ഭരണത്തുടര്‍ച്ച എന്നാല്‍ ഇടതു മുന്നണിയുടെ തുടര്‍ച്ചയെന്നാണര്‍ത്ഥമെന്നും പിണറായി വിജയന്‍ എന്ന വ്യക്തിയുടെ തുടര്‍ച്ചയല്ലെന്നും ഇടത് ചിന്തകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് പറയുന്നു. '' സിപിഎം പോലൊരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് അതിന്റെ നയമാണ് മുന്നോട്ടുവെയ്ക്കുന്നത്. അത് നടപ്പാക്കുന്നതില്‍ പിണറായി വിജയന്റെ നേതൃത്വം പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ, ഇടതു മുന്നണിയും കേരളത്തിലെ ജനങ്ങളുമാണ് അതിന്റെ ഊര്‍ജ്ജ ശ്രോതസ്സ്. ''  മാതൃഭൂമി ഡോട്ട് കോമുമായി നടത്തിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കെ ഇ എന്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെ ഇഎന്‍ കുഞ്ഞഹമ്മദുമായി നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം.

രണ്ടാം ഭാഗം: ഗാന്ധിവധത്തിനു ശേഷവും ഇ. ശ്രീധരന്‍ ആര്‍.എസ്.എസില്‍ തുടര്‍ന്നു- കെ.ഇ.എന്‍. കുഞ്ഞഹമ്മദ്

കൊള്ളാവുന്ന ഭരണമാണെങ്കില്‍ അത് തുടരുന്നതിലെന്താണ് കുഴപ്പമെന്നും അത്തരമൊരു രാഷ്ട്രീയ സമവാക്യം ജനാധിപത്യ വിരുദ്ധമല്ലെന്നും ചൂണ്ടിക്കാട്ടി താങ്കള്‍ ഒരു ലേഖനം അടുത്തിടെ എഴുതിയിരുന്നു. ഭരണത്തുടര്‍ച്ചയ്ക്ക് താങ്കള്‍ മുന്നോട്ടുവെയ്ക്കുന്ന പ്രധാന ന്യായങ്ങള്‍ എന്താണ്?

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇന്നത്തെ ഇന്ത്യന്‍ അവസ്ഥ തന്നെയാണ്. സമാനതകളില്ലാത്ത വിധം നമ്മുടെ ജീവിതത്തെ ഭയപ്പെടുത്തുന്ന ഒരവസ്ഥയിലേക്കാണ് സമകാലിക  ഇന്ത്യ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ജനാധിപത്യം നിലനില്‍ക്കുകയും എന്നാല്‍ സൂക്ഷ്മാര്‍ത്ഥത്തില്‍ ജനാധിപത്യത്തിന്റെ ഉള്ളടക്കം ആവിയായിപ്പോവുന്ന അനുഭവങ്ങളാണ് ഇന്ത്യന്‍ ജനത അഭിമുഖീകരിക്കുന്നത്. ഫാസിസത്തിന്റെ പുതു രൂപമാണിത്. പാര്‍ലമെന്റ് പ്രവര്‍ത്തിക്കുകയും സെന്‍ട്രല്‍ വിസ്ത പോലൊരു പദ്ധതി നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന കാലം. നീതി ആയോഗ് മേധാവി അമിതാഭ് കാന്ത് പറഞ്ഞത്  ജനാധിപത്യത്തിന്റെ ആധിക്യമാണ് ഇന്ത്യ നേരിടുന്ന പ്രശ്നമെന്നാണ്. ഒരു ഭാഗത്ത് ജനാധിപത്യത്തിന്റെ ഉള്ളടക്കം ശോഷിക്കുമ്പോള്‍ മറുഭാഗത്ത് ജനാധിപത്യത്തിന്റെ ആധിക്യമാണ് പ്രശ്നമെന്ന് പറയുക. ജനാധിപത്യം ആര്‍ക്കാണ് തടസ്സമായിത്തീരുന്നതെന്നതാണ് ചോദ്യം. നിയോ ലിബറല്‍ കാഴ്ചപ്പാടാണ് ഇതിനു പിന്നില്‍.

