ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് രണ്ടാം തവണയും മത്സരത്തിനിറങ്ങുകയാണ് എസ്എഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ വി.പി.സാനു. ആദ്യ തവണ പി.കെ.കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ട സാനു ഇത്തവണ ഉറച്ച പ്രതീക്ഷയിലാണ്. പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാ അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാനിങ്ങുമ്പോള്‍ സാനുവിന്റെ മുഖ്യ പ്രചരണായുധവും ഇത് തന്നെയാണ്. ഫാസിസത്തിന് മുന്നില്‍ നിന്ന് താന്‍ ഒളിച്ചോടില്ലെന്ന ഉറപ്പാണ് സാനുവിന് വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്. മാതൃഭൂമി ഡോട്ട് കോമുമായി സാനു സംസാരിക്കുന്നു...


മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രത്തില്‍ രണ്ടാം തവണയും മത്സരത്തിനിറങ്ങുമ്പോള്‍ ആത്മവിശ്വാസം എത്രത്തോളമുണ്ട്

കഴിഞ്ഞ തവണത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ വരവ്. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് കരുതി ജനം യുഡിഎഫിന് വോട്ട് ചെയ്യുന്ന ഒരു സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അത്തരമൊരു സ്ഥിതിയല്ല. പൗരത്വഭേദഗതി നിയമം, കാര്‍ഷിക ബില്‍, ലേബര്‍ കോഡ് തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ശക്തമായി പ്രതികരിച്ചത് ഇടതുപക്ഷമാണ്. ആ ഇടതുപക്ഷം ഉണ്ടാവുക എന്നത് ജനങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നാണ്. മാത്രമല്ല. ഇതൊരു അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണ്. അതിലുള്ള വിരോധം മുസ്ലിം ലീഗിന്റെ പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുണ്ട്. പലവിധത്തില്‍ ആളുകള്‍ അത് പറഞ്ഞിട്ടുണ്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനം നടന്ന ഘട്ടത്തില്‍ തന്നെ ഇത്തരം ആളുകള്‍ ആശംസകളറിയിച്ചിട്ടുണ്ട്, അതെല്ലാം വോട്ടായി മാറും. തീര്‍ച്ചയായും മലപ്പുറത്ത് ഇത്തവണ ഒരു മാറ്റമുണ്ടാകും.

പ്രചരണം എങ്ങനെ പോകുന്നു

പ്രചാരണത്തിന്റെ ആദ്യം ഘട്ടം പിന്നിട്ടു. നാളെ മുതല്‍ രണ്ടാംഘട്ടത്തിലേക്ക് കടക്കും. വ്യക്തികളെ സന്ദര്‍ശിക്കുക, കുടുംബ യോഗങ്ങള്‍, ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങള്‍ എന്നിവയ്ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ പരിഗണന നല്‍കിയിരുന്നത്.

സാനു വോട്ടര്‍മാര്‍ക്ക് നല്‍കുന്ന ഉറപ്പ് എന്താണ്...

ഫാസിസത്തിന് മുന്നില്‍ ഇട്ടെറിഞ്ഞ് പോകില്ല എന്ന ഉറപ്പാണ് എനിക്ക് വോട്ടര്‍മാര്‍ക്ക് നല്‍കാനുള്ളത്. പാര്‍ലമെന്റില്‍ പോകാത്ത ചോദ്യം ഉന്നയിക്കാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കാത്ത ഏറ്റവും മോശം ട്രാക്ക് റെക്കോര്‍ഡുള്ള എംപിയായിരിക്കില്ല ഞാനെന്ന് നേരത്തെ പറഞ്ഞതാണ്. വഴിയില്‍ ഉപേക്ഷിക്കില്ല എന്നാണ് ഇത്തവണ ഊന്നി പറയാനുള്ളത്.

ഫാസിസം ചെറുക്കാനെന്ന് പറഞ്ഞ് പോയ എംപി രാജിവെച്ചതിനെ കുറിച്ച് എന്ത് പറയുന്നു...

ഫാസിസത്തിനെതിരെ പോരാടാനെന്ന്‌ പറഞ്ഞ് പോയവരാണ് ഇപ്പോള്‍ ഇട്ടെറിഞ്ഞ് തിരിച്ച് വന്നിരിക്കുന്നത്. ഫാസിസം കൂടുതല്‍ പത്തി വിടര്‍ത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോവിഡ് വാക്‌സിനേഷന് ശേഷം സിഎഎ നടപ്പാക്കുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്. ഏക സിവില്‍ കോഡ് ഉടന്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചു. ഇത്തരത്തില്‍ പോരാട്ടങ്ങള്‍ നടക്കേണ്ടതും സമരങ്ങള്‍ അനിവാര്യമായതുമായ ഘട്ടമാണ് ഇത്. പാര്‍ലമെന്റിലെ ഇടപെടലുകളും ഇപ്പോള്‍ പ്രധാനമാണ്. എന്നാല്‍ ഈ സമയത്താണ് രാജിവെച്ച് എംപി ഇങ്ങോട്ടേക്ക് വന്നിരിക്കുന്നത്. അതിന്റെ കാപട്യം ജനം മനസ്സിലാക്കും.

ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒരു പ്രതികരണം ഏത് രീതിയിലാണ്...

അടിച്ചേല്‍പ്പിച്ച തിരഞ്ഞെടുപ്പാണെന്ന് ജനങ്ങള്‍ ഇങ്ങോട്ടേക്ക് പറയുന്നുണ്ട്.  അവര്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ജയിപ്പിച്ച് വിട്ടാല്‍ മറ്റേ ആളെ പോലെ രാജിവച്ച് ഇങ്ങോട്ടേക്ക് തന്നെ വരുമോ എന്നൊക്കെയാണ് ജനങ്ങള്‍ പരിഹാസത്തോടെ ചോദിക്കുന്നത്.

എതിര്‍ സ്ഥാനാര്‍ഥികളെ കുറിച്ച് എന്താണ് പറയാനുള്ളത്...

എതിര്‍ സ്ഥാനാര്‍ഥികളെ കുറിച്ച് വ്യക്തിപരമായി പറയേണ്ടതില്ല. ബിജെപി നിര്‍ത്തിയിട്ടുള്ള അബ്ദുള്ളക്കുട്ടി ഏറ്റവും അവസരവാദിയായ രാഷ്ട്രീയ നേതാക്കളിലൊരാളാണ്. അധികാരം ലക്ഷ്യം മാത്രമാക്കി പ്രവര്‍ത്തിക്കുന്നവരെ ജനം തിരിച്ചറിയും. 

SABU

നിയമസഭാ തിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ പ്രചാരണത്തിന് പാര്‍ട്ടി പിന്തുണ വേണ്ട വിധത്തില്‍ ലഭിക്കുന്നുണ്ടോ...

രണ്ടിനേയും തുല്യ പ്രാധന്യത്തോടുകൂടിയാണ് പാര്‍ട്ടി കാണുന്നത്. മലപ്പുറം ലോക്‌സഭയിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും പ്രചാരണം നല്ല രീതിയില്‍ തന്നെയാണ് മുന്നോട്ടുപോകുന്നത്.

എന്താണ് പ്രചരണ വിഷയങ്ങള്‍, കേരളത്തിലെ ഭരണം ഉയര്‍ത്തികാണിക്കുന്നുണ്ടോ...

ഏറ്റവും പ്രധാനപ്പെട്ടത് പാതിവഴിയില്‍ ഉപേക്ഷിച്ചത് പോയതാണ്. ഫാസിസത്തിനെതിരായ പോരാട്ടം മുസ്ലിം ലീഗിന് വോട്ട് കിട്ടാനുള്ള ഒരു പ്രചരണമാണ്, എന്നാല്‍ ഞങ്ങള്‍ക്കത് ജീവിത ചര്യയാണ്. അഞ്ചു വര്‍ഷത്തിനിടയില്‍ ഇപ്പോള്‍ രാജിവെച്ചയാള്‍ നാലമത്തെ തിരഞ്ഞെടുപ്പിലാണ് മത്സരിക്കാന്‍ പോകുന്നത്. അതെല്ലാം ആയുധമാക്കും. ഒപ്പം കേരളത്തിലെ ഇടതുമുന്നണിയുടെ പ്രകടനവും പ്രചരണ ആയുധമാണ്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പ്രകടനം എത്രത്തോളമുണ്ടാകും

വലിയ മുന്നേറ്റം സൃഷ്ടിക്കും. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ നിലനിര്‍ത്തുന്നതോടൊപ്പം പുതിയ സീറ്റുകള്‍ പിടിച്ചെടുക്കാനും സാധിക്കും. നേരിയ ഭൂരിപക്ഷത്തിന് കൈവിട്ടുപോയ മണ്ഡലങ്ങളുണ്ട്, അതിത്തവണ സ്വന്തമാക്കും.

നിയമസഭയിലേക്ക് സാനുവിനെ പരിഗണിച്ചിരുന്നോ...

ഇല്ല, ലോക്‌സഭയിലേക്ക് മത്സരിച്ചവര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് നേരത്തെ തീരുമാനിച്ചതാണ്. മണ്ഡലത്തില്‍ അവരേകള്‍ക്കാള്‍ മികച്ച സ്ഥാനാര്‍ഥി ഇല്ലാത്ത സാഹചര്യങ്ങളില്‍ ചിലര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ ജനവിധി എതിരായാല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് സാനുവിനെ പാര്‍ട്ടി പരിഗണിക്കുമോ...

അധികാര കേന്ദ്രങ്ങളിലിരിക്കുക മാത്രമല്ല രാഷ്ട്രീയ പ്രവര്‍ത്തനം. നിയമസഭയിലേക്ക് പരിഗണിച്ചവരെ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ട കാര്യമില്ല. ഏതെങ്കിലും സ്ഥാനത്തേക്ക് എത്തുക എന്നത് ലക്ഷ്യമല്ല. പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളുണ്ട് എനിക്ക്. അത്  ആത്മര്‍ത്ഥതയോട് ചെയ്യുക മാത്രമാണ് ലക്ഷ്യം.