തിരുവനന്തപുരം: രണ്ട് തവണ മത്സരിച്ചവര്‍ മാറി പുതുമുഖങ്ങള്‍ വരുമെന്നും അത് പാര്‍ട്ടി നയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവന്‍. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൃദുഹിന്ദുത്വ നിലപാടുകള്‍ സ്വീകരിക്കുന്ന കോണ്‍ഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുഭാഗത്ത് ബിജെപി, മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി. ഇങ്ങനെയാണ് കൂട്ടുകെട്ടുണ്ടാക്കുന്നത്. അത്തരം കൂട്ടുകെട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്നും അദ്ദേഹം വിമര്‍ശിച്ചു. 

അഭിമുഖത്തിന്റെ പൂര്‍ണ രൂപം വായിക്കാം

ഇടത് സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന പ്രചാരണം വ്യാപകമായി പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സര്‍ക്കാരിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ് ഏറ്റവും മികച്ച ഭരണമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനായി എന്നതാണ് ഗവണ്‍മെന്റിന്റെ പ്രത്യേകത. 

നേരത്തെ നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടിയിരിക്കുന്ന ആരോഗ്യ- വിദ്യാഭ്യാസ രംഗത്തെ നവീന സാങ്കേതിക തികവിന്റെ കാലത്തിന് അനുസൃതമായ രൂപത്തില്‍ പുനര്‍നിര്‍ണയിക്കാനായി. കാര്‍ഷിക- വ്യാവസായിക മേഖലകളില്‍ കൂടുതല്‍ ഉണര്‍വുണ്ടായി. അടിസ്ഥാന സൗകര്യമേഖലയുടെ വിപുലീകരണത്തിലുണ്ടാകുന്ന കുറവാണ് കേരളത്തിന്റെ ഏറ്റവും വലിയ പരിമിതി. ആ കുറവ് നികത്താനുള്ള ഏറ്റവും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നമുക്ക് നടത്താനായി.

ലക്ഷക്കണക്കിന് കോടിരൂപയുടെ മൂലധന നിക്ഷേപം കേരളത്തിലുണ്ടായി. ഇന്ന് ജീവിക്കുന്ന മലയാളിക്ക് മാത്രമല്ല അടുത്ത തലമുറയ്ക്കും അതിന്റെ അടുത്ത തലമുറയ്ക്കുമായിട്ടുള്ള നിക്ഷേപങ്ങളാണ് നമ്മള്‍ കേരളത്തില്‍ നടത്തിയിരിക്കുന്നത്.

അപ്പോള്‍ നാനാ മേഖലയിലുമുള്ള കേരളത്തിന്റെ മുന്നേറ്റം നന്നായിട്ട് സാധിച്ച ഒരു ഭരണമാണ് ഇവിടെയുള്ളത്. മതനിരപേക്ഷത, മത സൗഹാര്‍ദ്ദം അതേറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചതും കേരളത്തിലാണ്. സമാധാനപരമായ ഒരു കാലം. ആ നിലയിലെല്ലാം വളരെ സ്വീകാര്യതയുള്ള ഗവണ്‍മെന്റാണ് കേരളത്തിലേത്. സ്വാഭാവികമായും ആ ഗവണ്‍മെന്റ്ിന് ജനങ്ങള്‍ പിന്തുണ നല്‍കും. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അത് കൂടുതല്‍ വ്യക്തമായി കണ്ടതുമാണ്. 

പാര്‍ട്ടി നയങ്ങള്‍ പ്രകാരം നോക്കിയാല്‍ പിണറായി സര്‍ക്കാരിനെ എങ്ങനെ വിലയിരുത്തുന്നു?

പാര്‍ട്ടിയാണ് ഈ ഗവണ്‍മെന്റിന്റെ ജനകീയ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഊര്‍ജ സ്രോതസ്. പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് ഗവണ്‍മെന്റില്‍ പ്രവര്‍ത്തിക്കുന്നതില്‍ നല്ലൊരളവ് ആളുകളും. സ്വാഭാവികമായും പാര്‍ട്ടിയും ഗവണ്‍മെന്റും തമ്മിലുള്ള ബന്ധം ആ നിലയില്‍ രൂപപ്പെട്ട് വരുന്നതാണ്. അല്ലാതെ ദൈനംദിനം നേതൃത്വം കൊടുക്കുന്നവരല്ല. 

നേരേമറിച്ച് പാര്‍ട്ടിയിലും ഗവണ്‍മെന്റിലും സിപിഎമ്മിന്റെ നേതൃത്വനിരയുണ്ട്. അതുകൊണ്ട് ഒരു പ്രയാസവും ആ നിലയില്‍ നമുക്കില്ല. നല്ല ഏകോപനമാണ് ഗവണ്‍മെന്റില്‍ പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ നിര്‍വഹിച്ചത്. 

തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കൂടുതല്‍ പുതുമുഖങ്ങളായിരിക്കും സിപിഎമ്മിലും മുന്നണിയിലും ഉണ്ടാവുകയെന്ന് വാര്‍ത്തകളുണ്ടല്ലോ?

