ട് 1986ല്‍ എടുത്ത തീരുമാനം തെറ്റായിപോയെന്ന് കരുതുന്നില്ല.

ശരദ്പവാറിന്റെ വിശ്വസ്തനായ താങ്കള്‍ പിന്നെ എന്തുകൊണ്ട് സോണിയയുടെ പൗരത്വവിഷയത്തില്‍ പവാറിനൊപ്പം നിന്നില്ല?  
കൂടെകൂടെയുള്ള പാര്‍ട്ടിമാറ്റത്തോട് വിമുഖതയുണ്ടായിരുന്നു. മാത്രമല്ല, രാജീവ്ഗാന്ധി വധിക്കപ്പെട്ട ശേഷം സോണിയ നേതൃത്വത്തിലേക്ക് വരാന്‍ ഒട്ടും താല്‍പര്യം കാണിച്ചിരുന്നില്ല. അവരെ ചെന്നുകണ്ട് നേതൃത്വം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഒടുവില്‍ അവര്‍ അതിന് തയ്യാറായപ്പോള്‍ വിദേശപൗരത്വം ഉന്നയിച്ച് വിവാദമുണ്ടാക്കിയതിനോട് എനിക്ക് യോജിപ്പുണ്ടായിരുന്നില്ല. വ്യക്തിപരമായ അഭിപ്രായത്തില്‍ എന്നും ഉറച്ചുനില്‍ക്കാറുണ്ട്. അതില്‍ ആരോടും കോംപ്രമൈസ് ചെയ്യാറില്ല. അന്ന് വിയോജിപ്പ് പവാറിനോട് തുറന്നുപറഞ്ഞു. ശരിയെന്ന് തോന്നുന്ന നിലപാടെടുക്കാന്‍ പവാര്‍ ഉപദേശിച്ചു.

അടിയന്താവസ്ഥക്കാലത്ത് സഞ്ജയ്ഗാന്ധിയോടുള്ള സമീപനം എന്തായിരുന്നു ?  
പ്രിയരഞ്ജന്‍ദാസ് മുന്‍ഷി അഖിലേന്ത്യാ യൂത്ത്‌കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കാലത്ത് ഞാനും അംബികാസോണിയുമായിരുന്നു ജനറല്‍സെക്രട്ടറിമാര്‍. ആ സമയത്താണ് സഞ്ജയ്ഗാന്ധി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്  വരുന്നത്. ഏകപക്ഷീയമായി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടാണ് സഞ്ജയ്ഗാന്ധി പിടിച്ചടക്കിയത്. പിന്നീട് അടിയന്തരാവസ്ഥകാലത്ത് നടന്ന എല്ലാ അതിക്രമങ്ങള്‍ക്കും കാരണക്കാരനായത് സഞ്ജയ്ഗാന്ധിയാണ്.

p c chacko

ഇപ്പോള്‍ കോണ്‍ഗ്രസ് വിടാനുണ്ടായ കാരണമെന്താണ് ?  
കോണ്‍ഗ്രസില്‍ ഇപ്പോള്‍ ഹൈക്കമാന്‍ഡ് ഇല്ല. സംസ്ഥാനങ്ങളില്‍ നേതൃതലത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം കേന്ദ്രത്തിലില്ല. എല്ലാം അഡ്‌ഹോക്ക് കമ്മിറ്റികളാണ്. എ.ഐ.സി.സി.ക്ക് അഡ്‌ഹോക്ക് പ്രസിഡന്റും വര്‍ക്കിംഗ് കമ്മിറ്റിയുമാണുള്ളത്.സംഘടനയില്‍ ചര്‍ച്ചകളില്ല. സംഘടനാ തിരഞെടുപ്പ് എന്ന നാടകം നടത്തി രാഹുല്‍ഗാന്ധിയെ പ്രസിഡന്റായി തിരഞെടുത്തു. തൊട്ടുപിന്നാലെ അദ്ദേഹം രാജിവെച്ചു. കെ.സി.വേണുഗോപാലിനെ പോലെ പരിചയമില്ലാത്തയാളെ മുന്നില്‍നിര്‍ത്തി രാഹുല്‍ഗാന്ധി പിന്‍സീറ്റ് ഡ്രൈവിങ്ങ് നടത്തുന്നു. കോണ്‍ഗ്രസ് ഇന്ന് മൂന്നു പേര്ക്ക് മാത്രം വേണ്ടിയുള്ള പാര്‍ട്ടിയായി മാറി.

