ഇടതു മുന്നണിയില്‍നിന്ന് പുറത്തുപോകാന്‍ താന്‍ നിര്‍ബന്ധിതനായതാണെന്ന് മാണി സി. കാപ്പന്. പുതിയ പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ക്കിടെ മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാലായിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന ഉത്തമ വിശ്വാസം ഉള്ളതുകൊണ്ട് പാലായിലെ മത്സരിക്കുന്നുള്ളു. ജോസ് കെ. മാണിക്ക് വേണ്ടിയാണ് ഇടതു മുന്നണി കൈയൊഴിഞ്ഞത്. അതുകൊണ്ടാണ് ജോസ്. കെ. മാണിക്കെതിരെ മത്സരിക്കുന്നതും. അതിന്റെ മറുപടി ജനം കൊടുക്കും- അദ്ദേഹം വ്യക്തമാക്കി.
അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം...
രാഷ്ട്രീയത്തിലേക്കുള്ള വഴി എങ്ങനെയായിരുന്നു?
ഞാനൊരു പാരമ്പര്യ രാഷ്ട്രീയ കുടുംബത്തില്‍ ജനിച്ച ആളാണ്. എന്റെ പിതാവ് ചെറിയാന് ജെ. കാപ്പന് സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. അദ്ദേഹം രണ്ടു പ്രാവശ്യം തിരുക്കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു. പാലാ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു. മാത്രമല്ല, പാര്‍ലമെന്റംഗവുമായിരുന്നു. മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തില്‍നിന്ന് 1962 മുതല്‍ 1967 വരെ എം.പിയായിരുന്ന ആളാണ് അദ്ദേഹം. സ്വാഭാവികമായും രാഷ്ട്രീയ പാരമ്പര്യം അവിടെയുണ്ടല്ലോ? ഞങ്ങള്‍ മൂന്ന് സഹോദരന്മാര് മുമ്പ് പാലാ മുന്‍സിപ്പല്‍ കൗണ്സിലര്മാരായിരുന്നിട്ടുമുണ്ട്.
1995-ലാണ് ഞാന്‍ കോണ്‍ഗ്രസ് എസിലേക്ക് വരുന്നത്. അതിന് ശേഷം ശരദ് പവാറുമായുള്ള അടുപ്പം വെച്ച് കോണ്‍ഗ്രസ് എസ് എന്‍.സി.പിയില്‍ ലയിച്ചപ്പോള്‍ അതിന്റെ ഭാഗമായി.
ആദ്യ തിരഞ്ഞെടുപ്പിലെ അനുഭവം പങ്കൂവെക്കാനാകുമോ?
പാലാ ആര്‍ക്കും വേണ്ടാതിരുന്ന ഒരു സീറ്റായിരുന്നു. അവിടെ മത്സരിച്ചത് ഞങ്ങളുടെ പാര്‍ട്ടിയില്‍നിന്ന് ഉഴവൂര്‍ വിജയനായിരുന്നു. അദ്ദേഹം 25,000 വോട്ടിന് പരാജയപ്പെട്ടിരുന്നു. അദ്ദേഹത്തിന് മത്സരിക്കാന്‍ താത്പര്യവുമില്ലായിരുന്നു. അക്കാലത്ത് രണ്ട് സീറ്റ് മാത്രമേ ഇടതുമുന്നണു എന്‍.സി.പിക്ക് തന്നിരുന്നുള്ളു. ഒന്ന് അക്കാലത്തെ ബാലുശ്ശേരിയും പിന്നെ പാലായും.
അന്ന് മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന എനിക്ക് മേല്‍ അവിടെ മത്സരിക്കണമെന്ന തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നു. ഒരു പണിക്കിറങ്ങിയാല്‍ ആ പണി വൃത്തിയായിട്ട് നടത്തുക എന്ന് നിര്‍ബന്ധമുണ്ട്. മാണി സാറായിരുന്നു എതിരാളി. എന്നിട്ടും ഭൂരിപക്ഷം 7500-ലേക്ക് കുറച്ചുകൊണ്ടുവരാന്‍ എനിക്ക് സാധിച്ചു. തുടര്‍ന്ന് രണ്ടാമത്തെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 7500 എന്നത് 5200 ആയി. മൂന്നാമത്തെ തിരഞ്ഞെടുപ്പില്‍ അത് 4700 ആയി കുറഞ്ഞു.
