യു.ഡി.എഫ്. അധികാരത്തില്‍വന്നാല്‍ സ്വര്‍ണക്കടത്തുള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര കമ്മിഷനെ നിയമിക്കുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രണ്‍ദീപ്സിങ് സുര്‍ജേവാല. ''ഞങ്ങള്‍ ഈ വലിയ തട്ടിപ്പ് പുറത്തുകൊണ്ടുവരുകതന്നെ ചെയ്യും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ആശയവിനിമയങ്ങള്‍ സംശയാസ്പദമാണ്'' സുര്‍ജേവാല മാതൃഭൂമി പ്രതിനിധി കെ. പത്മജനോട് മനസ്സുതുറക്കുന്നു...

ഇടതുസര്‍ക്കാരിനെതിരേ ആരോപണം ഉന്നയിക്കുമ്പോള്‍ കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാരിനെതിരേ സോളാര്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങളുള്ള കാര്യം മറക്കരുത്

അതെല്ലാം കെട്ടിച്ചമച്ച ആരോപണങ്ങളായിരുന്നെന്ന് തെളിഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷം അവരാണല്ലോ ഭരിച്ചത്. അന്വേഷണ ഏജന്‍സികളുമെല്ലാം അവരുടെ കൈയിലായിരുന്നല്ലോ. എന്നിട്ടെന്തേ നടപടിയെടുക്കാതിരുന്നത്. കേസെടുത്ത് ജയിലിലടയ്ക്കാമായിരുന്നില്ലേ. ആരോപണങ്ങളെല്ലാം വെറുതെയുള്ള പ്രചാരണം മാത്രമായിരുന്നു. അതാണ് ഒന്നുംചെയ്യാന്‍ കഴിയാതിരുന്നത്.

'കരുത'ലാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. ആ വാദത്തെ എങ്ങനെയാണ് കാണുന്നത്

തൊഴിലില്ലായ്മ, അഴിമതി, കുറ്റകൃത്യങ്ങള്‍, മോശമായ സാമൂഹിക-ആരോഗ്യ അവസ്ഥ ഇവയെല്ലാമാണ് ഇടതുസര്‍ക്കാരിന്റെ മുഖമുദ്ര. പിണറായിയാണ് അതിന്റെയെല്ലാം ക്യാപ്റ്റന്‍. 2020-ല്‍ പുറത്തിറങ്ങിയ പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ പ്രകാരം രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കൂടുതലുള്ളത് കേരളത്തിലാണ്. ഇക്കാലയളവിലെ സ്ത്രീ തൊഴിലില്ലായ്മയുടെ നിരക്ക് 48.3 ശതമാനമായിരുന്നു. 34.3 ലക്ഷം അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരാണ് കേരളത്തിലുള്ളത്. ഇതെല്ലാം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്നനിരക്കാണ്. തൊഴിലിനായി യുവാക്കള്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ മുട്ടിലിഴയുമ്പോള്‍, സി.പി.എം. നേതാക്കളുടെ ബന്ധുക്കള്‍ക്ക് പിന്‍വാതില്‍നിയമനം നല്‍കി.

കേരളത്തിലെ ആരോഗ്യമേഖലയെ കുറ്റപ്പെടുത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? കോവിഡിനെ പ്രതിരോധിക്കുന്നതില്‍ മുന്‍നിര പോരാളിയായി ലോകശ്രദ്ധനേടിയ ആളാണ് കേരളത്തിന്റെ ആരോഗ്യമന്ത്രി

അതെല്ലാം വെറും പി.ആര്‍. ഏര്‍പ്പാടുകളാണ്. കോവിഡിന്റെ കാര്യത്തില്‍ യാഥാര്‍ഥ്യം മറിച്ചാണ്. രാജ്യത്തെ കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ഈ ചെറിയ സംസ്ഥാനത്താണ്. കോവിഡ് പ്രതിരോധിക്കുന്നതില്‍ വലിയവീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. ആരോഗ്യരംഗത്ത് മികച്ചതായിരുന്നു കേരളം. എന്നാല്‍ ഇടതുസര്‍ക്കാര്‍ വന്നതോടെ അതെല്ലാം അട്ടിമറിക്കപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളിലെ ജനനനിരക്ക് യു.ഡി.എഫ്. ഭരണകാലത്ത് 38 ശതമാനമായിരുന്നു. ഇപ്പോഴത് 34 ശതമാനമായി. ദേശീയ ആരോഗ്യ പ്രൊഫൈല്‍ 2019 പരിശോധിച്ചാല്‍ ഇടതുസര്‍ക്കാര്‍ കേരളത്തെ രോഗികളുടെയും രോഗങ്ങളുടെയും കേന്ദ്രമാക്കിമാറ്റിയതായി കാണാനാവും.

തിരഞ്ഞെടുപ്പില്‍ എന്താണ് പ്രതീക്ഷിക്കുന്നത്...

കേരളത്തിന്റെ നഷ്ടപ്പെട്ട സമൃദ്ധി വീണ്ടെടുക്കാന്‍ യു.ഡി.എഫ്. അധികാരത്തില്‍വരണം. അത് ജനങ്ങള്‍ തിരിച്ചറിഞ്ഞു. വലിയ വിജയമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് മാസം ആറായിരംരൂപ നല്‍കുന്നതടക്കമുള്ള ജനക്ഷേമ പദ്ധതികളാണ് ഞങ്ങള്‍ നടപ്പാക്കാന്‍ പോകുന്നത്. ജനങ്ങളതിനെ പിന്തുണയ്ക്കും.

സര്‍വേ ഫലങ്ങളെല്ലാം കോണ്‍ഗ്രസിന് എതിരാണല്ലോ...

മാധ്യമങ്ങള്‍ ടി.പി.ആര്‍. റേറ്റിങ് ഉയര്‍ത്താന്‍ വേണ്ടി നടത്തുന്നതല്ലേ സര്‍വേകള്‍. അതിന് ജനഹിതവുമായി ബന്ധമൊന്നുമില്ല. ജനങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരേ വിധിയെഴുതും.