വിശ്വാസികളെ മാനിക്കാതെ വൈരുധ്യാത്മക ഭൗതികവാദവുമായി മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം എം.വി. ഗോവിന്ദന്റെ പ്രസ്താവന വലിയ രാഷ്ട്രീയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ ശബരിമല പ്രധാന അജണ്ടയാക്കിയ കോണ്‍ഗ്രസിനും ബി.ജെ.പി ക്കും കൂടുതല്‍ ശക്തി പകരുന്നത് കൂടിയായി പ്രസ്താവന. ഒരു കാലത്ത് വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പാര്‍ട്ടിയില്‍നിന്നു പുറത്തേക്ക് പോവേണ്ടതെന്ന് പറയുന്നു ബി.ജെ.പി. ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. അന്ന് തന്നെ കളിയാക്കിയ ഗോവിന്ദന്‍ തന്നെ വിശ്വാസികളെ അംഗീകരിച്ചിരിക്കുന്നു. എ.പി. അബ്ദുള്ളക്കുട്ടി മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിക്കുന്നു.
വിശ്വാസത്തിന്റെ പേരിലാണ് തനിക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോവേണ്ടി വന്നതെന്നാണ് താങ്കള്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വിശ്വാസികളെ മാനിക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് സി.പി.എം സൈദ്ധാന്തികന്‍ കൂടിയായ എം.വി. ഗോവിന്ദന്‍ തന്നെ സമ്മതിക്കുന്നു. എങ്ങനെയാണ് നോക്കി കാണുന്നത്?
ഗുജറാത്ത് മോഡല്‍ വികസനം പറഞ്ഞത് മാത്രമായിരുന്നില്ല എന്നെ പുറത്താക്കാനുള്ള കാരണം. ഞാന്‍ ഉംറയ്ക്ക് പോയി എന്നതും കൂടിയായിരുന്നു അവരുടെ പ്രശ്‌നം. അന്ന് ഞാന്‍ രണ്ട് മുദ്രാവാക്യമായിരുന്നു കേരളത്തിന്റെ മുന്നിലേക്ക് വെച്ചിരുന്നത്. ഒന്ന് വിശ്വാസം, മറ്റൊന്ന് വികസനം. ഈ വിഷയങ്ങളില്‍ സി.പി.എം. നയം തിരുത്തേണ്ടതുണ്ട് എന്നായിരുന്നു ഞാന്‍ പറഞ്ഞത്. പാര്‍ട്ടി പ്ലീനം വിളിച്ച് സായുധവിപ്ലവം ഉപേക്ഷിച്ച പോലെ മറ്റൊരു പാര്‍ട്ടി പ്ലീനം വിളിച്ച് വൈരുധ്യാത്മക ഭൗതികവാദം ഉപേക്ഷിക്കണം എന്നായിരുന്നു ഞാന്‍ അന്ന് പറഞ്ഞത്. തത്വത്തില്‍ ഇത് ഇപ്പോഴെങ്കിലും സി.പി.എം. അംഗീകരിച്ചതില്‍ സന്തോഷമുണ്ട്. തന്നെ ഗോവിന്ദന്‍ മാസ്റ്ററടക്കം ഇതിന്റെ പേരില്‍ കളിയാക്കിയിരുന്നു. ഇപ്പോള്‍ എന്തായി.
ശബരിമല വിഷയം ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയായിരുന്നു, ഇത് കോണ്‍ഗ്രസ് ഹൈജാക്ക് ചെയ്യുന്ന അവസ്ഥ വന്നോ?
55,000 ആളുകള്‍ക്കെതിരേ ശബരിമല സമരത്തില്‍ കേസെടുത്തിട്ടുണ്ട്. നിരവധി പേര്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. അവിടെയൊന്നും കോണ്‍ഗ്രസിനെ കണ്ടിട്ടില്ല. യഥാര്‍ഥത്തില്‍ ശബരിമല ആചാര സംരക്ഷണത്തിന് വേണ്ടി സഹനം ചെയ്തതും സമരം ചെയ്തതുമൊക്കെ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരായിരുന്നു എന്നത് പകല്‍പോലെ വ്യക്തമാണ്. കോണ്‍ഗ്രസിന് പുറമെ സി.പി.എമ്മും ശബരിമലയില്‍ നിയമനിര്‍മാണമടക്കം നടത്തുമെന്ന പ്രസ്താവനയുമായി എത്തിയിരിക്കുന്നു. ഇതെല്ലാം കാണിക്കുന്നത് കേരളത്തില്‍ ബി.ജെ.പി. ഉയര്‍ത്തിയ ഒരു രാഷ്ട്രീയമുണ്ട്. അതായത് വിശ്വാസികളെ ചേര്‍ത്ത് പിടിച്ചുകൊണ്ടുള്ള രാഷ്ട്രീയം. അതിന്റെ വഴിയിലേക്ക് സി.പി.എമ്മും എത്തിയിരിക്കുന്നുവെന്ന് വേണം മനസ്സിലാക്കാന്‍. പുതിയ സാഹചര്യത്തില്‍ എനിക്ക് ഒരു കാര്യമാണ് സി.പി.എമ്മിനോട് ചോദിക്കാനുള്ളത്. ക്രിസ്ത്യന്‍, മുസ്ലീം ആരാധനാലയങ്ങളിലെല്ലാം ഇപ്പോള്‍ ഭരണം നടത്തുന്നത് വിശ്വാസികളാണ്, ആ തരത്തില്‍ ഹിന്ദു ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ആര്‍ജവം സി.പി.എം. കാണിക്കുമോ.ഇത് വ്യക്തമാക്കാന്‍ സി.പി.എം. തയ്യാറാവണം.