സീറ്റ് ചര്‍ച്ചകള്‍ തുടങ്ങാനിരിക്കുന്നതേയുള്ളു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മാത്രമാണ് അത്തരം ചര്‍ച്ചകള്‍ നടക്കുക. ആ ചര്‍ച്ചകളിലേക്ക് എല്‍ഡിഎഫ് നീങ്ങാന്‍ പോവുകയാണ്. സ്ഥാനാര്‍ഥി നിര്‍ണയം ഒരോ പാര്‍ട്ടികള്‍ നിര്‍വഹിക്കുന്ന ഒന്നാണ്.

സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാര്‍ട്ടിക്ക് ഒരു നിലപാടുണ്ട്. തുടര്‍ച്ചയായി മത്സരിക്കുക എന്ന നിലപാട് സിപിഎമ്മിലില്ല. ഞങ്ങളും കോണ്‍ഗ്രസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. യുഡിഎഫില്‍ ഒരാള്‍ ജയിച്ചാല്‍ പിന്നെ രണ്ട് കാര്യങ്ങള്‍ നടക്കണം. ഒന്നുകില്‍ അയാള്‍ മരിക്കണം, അല്ലെങ്കില്‍ അയാള്‍ തോല്‍ക്കണം. അതുവരെ അയാളുടെ സ്വന്തം പ്രൈവറ്റ് പ്രോപ്പര്‍ട്ടി പോലാണ് ഒരു നിയോജക മണ്ഡലം. 

നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സിപിഎമ്മിന്റെ രീതി. രണ്ട് തവണയാണ് ഒരാള്‍ മത്സരിക്കുക. രണ്ട് തവണ കഴിയുമ്പോള്‍ സ്വാഭാവികമായും ആളുകള്‍ മാറും. എന്നാല്‍ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിന് അനുഭവ സമ്പത്തും പ്രധാനമാണ്. അങ്ങനെ വരുമ്പോള്‍ കുറച്ചാളുകള്‍ക്ക് ഇളവ് കൊടുക്കേണ്ടിവരും. പാര്‍ട്ടിയുടെ പൊതുതത്വം തന്നെയാണ് രണ്ടുതവണ മത്സരിക്കുക അതിന് ശേഷം മാറി നില്‍ക്കുക എന്നത്. 

ഇത്തവണ സിപിഎം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുമോ?

ഇടതുപക്ഷ മുന്നണിയാണ് മത്സരിക്കുന്നത്. മുന്നണിയുടെ വിജയമാണ് പ്രധാനം. സിപിഎം കഴിഞ്ഞ തവണത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുക മറ്റുള്ള കക്ഷികളും കൂടുതല്‍ ചോദിക്കുക, അങ്ങനെയൊക്കെ ചോദിക്കാം. പക്ഷെ കഴിഞ്ഞതവണത്തെ അത്രയും അസംബ്ലി സീറ്റുകള്‍ മാത്രമേ ഇപ്പോഴുമുള്ളു. ആ യാഥാര്‍ഥ്യങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സാധിക്കു. 

A Vijayaraghavan
എ വിജയരാഘവന്‍. ഫോട്ടോ: പ്രവീണ്‍ ദാസ്‌

മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഒരുപാട് പരാമര്‍ശങ്ങള്‍ വന്നിരുന്നു, ഇതിന്റെ ഇടയില്‍ കോണ്‍ഗ്രസ് മതമൗലികവാദ ശക്തികളുമായി ബന്ധമുണ്ടാക്കുന്നുവെന്നും ആരോപണമുയര്‍ത്തി. അതൊക്കെ വിവാദമാവുകയും ചെയ്തു. അങ്ങനെയുള്ള പരാമര്‍ശത്തിന്റെ പശ്ചാത്തലം അതെന്തായിരുന്നു?

കോണ്‍ഗ്രസിനെ കുറിച്ചാണ് എന്റെ ചോദ്യം. കോണ്‍ഗ്രസ് അതിന്റെ മതമൗലികവാദ ശക്തികളുമായുള്ള ബന്ധം വിപുലീകരിക്കുമോ എന്ന ചോദ്യം അത് സ്വാഭാവികമായും ഞങ്ങള്‍ ചോദിക്കും. അതിന്റെ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ അങ്ങനെയൊരു നിലപാട് സ്വീകരിക്കുമോ എന്നതാണ് ചോദ്യം.  

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അവര്‍ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കി.  ഒ.രാജഗോപാല്‍ നിയമസഭയിലേക്ക് ജയിക്കുന്ന സാഹചര്യം അവര്‍ ഉണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ അവര്‍ തരാതരം പോലെ മുന്നണിയുണ്ടാക്കി. 

ജമാഅത്തെ ഇസ്ലാമിയുമായിട്ട് പരസ്യമായി കൂട്ടുകെട്ടുണ്ടാക്കി. ഒരുഭാഗത്ത് ബിജെപി, മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി. ഇങ്ങനെയാണ് കൂട്ടുകെട്ടുണ്ടാക്കുന്നത്. അത്തരം കൂട്ടുകെട്ടുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കി. വര്‍ഗീയ ധ്രുവീകരണം അത് രാജ്യത്തുണ്ടാക്കും. അത് വിമര്‍ശിക്കേണ്ടതുണ്ട്. 

