മകാലിക കേരളത്തിലെ ധൈഷണിക മേഖലയില്‍ ഒറ്റയാനെന്ന് വിശേഷിപ്പിക്കാവുന്ന  സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫസര്‍ എം. കുഞ്ഞാമന്‍. സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമെന്ന നിലയില്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന മൗലികമായ നിരീക്ഷണങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപരിസരം വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. കോഴിക്കോട് സര്‍വ്വകലാശാലയില്‍നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം. സി.ഡി.എസില്‍നിന്ന് എം.ഫിലും കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്.ഡിയും. 1979 മുതല്‍ 2006 വരെ കേരള സര്‍വ്വകലാശാലയില്‍ അദ്ധ്യാപകന്‍. തുടര്‍ന്ന് 13 വര്‍ഷം മഹാരാഷ്ട്രയിലെ തുല്‍ജാപൂരില്‍ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സോഷ്യല്‍ സയന്‍സസില്‍. 

ആദ്യ ഭാഗം: ഇ.എം.എസ്. എന്നോട് പറഞ്ഞു: എന്നെ വിമര്‍ശിക്കണം, ഞാന്‍ ദൈവമല്ല- കുഞ്ഞാമന്‍

രണ്ടാം ഭാഗം: കാല് കഴുകിക്കുന്നത് ഫ്യൂഡല്‍ സംസ്‌കാരം, പോവുന്നത് മദ്ധ്യകാലത്തേക്ക്- കുഞ്ഞാമന്‍ 

നിര്‍ണ്ണായകമായ ഒരു തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ പ്രൊഫസര്‍ എം. കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം.

ഭരണത്തുടര്‍ച്ചയാണ് ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയങ്ങളിലൊന്ന്. എന്താണ് പറയാനുള്ളത്?

ആദ്യമേ തന്നെ ഒരു കാര്യം വ്യക്തമാക്കാനാഗ്രഹിക്കുന്നു. ഒരു സാമൂഹ്യ ശാസ്ത്രജ്ഞനെന്ന നിലയിലാണ് ഞാന്‍ സംസാരിക്കുന്നത്. ജനങ്ങള്‍ക്കു വേണ്ടി സംസാരിക്കാന്‍ ഞാനാളല്ല. എനിക്കതിനുള്ള അവകാശമില്ല. ജനങ്ങളുടെ തിരഞ്ഞെടുപ്പ് അവര്‍ നടത്തിക്കോളും. ജനം ആരെ തിരഞ്ഞെടുക്കുന്നുവെന്നത് എന്റെ പ്രശ്നമല്ല. താങ്കള്‍ ഉന്നയിച്ച വിഷയത്തെ സാമൂഹ്യശാസ്ത്രജ്ഞന്റെ തലത്തില്‍നിന്ന് സമീപിക്കുക മാത്രമാണ് എന്റെ ലക്ഷ്യം. ഭരണത്തുടര്‍ച്ച ജനാധിപത്യത്തിന്റെ സ്പിരിറ്റിനതെിരാണ്. ജനാധിപത്യം എന്നു പറഞ്ഞാല്‍ മാറ്റമാണ്. അല്ലെങ്കില്‍ രാജഭരണം മതിയല്ലോ? രാജാവ് ഭരിക്കുന്നു, പിന്നെ രാജാവിന്റെ മകന്‍ ഭരിക്കുന്നു. ഭരണത്തുടര്‍ച്ചയല്ല വാസ്തവത്തില്‍ ഇവിടത്തെ വിഷയം. ഒരു വ്യക്തി തുടരണമോ വേണ്ടയോ എന്ന നിലയിലേക്കാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരിണമിച്ചിരിക്കുന്നത്. ഒരു വ്യക്തിയെക്കുറിച്ചുള്ള ഹിതപരിശോധനയാണ് (referendum) നടക്കാന്‍ പോകുന്നത്. മോദി മോഡലിന്റെ തുടര്‍ച്ചയാണിത്. മോദി രണ്ടാമത്തെ ഇലക്ഷനില്‍ പറഞ്ഞത് ഇതു തന്നെയാണ്. ആദ്യടേമില്‍ കൊണ്ടുവന്ന പരിപാടികള്‍ തുടരാന്‍ വീണ്ടും അവസരം നല്‍കണമെന്നാണ് മോദി ആവശ്യപ്പെട്ടത്. ഭരണത്തുടര്‍ച്ച ഭരണസ്ഥിരത കൂടിയാവുന്ന പ്രതിഭാസമാണത്. അതുപോലെ തന്നെ കസ്റ്റഡി മരണങ്ങള്‍, മാവോയിസ്റ്റുകളെ വെടി വെച്ചു കൊന്നത്  ഇതിന്റെയൊക്കെ തുടര്‍ച്ച കൂടിയാണ് തുടര്‍ഭരണം എന്ന് പറയേണ്ടി വരും.