പിന്നീട് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് പാലായില്‍ വിജയിക്കാന്‍ സാധിച്ചു. 19 ലോക്സഭാ മണ്ഡലങ്ങളിലും സി.പി.എം. തോറ്റ് നിന്ന സമയമായിരുന്നു അന്ന്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുമാസം മാത്രം കഴിഞ്ഞാണ് പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് പാലാ മണ്ഡലത്തില്‍ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി 33,000 വോട്ടിന് പിന്നിലായിരുന്നു. അവിടെ 2943 വോട്ടിന് വിജയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കൂട്ടായ പ്രവര്ത്തനംകൊണ്ടുമാത്രമാണ്. ഇടതുപക്ഷത്തിലൂടെ ഞാന്‍ വളര്‍ന്നതുപോലെ ഇടതുപക്ഷവും അവിടെ വളര്‍ന്നു. സി.പി.എമ്മിന്റെയും സി.പി.ഐയുടെയും ഒരുപാട് നേതാക്കളും മന്ത്രിമാരും മുഖ്യമന്ത്രിയുമടക്കം പ്രചാരണത്തിനെത്തി. അതിന്റെയൊക്കെ ഭാഗമായാണ് അവിടെ വിജയിക്കാന്‍ സാധിച്ചത്. അതൊന്നും വിസ്മരിക്കാന്‍ ഞാന്‍ തയ്യാറല്ല.
തുടര്‍ച്ചയായി എല്‍.ഡി.എഫിന് വേണ്ടി മാണിക്കെതിരെ പാലായില്‍ മത്സരിച്ചു. എല്‍.ഡി.എഫില്‍ നിന്ന് ജയിച്ചതിന് ശേഷം യു.ഡി.എഫിലേക്കുള്ള ചുവടുമാറ്റം, അതിന് കാരണമായ സാഹചര്യങ്ങള്‍?
ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതമായതാണ്. എന്നോട് കാണിച്ചത് ചതിയാണ്. മൂന്ന് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട് നാലാമത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ച കേവലം 16 മാസം മാത്രം ഉള്ള സ്ഥാനം. ആ കാലയളവ് തീരാന്‍ ഇനി രണ്ടു മാസം കൂടിയേയുള്ളു. ചുരുങ്ങിയ കാലയളവായിട്ടുപോലും വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞു. എം.എല്‍.എ. എന്ന സ്ഥാനത്തേക്കുറിച്ചും എന്നേക്കുറിച്ചുമുള്ള ധാരണകള്‍ മാറ്റിയെടുക്കാന്‍ സാധിച്ചു.
ജനഹൃദയങ്ങളിലേക്ക് കടന്നുചെല്ലാന്‍ സാധിച്ചതുകൊണ്ട് തന്നെ അവിടെ വിജയം സുനിശ്ചിതമാണ്. അപ്പോഴാണ് ജോസ് കെ. മാണിയും കൂട്ടരും വരുന്നത്. അദ്ദേഹം വന്ന് പ്രചാരണം ആരംഭിച്ചു, പാലാ ഹൃദയവികാരമാണെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു പാലാ എന്റെ ചങ്കാണ്. വിട്ടുകൊടുക്കുന്ന പ്രശ്നമില്ല എന്ന നിലപാടിലേക്ക് നീങ്ങി. അവിടെ കുറെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇനിയും നടത്താനുള്ള വികസന പ്രവര്‍ത്തനങ്ങളുണ്ട്.
മാണി സാറ് പാലാ മുന്‍സിപ്പല്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് വികസന പ്രവര്‍ത്തനങ്ങളാണ് നടത്തിയിരുന്നതെങ്കില്‍, ആ നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലെയും ആളുകള്‍ക്ക് അവകാശപ്പെട്ടതാണെന്ന തരത്തിലാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഹൈറേഞ്ച് മേഖലയിലും സമീപ പഞ്ചായത്തുകളിലും വികസനം എത്തിക്കുകയുണ്ടായി. അതുകൊണ്ട് ആളുകള്‍ക്ക് സ്നേഹവും സന്തോഷവുമുണ്ട്.