കേരളത്തിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയോടുള്ള നിലപാടില്‍ മാറ്റമുണ്ടായിട്ടുണ്ടോ?
മുമ്പുള്ളത് പോലെ ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടെന്ത് കാര്യമെന്തെന്ന ചിന്തയൊന്നും ഇപ്പോള്‍ ജനങ്ങള്‍ക്കില്ല. പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്ക്. കേന്ദ്ര സര്‍ക്കാരിന്റെ പല ക്ഷേമ പദ്ധതികളെ കുറിച്ചും ജനങ്ങള്‍ക്ക് അറിയാം. പലരും അതിന്റെ ഗുണം അനുഭവിച്ചിട്ടുമുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വീടുകളില്‍ വോട്ട് ചോദിച്ചു പോവുമ്പോള്‍ കാണാനായത് അതാണ്. പലയിടങ്ങളിലും ബി.ജെ.പിക്ക് വോട്ട് കൂടാന്‍ കാരണമായതും ഇത് തിരിച്ചറിഞ്ഞ് കൊണ്ടുള്ള വോട്ടുകളാണ്. പക്ഷെ കോണ്‍ഗ്രസ്-സി.പി.എം. ക്രോസ് വോട്ടുകളാണ് ബി.ജെ.പിയുടെ സാധ്യത ഇല്ലാതാക്കിയത്. ഒരു വിഭാഗത്തെ പ്രീണിപ്പിച്ച് നിര്‍ത്തിയുള്ള രാഷ്ട്രീയമാണ് സി.പി.എമ്മും കോണ്‍ഗ്രസും പയറ്റുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തില്‍ പെടുന്നവര്‍ക്ക് അനാവശ്യമായ പരിഗണനകള്‍ നല്‍കുന്നുവെന്ന ഒരു തോന്നല്‍ കേരളത്തിലുണ്ടായിട്ടുണ്ട്. അതിനെതിരായിട്ടുള്ള വലിയ വികാരം ഉണ്ടായിട്ടുണ്ട്. അത് ബി.ജെ.പിക്ക് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പ് ബി.ജെ.പി. കേരളം ഭരിക്കാനുള്ള തിരഞ്ഞെടുപ്പ് തന്നെയാവും.
ഒരു സീറ്റില്‍ നിന്ന് ബി.ജെ.പിയുടെ പ്രതീക്ഷ എന്താണ്?
കേരളത്തില്‍ എല്‍.ഡി.എഫിനേയും കോണ്‍ഗ്രസിനേയും ജനങ്ങള്‍ക്ക് മടുത്ത് തുടങ്ങിയിട്ടുണ്ട്. ഏറ്റവും അവസാനത്തെ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഫലം പരിശോധിക്കുമ്പോള്‍ വോട്ടും വോട്ട് വിഹിതവുമെല്ലാം ബി.ജെ.പിക്ക് വര്‍ധിച്ചിട്ടുണ്ട് എന്നത് സത്യമാണ്. ഞാന്‍ നേരത്തെ പറഞ്ഞപോലെ ക്രോസ് വോട്ടുകളാണ് കഴിഞ്ഞ തവണ ബി.ജെ.പിക്ക് വിനയായത്. നഗര-ഗ്രാമ വോട്ടുകള്‍ കണക്ക് കൂട്ടുമ്പോള്‍ പത്ത് മുപ്പതിലധികം സീറ്റുകളില്‍ ബി.ജെ.പി. ശക്തമായ മത്സരം നടത്താനായി തയ്യാറായി കഴിഞ്ഞു. അതിന്റെ പ്രവര്‍ത്തനങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. കേരളത്തില്‍ ബി.ജെ.പി. ഉയര്‍ത്തുന്ന വികസന, വിശ്വാസത്തിന്റെ രാഷ്ട്രീയവും അതിനെതിരായിട്ടുള്ള രാഷ്ട്രീയവുമാണ് നടക്കുന്നത്. അതില്‍ കോണ്‍ഗ്രസ് പൂര്‍ണമായും ദുര്‍ബലമായിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ അടവുനയം പോലും തീരുമാനിക്കുന്ന് മുസ്ലീം ലീഗാണ്. കോണ്‍ഗ്രസെന്നാല്‍ ലീഗായി മാറിയിരിക്കുന്നു.
ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയോട് അടുത്ത് തുടങ്ങിയോ?
എല്ലാവരേയും ഒരുപോലെ ഉള്‍ക്കൊള്ളുക എന്നതാണ് ബി.ജെ.പി. നയം. ന്യൂനപക്ഷ പ്രീണനത്തിനെയാണ് ബി.ജെ.പി. എതിര്‍ക്കുന്നത്. അല്ലാതെ ന്യൂനപക്ഷങ്ങളെയല്ല. ആ നിലപാടുമായി ശക്തമായി മുന്നോട്ട് പോവുകയു ചെയ്യും.
താങ്കള്‍ മത്സരിക്കുന്നുണ്ടോ?
ലക്ഷദ്വീപിന്റെ ചുമതലയാണ് എനിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ഭാരിച്ച ഉത്തരവാദിത്വമാണത്. അതുകൊണ്ട് സ്ഥാനാര്‍ഥി പട്ടികയില്‍ എന്റെ പേര് ഉണ്ടാവാനുള്ള സാധ്യതയുമില്ല. പിന്നെ പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. സംസ്ഥാന ദേശീയ നേതൃത്വമാണ് സീറ്റിന്റെ കാര്യത്തിലെല്ലാം തീരുമാനമെടുക്കുന്നത്.ഇപ്പോള്‍ ആ കാര്യത്തിലൊന്നും തീരുമാനമായിട്ടില്ല.
Content Highlights: Kerala Assembly Election 2021 AP Abdullakutty