നവ ഉദാരവത്കരണവാദികളുടെ ഒന്ന് രണ്ട് മുദ്രാവാക്യങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാവും. മാര്‍ഗരറ്റ് താച്ചര്‍ പറഞ്ഞ സമൂഹമെന്നൊന്നില്ല വ്യക്തി മാത്രമേയുള്ള എന്ന നിലപാട്. അതോടൊപ്പം തന്നെ റീഗണോമിക്സിന്റെയൊക്കെ ഭാഗമായി മില്‍ട്ടണ്‍ ഫ്രീഡ്മാനൊക്കെ അവതരിപ്പിച്ച ലാഭമുണ്ടാക്കുകയാണ് ജനാധിപത്യത്തിന്റെ ദൗത്യം എന്ന വാദം. ഇന്ത്യയില്‍ 90 കള്‍ മുതല്‍ ഈ സാമ്പത്തിക രാഷ്ട്രീയ നയങ്ങള്‍ ശക്തിപ്പെട്ടു തുടങ്ങിയെങ്കിലും ഈ തലത്തില്‍ ഏറ്റവും ജനകീയമായ മുദ്രാവാക്യങ്ങള്‍ അവതരിപ്പിക്കുന്നത് നരേന്ദ്രമോദി സര്‍ക്കാരാണ്. കോര്‍പറേറ്റ്‌വത്കരണം ഒരു മറയുമില്ലാതെ അവതരിപ്പിക്കപ്പെടുന്നത് മോദിയുടെ കാലത്താണ്. പരിമിതികളുണ്ടെങ്കിലും ഇന്ത്യന്‍ ജനത അനുഭവിച്ചിരുന്ന ജനാധിപത്യ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. സാമൂഹിക ശാസ്ത്രജ്ഞയായ മീര നന്ദയുടെ ' state -temple-corporate complex '  പ്രയോഗം ഈ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.

ഈ അവസ്ഥയ്ക്കുള്ള ബദലാണ് കഴിഞ്ഞ അഞ്ച് വര്‍ഷം കേരളം കണ്ടതെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത് ?

ബദലാണെന്നു മാത്രമല്ല , ഇത്തരത്തിലുള്ള പ്രതിരോധത്തിലൂടെ കേരളം ഇന്നിപ്പോള്‍ ഫാസിസത്തിനും നവ ഉദാരവത്കരണ നയങ്ങള്‍ക്കുമെതിരെയുള്ള പോരാട്ടത്തിന്റെ ഒരു തുരുത്ത് പോല വേറിട്ടുനില്‍ക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിരിക്കുകയാണ്. ഇന്നിപ്പോള്‍ ഇന്ത്യന്‍ ഫാസിസം ഏറ്റവുമധികം ഭയപ്പെടുന്നത് കേരളത്തെയാണ്. കര്‍ഷക സമരം പോലുമല്ല കേരളമാണ് അവരുടെ ഏറ്റവും വലിയ പേടിയെന്നാണ് എനിക്ക് തോന്നുന്നത്.  കര്‍ഷക സമരത്തെ അവര്‍ ഭയപ്പെടുന്നുണ്ട്. പക്ഷേ, അതിനേക്കാളേറെ അവര്‍ പേടിക്കുന്നത്. നരേന്ദ്ര മോദിയും അമിത്ഷായും യോഗി ആദിത്യനാഥും അലറുന്നുണ്ട്. പക്ഷേ, കേരളം പതറുന്നില്ല. അതാണ് കാര്യം. സിഎഎ നടപ്പാക്കില്ലെന്ന് ഉറപ്പിച്ച് പ്രഖ്യാപിക്കുകയാണ് കേരളം. ആ പറച്ചിലില്‍ തന്നെ മതനിരപേക്ഷതയെ സംബന്ധിച്ചിടത്തോളം ഒരു പുളകം ഉണ്ടാക്കുന്നുണ്ട്.

കേരളത്തെ ഭയപ്പെടുന്നുവെന്ന് പറയുമ്പോള്‍ കേരളം ഇന്നെത്തി നില്‍ക്കുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക പരിതസ്ഥിതിയുണ്ട്. അതു പക്ഷേ, ഇടതുപക്ഷത്തിന്റെ മാത്രം നേട്ടമല്ല. കേരളം ഇടവിട്ടു ഭരിച്ചിട്ടുള്ള കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ഇതില്‍ പങ്കില്ലേ?

