കേന്ദ്രമന്ത്രി പ്രഹ്‌ളാദ് ജോഷിക്കൊപ്പം കേരളത്തിലെ ബി.ജെ.പി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള നേതാവാണ് കര്‍ണാടകത്തിലെ ഉപമുഖ്യമന്ത്രിയായ ഡോ. അശ്വത്ത് നാരായണ്‍. ബെംഗളൂരു നഗരത്തിലെ മല്ലേശ്വരം നിയമസഭാമണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി മൂന്ന് തവണ ശക്തരായ പ്രതിയോഗികളെ പരാജയപ്പെടുത്തി വിജയിച്ച ഡോ. അശ്വത്ത് നാരായണ്‍ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റില്‍ വിദഗ്ധനായാണ് ബി.ജെ.പി.യില്‍ അറിയപ്പെടുന്നത്. പത്തനംതിട്ട ജില്ലയിലെത്തിയ അശ്വത്ത് നാരായണ്‍ മാതൃഭൂമിയോട് സംസാരിക്കുന്നു...

കേരളത്തിലെ ബി.ജെ.പി.യുടെ സാധ്യതകള്‍?

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. യു.ഡി.എഫ്. കൂട്ടക്കുഴപ്പത്തിലാണ്. അവര്‍ക്ക് ജനവികാരം മനസ്സിലാകുന്നില്ല. അവരുടെ കുതിപ്പ് നഷ്ടപ്പെട്ടിരിക്കുന്നു. എല്‍.ഡി.എഫ് കേരളം പ്രതിനിധീകരിക്കുന്ന എല്ലാ നല്ലകാര്യങ്ങള്‍ക്കും എതിരാണ്.

35 സീറ്റ് ലഭിച്ചാല്‍ ബി.ജെ.പി.ഭരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു., 35 സീറ്റാണോ ലക്ഷ്യം ?

35 സീറ്റ് ലഭിച്ചാല്‍ ഭരണത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ അര്‍ഥം. 70 സീറ്റിന് മുകളില്‍ വ്യക്തമായ ഭൂരിപക്ഷത്തിനുതന്നെയാണ് ഞങ്ങളുടെ ശ്രമവും.

സഭാ നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടോ?

പ്രതീക്ഷിക്കുന്നുണ്ട്. എല്ലാ വിഭാഗങ്ങളെയും ഒരേപോലെ കാണുന്ന സമീപനമാണ് ബി.ജെ.പി.യുടേത്. ആരോടും പ്രീണനവുമില്ല. എല്ലാവിശ്വാസങ്ങളെയും സംരക്ഷിക്കുന്ന സമീപനമാണ് പാര്‍ട്ടിക്ക്. ശബരിമലയില്‍ സംഭവിച്ചത് നാളെ മറ്റ് ആരാധനാലയങ്ങള്‍ക്ക് നേരേയും ഉണ്ടാകാം എന്ന് ജനങ്ങള്‍ക്കറിയാം. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ബി.ജെ.പി.യിലേക്ക് ആകൃഷ്ടരാകും.

ആര്‍.ബാലശങ്കര്‍ ഉന്നയിച്ച ആരോപണങ്ങള്‍?

വളരെ ദൗര്‍ഭാഗ്യകരമാണ്. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പാടില്ലായിരുന്നു. ജനാധിപത്യപരമായും സുതാര്യമായുമാണ് ബി.ജെ.പി.യില്‍ സ്ഥാനാര്‍ഥി നിര്‍ണയം നടന്നത്. ഒരു നേതാവിന് മാത്രമായി ഒരുതീരുമാനവും എടുക്കാന്‍ കഴിയില്ല. എടുത്തിട്ടുമില്ല. കേരളത്തിന്റെ പട്ടികയ്ക്ക് രൂപം കൊടുത്ത തിരഞ്ഞെടുപ്പ് സമിതിയില്‍ ഞാനും അംഗമാണ്. വളരെ സുതാര്യമായാണ് സ്ഥാനാര്‍ഥി നിര്‍ണയം നടന്നത്.

സി.പി.എം.-ബി.ജെ.പി. ഡീല്‍ എന്ന ആരോപണവും?

ഒരിക്കലുമില്ല. ആശയപരമായി സി.പി.എമ്മിനോട് ബി.ജെ.പി.ക്ക് ഒരിക്കലും യോജിക്കാനാവില്ല. കോണ്‍ഗ്രസിനോടും അങ്ങനെതന്നെ. ആശയപരമായി പൊരുത്തമില്ലാത്തവരോട് ഒരിക്കലും ബന്ധമുണ്ടാകില്ല.

മറ്റ് പാര്‍ട്ടികളില്‍നിന്ന് കൂടുതല്‍ നേതാക്കള്‍ എത്തുമോ?

പാര്‍ട്ടിയുടെ ആശയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബി.ജെ.പി.യിലേക്ക് വരാം. എല്ലാവരേയും ഒരുമിപ്പിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന പാര്‍ട്ടിയാണ് ബി.ജെ.പി.