വരുന്ന നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് മാറി പാര്‍ട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താല്‍പര്യമെന്ന് പറഞ്ഞ് സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായഭിന്നത  ഒരിക്കല്‍കൂടി വെളിപ്പെടുത്തിയ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ നിര്‍വ്വാഹക സമിതി അംഗമവുമായ ശോഭ സുരേന്ദ്രന്‍  മാതൃഭൂമി പ്രതിനിധി എം.പി. സൂര്യദാസിന് നല്‍കിയ അഭിമുഖം.

നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന നിലപാട് പാര്‍ട്ടി ദേശീയനേതൃത്വത്തെ അറിയിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായാണോ ? 

ഏഴ് തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട്. ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെതന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതില്‍ ഒരു പ്രതിഷേധവുമില്ല. സന്തോഷത്തോടെയാണ് ഈ തീരുമാനം അറിയിച്ചത്. 5000 വോട്ട് മാത്രം ലഭിച്ച കാലത്ത് മത്സരരംഗത്തുണ്ട്. ഇപ്പോള്‍  വിജയപ്രതീക്ഷയുള്ള സമയത്ത്  എനിക്ക് ത്യാഗം ചെയ്യാന്‍ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കിയത്.

ത്യാഗത്തിലേക്ക് താങ്കളെ നയിച്ചത്  പാര്‍ട്ടിയില്‍നിന്നുള്ള ഒറ്റപ്പെടലാണോ ? 

കഴിഞ്ഞ എട്ടര മാസം പൊതുരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും ഞാന്‍ വീട്ടിലിരുന്നും മോദിജി നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.  ഈ സമയത്ത് മൂന്ന് പുസ്തകങ്ങള്‍ എഴുതി. അത് ഉടനെ പുറത്തിറക്കും. 36 കോളനികളില്‍ കോവിഡ് കാലത്ത് സഹായം എത്തിക്കുന്നതിനുള്‍പ്പെടെയുള്ള പ്രവര്‍ത്തനം നടത്തി. ഈ പരിപാടികള്‍ക്ക് മാധ്യമപ്രചാരണം നല്‍കിയിട്ടില്ല എന്നു മാത്രം. പദവികള്‍ക്ക് അധികാരത്തിനോ വേണ്ടിയല്ല ഞാന്‍ പ്രവര്‍ത്തിക്കുന്നത്. എട്ടര മാസം  മാറിനിന്നിട്ടുണ്ടെങ്കില്‍ അതിന് വ്യക്തമായ കാരണമുണ്ട്. അത് പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമായതുകൊണ്ട് പൊതുചര്‍ച്ചക്ക് വിധേയമാക്കുന്നില്ല. 33 കൊല്ലം പ്രവര്‍ത്തിച്ചതിനിടയിലാണല്ലോ എട്ടര മാസം വിട്ടുനിന്നത്.

ഇത്തവണ ശോഭസുരേന്ദ്രന്‍ ആഗ്രഹിക്കുന്ന സീറ്റ് ലഭിക്കില്ല എന്നതുകൊണ്ടാണോ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചത്? 

അഞ്ച് ജില്ലകളിലായി ഏഴു തവണ മത്സരിച്ചിട്ടുണ്ട്. ഇത്തവണ ബി.ജെ.പി.യില്‍നിന്ന് ഒരുപാടാളുകള്‍  ജയിക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍ അവരെയൊക്കെ ജയിപ്പിച്ച് കൈപിടിച്ച് നിയമസഭയില്‍ ഇരുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

വനിതകളെ പ്രോത്സാഹിപ്പിക്കുന്നതില്‍ കേരളം ഇപ്പോഴും മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് കരുതുന്നുണ്ടോ ? 

സ്ത്രീശാക്തീകരണത്തില്‍ കേരളം മുന്നിലാണെങ്കിലും  പതിറ്റാണ്ടുകള്‍ മാറിമാറി സംസ്ഥാനം ഭരിച്ച മുന്നണികള്‍ സ്ത്രീകളെ  വേണ്ട രീതിയില്‍ പരിഗണിച്ചില്ല. കെ.ആര്‍. ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയെങ്കിലും  പാര്‍ട്ടി പരിഗണിച്ചില്ല. സുഷമ സ്വരാജ്, ഉമാഭാരതി, വസുന്ധരരാജ സിന്ധ്യ തുടങ്ങിയവരെ മുഖ്യമന്ത്രിമാരാക്കി ബി.ജെ.പി. മാതൃക കാണിച്ചിട്ടുണ്ട്. 

