ദേശീയ മുസ്ലിമിന് മലപ്പുറത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയാണുള്ളതെന്ന് ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. വോട്ടിങ് ശതമാനം കൂട്ടാനല്ല. ഭരണം പിടിച്ചെടുക്കാനാണ് കേരളത്തില്‍ ബി.ജെ.പി. ഇത്തവണ മത്സരിക്കുന്നതെന്നും ദേശീയ നേതൃത്വത്തിന് വലിയ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയാണ് എ.പി.അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പിലെ പ്രതീക്ഷകളും കാലിക രാഷ്ട്രീയ വിഷയങ്ങളും സംബന്ധിച്ച് മാതൃഭൂമി ഡോട്ട്‌ കോമിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സാധ്യത എങ്ങനെ?

മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ് എന്നത് ശരിയാണ്. ഇന്ദിര ഗാന്ധി തോറ്റിട്ടുണ്ട് തിരഞ്ഞെടുപ്പില്‍. കുഞ്ഞാലിക്കുട്ടിയും തോറ്റിട്ടുണ്ട്. അതൊകൊണ്ട് മലപ്പുറത്ത് ഞങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. ബി.ജെ.പി. വിരുദ്ധത കുറഞ്ഞു വരികയാണ്. നരേന്ദ്ര മോദിയുടെ വികസന-ക്ഷേമ പദ്ധതികള്‍ പെയ്തിറങ്ങാത്ത ഒരിടം കേരളത്തിലില്ല. അതനുഭവിച്ച ജനങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ മാറ്റത്തിന് വേണ്ടി വോട്ട് ചെയ്യും. മോദിക്കൊപ്പം കേരളം എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. ഈ പ്രതീക്ഷയിലാണ് ഞാന്‍ മലപ്പുറത്തേക്ക് പോകുന്നത്.

സ്ഥാനാര്‍ഥിത്വത്തിലേക്കുള്ള വരവ്...?

മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ എന്റെ സ്ഥാനാര്‍ഥിത്വം ഞാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല. ബി.ജെ.പിയില്‍ തുടക്കക്കാരനാണ് ഞാന്‍, അതുകൊണ്ട് തന്നെ അത്തരം പ്രതീക്ഷ ഉണ്ടായിരുന്നില്ല.

നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുത്തിരുന്നോ?

മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നില്ല. പാര്‍ട്ടി ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചു. വളരെ സന്തോഷത്തോടെ ആ വലിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. 

സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണ എത്രത്തോളമുണ്ട്?

ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് സംസ്ഥാന-ദേശീയ നേതൃത്വങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടാണ്. അങ്ങനെ തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളത്.

പെട്രോള്‍-ഡീസല്‍ വില വര്‍ധനവിനെ കുറിച്ച്....

പെട്രോള്‍-ഡീസല്‍ ഉത്പന്നങ്ങളുടെ വിലവര്‍ധനവ് ഒരു പ്രശ്‌നമാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെ ഒരു ആഗോള പ്രതിഭാസമാണെന്ന് പറയാന്‍ ബിജെപി ഉദ്ദേശിക്കുന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിന് കൃത്യമായ കാഴ്ചപ്പാട് നരേന്ദ്ര മോദി മുന്നോട്ടുവച്ചതാണ്. ഒരേയൊരു ഇന്ത്യ ഒറ്റ നികുതി. പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ ഞങ്ങള്‍ തീരുമാനിച്ചപ്പോള്‍ പാരവെച്ചത് പിണറായി സര്‍ക്കാരും മമത സര്‍ക്കാരുമാണ്. ഇപ്പോഴും ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട് പെട്രോളിനേയും ഡീസലിനേയും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനാകുമെന്നും രണ്ടിന്റേയും വില കുറയ്ക്കാനുകുമെന്നും.