മോദി മോഡലിന്റെ ആവര്‍ത്തനമാണ് കേരളം കാണുന്നതെന്നാണോ താങ്കള്‍ പറഞ്ഞുവരുന്നത്?

അതെ. കേന്ദ്രത്തില്‍ മാത്രമല്ല സംസ്ഥാനങ്ങളിലും ബി.ജെ.പി. ഉയര്‍ത്തിയ മുദ്രാവാക്യമാണിത്. ഈ മോദി മോഡലിന്റെ അനുകരണമാണ് ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കുന്നത്. മോദി തുടങ്ങിവെച്ച സംഗതിയാണിത്. ഇതുവരെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള ജനഹിതാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വാളയാറിലെ അമ്മയുടെ നീതിക്കായുള്ള പോരാട്ടം, അട്ടപ്പാടിയില്‍ ഒരു ആദിവാസിയെ തല്ലിക്കൊന്നത്... ഭക്ഷണം മോഷ്ടിക്കുന്നതിനൊക്കെ ഒരാളെ തല്ലിക്കൊല്ലുക എന്ന് പറഞ്ഞാല്‍ എത്ര പ്രാകൃതമായ കാര്യമാണത്.

എഴുപതുകളില്‍ ഇന്ദിര കൊണ്ടുവന്ന ഒരു സംഗതിയുണ്ടല്ലോ. കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ഡി.കെ. ബറുവയൊക്കെ മുന്നോട്ടുവെച്ച മുദ്രാവാക്യം 'ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര'  ഓര്‍ക്കുന്നില്ലേ? ഇതു തന്നെയാണ് മറ്റൊരു തലത്തില്‍ മോദി പിന്തുടരുന്നതെന്ന ആരോപണം ശക്തമാണ്. ഏകാധിപത്യത്തിന്റെ പാതയില്‍ മോദിയുടെ റോള്‍ മോഡല്‍ ഇന്ദിരയാണെന്ന നിരീക്ഷണമാണത്?

വളരെ ശരിയാണ്. ഇതു തന്നെയാണ് കേരളത്തിലും കൊണ്ടുവരുന്നത്. ഇതൊരു പുതിയ സംഗതിയല്ലെന്നും ഇതിനു മുമ്പ് പലരും ആവിഷ്‌കരിച്ചിട്ടുള്ള സംഗതിയാണെന്നുമാണ് ഞാന്‍ പറഞ്ഞുവന്നത്. ഭരണത്തുടര്‍ച്ച എന്നു പറഞ്ഞാല്‍ ഭരണസ്ഥിരത കൂടിയാണ്. നമ്മള്‍ നേരത്തെ ഒരു അണ്ടര്‍ ക്ലാസ്സിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയുണ്ടായി. വാളയാറിലെ പ്രശ്നമോ പുറമ്പോക്കു നിവാസികളുടെ ജീവിതമോ  ഭരണസ്ഥിരതക്കാര്‍ക്ക് വിഷയമല്ല. പാര്‍ശ്വവത്കരിക്കപ്പെടുന്ന ജനതയുടെ ഉന്നമനം ഇവരുടെ വിഷയമല്ല. എങ്ങിനെയും അധികാരം നിലനിര്‍ത്താനാണ് ഇവരുടെ ശ്രമം. ഭരണസ്ഥിരതയും ഭരണത്തുടര്‍ച്ചയും തന്നെ ഒരു പാര്‍ട്ടിയുടെ നയപരിപാടിയായി മാറുകയാണ്. അസമില്‍ ബി.ജെ.പി. നടപ്പാക്കുന്നത് ഇത്തരത്തിലുള്ള അജണ്ടയാണ്. അവിടെ അവര്‍ ഭരണത്തുടര്‍ച്ച ആവശ്യപ്പെടുന്നത് അവരുടെ ഒരു മെഗാ പ്ലാന്‍ നടപ്പാക്കാനാണ്. അസമില്‍ 34 ശതമാനം മുസ്ലിങ്ങളാണ്. അവരുടെ ഐഡന്റിറ്റി വിഴുങ്ങുന്നതിനുള്ള പദ്ധതിയാണിത്.  ജനാധിപത്യത്തിന്റെ കടയ്ക്കലാണ് ഇതിലൂടെ കത്തിവെയ്ക്കുന്നത്. ചര്‍ച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ കാതല്‍. ഇതിനൊരു മാറ്റമാണ് വേണ്ടത്. അതുകൊണ്ടാണ് ഭരണത്തുടര്‍ച്ചയല്ല മാറ്റമാണ് വേണ്ടതെന്ന് വ്യക്തമാക്കേണ്ടി വരുന്നത്.