ആരാണീ മൂന്നുേപര്‍? 
സോണിയഗാന്ധി, രാഹുല്‍, പ്രിയങ്ക. ഈ മൂന്നുപേരുടെ കാര്യം അന്വേഷിക്കുകയെന്നല്ലാതെ യാതൊരു ദൗത്യവും ഇന്ന് പാര്‍ട്ടിക്കില്ല. കര്‍ഷകസമരത്തെകുറിച്ചോ, ദേശീയതലത്തില്‍ പ്രതിപക്ഷത്തെ ഏകോപിപ്പിക്കുന്നതിനെകുറിച്ചോ ചര്‍ച്ചകള്‍ ഇല്ല. വേണുഗോപാല്‍ ചില സര്‍ക്കുലറുകള്‍ അയക്കും. ആരും അത് ഗൗരവത്തില്‍ എടുക്കാറില്ല. പ്രതിപക്ഷ ശക്തികളെ യോജിപ്പിച്ച് ധൈര്യമായി മുന്നോട്ടുപോവുന്നതിനുപകരം  കോണ്‍ഗ്രസ് അതിന്റെ ധൗത്യം നിറവേറ്റുന്നില്ല. അതുകൊണ്ടാണ് പാര്‍ട്ടി വിേടണ്ടിവന്നത്.

കെ.സി.വേണുഗോപാലിന് പരിചയകുറവുണ്ടെന്ന് പറഞ്ഞല്ലോ. എങ്കില്‍ എങ്ങനെയാണ് ഇദ്ദേഹത്തെ സംഘടനാചുമതലയുള്ള ജനറല്‍സെക്രട്ടറിയാക്കിയത് ? 
ദേശീയരാഷ്ട്രീയത്തില്‍ വേണുഗോപാലിന് വലിയ പരിചയമില്ല. പക്ഷേ രാഹുല്‍ഗാന്ധിയുടെ പേഴ്‌സണല്‍ ചോയിസാണ് .അദ്ദേഹം. വേണുവില്‍ എന്ത് നന്മ കണ്ടു, കഴിവ് കണ്ടു എന്ന് അറിയില്ല. ദേശീയരാഷ്ട്രീയത്തെ സൂക്ഷമായി വിലയിരുത്താന്‍ അറിയാത്ത ആളായിരുന്നിട്ടും  വേണുവാണ് രാഹുലിന് കണ്‍വീനിയന്റ് ആയ ആള്‍. എന്താണ് വേണുവിന്റെ യോഗ്യത, എങ്ങനെ  രാഹുലുമായി അടുപ്പമുണ്ടാക്കി എന്ന് അറിഞ്ഞുകൂട.

കേരളത്തിലെ ഗ്രൂപ്പിസത്തെ പഴിക്കുന്ന താങ്കളും കുറച്ചുകാലം ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നില്ലെ ?  
ഞാന്‍ എം.പി.യായത് ഗ്രൂപ്പിന്റെ പേരിലല്ല. എ,ഐ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നില്ല. പാര്‍ലമെന്റില്‍ സജീവമായി പങ്കെടുത്തു. അന്നത്തെ ഏറ്റവും സീനിയര്‍ ഞാനായിരുന്നു. എട്ടുപേരേ കേരളത്തില്‍നിന്ന് മന്ത്രിയാക്കി. എന്നെ പരിഗണിച്ചില്ല. കാരണം ഗ്രൂപ്പുകള്‍ക്ക് വഴങ്ങുകയും കീഴടങ്ങുകയും ചെയ്തില്ല. കഴിവുള്ളവരെ ഒഴിവാക്കാന്‍ ഗ്രൂപ്പുകള്‍ ശ്രമിച്ചു. കരുണാകരനില്‍നിന്ന് രമേശ് ചെന്നിത്തലയും ആന്റണിയില്‍നിന്ന് ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പ് നേതൃത്വം ഏറ്റെടുത്തപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളായി.

ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ഗുഡ് ബുക്‌സില്‍നിന്ന് എങ്ങനെയാണ് പുറത്തായത് ?  
ഞാന്‍ ഒരുകാലത്തും ഉമ്മന്‍ചാണ്ടിയുടെ സുഹൃദ് വലയത്തിലോ ഗുഡ്ബുക്‌സിലോ ഉണ്ടായിരുന്നില്ല. എ.കെ.ആന്റണിയും ഞാനുമാണ് ഒരുകാലത്ത് കേരളരാഷ്ട്രീയം നിയന്ത്രിച്ചത്. അന്ന് മുന്നണി ലെയ്‌സണ്‍ കമ്മിറ്റികളില്‍ ഞാനും ആന്റണിയുമാണ് പങ്കെടുത്തിരുന്നത്.  പി.കെ.വിയെയും സി.എച്ച്.മുഹമ്മദ്‌കോയയെയും മുഖ്യമന്ത്രിയാക്കുന്നത് ഞങ്ങള്‍ ഉള്‍പ്പെട്ട ലെയ്‌സണ്‍ കമ്മിറ്റിയാണ്. ഇടതുമുന്നണിയുമായി സഹകരിക്കണമെന്ന് തീരുമാനിച്ചപ്പോള്‍ ആന്റണിയും ഞാനും ചേര്‍ന്നാണ് തിരുവനന്തപുരത്തെ് ശാന്തിനഗറിലെ നമ്പര്‍ 10 വീട്ടില്‍ ചെന്ന് ഇ.എം.എസിനെ കാണുന്നത്. പിന്നീട് ഇടതുമുന്നണിയുമായി ചേര്‍ന്ന് ഭരണത്തില്‍ വന്നപ്പോള്‍ വ്യവസായമന്ത്രിയായി ഞാനായിരുന്നു ടീമിലെ ഒന്നാമന്‍. ഒപ്പം ആര്യാടന്‍ മുഹമ്മദ്, വക്കംപുരുഷോത്തമന്‍, എ.സി.ഷണ്‍മുഖദാസ്  എന്നിവരും മന്ത്രിമാരായി. പക്ഷേ എല്‍.ഡി.എഫ് വിടാനുള്ള തീരുമാനം എടുത്തപ്പോള്‍ ഞാന്‍ ഒപ്പമുണ്ടാവുമെന്ന് ആന്റണി കരുതി. അതിനുശേഷം തിരിച്ച് ഞാന്‍ കോണ്‍ഗ്രസിലെത്തിയപ്പോള്‍ ആന്റണി ഒരിക്കലും കോംപ്രമൈസ് ചെയ്തില്ല.

ഉമ്മന്‍ചാണ്ടിയുടെ സുഹൃദ് വലയത്തില്‍നിന്ന് പുറത്താവാന്‍ എന്താണ് കാരണം  ? 
ഉമ്മന്‍ചാണ്ടി കെ.എസ്.യു. പ്രസിഡന്റായിരുന്നപ്പോള്‍ ഞാനും രാമചന്ദ്രന്‍കടന്നപ്പള്ളിയും ജനറല്‍ സെക്രട്ടറിമാരിയിരുന്നു. രണ്ടുവര്‍ഷത്തിനുശേഷം ഉമ്മന്‍ചാണ്ടി ഒഴിയാന്‍ തീരുമാനിച്ചപ്പോള്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും കടന്നപ്പള്ളിയെ പ്രസിഡന്‍ാക്കാന്‍ തീരുമാനിച്ചു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കട്ടെ എന്ന് ഞാന്‍ പറഞ്ഞു. ഞാനും കടന്നപ്പള്ളിയും മത്സരിച്ചാല്‍ ഞാന്‍ ജയിക്കുമെന്ന് മനസിലാക്കി ഒടുവില്‍ ഉമ്മന്‍ചാണ്ടി തന്നെ മത്സരിച്ചു. ഞാന്‍ തോറ്റു. എന്നെ ഒഴിവാക്കാന്‍ വേണ്ടിയുള്ള നാടകമായിരുന്നു അത്. പിന്നീട് മൂന്ന് മാസം കഴിഞ് സംസ്ഥാനക്യാമ്പില്‍വെച്ച് ഉമ്മന്‍ചാണ്ടി രാജിവെച്ച് കടന്നപ്പള്ളിയെ പ്രസിഡന്റാക്കി. എന്തുകൊണ്ടോ അന്നുമുതല്‍ സൗഹൃദം  കുറഞ്ഞുതുടങ്ങി.