പാചകവാതകത്തിന്റേയും പെട്രോളിയം ഉത്പന്നങ്ങളുടേയും  കാര്യത്തില്‍ മോദിക്ക് ഒരു പുതിയ കാഴ്ചപ്പാടാണ് ഉള്ളത്. നേരത്തെ സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും സബ്‌സിഡി കൊടുത്തിരുന്നു. ഇപ്പോള്‍ അതിസമ്പന്നരെ  സബ്‌സിഡിയില്‍ നിന്നൊഴിവാക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. എന്നിട്ട് ഏറ്റവും ദരിദ്രരായവര്‍ക്ക് കൂടുതല്‍ സബ്‌സിഡിയും സൗജന്യവും ഏര്‍പ്പെടുത്തണം. അതിന്റെ ഭാഗമായിട്ടാണ് ഉജ്വല്‍ യോജന പദ്ധതി വന്നത്.

പെട്രോളിയും ഉത്പന്നങ്ങളുടെ വിലവര്‍ധനവ് സംബന്ധിച്ച് മാത്രമാണ് ബിജെപിക്കുള്ള വിമര്‍ശനം. ആ വിമര്‍ശനത്തിലും ഉള്ളു തുറന്ന നിലപാടാണ് ഞങ്ങളുടേത്.

പെട്രോള്‍ വില വര്‍ധനവ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ജനങ്ങളോട് എങ്ങനെ ലളിതമായി ഉത്തരം പറയും?

കേന്ദ്ര ഭരണപ്രദേശമായ മാഹിയിലും കേരളത്തിലും പെട്രോളിന് അഞ്ചു രൂപയുടെ വ്യത്യാസമുണ്ട്. അപ്പോള്‍ ആരാണ് ഉത്തരവാദി. കൂടുതല്‍ നികുതി സംസ്ഥാനങ്ങളുടേതാണ്. 

കേന്ദ്രം നികുതി കുറയ്ക്കാന്‍ തയ്യാറാകുമോ?

തീര്‍ച്ചയായും, ജിഎസ്ടി വരുന്നതോട് കൂടി പല നികുതികളും ഇല്ലാതാകും. നമുക്ക് പ്രതീക്ഷയോട് കാത്തിരിക്കാം. കേരളവും ബംഗാളും സമ്മതിക്കുകയാണെങ്കില്‍ ഇപ്പോ നടപ്പിലാക്കാം. പെട്രോള്‍ വില വര്‍ധനവ് പരിഹരിക്കാന്‍ പിണറായിയാണ് നിലപാട് വ്യക്തമാക്കേണ്ടത്.

മലപ്പുറത്ത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ ബി.ജെപി.യുടെ പ്രകടനം മെച്ചപ്പെടുമോ?

ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. വലിയ മുന്നേറ്റം നടത്തുകയും ചെയ്യും.

എതിര്‍ സ്ഥാനാര്‍ഥികളെ കുറിച്ച്...

വ്യക്തികള്‍ക്ക് വലിയ പ്രധാന്യമില്ല. രാഷ്ട്രീയ നിലപാടുകളാണ് ഏറ്റുമുട്ടുന്നത്. ഈ തിരഞ്ഞെടുപ്പ് അനാവശ്യമായി ഉണ്ടാക്കിയിട്ടുള്ളതാണ്. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ ലീഗില്‍ തന്നെ ശക്തമായ അര്‍ഷമുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടി കാരണം നടന്ന രണ്ട് ഉപതിരഞ്ഞെടുപ്പുകളുടേയും ചെലവ് അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്ന് ഈടാക്കണമെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവരുന്ന വികാരം. വികസന പ്രവര്‍ത്തനങ്ങളും അനാവശ്യ തിരഞ്ഞെടുപ്പിനുള്ള സാഹചര്യങ്ങളും അവിടെ ചര്‍ച്ച ചെയ്യപ്പെടും.

ബി.ജെ.പിയുടെ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാം?