പക്ഷേ, ഇവിടെ ഉയരുന്ന ഒരു ചോദ്യം ഭരിക്കുന്നവര്‍ മികച്ച ഭരണമാണ് കാഴ്ച വെയ്ക്കുന്നതെങ്കില്‍ അവര്‍ക്ക് വീണ്ടുമൊരവസരത്തിന് അര്‍ഹതയില്ലേ എന്നതാണ്?

ഇതര്‍ഹതയുടെ പ്രശ്നമല്ല.

തിരഞ്ഞെടുപ്പില്‍ പ്രായോഗികമായി ജനങ്ങളുടെ മുന്നില്‍ ചില മുന്നണികളാണുള്ളത്. ഇതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്ന മുന്നണിയേയല്ലേ ജനങ്ങള്‍ തിരഞ്ഞെടുക്കുക?

അല്ല. അങ്ങിനെയാണെങ്കില്‍ മത്സരപ്പരീക്ഷ നടത്തിയാല്‍ പോരെ?

അതല്ല. പ്രായോഗികമായി ജനങ്ങള്‍ക്ക് അവരുടെ വോട്ടവകാശം വിനിയോഗിക്കേണ്ടതായുണ്ട്. ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് അവര്‍ ഈ അവകാശം വിനിയോഗിക്കുക. അതിനെ നിരാകരിക്കേണ്ടതുണ്ടോ?

ഇല്ല. പക്ഷേ, വേണ്ടത് മാറ്റമാണ്. തുടര്‍ച്ചയല്ല. വ്യവസ്ഥിതിയിലുള്ള മാറ്റം, നയങ്ങളിലുള്ള മാറ്റം.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പോലും രണ്ടു പ്രവാശ്യം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളവരാണ് കൂടുതലും. ട്രംപിനെപ്പോലെയും ജിമ്മി കാര്‍ട്ടറെപ്പോലെയും രണ്ടാം വട്ടം  തിരസ്‌കരിക്കപ്പെട്ടവര്‍  വളരെക്കുറച്ചു പേരെയുള്ളു. കൂട്ടത്തില്‍ മികച്ചവരെയല്ലേ ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത്?

അല്ല. മാറ്റമാണ് കൊണ്ടുവരേണ്ടത്. ജോ ബൈഡന്റെ വാഗ്ദാനങ്ങള്‍ നോക്കൂ. മാറ്റത്തിനാണ് പ്രാമുഖ്യം.

ജോ ബൈഡന്റെ കാര്യമല്ല. ബറാക് ഒബാമയെ രണ്ടാം വട്ടം തിരഞ്ഞെടുത്തു. നരേന്ദ്ര മോദിയെ രണ്ടാം വട്ടം തിരഞ്ഞെടുത്തു. ജ്യോതി ബസുവിനെ എത്രയോ കാലം തിരഞ്ഞെടുത്തു?

അത് ശരിയാണ്. ഞാന്‍ പക്ഷേ, ഒരു സാമൂഹിക ശാസ്ത്രജ്ഞന്റെ വീക്ഷണമാണ് ഇവതരിപ്പിക്കുന്നത്. ജനങ്ങള്‍ മാറ്റമാണ് ആഗ്രഹിക്കുന്നത്. പുറമ്പോക്ക് നിവാസികള്‍, ചേരികളില്‍ കഴിയുന്നവര്‍, സ്ത്രീകള്‍... ഇവരൊക്കെ മാറ്റം ആഗ്രഹിക്കുന്നവരാണ്. ഒരു സ്ത്രീ പ്രസിഡന്റായിട്ടുള്ള കോണ്‍ഗ്രസില്‍ പോലും സ്ത്രീകള്‍ക്ക് ആനുപാതികമായ പ്രാതിനിധ്യം കിട്ടുന്നില്ല. അവര്‍ തല മുണ്ഡനം ചെയ്യുന്നു. മാറ്റത്തിനുവേണ്ടിയുള്ള പ്രതിഷേധമാണത്. എഫിഷ്യന്‍സിയുടെ അടിസ്ഥാനത്തിലല്ല ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നത്. വി.എസിനെ നോക്കൂ. അദ്ദേഹം പ്രഗത്ഭനായ ഭരണാധികാരിയൊന്നുമായിരുന്നില്ല. പക്ഷേ, മാറ്റം കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുമെന്ന് ജനങ്ങള്‍ കരുതി.

