പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേടാനായ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് യു.ഡി.എഫ് സമീപിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനെ ദേശീയ തിരഞ്ഞെടുപ്പിന്റെ കൃത്യമായ ക്വാര്‍ട്ടര്‍ ഫൈനലായാണ് യുഡിഎഫ് കാണുന്നത്. അതിനാല്‍ തന്നെ ഈ തിരഞ്ഞെടുപ്പ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരായ പോരാട്ടം മാത്രമല്ല 24 മാസം പിന്നിട്ട കേന്ദ്രസര്‍ക്കാരിന് മറുപടി കൊടുക്കേണ്ട തിരഞ്ഞെടുപ്പ് കൂടിയാണെന്ന് പറയുകയാണ് യുഡിഎഫ് സഖ്യകക്ഷിയായ സി.എം.പി.യുടെ ജനറല്‍ സെക്രട്ടറി സി.പി.ജോണ്‍.
തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ ഐക്യ ജനാധ്യപത്യ മുന്നണി നോക്കിക്കാണുന്നത് എങ്ങനെയാണ്?
ഉത്കണ്ഠപ്പെടേണ്ട ആവശ്യം യു.ഡി.എഫിനില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അനായാസമായിട്ടാണ് യുഡിഎഫ് ജയിച്ചത്. പാര്‍ലമെന്റിലേക്ക് നേടിയ വിജയം യഥാര്‍ഥത്തില്‍ ഞങ്ങളെ പോലും അത്ഭുതപ്പെടുത്തി. 47 ശതമാനം വോട്ടുകള്‍ നേടാനായി എന്നുളളത് ത്രികോണ മത്സരത്തിന്റെ കാലഘട്ടത്തില്‍ അത്യപൂര്‍വമായിട്ടുളള ഒരു സംഭവമാണ്. 82ലാണ് ഇതിനുമുമ്പ് 47-48 ശതമാനമൊക്കെ വന്നിട്ടുളളത്. അന്ന് ബിജെപി നോമിനല്‍ ആയിരുന്നു. ഇന്ന് മൂന്നാംകക്ഷിയുടെ സാന്നിധ്യത്തില്‍ 47 ശതമാനം വോട്ട് നേടാന്‍ ഐക്യജനാധിപത്യ മുന്നണിക്ക് കഴിഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് മടിയില്ല എന്നുമാത്രമല്ല ത്രികോണ മത്സരത്തിന്റെ സാഹചര്യത്തിലും 47 ശതമാനം ആളുകള്‍ക്ക് വരെ തിരഞ്ഞെടുക്കാവുന്ന ഒരു മുന്നണിയാണ് യുഡിഎഫ് എന്ന് തെളിഞ്ഞു. അതാണ് ഒന്നാമത്തെ കാര്യം.
രണ്ടാമത്തെ കാര്യം തിരഞ്ഞെടുപ്പിന്റെ ദേശീയ പ്രധാന്യമാണ്. നിയമസഭാ തിരഞ്ഞെടുപ്പ് ദേശീയ തിരഞ്ഞെടുപ്പിന്റെ കൃത്യമായ ക്വാര്‍ട്ടര്‍ ഫൈനലാണ്. ബംഗ്ലേദേശിന്റെ അതിര്‍ത്തി മുതല്‍ കന്യാകുമാരി മുനമ്പ് വരെ നീണ്ടു നില്‍ക്കുന്ന ഇലക്ഷനാണ്. ഇന്ത്യയില്‍ രണ്ടാം മോദി സര്‍ക്കാര്‍ രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 60 മാസത്തെ കാലഘട്ടത്തില്‍ 24 മാസം കഴിഞ്ഞു. രണ്ടുവര്‍ഷത്തിനിടയില്‍ മൂന്ന് നടപടികള്‍ അവരുടെ ഭാഗത്ത് നിന്നുണ്ടായി. അതിനെതിരായ ചെറുത്തുനില്പുകള്‍ ഇന്ത്യയെമ്പാടുമുണ്ടായി.