അഴിമതി വിരുദ്ധ, പ്രീണന വിരുദ്ധ സമഗ്ര വികസനമെന്ന മുദ്രാക്യമാണ് ഞങ്ങളുയര്‍ത്തുന്നത്. കേരളം മോദിക്കൊപ്പം എന്ന മുദ്രാവക്യവും ഉയര്‍ത്തുന്നു. എന്നു പറഞ്ഞാല്‍ കേരളത്തെ വലിയൊരു ശക്തിയാക്കി മാറ്റുന്നതിനുള്ള മുന്നേറ്റത്തിന് മോദിക്കൊപ്പം നില്‍ക്കുക എന്നതാണ്‌. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു പ്രദേശമാണ് മലപ്പുറം. ഇവിടെ മാറി മാറി ഭരിച്ചവര്‍ വികസനമൊന്നും കൊണ്ടുവന്നിട്ടില്ല. ഇവിടുത്തെ ഏറ്റവും വലിയ പ്രശ്‌നം റോഡുകളും പാലങ്ങളുമാണ്. മോദിക്കൊപ്പം നിന്നാല്‍ കേരളത്തെ ഒരു സ്മാര്‍ട്ട്‌സിറ്റിയാക്കാം. രാഷ്ട്രീയത്തിനപ്പുറം മലപ്പുറം ഇത്തവണ ചിന്തിക്കും.

പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ വരുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും പ്രചാരണ പരിപാടികള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും ഒരാള്‍ മലപ്പുറത്തെത്തി പ്രചാരണം നടത്തും.


നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എത്ര സീറ്റ് നേടാനാകുമെന്ന് ബി.ജെ.പി. ദേശീയ നേതൃത്വം കരുതുന്നത്?

കേരളത്തില്‍ ഇക്കുറി ബി.ജെ.പി. വോട്ട് ശതമാനം കൂട്ടാനല്ല മത്സരിക്കുന്നത്. കേരളം പിടിക്കാനും ഭരിക്കാനുമാണ്. ദേശീയ നേതൃത്വം കരുതുന്നത് കേരളത്തില്‍ ബി.ജെ.പി. ചരിത്ര വിജയം നേടുമെന്ന് തന്നെയാണ്. വളരെ ആത്മവിശ്വസത്തിലാണ് കേന്ദ്രനേതൃത്വം. കാരണം പിണറായിയുടെ ജനവിരുദ്ധ അഴിമതി സര്‍ക്കാരിനെതിരെ ഔപചാരിക പ്രതിപക്ഷത്തേക്കാള്‍ വലിയ ജനകീയ പ്രക്ഷോഭം ഉയര്‍ത്താന്‍ കേരളത്തിലെ പാര്‍ട്ടിക്കായിട്ടുണ്ട. കേരളത്തെ സംബന്ധിച്ച് ദേശീയ നേതൃത്വത്തിന് സംതൃപ്തിയുണ്ട്.

ബി.ജെ.പി. ഇല്ലാതെ കേരളത്തിലെ ഭരണത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് പരമ്പര നടക്കില്ല. കേരള രാഷ്ട്രീയം മാറി മറയും.

ദേശീയ മുസ്ലിങ്ങളുടെ പിന്തുണ മലപ്പുറത്ത് ഉറപ്പാക്കാമോ?

ദേശീയ മുസ്ലിമാണെന്ന് ഞാന്‍ പറഞ്ഞ്, നമ്മള്‍ പിറന്ന മണ്ണിന് വേണ്ടി പൊരുതി മരിക്കണമെന്ന അബ്ദുള്‍ കലാം ആസാദിനെ പോലെയുള്ളവര്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ്. ദേശീയ മുസ്ലിമിന് മലപ്പുറത്തിന്റെ രാഷ്ട്രീയത്തില്‍ വലിയ പ്രസക്തിയുണ്ട്. ഈ രാജ്യത്തിന്റെ പാരമ്പര്യത്തിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന ഒരു ശൈലിയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. ഈ നിലപാടിന് വിദ്യാസമ്പന്നായി മുസ്ലിം സമൂഹത്തിന്റെ പിന്തുണയുണ്ടാകും.

Content Highlights: malappuram loksabha byelection-ap abdullakutty interview