തുടര്‍ഭരണമാണ്  ജനങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതവരുടെ ചോയ്സ് അല്ലേ?

അത് ഞാന്‍ പറയേണ്ട കാര്യമല്ല. ഞാന്‍ ജനങ്ങളുടെ ഇടയില്‍ സര്‍വ്വെ നടത്തിയിട്ടില്ല. അവര്‍ അവരുടെ തീരുമാനം നടപ്പാക്കട്ടെ. ഞാന്‍ എനിക്ക് ബോദ്ധ്യമുള്ള കാര്യങ്ങളാണ് പറയുന്നത്. ആരു ജയിക്കും ആര് പരാജയപ്പെടും എന്നത് എന്റെ വേവലാതിയല്ല. മൃഗീയഭൂരിപക്ഷം ഒരു പാര്‍ട്ടിക്ക് കിട്ടുന്നത് അപകടകരമാണ്. പ്രതിപക്ഷമില്ലാത്ത അവസ്ഥ ജനാധിപത്യത്തിന് വന്‍ ഭീഷണിയാണ്. നിലവില്‍ ഇന്ത്യയുടെ അവസ്ഥ നോക്കൂ. ശക്തമായ പ്രതിപക്ഷമുണ്ടെങ്കിലേ ജനാധിപത്യം ജ്വലിക്കുകയുള്ളു. സദാ മുള്ളിന്മേല്‍ നില്‍ക്കുന്ന അവസ്ഥയിലായിരിക്കണം ഭരണകൂടം. അങ്ങിനെ അവരെ നിര്‍ത്തണമെങ്കില്‍ പ്രതിപക്ഷം ഉഷാറാവണം. Authoritarianism leads to undesirable results. It is dangerous for democracy. ബ്രൂട്ടല്‍ മജോറിറ്റി കൊണ്ട് അവര്‍ക്ക് ജനാധിപത്യം അട്ടിമറിക്കാനാവും.

അതാണ് ഇന്ത്യയിലിപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. ഭരണഘടനാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി അട്ടിമറിക്കപ്പെടുന്നു?

അതെ. പ്രത്യേകിച്ച് മീഡിയ. മാദ്ധ്യമങ്ങളുടെ പതനം ഞെട്ടിപ്പിക്കുന്നതാണ്. ഭരണഘടനയുടെ 19-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യം നോക്കുകുത്തിയാവുകയാണ്. ഭരണകൂടത്തിന് ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്യാവുന്ന അവസ്ഥയാണ്. എല്ലാവരെയും ഭയപ്പെടുത്തി നിര്‍ത്തുകയാണ്.

അടുത്തിടെ സി.പി.എം. കേന്ദ്രനേതൃത്വം ഇടപെട്ട് നടത്തിയ രണ്ട് തിരുത്തല്‍ നടപടികളുണ്ടായി. കോടിയേരി ബാലകൃഷ്ണനെ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതായിരുന്നു ആദ്യത്തേത്. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് നിയമ ഭേദഗതി പിന്‍വലിപ്പിച്ചതാണ് രണ്ടാമത്തേത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്കതീതനായി വളരുന്നുവെന്ന വിമര്‍ശത്തിനിടെയാണ്  ഈ നടപടികളുണ്ടായത്. പിണറായിക്കെതിരെ ഉയരുന്ന ഈ വിമര്‍ശം താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

ഇപ്പോള്‍ പാര്‍ട്ടി എന്നൊന്നില്ല. ഇദ്ദേഹമാണ് പാര്‍ട്ടി. രണ്ട് വിദ്യാര്‍ത്ഥികളെ യു.എ.പി.എ. ചുമത്തി ജയിലിലിട്ടപ്പോള്‍ ഇത് പാര്‍ട്ടി നയങ്ങള്‍ക്ക് എതിരല്ലേയെന്ന് യെച്ചൂരിയോട് മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രിയോട് ചോദിക്കാനാണ്. അതായത് പാര്‍ട്ടി നേതൃത്വം നിസ്സഹായമാണെന്ന്. എന്തുകൊണ്ട് അവരിതൊക്കെ സമ്മതിച്ചുകൊടുക്കുന്നുവെന്ന് ചോദിച്ചാല്‍ പാര്‍ട്ടിയുടെ ചെലവത്രയും വഹിക്കുന്നത് ഇപ്പോള്‍ കേരളത്തില്‍നിന്നാണ്. വേറെയെവിടെയും പാര്‍ട്ടിയില്ല. ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് പാര്‍ട്ടിക്കനുസരിച്ചല്ല. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്.