ഇടഞ്ഞ കൊമ്പന് എല്‍.ഡി.എഫിനെ വീഴ്ത്തുമോ?
ഇടഞ്ഞ കൊമ്പനൊന്നുമല്ല, ഞാനൊരു സാധാരണക്കാരന് മാത്രമാണ്. ഒരു മര്യാദക്കാരനായ മനുഷ്യനാണ് എന്നാണ് അവിടെയുള്ള റിപ്പോര്‍ട്ട്. പാലായില്‍ ജയിക്കുമെന്ന കാര്യത്തില്‍ സംശയമൊന്നും വേണ്ട.
പിണറായി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?
എനിക്ക് ഒരു വര്‍ഷവും നാലു മാസത്തെയും കഥ മാത്രമല്ലെ പറയാനുള്ളു. പാല നിയോജക മണ്ഡലത്തിലും ഒരുപാട് കാര്യങ്ങള്‍ ചെയ്തു. അതില്‍ മിക്കതും മുഖ്യമന്ത്രി നേരിട്ടിടപെട്ട് സഹായിച്ചതാണ്. പക്ഷെ പല ഭാഗത്തുനിന്നും ഭരണത്തിനെതിരെ ആരോപണങ്ങള്‍ ഇപ്പോള്‍ വരുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന് സാധ്യത കാണുന്നുണ്ടോ?
ഞാന്‍ പറഞ്ഞല്ലോ ഒരുപാട് കാര്യങ്ങള്‍ ചെയ്ത സര്‍ക്കാരാണിത്. പക്ഷെ ഗവണ്മെന്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍, ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ അതൊക്കെ തീര്‍ച്ചയായിട്ടും ദൂഷ്യം ചെയ്യും. അതുകൊണ്ട് തുടര്‍ഭരണത്തിനുള്ള സാധ്യത കാണുന്നില്ല.
പാലായില്‍ തന്നെയാണോ മത്സരിക്കാനാഗ്രഹിക്കുന്നത്?
അത് ഞാന്‍ പറഞ്ഞല്ലോ, പാലായിലെ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന ഉത്തമവിശ്വാസം ഉള്ളതുകൊണ്ട് ഞാന്‍ പാലായിലെ മത്സരിക്കുന്നുള്ളു. വേറെ സീറ്റിലേക്ക് എന്നെ മാറ്റാന്‍ ശ്രമിച്ചു, ഞാന്‍ ഇല്ലായെന്നു പറഞ്ഞു.
വിജയപ്രതീക്ഷ എത്രത്തോളമുണ്ട്?
നൂറു ശതമാനം വിജയിച്ചിരിക്കും, അതില്‍ ഒരു സംശയവുമില്ല.
ജോസ് കെ. മാണിക്ക് വേണ്ടിയല്ലെ ഇടതുമുന്നണി താങ്കളെ കൈവിട്ടത്?
അത് സത്യമല്ലെ. അതെല്ലാവര്‍ക്കുമറിയാം. അതുകൊണ്ടാണ് ഞാന്‍ ജോസ് കെ. മാണിക്കെതിരെ മത്സരിക്കുന്നതും. അതിന്റെ മറുപടി ജനം കൊടുക്കും.
ജോസ് കെ. മാണിയെപറ്റി എന്താണ് വിലയിരുത്തുന്നത്?
പാലായിലെ രാഷ്ട്രീയ പ്രബുദ്ധരായ ജനങ്ങള്‍ ജോസ്.കെ. മാണിയെ പറ്റിയുള്ള വിലയിരുത്തല്‍ തിരഞ്ഞെടുപ്പിലൂടെ തെളിയിക്കും.
പുതിയ പാര്‍ട്ടി, പുതിയ നയങ്ങള്‍ എന്താണ് വ്യക്തമാക്കാനാഗ്രഹിക്കുന്നത്?
വിദ്യാര്‍ഥികള്‍, വൃദ്ധ ജനങ്ങള്‍, പ്രവാസികള്‍, കലാ- സാംസ്കാരിക കായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇവര്‍ക്കൊക്കെ പ്രോത്സാഹനം നല്കുന്ന ഒരു നയം ആയിരിക്കും ഞങ്ങളുടെ പാര്‍ട്ടിയുടേത്. മറ്റുപാര്‍ട്ടികളില്‍നിന്നും അതിന് വ്യത്യാസമുണ്ടാകും.
ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍നിന്ന് പുറത്തേക്ക് പോകണമെങ്കില്‍ തക്കതായ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടാകില്ലെ?
ശരദ് പവാറുമായുള്ള എനിക്കുള്ള ബന്ധം വളരെ നല്ലതായിരുന്നു. 1982 മുതലുള്ള അടുപ്പമാണ്. ആ ബന്ധം ഉപേക്ഷിച്ചല്ല ഞാന്‍ വന്നത്. മാന്യമായി അദ്ദേഹത്തോട് പറഞ്ഞിട്ടാണ് ഞാന്‍ വന്നത്. എന്താണ് സാഹചര്യമെന്ന് വിശദീകരിച്ചിരുന്നു. എന്നോട് ചെയ്തത് മോശമാണെന്ന ധാരണ അദ്ദേഹത്തിനുമുണ്ടായിട്ടുണ്ട്. അവസാന നിമിഷം വരെ അദ്ദേഹമത് പറഞ്ഞ് പിടിച്ചുനിന്നു. അവസാനം നടക്കില്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ തന്നെ അദ്ദേഹത്തോട് പറഞ്ഞു സ്നേഹബന്ധം നിലനിര്‍ത്തിയാല്‍ മതി. ഇപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം മാറുകയല്ലാതെ മറ്റ് മാര്ഗങ്ങളില്ലായെന്ന്.
ഇത്രയേറെ അടുത്ത ബന്ധമുണ്ടായിട്ടും എന്‍.സി.പി. ദേശീയ നേതൃത്വവും മാണി സി. കാപ്പനെ കൈയൊഴിഞ്ഞില്ലെ?
അങ്ങനെയല്ല, പാലായുടെ കാര്യത്തില്‍ ഒരുതവണ പോലും ആര്‍ക്കും ജയിക്കാന്‍ പറ്റാതെ കിടന്നിരുന്ന സീറ്റ് ഒരു വിജയ സാധ്യതയുടെ അടുത്ത് എത്തിച്ചപ്പോള്‍, മാണി സാറിന്റെ പേരില്‍ ആരോപണങ്ങള്‍ ഉയര്‍ന്ന് നിന്ന സമയം വിജയം ഉറപ്പാകുമെന്ന ഘട്ടം വന്നപ്പോള്‍ മൂന്നാലുപേര് ആ സീറ്റിന് അവകാശവാദം ഉന്നയിച്ച് മുന്നോട്ടുവന്നു. ഞങ്ങളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ എനിക്കനുകൂലമായി നാല് വോട്ട് മാത്രമാണ് കിട്ടിയത്. ഏഴ് വോട്ടും അപ്പുറത്തായിരുന്നു. ഞാനായിട്ട് പിടിച്ച് കൊണ്ടുവന്ന സീറ്റ് ജയിക്കുമെന്ന ഘട്ടം വന്നപ്പോള്‍ അവകാശികള്‍ വേറെ വന്നു. ആ സമയത്ത് ശരദ് പവാറാണ് ഇടപെട്ടത്.
എന്‍.സി.പിയില്‍ ആരാണ് കാപ്പനെതിരെ പ്രവര്‍ത്തിച്ചത്?
അതാണ് ഞാന്‍ മുമ്പ് പറഞ്ഞത്. പാര്‍ട്ടിയിലുള്ള ചിലര്‍ക്ക് സ്വാര്‍ഥ താത്പര്യം ഉണ്ടായിരുന്നു. പുതിയ ഘടകകക്ഷികള്‍ വരുമ്പോള്‍ ചില ഘടകക്ഷികള്‍ കുറച്ചു സ്ഥാനങ്ങളൊക്കെ വിട്ടുകൊടുക്കേണ്ടി വരുമെന്ന് എ.കെ. ശശീന്ദ്രന് ചാനലില്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു മോനെ ശശീന്ദ്രാ അഞ്ചു പ്രാവശ്യം എം.എല്‍.എ. ആയി ഒരു പ്രാവശ്യം മന്ത്രിയുമായി. ഞാന്‍ 18 മാസമല്ലെ എം.എല്‍.എ. ആയി പ്രവര്‍ത്തിച്ചുള്ളു. ഞാന്‍ ഏലത്തൂരില്‍ മത്സരിച്ചേക്കാം, പാലാ നമുക്ക് വിട്ടുകൊടുക്കാമെന്ന്. അദ്ദേഹമത് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല മിണ്ടിയതു കൂടിയില്ലല്ലോ. എന്റെ ഏറ്റവുമടുത്ത സ്നേഹിതനോട് ഞാന്‍ യു.ഡി.എഫിലേക്ക് പോകുന്നതാണ് നല്ലതെന്ന് പറയണമെന്ന് പറയുകയും ചെയ്തു. അടുത്ത് വീണ്ടും എല്‍.ഡി.എഫ്. വന്നാല്‍ മന്ത്രിയാകാമെന്ന് കരുതിയാണ് അദ്ദേഹം അതൊക്കെ ചെയ്തത്.