കേരളത്തിന്റെ നേട്ടങ്ങള്‍ക്ക് കൃത്യമായ ചരിത്ര പരിസരമുണ്ട്. നവോത്ഥാനത്തിന്റെയും മിഷനറിമാരുടെയും അടയാളങ്ങള്‍ അതിലുണ്ട്. കര്‍ഷക സമരങ്ങളുടെയും ഭൂപരിഷ്‌കരണ നിയമങ്ങളുടെയും സ്വാധീനമുണ്ട്. മാറി മാറി വന്ന സര്‍ക്കാരുകള്‍ ഇതില്‍ വഹിച്ച പങ്കും നിഷേധിക്കാനാവില്ല. വ്യത്യസ്ത വഴികളിലൂടെ കേരളം കൈവരിച്ച സകല നേട്ടങ്ങളും ഉള്‍ക്കൊണ്ടുകൊണ്ടാണ് ഈ നിരീക്ഷണം മുന്നോട്ടുവെയ്ക്കുന്നത്. പക്ഷേ,  ഇന്നിപ്പോള്‍ കേരളത്തിന്റെ ഈ പ്രബുദ്ധതെയെ ഏറ്റവുമധികം ഉയര്‍ത്തിപ്പിടിക്കുന്നതും അതിനായി പോരാടുന്നതും ഇടതുപക്ഷമാണ്, ഇടതു മുന്നണി സര്‍ക്കാരാണ്.

ഭരണത്തുടര്‍ച്ച എന്ന മുദ്രാവാക്യം ഇടതു മുന്നണി മുന്നോട്ടുവെയ്ക്കുമ്പോള്‍ അതിനെതിരെ ഉയരുന്ന ഒരു വിമര്‍ശം ഭരണത്തുടര്‍ച്ച എന്നാല്‍ ഭരണ സ്ഥിരത എന്നായിരിക്കുകയാണെന്നും  ഒരു വ്യക്തി ഭരണത്തിന്റെ തലപ്പത്ത് തുടരണോ എന്ന ഹിതപരിശോധന ആയിരിക്കുകയാണെന്നുമുള്ളതാണ്?

കേരളത്തിലെ ഇടതു പക്ഷ സര്‍ക്കാര്‍  എന്നു പറയുന്നത് ഇടതു പാര്‍ട്ടികള്‍ മാത്രം ഉള്‍പ്പെട്ടതല്ല. ഇടതു പാര്‍ട്ടികളും മതേതര സ്വഭാവമുള്ള ഇതര പാര്‍ട്ടികളും ഉള്‍പെട്ട ജനാധിപത്യ മുന്നണിയാണത്. ആ മുന്നണിയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്.

പക്ഷേ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പോലും വ്യക്തമാക്കിയിരിക്കുന്നത് പിണറായി വിജയനാണ് ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ നയിക്കുന്നതെന്നും അദ്ദേഹമായിരിക്കും മുഖ്യമന്ത്രി സ്ഥാനത്ത് തുടരുകയെന്നുമാണ്. ഈ തിരഞ്ഞെടുപ്പിനെ പിണറായി വിജയന്‍ എന്ന വ്യക്തിയുടെ ഹിതപരിശോധനയായി ചുരുക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും ജനാധിപത്യ നയങ്ങള്‍ക്ക് വിരുദ്ധമല്ലേ?