ഒന്ന്,കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍. കശ്മീരിനെ രണ്ടായി ഭാഗിച്ച് പൂട്ടിയിട്ടു. ആദ്യം ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത് അവിടെയാണ്. കശ്മീരിനെ അമിത്ഷാ ലോക്ഡൗണ്‍ ചെയ്തു. അമിത്ഷായെ കൊറോണ ലോക്ഡൗണ്‍ ചെയ്തു എന്നേയുളളൂ. ആറുമാസത്തിലധികം നീണ്ടുനിന്ന കര്‍ഫ്യൂ കശ്മീരില്‍ അല്ലാതെ ലോകത്ത് വേറെ എവിടെയും അടുത്തകാലത്തുണ്ടായിട്ടില്ല. മുന്‍മുഖ്യമന്ത്രിമാരെപ്പോലും തടവില്‍ ഇട്ടു. രണ്ട്, പൗരത്വ നിയമം. പൗരത്വനിയമം കൊണ്ടുവന്നപ്പോള്‍ ആസേതുഹിമാചലം എന്ന പോലെ ജനങ്ങള്‍ ഇളകി. മതേതര ഇന്ത്യ മുസ്ലീങ്ങള്‍ക്കൊപ്പം പൗരത്വത്തിന്റെ കാര്യത്തില്‍ നില്‍ക്കുകയാണുണ്ടായത്. അതിലും കൈപൊളളി. അപ്പോഴാണ് കൊറോണ വന്നത്. അല്ലെങ്കില്‍ സമരം തുടരുമായിരുന്നു.
മുന്‍കൂട്ടി തയ്യാറാക്കിയ കാര്യങ്ങള്‍ ആറുമാസം കൊണ്ട് നടപ്പാക്കി മറ്റുകാര്യങ്ങളിലേക്ക് തിരിയാമെന്നാണ് അവര്‍ കരുതിയിരുന്നത്. എന്നാല്‍ ജനാധിപത്യത്തെ വരുതിയിലാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല. വഴിമുടക്കിയ വൃദ്ധവാനരന്റെ വാലെടുത്ത് മാറ്റാനാവാതെ ഇളിഭ്യനായ അഹങ്കാരിയായ ഭീമസേനന്റെ സ്ഥിതിയാണ് ഇന്ന് ബി.ജെ.പിക്ക്. ആയാസമായി ചെയ്തുതീര്‍ക്കാമെന്ന് കരുതിയ കാര്യങ്ങള്‍ നടപ്പാക്കാനാകാതെ അവര്‍ വിയര്‍ക്കുകയാണ്.അതിനിടയിലാണ് കര്‍ഷക ബില്‍ കൊണ്ടുവന്നത്. അതും അനായാസമായി ചെയ്യാം എന്നാണ് കരുതിയത്. അതിലും കൈപൊളളി. ബിജെപിയെ അത്ഭുതപ്പെടുത്തി ജനങ്ങള്‍ ചെറുത്തുനിന്നു. അതുകൊണ്ട് തന്നെ ബിജെപിക്ക് മറുപടി കൊടുക്കേണ്ട തിരഞ്ഞെടുപ്പാണ് ഇത്. ഇത് പിണറായിക്കെതിരായ സമരം മാത്രമല്ല. മോദിക്കെതിരായ ഒരു മുന്നണിയുടെ ചെറുത്ത് നില്‍പിന്റെ ഭാഗമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിലുണ്ടായ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് അപ്പോള്‍ യുഡിഎഫ് കരുതുന്നത്?
ഞങ്ങള്‍ അങ്ങനെയാണ് ഷോകേസ് ചെയ്യുന്നത്. കാരണം ഇത് പഞ്ചായത്ത് തിരഞ്ഞെടുപ്പല്ല. പഞ്ചായത്ത് ഇലക്ഷനിലൂടെ മോദിക്ക് മറുപടി കൊടുക്കണമെന്ന് പറഞ്ഞാല്‍ കേള്‍വിക്കാര്‍ ചിരിക്കും, ഫലിതമായിട്ടാണ് തോന്നുക. ബി.ജെ.പിയെയും സിപിഎമ്മിനെയും പരാജയപ്പെടുത്തുക എന്നുളളത് മാത്രമല്ല. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള മുന്നണി സംസ്ഥാനത്ത് അധികാരത്തില്‍ വരുമോ എന്നുളളതാണ് ഈതിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയം.
അസമില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് സാധ്യതയുണ്ട്. അവിടെ കോണ്‍ഗ്രസിന്റെ കൂടെ സിപിഎമ്മും സിപിഐയും ഉണ്ട്. തമിഴ്നാട്ടില്‍ ഡിഎംകെ ഒരു കാലഘട്ടത്തില്‍ കോണ്‍ഗ്രസുമായി വലിയ ശത്രുതയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നു എന്ന് മാത്രമല്ല. ഏറ്റവും വിശാലമായ റെയിന്‍ബോ ഫ്രണ്ട് ഉളളത് തമിഴ്നാട്ടിലാണ്. ഡിഎംകെയുടെ നേതൃത്വത്തില്‍ രണ്ടാംകക്ഷിയായി കോണ്‍ഗ്രസ് മൂന്നും നാലും അഞ്ചും കക്ഷികളായി സിപിഎം, സിപിഐ, ലീഗ് എല്ലാമുണ്ട്.