വി.എസിന്റെ കാലത്ത് മൂന്നാറില്‍ അനധികൃത കെട്ടിടങ്ങള്‍ക്കും ഭൂമി കൈയ്യേറ്റത്തിനും എതിരെ നടപടിയുണ്ടായത് ജനങ്ങളുടെ ആവശ്യപ്രകാരമായിരുന്നില്ലേ?

അതെ. അതു പിന്നീട് നിര്‍ത്തിവെയ്ക്കപ്പെടുന്നതാണ് നമ്മള്‍ കണ്ടത്. പാര്‍ട്ടി ഇടപെടലായിരുന്നു ഇതിന് കാരണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. അപ്പോള്‍ ആരുടെ താല്‍പര്യങ്ങളാണ് നിറവേറ്റപ്പെടുന്നതെന്നാണ് ചോദ്യം. താഴേത്തട്ടില്‍ നിന്നുള്ള പ്രതികരണമാണ് സര്‍ക്കാര്‍ കണക്കിലെടുക്കേണ്ടത്.

കഴിഞ്ഞ അഞ്ച് വര്‍ഷം ഇത്തരത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ രൂപവത്കരിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നോ?

ഇല്ല. ഒരു ഫിയര്‍ സൈക്കോസിസ് നിലനിര്‍ത്തിയിട്ടാണ് കാര്യങ്ങള്‍ നടത്തിയിരുന്നത്. തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിക്കുമോ ഇല്ലയോ എന്നതല്ല പ്രസക്തമായ ചോദ്യം. എത്രയോ ആളുകള്‍ വികലമായ നയങ്ങള്‍ നടപ്പാക്കിയിട്ട് വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നു. തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങളും കുതന്ത്രങ്ങളുമാണ് നിര്‍ണ്ണായകം. പി.ജെ. ജോസഫ് പോകുമ്പോള്‍ ജോസ് കെ. മാണി വരുന്നതു പോലെയാണത്. നിലപാടുകളും  രാഷ്ട്രീയവുമില്ലാത്ത ഒരു എം.എല്‍.എയുണ്ടല്ലോ?

പി.സി. ജോര്‍ജിനെയാണോ ഉദ്ദേശിക്കുന്നത്?

അതെ. അദ്ദേഹം എന്തിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? ഞാന്‍ പറഞ്ഞുവന്നത് പാര്‍ട്ടിയുടെ അരാഷ്ട്രീയവത്കരണത്തെക്കുറിച്ചാണ്. കുറച്ചു പേര്‍ക്ക് അധികാരം നിലനിര്‍ത്താനുള്ള തന്ത്രമാണിത്.

സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍നിന്ന് പ്രമുഖ നേതാക്കളായ  തോമസ് ഐസക്കിനെയും ജി. സുധാകരനെയും പി. ജയരാജനെയുമൊക്കെ മാറ്റി നിര്‍ത്തുന്നതാണ് കണ്ടത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു നേതാവ് മാത്രമെന്ന അവസ്ഥയുണ്ടായി?