pinarayi
പിണറായി വിജയന്‍| വര: ജിനു വര്‍ഗീസ്‌

ഈ വിമര്‍ശത്തിന് ഒരു ഇരുണ്ട മറുപുറമുണ്ട്. പിണറായി വിജയനെപ്പോലെ വേട്ടയാടപ്പെട്ട മറ്റൊരു നേതാവ് ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലുണ്ടാവില്ല. എല്ലാ നേതാക്കളും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമീപ കാലത്ത് പിണറായിക്കെതിരെ നടന്നിട്ടുള്ള ആക്രമണങ്ങള്‍ സമാനതകളില്ലാത്തതാണ്. ധര്‍മ്മടത്തെ അദ്ദേഹത്തിന്റെ വീടു പോലും വിവാദമാക്കിക്കൊണ്ട് ആക്രമണമുണ്ടായി. ധര്‍മ്മടത്ത് പോയാല്‍ ആര്‍ക്കും കാണാവുന്ന വീടാണിത്. എന്നാല്‍ ഒരു ഡിറ്റക്ടിവ് രചനയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുളള നിഗൂഡ പരിവേഷം ചാര്‍ത്തിക്കൊണ്ടുള്ള ആക്രമണമായിരുന്നു അത്. പിണറായി ഇനി വീടിന് പുറത്തിറങ്ങില്ല, മരുന്നു വാങ്ങാന്‍ പോലും പുറത്തേക്ക് പോകാനാവില്ല എന്നൊക്കെയുള്ള ആക്രോശങ്ങളായിരുന്നു. അന്ന് ആ ആക്രമണങ്ങള്‍ അഴിച്ചുവിട്ടതിന്റെ കുറ്റബോധത്തിലാവാം ഇന്നിപ്പോള്‍ പലരും ഇടതുമുന്നണി പിണറായി വിജയന്റെ തുടര്‍ച്ചയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന ആരോപണം ഉന്നയിക്കുന്നത്. സിപിഎം പോലൊരു രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം അത് അതിന്റെ നയമാണ് മുന്നോട്ടുവെയ്ക്കുന്നത്. അത് നടപ്പാക്കുന്നതില്‍ പിണറായി വിജയന്റെ നേതൃത്വം പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ, ഇടതു മുന്നണിയും കേരളത്തിലെ ജനങ്ങളുമാണ് അതിന്റെ ഊര്‍ജ്ജ ശ്രോതസ്സ്.

കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയും നിഷ്ഠൂരമായാണ് വേട്ടയാടപ്പെട്ടത്. ആ അദ്ധ്യായം താങ്കള്‍ കാണാതെ പോവുന്നതെന്തുകൊണ്ടാണ്?

ഉമ്മന്‍ചാണ്ടി വേട്ടയാടപ്പെട്ട പശ്ചാത്തലം പകല്‍ പോലെ വ്യക്തമാണ്. അതേ സമയം പിണറായി വിജയന്‍ വേട്ടയാടപ്പെട്ട പശ്ചാത്തലം മൗലികമായി വ്യത്യസ്തമാണ്. രണ്ടും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനാവില്ല. 

ഉമ്മന്‍ചാണ്ടിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ ഒന്നും തന്നെ തെളിയിക്കപ്പെട്ടിട്ടില്ല. ഇടതു സര്‍ക്കാര്‍ ഭരിച്ച ഈ അഞ്ച് വര്‍ഷങ്ങളിലും ഒരു തെളിവ് പോലും കണ്ടെത്താനായില്ല. അന്ന് ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ ആക്രമണം ജനാധിപത്യ മര്യാദയുടെ അതിരുകള്‍ ലംഘിക്കുന്നതായിരുന്നുവെന്ന് ഇന്നിപ്പോള്‍ താങ്കള്‍ക്ക് തോന്നുന്നുണ്ടോ?

അതിലെ അന്വേഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല. മാത്രമല്ല അത് ഉമ്മന്‍ചാണ്ടിയില്‍ തുടങ്ങി ഉമ്മന്‍ചാണ്ടിയില്‍ അവസാനിക്കുന്ന ഒന്നല്ല. കുറെക്കൂടി സങ്കീര്‍ണ്ണമായിട്ടുള്ള പല അഴിമതികളുമായി ബന്ധപ്പെട്ട സംഭവമല്ല. പിണറായി വിജയന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തേയും രാഷ്ട്രീയ ജിവിതത്തേയും ചോദ്യം ചെയ്യുന്ന തരത്തിലുള്ള ആക്രമണമായിരുന്നു. അത് ഏതെങ്കിലും അഴിമതിയെച്ചൊല്ലിയായിരുന്നില്ല.