ബി.ജെ.പി.യില്‍ പാര്‍ട്ടി പദവികളില്‍ 33 ശതമാനം വനിതകള്‍ക്ക് നീക്കിവെച്ചിട്ടുണ്ട്. ഒരു സ്ത്രീ പൊതുരംഗത്ത് വന്ന് പ്രവര്‍ത്തിക്കുമ്പോള്‍ അവള്‍ ഒരുപാട് പ്രയാസം നേരിടുന്നുണ്ട്. ഇരട്ട ജോലി ചെയ്താണ് സ്ത്രീ പൊതുരംഗത്ത് വരുന്നത്. കുടുംബം നോക്കണം, വരുമാനം കണ്ടെത്തണം, മക്കളെ വളര്‍ത്തണം. ഈ ഉത്തരവാദിത്വങ്ങളെല്ലാം നിര്‍വ്വഹിച്ചാണ് സ്ത്രീ പ്രവര്‍ത്തിക്കുന്നത്. ഈ വസ്തുത ഇവിടുത്തെ ഇരു മുന്നണികളും മനസിലാക്കണം.

കെ.ആര്‍.ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാന്‍ കഴിയാതെ പോയത് കേരളരാഷ്ട്രീയത്തിന് എന്തെങ്കിലും നഷ്ടമുണ്ടാക്കിയെന്ന് കരുതുന്നുണ്ടോ ?  

ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തിവെച്ചത്. ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നെങ്കില്‍  കേരളരാഷ്ട്രീയം മാറുമായിരുന്നു. സ്ത്രീസഹജമായ കാരുണ്യം, വാത്സല്യം, മാതൃസമീപനം തുടങ്ങിയ സമീപനം കൊണ്ട് ഗൗരിയമ്മ രാഷ്ട്രീയത്തെ മാറ്റിമറിക്കുമായിരുന്നു. ഒരു സ്ത്രീ എങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്ന് എന്ന് തിരിച്ചറിയുന്ന അവര്‍ കൂടുതല്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തില്‍ അംഗീകാരം നേടികൊടുക്കുമായിരുന്നു.

സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്നുവന്നിട്ടുള്ള പല വിഷയങ്ങളിലും ബി.ജെ.പിക്ക് ഫലപ്രദമായി പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ ?  

സര്‍ക്കാറിനെതിരായ ജനരോഷം വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കാന്‍  കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ബി.ജെ.പിക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടുന്നില്ല. ബി.ജെ.പി. ഇനിയും ഇക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടണമെന്നാണ് ജനാഭിപ്രായമെങ്കില്‍, കൂട്ടുത്തരവാദിത്വത്തോടെ  അത് നിര്‍വ്വഹിക്കാന്‍ ബി.ജെ.പി. പരിശ്രമിക്കും. എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ നയപരിപാടികള്‍ ഒന്നുതന്നെയാണെന്ന്  ശക്തമായി ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയേണ്ടതുണ്ട്.

കേരളത്തില്‍ ഇനി ബി.ജെ.പിക്ക് മുന്നോട്ടുപോവണമെങ്കില്‍ ക്രിസ്ത്യന്‍, മുസ്ലിം സമുദായത്തില്‍നിന്ന് പിന്തുണ ലഭിക്കേണ്ടതുണ്ട്. ക്രൈസ്തവ സമൂഹത്തെ ആകര്‍ഷിക്കാന്‍ ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. മുസ്ലിം സമുദായത്തെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ വല്ല നീക്കവുമുണ്ടോ ?

ക്രൈസ്തവ, മുസ്ലിം സമുദായത്തോട് ബി.ജെ.പിക്ക് യാതൊരു വിരോധവുമില്ല. മുസ്ലിംലീഗിനെയുള്‍പ്പെടെയുള്ള പാര്‍ട്ടികളെ എന്‍.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നു. മുസ്ലിംലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുസ്ലിംലീഗ്  ദേശീയധാര അംഗീകരിച്ച് എന്‍.ഡി.എയോടൊപ്പം വരാന്‍ തയ്യാറായാല്‍ സ്വീകരിക്കും. കശ്മീരില്‍ ബി.ജെ.പി. അവിടുത്തെ പി.ഡി.പിയുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. 

ലീഗ് പുനര്‍ചിന്തനത്തിന് തയ്യാറായാല്‍ അത് മുസ്ലിംസമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക്‌ െകാണ്ടുവരുകയെന്നതാണ്  ബി.ജെ.പിയുടെ ശ്രമം. അപ്പോള്‍ ലീഗ് വരാന്‍ തയ്യാറായാല്‍ അവര്‍ ദേശീയത ഉള്‍ക്കൊണ്ടുകൊണ്ടാവുമല്ലോ വരിക.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്ത് ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ പങ്കെടുത്തത് എന്ന ആക്ഷേപം ചിലര്‍ ഉയര്‍ത്തിയിരുന്നു. പാര്‍ട്ടികകത്തുനിന്നാണോ ഇത്തരം സോഷ്യല്‍മീഡിയ ആക്രമണങ്ങള്‍ ഉണ്ടാവുന്നത് ?

എന്നെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍  മാധ്യമങ്ങളിലും  നവമാധ്യമങ്ങളിലും  വരുന്ന ചില തെറ്റായ പ്രചരണം ഏറെ വേദനിപ്പിച്ചു. കരഞ്ഞിട്ടുണ്ട്. ഇതിനുപിന്നില്‍ ആരൊക്കെയാണെന്നതിന് വ്യക്തവും ശക്തവുമായ  ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല.  അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നിലെന്ന് അറിയില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മാസങ്ങള്‍ക്ക് മുന്‍പ് നേതൃത്വത്തെ അറിയിച്ചിട്ടും  ഞാന്‍ ഒരു സ്ഥാനമോഹിയാണെന്ന നിലയില്‍ വിവാദം ഉണ്ടാക്കിയപ്പോള്‍ അതിന് വിരാമിടാനാണ്  മത്സരിക്കാനില്ലെന്ന നിലപാട് തുറന്നുപറഞ്ഞത്. 

രാഷ്ട്രീയ എതിരാളികളാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നതെങ്കില്‍ എന്തിനാണ് കരയുന്നത്. അവര്‍ അത് ചെയ്യുമെന്നുള്ളത് സ്വാഭാവികമല്ലേ ? 

പാര്‍ട്ടിയുടെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു. ചില കണ്ണീരുകള്‍ നമ്മള്‍ തുറന്നുപറയാറില്ല. പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീ പല ഘട്ടങ്ങളിലും കരയാറുണ്ട്. എന്നാല്‍, പല ഘട്ടത്തിലും അവള്‍ ആ കണ്ണീര് തുറന്നുപറയണമെന്നില്ല.

ബി.ജെ.പിയില്‍നിന്ന് പുറത്തുപോവുന്നു എന്ന വാര്‍ത്തകള്‍ ഈ ഗൂഡാലോചനയുടെ ഭാഗമാണോ ? 

ശക്തമായ ഗൂഡാലോചനയുടെ ഭാഗമായാണ് ഈ വാര്‍ത്തകള്‍ പ്രചരിച്ചത്. ഏതെങ്കിലും മാര്‍ക്‌സിസ്റ്റ് നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല.  ഞാന്‍ ഇത്തരത്തില്‍ ചിന്തിക്കുന്നു എന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിനുപിന്നില്‍  ആസൂത്രണമുണ്ട്. ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകള്‍ കിട്ടാത്തതുകൊണ്ടാണ് മൗനം പാലിക്കുന്നത്.

ശബരിമല കേസുകള്‍ പിന്‍വലിച്ചതിനെ എങ്ങനെ നോക്കികാണുന്നു ? 

രാഷ്ട്രീയമായി സംഘപരിവാറിന്റെ വിജയമാണിത്. ശബരിമലസമയത്ത് എടുത്തതെല്ലാം കള്ളക്കേസാണെന്ന് ഇതോടെ ബോധ്യമായി. ഗോവിന്ദന്‍ മാസ്റ്ററുടെ തുറന്നുപറച്ചില്‍ ഭരണകൂടത്തിനകത്തും പ്രതിഫലിക്കുന്നുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദം മാത്രം മുന്നോട്ടുവെച്ച് പോയാല്‍  പ്രസ്ഥാനത്തെ നയിക്കാനാവില്ലെന്ന ബോധ്യം ആവാം ഇതിന് കാരണം.

Content Highlights: Sobha Surendran may welcome Muslim League if they are ready to join