വര്‍ഗീയ ധ്രുവീകരണത്തെ സംബന്ധിച്ച് കോണ്‍ഗ്രസ് നിലപാട് എന്തായിരിക്കും എന്നതാണ് നമ്മുടെ ചോദ്യം. അതിന് ഉത്തരം പറയാത്തതുകൊണ്ടാണ് അവരെ സഹായിക്കുന്ന ചില മാധ്യമ സുഹൃത്തുക്കള്‍ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്. ഉത്തരം പറയാന്‍ സാധിക്കാത്തപ്പോള്‍ അതിനെ വഴിതിരിക്കാന്‍ നോക്കുകയാണ്. അതൊക്കെ അളുകള്‍ക്ക് മനസിലാകും. 

ന്യൂനപക്ഷ വര്‍ഗീയതയേപറ്റി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വിമര്‍ശനമുണ്ടാകുമ്പോള്‍ അത് പരോക്ഷമായി ബിജെപിയെ സഹായിക്കുന്നതായി മാറില്ലെ?

ഭൂരിപക്ഷ വര്‍ഗീയത്തയ്ക്കെതിരായി കരുത്തുറ്റ നിലപാടുകളെടുത്ത ആളുകളാണ് ഇടതുപക്ഷം. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആപത്ത് ഭൂരിപക്ഷ വര്‍ഗീയതയാണ്. അത് ആവര്‍ത്തിച്ച് പറയുകയാണ് എല്‍ഡിഎഫ് ചെയ്യുന്നത്. ആ ഭൂരിപക്ഷ വര്‍ഗീയതയല്ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്. അതിനെതിരെ മനുഷ്യ ചങ്ങല ഒരുക്കി ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറക്ക് പ്രതിരോധിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. നിങ്ങളുടെ ചോദ്യത്തില്‍ കാണാതെ പോയ സത്യം അതാണ്. 

ഓരോ വിഷയങ്ങളിലും അങ്ങനെയാണ്. അയോധ്യ കേസിന്റെ വിഷയം വന്നപ്പോള്‍ അതിന്റെ കോടതി വിധിയെ ആദ്യം വിമര്‍ശിച്ചത് സിപിഎമ്മാണ്. ക്ഷേത്ര നിര്‍മാണത്തിനായി വെള്ളികൊണ്ടുണ്ടാക്കിയ ഇഷ്ടിക കൊടുത്തയച്ചത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥാണ്. കോണ്‍ഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ്. അവര്‍ക്ക് കൃത്യമായ വ്യക്തതയുള്ള ബിജെപി നിലപാടില്ല. അതാണ് കോണ്‍ഗ്രസിന്റെ പരിമിതി. 

ആ പരിമിതിയുള്ള കോണ്‍ഗ്രസിനെ ഞങ്ങള്‍ വിമര്‍ശിക്കുന്നുണ്ട്. ബിജെപിക്കെതിരായ ശക്തമായ നിലപാട് ഞങ്ങള്‍ എടുക്കുന്നുണ്ട്. അതേസമയം മതന്യൂനപക്ഷ വിഭാഗങ്ങള്‍ മതനിരപേക്ഷ ചേരിയില്‍ വരാതെ പൂര്‍ണമായും വര്‍ഗീയ വത്കരണത്തിന് അവര്‍ വിധേയമാകണം എന്ന നിലപാട് സ്വീകരിച്ച ജമാണത്തെ ഇസ്ലാമി അത് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വാഭാവികമായും അത് വിമര്‍ശിക്കണ്ടെ. അല്ലെങ്കില്‍ അത് ബിജെപിക്ക് ഗുണം ചെയ്യും. 

സത്യത്തെ തലകീഴാക്കി നിര്‍ത്തുന്ന ഒരു രീതി ഞങ്ങളോടുള്ള വിരോധം കൊണ്ട് നിങ്ങളില്‍ ചിലര്‍ക്കുമുണ്ട്. അത് സാരമില്ല (ചിരിക്കുന്നു). 

പാണക്കാട്ടേക്ക് പോകാനാകാത്തതിന്റെ നിരാശയാണ് വിജയരാഘവനെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വിമര്‍ശനം. 

ഉമ്മന്‍ ചാണ്ടി ഇങ്ങനെ പലതും പറയും. ഉമ്മന്‍ ചാണ്ടി തന്നെയല്ലെ ബിജെപി കൂട്ടുകെട്ടുണ്ടാക്കാനും പോയത്. ഉമ്മന്‍ ചാണ്ടി അദ്ദേഹത്തിന്റെ സൗകര്യങ്ങള്‍ക്ക് വേണ്ടി പറയുന്ന ന്യായവാദങ്ങള്‍ക്ക് ഉത്തരം പറയാനല്ല ഞങ്ങളിവിടിരിക്കുന്നത്.