പക്ഷേ, കൃത്യമായി ചില ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പിണറായി വിജയന്‍ എന്ന നേതാവ് പാര്‍ട്ടിക്കതീതനായി വളരന്നുവെന്ന ആരോപണത്തിന് ഉപോദ്ബലകമായി ചൂണ്ടിക്കാണിക്കപ്പെടുന്ന കാര്യങ്ങള്‍. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ നടത്തിയ രണ്ട് നിയമനങ്ങള്‍. സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെയും പോലിസ് ഉപദേഷ്ടാവായി രമണ്‍ ശ്രിവാസ്തവയെയും നിയമിച്ചത്. ഇടതു മുന്നണിയുടെ അല്ലെങ്കില്‍ സിപിഎമ്മിന്റെ രാഷ്ട്രീയം തന്നെ ചോദ്യം ചെയ്യുന്നവയാണെന്ന് പരക്കെ വിമര്‍ശമുണ്ടായി. പക്ഷേ,  സിപിഎമ്മിന്റെ ഭാഗത്തു നിന്ന് ഒരിടപെടലുമുണ്ടായില്ല. താങ്കള്‍ നേരത്തെ വിമര്‍ശിച്ച നവ ഉദാരവത്കരണ സാമ്പത്തിക നയങ്ങള്‍ക്ക് കുടപിടിക്കുന്ന സാമ്പത്തിക ശാസ്ത്രജ്ഞയാണ് ഗീതയെന്ന് എല്ലാവര്‍ക്കുമറിയാം. എന്നിട്ടും എന്തുകൊണ്ട് ഗീത ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവായി തുടര്‍ന്നുവെന്നതിന് പാര്‍ട്ടിക്ക് കൃത്യമായ ഒരു മറുപടിയമുണ്ടായില്ല?

pinarayi

കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടപ്പാക്കിയ സാമ്പത്തിക പദ്ധതികള്‍ നവ ലിബറല്‍ നയങ്ങളുമായി ഒത്തു പോകുന്നതാണോ എന്നതാണ് ചോദ്യം. പൊതുമേഖല സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമാണ് കേരള സര്‍ക്കാര്‍ നടപടി എടുത്തത്. സ്‌കൂളുകളായാലും ആസ്പത്രികളായാലും പൊതുമേഖലയില്‍ ഗംഭീരമായ പ്രവര്‍ത്തനമാണ് ഇടതു സര്‍ക്കാര്‍ നടത്തിയത്. ഇന്റര്‍നെറ്റ് ജനങ്ങളുടെ അവകാശമാക്കി മാറ്റാന്‍ നടപടി എടുത്തു.

ഗീത ഗോപിനാഥ് ഉപദേഷ്ടാവായി ഇരുന്നെങ്കിലും അവര്‍ക്ക് ഇടതു സര്‍ക്കാരിന്റെ നയങ്ങളെ സ്വാധീനിക്കാനായില്ലെന്നും അവരുടെ നിയമനം ഒരു അപഭ്രംശം മാത്രമായിരുന്നുവെന്നുമാണോ താങ്കള്‍ പറഞ്ഞു വരുന്നത്?

അങ്ങിനെയല്ല. സര്‍ക്കാരിന്റെ അധികാര കേന്ദ്രങ്ങളില്‍ പല വിഭാഗങ്ങളിലും പെട്ടവരുണ്ടാവും. പക്ഷേ, ജനപക്ഷത്തു നിന്ന് ആലോചിക്കുമ്പോള്‍ പ്രധാനപ്പെട്ട കാര്യം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്നതാണ്. കേരള സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായി ഈ ഉപദേശകര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്നും അങ്ങിനെ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ കേരള സര്‍ക്കാര്‍ എന്ത് നടപടിയാണെടുത്തതെന്നുമാണ് പ്രസക്തം. കേരള സര്‍ക്കാരിലെ ഏതു നിയമനവും രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്.

അതായത് പാര്‍ട്ടിയുടെ തീരുമാനമായിരുന്നു ഗിതയുടെ നിയമനമെന്നും അത് മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിപരമായ തീരുമാനമായിരുന്നില്ലെന്നുമാണ് താങ്കള്‍ പറയുന്നത്?

അതെ 
(  തുടരും .)