ബംഗാളില്‍ പക്ഷേ കാര്യങ്ങള്‍ വ്യത്യസ്തമാണ്. അവിടെ മമതാബാനര്‍ജിയെ വെല്ലുവിളിച്ചാണ് ബിജെപി മത്സരിക്കുന്നത്. ഇവരെ രണ്ടുകൂട്ടരേയും വെല്ലുവിളിച്ചാണ് കോണ്‍ഗ്രസ് ജനവിധി തേടുന്നത്. അവിടെയും കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് ഒരുമുന്നണിയായി മാറിയിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ വരുമ്പോള്‍ തികച്ചും വ്യത്യസ്തമാണ്. ഹിമാചല്‍ പ്രദേശ്, കേരളം പോലുളള സ്ഥലങ്ങളില്‍ മാറിമാറിയാണ് ഭരണം. ഇത്തവണ കോണ്‍ഗ്രസിന്റെ ഊഴമാണ്. അതിന്റെ ഊഴത്തില്‍ കോണ്‍ഗ്രസിന് ജയിച്ചേ പറ്റൂ. രാഹുല്‍ ഗാന്ധി കേരളത്തിന്റെ എംപിയാണ്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിനെ വളരെ ഗൗരവത്തിലാണ് കോണ്‍ഗ്രസ് ഇത്തവണ എടുത്തിരിക്കുന്നത്. യുഡിഎഫുമായി ചേര്‍ന്ന് സിഎംപി ഇത് എട്ടാമത്തെ തിരഞ്ഞെടുപ്പിലാണ് മത്സരിക്കുന്നത്. എ.ഐ.സി.സി. ഇത്രയും താഴേക്കിറങ്ങി വന്ന് പ്രവര്‍ത്തിക്കുന്നത് ഇതിന് മുമ്പ് ഞാന്‍ കണ്ടിട്ടില്ല.We are terribly serious! 24 മാസം പിന്നിട്ട കേന്ദ്ര സര്‍ക്കാരിനെതിരായ വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പ്.
വിവാദങ്ങള്‍ക്ക് നടുവിലും തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ വിജയം നല്‍കിയ ആത്മവിശ്വാസത്തില്‍ ഇടതുപക്ഷം ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്
അവരുടെ ആംഗിളില്‍ നിന്ന് നോക്കുമ്പോള്‍ അവര്‍ക്ക് പറയാവുന്ന കാര്യം അതുതന്നെയാണ്. ഏതൊരാളും അത് പറയും. ഭരണത്തിന്റെ അവസാനഘട്ടത്തില്‍ നേടാനായ വിജയം. അവരത് പറഞ്ഞോട്ടെ, അവരുടെ വാ അടപ്പിക്കാനല്ല ഞങ്ങളുടെ ശ്രമം. ഞങ്ങള്‍ ഞങ്ങളുടെ പുസ്തകം മറിച്ചുനോക്കുകയാണ്. ഞങ്ങളുടെ ക്രെഡന്‍ഷ്യല്‍. ഞങ്ങളുടെ കണക്കുനോക്കിയപ്പോള്‍ 21,908 സീറ്റില്‍ 10,114 സീറ്റില്‍ എല്‍ഡിഎഫ് ജയിച്ചു. യുഡിഎഫ് എടുത്തുനോക്കൂ.. 8022 പേര്‍ ജയിച്ചിട്ടുണ്ട്. 2115 സ്വതന്ത്രന്മാരും 1600 ബിജെപിക്കാരും ജയിച്ചിട്ടുണ്ട്. അപ്പോള്‍ ജയിച്ചു എന്ന പ്രത്യക്ഷബോധ്യം പ്രചാരണത്തിന് കൊളളാം. But they are not sitting pretty. എല്‍ഡിഎഫിന്റെ കൊടുംശക്തികേന്ദ്രങ്ങളുണ്ട്. അവിടെ ബി.ജെ.പി.വളരുന്നു എന്ന യാഥാര്‍ഥ്യം സിപിഎമ്മിനെ തുറിച്ചുനോക്കുന്നുണ്ട്. പല സ്ഥലങ്ങളിലും യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് പോയി. എന്നാല്‍ ബി.ജെ.പിയുടെ ആക്രമണം കൊണ്ടുളള പരിക്കുകള്‍ സിപിഎമ്മിനും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് അവര്‍ നിര്‍ത്തിയ മേയര്‍ സ്ഥാനാര്‍ഥികളെല്ലാം പരാജയപ്പെട്ടില്ലേ. അത് ഞെട്ടിക്കുന്ന സംഭവമാണ്.