അതെ. എന്തുകൊണ്ട് ഇങ്ങനെയൊരു തീരുമാനമെടുത്തു? ആരാണ് ഇതെടുത്തത് എന്നതാണ് ചോദ്യം. സുധാകരനും ഐസക്കുമൊക്കെ അവരുടേതായ മേഖലകളില്‍ അടിത്തറയുള്ളവരാണ്. ഐസക്കിനെ ഗ്ലോറിഫൈ ചെയ്യേണ്ട കാര്യമില്ല. പക്ഷേ, ഇത്തരം ആളുകളെ സമൂഹത്തിനാവശ്യമുണ്ട്. ആള്‍ക്കൂട്ടമല്ല, നല്ല അംഗങ്ങളാണ് പാര്‍ട്ടിക്ക് വേണ്ടത്. ആള്‍ക്കൂട്ടം  പാര്‍ട്ടിയല്ല. ഒരു പരാതിയും ഇതുവരെ ജി. സുധാകരനെക്കുറിച്ച് വന്നിട്ടില്ല. അഴിമതിരഹിതനാണ്. എനിക്ക് നന്നായി അറിയാവുന്ന ആളാണ്. കേരള സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്ന ആളാണ്. അന്നും അദ്ദേഹത്തിനെതിരെ ഒരാക്ഷേപവുമുണ്ടായിരുന്നില്ല. ഐസക്ക് ഈസ് എ സ്‌കോളര്‍. ഇവരെയൊക്കെ സാങ്കേതികതയുടെ പേരില്‍ മാറ്റി നിര്‍ത്തിയാല്‍ അതിന്റെ നഷ്ടം പാര്‍ട്ടിക്കാണ്. ഒരാള്‍ക്ക് മാത്രം ഇളവ് കൊടുക്കുന്നു. ഒരു വ്യക്തിയുടെ അധിശത്വമാണ്. ഏകാധിപത്യമാണത്. വി.എസിന്റെ കാര്യം വ്യത്യസ്തമായിരുന്നു. അദ്ദേഹം ധിക്കാരിയും നിഷേധിയുമായിരുന്നു. ആരെയും അവഗണിക്കാന്‍ അദ്ദേഹത്തിനാവുമായിരുന്നു. ഒരു ശക്തിക്കും അദ്ദേഹത്തെ സമ്മര്‍ദ്ദത്തില്‍ പെടുത്താന്‍ ആവുമായിരുന്നില്ല. വിയര്‍ത്തൊലിച്ച ജുബ്ബയുമായി വരുന്ന വി.എസിന്റെ ചിത്രം മനസ്സിലുണ്ട്. അടിച്ചമര്‍ത്തപ്പെടുന്നവരുടെയും അശരണരുടെയും വക്താവായിരുന്നു അദ്ദേഹം. കേരളം തീര്‍ത്തിട്ടുള്ള ഏറ്റവും നല്ല മുഖ്യമന്ത്രി വി.എസായിരുന്നുവെന്നാണ് ഞാന്‍ പറയുക. അദ്ദേഹം പ്രഗത്ഭനായ ഭരണാധികാരിയോ പണ്ഡിതനോ ആയിരുന്നില്ല. പക്ഷേ, അദ്ദേഹം ജനമനസ്സുകളില്‍ ജീവിച്ചു.

സി.പി.എമ്മിനെ അടുത്തുനിന്ന് കണ്ടിട്ടുള്ളയാളാണ് താങ്കള്‍. പാര്‍ട്ടിയുടെ പരിണാമത്തെക്കുറിച്ച് എന്തു പറയുന്നു?

പാര്‍ട്ടിയുടെ പരിണാമമല്ല, ക്ഷയമാണ് നോക്കേണ്ടത്. അധികാരമാണ് പാര്‍ട്ടിയെ ക്ഷയിപ്പിച്ചത്. അധികാരത്തോടുള്ള ചില വ്യക്തികളുടെ ആസക്തി. ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിലയിരുത്തേണ്ടത് അതിന്റെ രാഷ്ട്രീയം നോക്കിയാണ്. പിണറായി വിജയന്‍, നരേന്ദ്ര മോദി, മായാവതി  ഇവര്‍ക്കൊന്നും ജനാധിപത്യപരമായി പെരുമാറാന്‍ അറിയില്ല.  ജനാധിപത്യം ഇവരുടെ ഡി.എന്‍.എയില്‍ ഇല്ല. മായാവതിക്കൊപ്പം വേദിയില്‍ ഒരു കസേരയിലിരിക്കാന്‍ അനുവാദമുണ്ടാവാറില്ല. നമ്മളിപ്പോള്‍ അഹങ്കാരത്തെക്കുറിച്ച് പറയാറുണ്ട്. അധികാരമില്ലാത്തയാള്‍ അഹങ്കരിക്കുന്നത് ധൈര്യത്തിന്റെ ലക്ഷണവും അധികാരമുള്ളയാള്‍ അഹങ്കരിക്കുന്നത് അപകര്‍ഷതാബോധത്തിന്റെ ലക്ഷണവുമാണ്. ആത്മവിശ്വാസക്കുറവിന്റെ ലക്ഷണമാണ് അധികാരിയുടെ അഹങ്കാരം. അധികാര സ്ഥാനത്തിരിക്കുമ്പോള്‍ ഇ.എം.എസും അച്ച്യുതമേനോനും എ.കെ. ആന്റണിയും വി.എസും അഹങ്കരിച്ചിട്ടില്ല. ഭരണാധികാരികളില്‍ പിടിവാശിയും  പ്രതികാര മനോഭാവവും പാടില്ല. രക്ഷിതാക്കള്‍ക്ക് മക്കളോടും ഇതൊന്നുമുണ്ടാവരുത്.

