Dharmajan Bolgatty
ധര്‍മ്മജന്‍ ബോള്‍ഗാട്ടി.
ഫോട്ടോ:  സാജന്‍ വി നമ്പ്യാര്‍

കോഴിക്കോട്: സീറ്റിനുവേണ്ടി ഔദ്യോഗികമായി ഒരുനേതാവിനെയും കണ്ടിട്ടില്ല. മത്സരിക്കണമെന്ന് ഇതുവരെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുമില്ല. എങ്കിലും കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ സ്‌നേഹത്തോടെ വെല്ലുവിളി ഏറ്റെടുത്ത് മത്സരിക്കുമെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറയുന്നു.

ബാലുശ്ശേരി മണ്ഡലത്തില്‍ മത്സരിക്കുമെന്നാണല്ലോ ഊഹാപോഹം. മൂന്ന് തവണയായി മണ്ഡലത്തില്‍ എത്തിയതും ഇതിന് ശക്തിപരന്നിട്ടുണ്ട് ? 

ബാലുശ്ശേരിയില്‍ അടുത്തിടെ ചില സ്വകാര്യചടങ്ങുകളിലും വിവാഹത്തിനും പങ്കെടുക്കാന്‍ വന്നുവെന്നത് സത്യമാണ്. പക്ഷേ, ഇവിടെ മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടില്ല. സംവരണമണ്ഡലമായ ബാലുശ്ശേരി, കോങ്ങാട്, കുന്നത്തുനാട് എന്നിവങ്ങളിലൊക്കെ പേര് പരിഗണനയിലുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു.

കോണ്‍ഗ്രസുമായി നേരത്തേ ബന്ധമുണ്ടോ? 

എന്റേത് കോണ്‍ഗ്രസ് കുടുംബമാണ്. അച്ഛന്‍ 30 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിന്റെ മുളവുകാട് മണ്ഡലം സെക്രട്ടറിയാണ്. സഹോദരന്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയും. ഞാന്‍ സെയ്ന്റ് ആല്‍ബര്‍ട്സ് കോളേജില്‍ പഠിക്കുമ്പോള്‍ കെ.എസ്.യു.വിന്റെ നേതാവായിരുന്നു. കോണ്‍ഗ്രസ് കുടുംബാംഗമായ എന്നെ സ്ഥാനാര്‍ഥിയായി പരിഗണിച്ചാല്‍ അതില്‍ തെറ്റൊന്നുമില്ല.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് കലാകാരന്‍ എന്ന നിലയ്ക്ക് ദോഷം ചെയ്യില്ലേ ? 

ഞാന്‍ കലാകാരന്‍ ആവുന്നതിനുമുമ്പേ രാഷ്ട്രീയത്തിലുണ്ട്. രാഷ്ട്രീയത്തില്‍ വന്നാലും കല അവസാനിപ്പിക്കാനാവില്ല. കലാകാരനായതുകൊണ്ടാണ് ഇപ്പോള്‍ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിക്കപ്പെടുന്നത്.

ഉമ്മന്‍ചാണ്ടിയുമായി അടുത്തിടെ നടത്തിയ കൂടികാഴ്ചകള്‍ സ്ഥാനാര്‍ഥിയാകുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണോ?

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അടുത്തിടെ നാലുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹവുമായി നേരത്തേ പരിചയമുണ്ട്. അല്ലാതെ സ്ഥാനാര്‍ഥിത്വത്തിനുവേണ്ടിയായിരുന്നില്ല അത്. ഇതുവരെ കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി ആരും മത്സരിക്കണമെന്ന് പറഞ്ഞിട്ടില്ല. ഞാന്‍ അങ്ങോട്ടും സീറ്റ് ആവശ്യപ്പെട്ടില്ല. സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും ഞാന്‍ പ്രചാരണരംഗത്ത് തീര്‍ച്ചയായും ഉണ്ടാവും.

മത്സരിച്ച് പരാജയപ്പെട്ടാല്‍ അത് കലാജീവിതത്തെ ബാധിക്കുമോ ? 

എനിക്ക് രാഷ്ട്രീയം തമാശയല്ല. ഉപജീവനമാര്‍ഗവുമല്ല. കലാകാരന്‍ രാഷ്ട്രപതിയായാലും സമയമാവുമ്പോള്‍ സ്റ്റേജില്‍ കയറുമെന്ന് തമാശയായി പറയാറില്ലേ. മത്സരിക്കാന്‍ ആവശ്യപ്പെട്ടാല്‍ തോല്‍ക്കാനാണെങ്കിലും പൊരുതാന്‍ തയ്യാറാണ്.

Content Highlights: Kerala Assembly Election, dharmajan bolgatty