തൃശ്ശൂരില്‍ കൊടുങ്ങല്ലൂരും കുന്നംകുളത്തുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെപിക്കുണ്ടായ മുന്നേറ്റം വളരെ വലുതല്ലേ?
തൃശ്ശൂര്‍ വളരെ പ്രധാനപ്പെട്ട ഒരു സ്ഥലമാണ്. കൊടുങ്ങല്ലൂരും കുന്നംകുളത്തുമെല്ലാം തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റം ഇരുമുന്നണികള്‍ക്കും ഒരു താക്കീതാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? അതിന്റെ പ്രധാനകാരണം ബി.ഡി.ജെ.എസ് ആണ്. ബി.ജെ.പിക്ക് നായര്‍ കമ്യൂണിറ്റിയില്‍ നേരത്തേ കാലുകുത്താന്‍ സാധിച്ചിരുന്നു. എന്നാല്‍ ഈഴവ കമ്യൂണിറ്റിയില്‍ അവര്‍ വിരലേ വച്ചിരുന്നുളളൂ. പക്ഷേ ഇപ്പോള്‍ അവിടെ അവര്‍ക്ക് കാലുകുത്താമെന്നായി. അത് വര്‍ധിപ്പിക്കാനായി അവര്‍ ഈഴവ കേന്ദ്രമന്ത്രി, ഈഴവ പ്രസിഡന്റ് എന്നിങ്ങനെ സ്ഥാനമാനങ്ങള്‍ നല്‍കുന്നുണ്ട്. ബി.ഡി.ജെ.എസ് ഉപയോഗിച്ച് ഈഴവ കമ്യൂണിറ്റിയെ ബി.ജെ.പി പിടിച്ച സ്ഥലം തൃശ്ശൂരാണ്.
അപ്പോള്‍ തൃശൂരില്‍ ബി.ജെ.പിയെ എതിരാളിയായി കാണുന്നുണ്ട് ?
സംശയമെന്താണ്. ഞാന്‍ തോറ്റത് ബിജെപി കാരണമല്ലേ. ബിജെപിക്ക് 22,000 വോട്ടില്‍ എത്ര കുറയുന്നോ അതായിരിക്കും എന്റെ ഭൂരിപക്ഷമെന്നും അതില്‍ എത്ര കൂടുന്നോ മൊയ്തീന്റെ ഭൂരിപക്ഷമാകുമെന്നും അന്നേ ഞാന്‍ പറഞ്ഞിരുന്നു. അവര്‍ക്ക് 30,000 വോട്ടുകള്‍ കിട്ടി, ഞാന്‍ 7000 വോട്ടിന് പരാജയപ്പെട്ടു. തൃശ്ശൂര്‍ ജില്ലയില്‍ ബിജെപിയുടെ ശക്തി നായര്‍ കമ്യൂണിറ്റി മാത്രമല്ല, ഈഴവരുമുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്തും താരിഖ് അന്‍വറും കേരളത്തില്‍ വന്നപ്പോള്‍ ഞാന്‍ അവരോട് അത് കൃത്യമായി പറഞ്ഞിരുന്നു. കേരളത്തിലെ ഈഴവ വോട്ടര്‍മാരെ വിശ്വാസത്തിലെടുക്കണം. അവരുടെയും മുന്നണിയാണ് യുഡിഎഫ് എന്നൊരു തോന്നല്‍ ഉണ്ടാകുന്ന മുറയ്ക്ക് തൃശൂര്‍,കൊല്ലം,ആലപ്പുഴ ജില്ലകളില്‍ ഗൗരവമായ മാറ്റം സൃഷ്ടിക്കാനായി സാധിക്കും. 2001-ല്‍ ജെഎസ്എസിന്റെ പിന്തുണയോടെയാണ് എ.കെ.ആന്റണി അത് ചെയ്തത്.
Content Highlights:Kerala Assembly Election 2021: CMP General Secretary C.P. John Special Interview