ഞാനൊരു മതത്തിലും വിശ്വസിക്കാത്തയാളാണ്. പക്ഷേ, ഞാന്‍ ബൈബിള്‍ നന്നായി വായിക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്. ക്രിസ്തു എന്തിനുവേണ്ടിയാണ് നിലകൊള്ളുന്നത്. ലാളിത്യം, സഹിഷ്ണുത, സ്നേഹം... എല്ലാത്തിനുമുപരി ഫൊര്‍ഗിവ്നസ്സ് എന്നിവയ്ക്കു വേണ്ടിയാണ് ക്രിസ്തു നിലകൊള്ളുന്നത്. ഈ മൂല്യങ്ങളാണ് ക്രിസ്തു ഉയര്‍ത്തിപ്പിടിച്ചിരുന്നത്. ഏറ്റവും ഉദാത്തമായ മൂല്യം ഫൊര്‍ഗിവ്നസ്സാണ്. പൊറുക്കാന്‍ കഴിയണം. മദ്യപിച്ചതുകൊണ്ടോ ലഹരിമരുന്ന് ഉപയോഗിച്ചതുകൊണ്ടോ സമാധാനം കിട്ടണമെന്നില്ല. അതാണ് സന്മനസ്സുള്ളവര്‍ക്ക് സമാധാനം എന്നു പറയുന്നത്. മനസ്സിനെ ഭാരപ്പെടുത്തരുത്.

പിണറായി വിജയന്റെ ആരാധകരും അനുയായികളും പറയുന്നത് ഏത് പ്രതിസന്ധിയെയും ചങ്കുറപ്പോടെ തരണം ചെയ്യുന്നതിന് കഴിവുള്ള നേതാവാണ് അദ്ദേഹമെന്നാണ്?

അവര്‍ക്കത് പറഞ്ഞേ പറ്റൂ. ഞാന്‍ ചെയ്തതാണെന്നല്ല ജനങ്ങളാണ് ചെയ്തതെന്നാണ് പറയുന്നത്. ഒരു ഭരണാധികാരിയും ശൂന്യതയില്‍നിന്ന് വികസനം  കൊണ്ടുവരുന്നില്ല. അങ്ങിനെയാണെങ്കില്‍ നമുക്ക് സായിബാബ പോരേ. അങ്ങിനെയല്ല ഭരണാധികാരികള്‍ മാറ്റം കൊണ്ടുവരേണ്ടത്. ഇതിനാണ് നമ്മള്‍ ചരിത്രം പഠിക്കേണ്ടത്. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിന്റെ കാലം കഴിഞ്ഞു. ഡെമോക്രാറ്റിക് സെന്‍ട്രലിസമൊക്കെ തിരുത്തേണ്ട സമയം അതിക്രമിച്ചു. രാഷ്ട്രീയ നേതാക്കളെ ദൈവങ്ങളെപ്പോലെ കാണുന്ന കാലമൊക്കെപ്പോയി.

വിജയം കൊണ്ടുവരുന്ന നേതാവിനെയാണ് ഇന്നിപ്പോള്‍ പാര്‍ട്ടികള്‍ക്ക് വേണ്ടത്. നരേന്ദ്ര മോദിയെ ബി.ജെ.പി. നോക്കുന്നതുപോലെയാണ് പിണറായി വിജയനെ സി.പി.എമ്മും ഉറ്റുനോക്കുന്നത്?

ഈ കമ്പാരിസണ്‍ ശരിയല്ല.  ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വ്യക്തിയാണ് പ്രധാനം. സി.പി.എമ്മിന് അങ്ങിനെയല്ല. അവിടെ പാര്‍ട്ടിയാണ് മുഖ്യം.

പിണറായി വിജയന് ഇന്ന് കിട്ടിക്കൊണ്ടിരിക്കുന്ന ജനസമ്മതി കാണാതിരിക്കേണ്ടതുണ്ടോ?

ജനസമ്മതി തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായിരിക്കാം. പക്ഷേ, അത് രാഷ്ട്രീയത്തിന്റെ അളവുകോലല്ല. ഒരു രോഗിക്ക് ശസ്ത്രക്രിയ വേണമോ എന്നത് ജനാധിപത്യപരമായി തീരുമാനിക്കാനാവില്ല. ഡോക്ടറാണ് അത് തീരുമാനിക്കേണ്ടത്.  നമ്മള്‍ ജനാധിപത്യത്തെ ശ്ലാഘിക്കുമ്പോള്‍ തന്നെ ജനാധിപത്യം എന്തിനാണെന്ന് പറയണം. വിവചേനബുദ്ധിയോടെ പ്രയോഗിക്കേണ്ടതാണ് ജനാധിപത്യം.

ഇന്ത്യന്‍ ജനാധിപത്യത്തില്‍തന്നെ പലരും രണ്ടാം വട്ടവും മൂന്നാം വട്ടവുമൊക്കെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നെഹ്‌റു മുതല്‍ മോദി വരെയും നീളുന്ന കണ്ണിയാണത്. ആരെ തിരഞ്ഞെടുക്കണമെന്നുള്ളത് ജനങ്ങളുടെ തീരുമാനമാണ്. അതിനെ അങ്ങിനെ തന്നെയല്ലേ കാണേണ്ടത്?