എ.ഐ.സി.സി.വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കുന്നതിന് കെ.കരുണാകരന്‍ ഒപ്പിട്ടു നല്‍കിയ നോമിനേഷന്‍ താങ്കള്‍ ഗുലാംനബിആസാദിന് നല്‍കാതെ മുക്കി എന്നൊരു ആരോപണം നേരത്തെ ഐ വിഭാഗം ഉന്നയിച്ചിരുന്നല്ലോ ?  
കൊല്‍ക്കത്ത എ.ഐ.സി.സി.സമ്മേളനത്തിലാണ് ലീഡര്‍ വര്‍ക്കിംഗ് കമ്മിറ്റിയിലേക്ക് മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. അന്ന് കൊല്‍ക്കത്തയിലെത്തിയശേഷം ലീഡര്‍ അസുഖം കാരണം സമ്മേളനത്തിന് വന്നില്ല. എ.ഐ.സി.സി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍  ലീഡറുടെ മകന്‍ മുരളീധരനോ, പി.പി.ജോര്‍ജ്ജോ എന്തുചെയ്യണമെന്ന് ലീഡറോട് ചോദിച്ചില്ല. ഞാന്‍ കരുണാകരനെ മുറിയില്‍ ചെന്നുകണ്ട് കാര്യം ധരിപ്പിച്ചു. നോമിനേഷന്‍ ഫോം വാങ്ങിയാണ് വന്നത്. പത്രിക നല്‍കണമോ എന്ന് ഗുലാംനബിയുമായി ആലോചിച്ച് ചെയ്യാന്‍ പറഞ്ഞു. അതുപ്രകാരം ഗുലാംനബിയെ ചെന്ന് കണ്ടു. ലീഡര്‍ മത്സരിക്കേണ്ട. തോറ്റാല്‍ നാണക്കേടല്ലേ. അദ്ദേഹത്തെ നോമിനേറ്റഡ് വിഭാഗത്തില്‍ വര്‍ക്കിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമെന്ന് ഗുലാംനബി പറഞ്ഞു. ഇതാണ് സംഭവിച്ചത്. എന്നാല്‍ ചിലര്‍ ലീഡറെ തെറ്റിദ്ധരിപ്പിച്ചു. അവര്‍തന്നെയാണ് ഞാന്‍ നോമിനേഷന്‍ മുക്കി എന്ന് പ്രചരിപ്പിച്ചത്. ലീഡര്‍ക്കും മുരളിക്കും സത്യം അറിയാം. ഞാന്‍ തര്‍ക്കത്തിനൊന്നും പോയില്ല. യഥാര്‍ത്ഥത്തില്‍ ലീഡര്‍ക്ക് അന്ന് വര്‍ക്കിംഗ് കമ്മിറ്റിയില്‍ എത്താന്‍ കഴിയാതിരുന്നതിന്റെ പരാജയം മൂടിവെക്കാന്‍ എന്നെ കരുവാക്കുകയായിരുന്നു.

കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചപ്പോള്‍ എന്തുകൊണ്ടാണ് എന്‍.സി.പി. തിരഞെടുത്തത് ? 
ബി.ജെ.പി. രാജ്യത്തിന് വലിയ ഭീഷണിയായി വളര്‍ന്നുവരികയാണ്. പ്രാദേശികപാര്‍ട്ടികളെ യോജിപ്പിച്ചു മാത്രമേ ബി.ജെ.പി.യെ നേരിടാന്‍ കഴിയു.  ഇതിന് മുന്‍കൈയെടുക്കുന്നതില്‍ രാഹുല്‍ഗാന്ധി പരാജയപ്പെട്ടു. എന്നാല്‍ തമിഴ്‌നാട്ടിലെ സ്റ്റാലിന്‍, ആന്ധ്രയിലെ രാജശേഖരറെഡ്ഡി, മമതബാനര്‍ജി  തുടങ്ങിയവരെ വിശ്വാസത്തിലെടുക്കാന്‍ കഴിയുള്ള നേതാവ് ശരദ്പവാറാണ്. പ്രതിപക്ഷനിരയെ ഒന്നിപ്പിക്കുന്ന ദൗത്യം ഏറ്റെടുക്കാന്‍ പവാറിനും എന്‍.സി.പി.ക്കും സാധിക്കും. അതുകൊണ്ടാണ് എന്‍.സി.പി.യില്‍ ചേര്‍ന്നത്. കേരളത്തില്‍ ഇടതു സര്‍ക്കാറിന്റെ തുടര്‍ഭരണം ഉണ്ടാവണം. അതാണ് ലക്ഷ്യം. 

Content Highlights: