ക്സിറ്റ് പോളുകളുടെ വിവരങ്ങള്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ തുടര്‍ഭരണ സാദ്ധ്യത തള്ളിക്കളയുകയാണെന്ന് സാമൂഹ്യ, രാഷ്ട്രീയ വിമര്‍ശകന്‍ കെ. വേണു. ''ശക്തമായ മത്സരമാണ് ഇക്കുറി നടന്നത്. ഇത്രയും വാശിയേറിയ മത്സരം അടുത്ത കാലത്തെങ്ങും കേരളം കണ്ടിട്ടില്ല. പക്ഷേ, ആത്യന്തികമായി യു.ഡി.എഫിനായിരിക്കും ഭൂരിപക്ഷം. '' 2011 ആവര്‍ത്തിക്കാനാണ് സാദ്ധ്യതയെന്ന് വേണു പറയുന്നു. ''നേരിയ ഭൂരിപക്ഷത്തിനായിരിക്കും യു.ഡി.എഫ്. അധികാരത്തില്‍ തിരിച്ചെത്തുക.'' ഒരേ സര്‍ക്കാരിനെ വീണ്ടും തിരഞ്ഞെടുക്കാത്ത സംസ്ഥാനം എന്ന ഖ്യാതി കേരളം ഇക്കുറിയും നിലനിര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

കെ. വേണുവുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തില്‍നിന്ന്:

തുടര്‍ഭരണമുണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സഹപ്രവര്‍ത്തകരും. താങ്കള്‍ക്കെന്താണ് പറയാനുള്ളത്?

അധികാരത്തിലിരിക്കുന്നവരെ തിരസ്‌കരിക്കുന്ന പാരമ്പര്യമാണ് കേരളീയര്‍ക്കുള്ളത്. അതിന് ഇത്തവണയും മാറ്റം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഭരണവിരുദ്ധ വികാരമില്ലെന്നും പിണറായി സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തനത്തിന് ജനം വോട്ടു ചെയ്യുമെന്നുമാണ് ഇടതു മുന്നണി പറയുന്നത്. പക്ഷേ, അവസാന നിമിഷം സര്‍ക്കാരിനെതിരെ വോട്ടു ചെയ്യുന്ന പ്രവണതയാണ് വലിയൊരു വിഭാഗം കേരളീയര്‍ക്കുള്ളത്. അതിന് മാറ്റം ഉണ്ടാവുമെന്ന് കരുതാനാവില്ല.

ഇടതു മുന്നണി അധികാരത്തില്‍നിന്നു പുറത്തായേക്കുമെന്ന് പറയാന്‍ മറ്റു കാരണങ്ങള്‍?

യു.ഡിഎ.ഫിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൊതുവെ മികച്ചതായിരുന്നു. പതിവ് ഗ്രൂപ്പ് വീതം വെയ്ക്കലില്‍ നിന്നൊക്കെ വ്യത്യസ്തമായി കുറെക്കൂടി നല്ല സ്ഥാനാര്‍ത്ഥികളെ കളത്തിലിറക്കാന്‍ അവര്‍ക്കായിട്ടുണ്ട്. നേമം, വടകര, കയ്പമംഗലം, കായംകുളം, ഒറ്റപ്പാലം, കോഴിക്കോട് നോര്‍ത്ത് തുടങ്ങിയ മണ്ഡലങ്ങളിലൊക്കെ ഇതിന്റെ പ്രതിഫലനമുണ്ട്. ഏറ്റവും നിര്‍ണ്ണായകമാവുക ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തില്‍നിന്നുള്ളവരുടെ വോട്ടുകളായിരിക്കും. മുസ്ലിങ്ങള്‍ പൊതുവെ ഇത്തവണ യു.ഡി.എഫിന് അനുകൂലമായി നിലപാട് എടുത്തിട്ടുണ്ടെന്നാണ് സൂചന. ഇത് ഒരു സര്‍വ്വെയിലും പ്രതിഫലിക്കാത്ത സംഗതിയാണ്. ന്യൂനപക്ഷ വോട്ടുകള്‍ യു.ഡി.എഫിന് അനുകൂലമായി കേന്ദ്രീകരിക്കപ്പെട്ടിട്ടുണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. ഇതോടൊപ്പം തന്നെയാണ് എന്‍.എസ്.എസ്. നിലപാടും കൂട്ടിവായിക്കേണ്ടത്.

തോമസ് ഐസക്ക്, ജി. സുധാകരന്‍, പി. ജയരാജന്‍ എന്നിവരെ തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് ഒഴിവാക്കിയതില്‍ സി.പി.എമ്മിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. ഈ പ്രതിഷേധവും വോട്ടെടുപ്പില്‍ നിഴലിച്ചേക്കാം. സി.പി.എമ്മിന്റെ പാര്‍ട്ടി സംഘടന തന്നെ ഇല്ലാതാവുന്ന സ്ഥിതി വിശേഷമായിരുന്നു. പിണറായി വിജയന്റെ  നേതൃത്വത്തിലുള്ള ഒരു സംഘം സി.പി.എം. പിടിച്ചെടുക്കുന്ന കാഴ്ചയായിരുന്നു അത്. ആലപ്പുഴ ജില്ലയില്‍ ഇതിനെതിരെ ശക്തമായ വികാരമുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ബി.ജെ.പിയുടെ കേരള നേതൃത്വത്തോട് ആര്‍.എസ്.എസിനുള്ള അലോസരവും കണക്കിലെടുക്കേണ്ടതുണ്ട്.

തൃശ്ശൂരാണ് താങ്കളുടെ മണ്ഡലം. ആര്‍ക്കാണ് അവിടെ വിജയ സാദ്ധ്യത?

പത്മജ ജയിക്കുമെന്ന് ഉറപ്പാണ്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇക്കാര്യം വ്യക്തമായിരുന്നു.

എന്താണ് അതിന്റെ കാരണം?

ഇടതു മുന്നണിയുടെ സ്ഥാനാര്‍ത്ഥി ദുര്‍ബ്ബലനാണെന്നതാണ് പ്രധാന കാരണം. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി മനസ്സില്ലാ മനസ്സോടെയാണ് കളത്തിലിറങ്ങിയത്. കഴിഞ്ഞ അഞ്ച് കൊല്ലമായി പത്മജ തൃശ്ശൂര്‍ മണ്ഡലത്തില്‍ സജീവമായിരുന്നു. കഴിഞ്ഞ തവണ ഇടതുപക്ഷം പിടിച്ച കയ്പമംഗലവും ഒല്ലൂരും പുതുക്കാടുമൊക്കെ യു.ഡി.എഫിലേക്ക് പോകാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ഈ ഇടതു കോട്ടകളൊക്കെ ഒന്നിളകിയിട്ടുണ്ടെന്നാണ്  റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വടക്കാഞ്ചേരിയില്‍ കോണ്‍ഗ്രസിന്റെ അനില്‍ അക്കര കടന്നുകൂടുമെന്നാണ് പൊതുവെയുള്ള അനുമാനം.

Content Highlights: Padmaja will win Thrissur, No chance of continuation of second rule, says K Venu