നെഹ്‌റുവിനെ നമ്മള്‍ ഇവരുമായി തുലനം ചെയ്യരുത്. അദ്ദേഹം ഒരു സ്റ്റേറ്റ്സ്മാനായിരുന്നു. നെഹ്‌റു ഒരു പ്രദേശത്തിന്റെയോ ഒരു പാര്‍ട്ടിയുടെയോ പോലും ആളായിരുന്നില്ല. ഗാന്ധിജിക്കും നെഹ്‌റുവിനും അംബദ്കറിനുമുണ്ടായിരുന്ന മൂല്യങ്ങള്‍ നിസ്തുലമായിരുന്നു. അവരെയൊന്നും ഒരു പാര്‍ട്ടിയിലേക്കൊന്നും തളച്ചിടാനാവുമായിരുന്നില്ല. ഇന്നിപ്പോള്‍ നമുക്കുള്ളത് ഇടുങ്ങിയ ചിന്താഗതിയുള്ള നേതാക്കളാണ്. ചെറിയ പ്രദേശങ്ങള്‍ വികാരമായി കൊണ്ടുനടക്കുന്നവര്‍. പറഞ്ഞുവന്നത് തുടര്‍ച്ച അഭികാമ്യമല്ലെന്നാണ്. സ്ഥിരതയല്ല, മാറ്റമാണ് സമൂഹത്തിന് വേണ്ടത്. മാറ്റമുണ്ടാവണമെങ്കില്‍ സ്വയം വിമര്‍ശനവും തെറ്റുതിരുത്തലും വേണം. ഇപ്പോള്‍ ന്യായീകരണം മാത്രമേയുള്ളു. ജനാധിപത്യം വൃദ്ധരുടെ ആധിപത്യമാവുന്ന കാഴ്ചയാണ് ഇപ്പോള്‍ ഇന്ത്യയിലുള്ളത്. ഈ നേതാക്കള്‍ക്ക് കുറേക്കാലം അധികാത്തിലിരുന്നാല്‍ അവര്‍ അക്ഷമരാവും. അവര്‍ക്ക് വിമതാഭിപ്രായങ്ങള്‍ അംഗീകരിക്കാനാവാതെ വരും. അവര്‍  മുണ്ടയ്ക്കല്‍ ശേഖരന്മാരാവും. എന്നിട്ട് വഴിമുടക്കും. മുണ്ടയ്ക്കല്‍ ശേഖരന്മാരെ മാറ്റിനിര്‍ത്തിയാണ് ജനാധിപത്യം മുന്നോട്ടുപോവേണ്ടത്.
എന്റെ ശാഠ്യങ്ങള്‍ ഞാന്‍ എന്റെ മക്കളില്‍ അടിച്ചേല്‍പിക്കരുത്. പുതിയ നേതാക്കള്‍ വരണം. പുതിയ മുഖങ്ങള്‍ വരണം. അങ്ങിനെയാണ് ജനാധിപത്യം ഒരു ജീവല്‍വസ്തുവാകുന്നത്. ജനാധിപത്യത്തിന് യുവത്വത്തിന്റെ മുഖമായിരിക്കണം.

അനുഭവസമ്പത്തുള്ളവരെ മാറ്റിനിര്‍ത്തുന്നത് ശരിയാണോ?

അവരെ മാറ്റിനിര്‍ത്തണമെന്നല്ല. അവര്‍ അധികാരത്തില്‍നിന്ന് മാറി ഉപദേശക സ്ഥാനങ്ങളിലേക്ക് വരണം. അധികാരത്തില്‍ തുടര്‍ന്നാലേ ഒരാള്‍ക്ക് പ്രസക്തിയുണ്ടാവുകയുള്ളു എന്ന് കരുതുന്നത് മൗഢ്യമാണ്. തത്ത്വചിന്തയും അറിവും തമ്മിലുള്ള വ്യത്യാസമാണത്. തത്ത്വചിന്തയില്‍ പക്വതയുണ്ട്. അറിവ് നേടി പാകത ആര്‍ജ്ജിക്കുമ്പോഴാണ് തത്ത്വചിന്ത ഉണ്ടാവുന്നത്. അത്തരമൊരു തലത്തിലേക്ക് ഉയരാന്‍ നമ്മുടെ നേതാക്കള്‍ക്കാവണം.

Content Highlights: Modi also demanded continuation of rule, says Prof. M Kunhaman