കൂടുതല്‍ ആളുകള്‍ എന്‍.സി.പി. വിട്ട് താങ്കള്‍ക്കൊപ്പം വരുമോ?
എല്ലാ സ്ഥലത്തുനിന്നും വിളി വരുന്നുണ്ട്. ഈ പാര്‍ട്ടി നാള്‍ക്കുനാള്‍ കേറും. പലര്‍ക്കും യു.ഡി.എഫിലെ ഘടക കക്ഷിയാകുമോയെന്നാണ് സംശയം. ആ സംശയം നാളെക്കൊണ്ട് തീരും. യു.ഡി.എഫിലെ ഘടകകക്ഷിയാകാനുള്ള തീരുമാനം നാളെ വരും. അത് വന്നുകഴിയുമ്പോള്‍ ഇതിലേക്ക് ഒഴുക്കുണ്ടാകും. ഒരു സംശയവും വേണ്ട. മുമ്പ് എന്‍.സി.പിയില്‍ പ്രവര്‍ത്തിച്ചവര്‍ മാത്രമല്ല പുതിയ ആളുകള്‍, പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയവര്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ എല്ലാവരും പുതിയ പാര്‍ട്ടിയിലേക്ക് വരും.
മറ്റ് പാര്‍ട്ടിയില്‍നിന്ന് ആളുകളെ കൊണ്ടുവരാന്‍ ശ്രമിക്കുമോ?
യു.ഡി.എഫിന്റെ ഘടകകക്ഷികളില്‍നിന്ന് ആരെയും കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. എല്‍.ഡി.എഫിന്റെ ഘടകക്ഷികളില്‍ നിന്ന് വരാന്‍ ഉദ്ദേശിക്കുന്നവരെ ഞങ്ങള്‍ സ്വീകരിക്കും.
ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള നല്ല നേതാക്കളാരൊക്കെയാകും താങ്കളുടെ കാഴ്ചപ്പാടില്‍?
അങ്ങനെ എടുത്ത് പറയാനില്ല. എല്ലാവരും നല്ല നേതാക്കളൊക്കെ തന്നെയാണ്. ആരും പ്രത്യേകിച്ച് മോശക്കാരൊന്നുമല്ല.
കോന്നി തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണ വീഡിയോയില്‍ പാലാ വന്നില്ലെ, പിന്നല്ലെ കോന്നി എന്നൊരു ഡയലോഗ് പറഞ്ഞിരുന്നു. ഇപ്പോള്‍ എന്തു തോന്നുന്നു?
അന്ന് പറഞ്ഞ കാര്യത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. അന്ന് എല്‍.ഡി.എഫിലായിരുന്നല്ലോ, എല്‍.ഡി.എഫ്. വിജയിക്കേണ്ടത് നമ്മുടെയും ആവശ്യമായിരുന്നു. എവിടെ നില്ക്കുന്നോ അവിടെ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുക. എന്ന് കരുതി പാര്‍ട്ടി മാറി മാറി നടന്ന ആളല്ല ഞാന്‍. ആകെകൂടി ഒരുതവണ മാത്രമേ മുന്നണി മാറിയിട്ടുള്ളു. അത് എന്നെ മാറ്റിയവര്ക്കുമറിയാം, മാറാന്‍ പ്രേരിപ്പിച്ചവര്ക്കും കാര്യങ്ങള്‍ അറിയാം.
Content Highlights: Talk with Mani C Kappan-pala assembly constituency