കൊച്ചി: റസ്റ്റോറന്റിലെത്തിയ കെ. സുരേന്ദ്രന്റെ മുന്നിലേക്ക് ആവി പറക്കുന്ന ചായയും കട്ലറ്റുമെത്തി. ചായക്കപ്പ് കൈയിലെടുത്ത സുരേന്ദ്രന്റെ മുഖത്ത് വലിയൊരു ഊര്‍ജം. ''തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും സമയത്തു ഭക്ഷണം കഴിക്കാന്‍ പറ്റാറില്ല. എന്നാല്‍, ചായ എന്റെയൊരു വീക്നെസ്സാണ്. ദിവസം കുറഞ്ഞത് പത്തു ചായയെങ്കിലും കുടിക്കും''.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പുകാല വിശേഷങ്ങള്‍ 'മാതൃഭൂമി'യുമായി പങ്കിടുന്നു.

തിരഞ്ഞെടുപ്പുകാല ജീവിതം ? 

കേരളം അതി നിര്‍ണായകമായ ഒരു തിരഞ്ഞെടുപ്പിലേക്കാണു കടക്കുന്നത്. ഇടതു-വലതു സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചു നാശമാക്കിയ ഒരു സംസ്ഥാനത്തെ വികസനത്തിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുകയാണ് ബി.ജെ.പി.യുടെ ദൗത്യം. പാര്‍ട്ടി അധ്യക്ഷന്‍ എന്ന നിലയില്‍ ആ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോള്‍ വലിയ തിരക്കുകള്‍ സ്വാഭാവികം. അതിലൂടെയാണ് ജീവിതം മുന്നോട്ടുപോകുന്നത്. നിര്‍ണായക തിരഞ്ഞെടുപ്പ് പോരാട്ടത്തിനു ഞങ്ങള്‍ റെഡിയാണ്.

'വിജയയാത്ര' എത്രത്തോളം വിജയമായി ? 

ജനങ്ങളുടെ മനസ്സറിഞ്ഞ യാത്രയായിരുന്നു അത്. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയിലും പ്രതിപക്ഷ പാര്‍ട്ടിയിലും ഒരുപോലെ വിശ്വാസം നഷ്ടപ്പെട്ടവരാണ് കേരള ജനത. അവര്‍ക്കു മുന്നിലുള്ള പ്രതീക്ഷയാണ് ബി.ജെ.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളുടെ കേരള മോഡലിനു വേണ്ടി ബി.ജെ.പി.യെ അധികാരത്തിലെത്തിക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നതിന്റെ അടയാളങ്ങള്‍ 'വിജയയാത്ര'യില്‍ പലയിടത്തും കാണാനായി.

ഇക്കാലത്തെ താങ്കളുടെ ഒരു ദിവസത്തെ ജീവിതം എങ്ങനെയാണ് ? 

എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചര മണിക്ക് ഉണരും. കുളിയും പത്രവായനയും കഴിഞ്ഞാല്‍ നേരെ ക്ഷേത്ര ദര്‍ശനത്തിനു പോകും. വിജയയാത്രയ്ക്കിടെ മധൂര്‍ അനന്തേശ്വര വിനായക ക്ഷേത്രം, കോഴിക്കോട് പിഷാരിക്കാവ് ക്ഷേത്രം, കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലൊക്കെ പോയി. പ്രചാരണമൊക്കെ കഴിഞ്ഞ് രാത്രി കിടക്കുമ്പോള്‍ കുറഞ്ഞത് ഒന്നര മണിയെങ്കിലും ആകും. ഇപ്പോള്‍ പരമാവധി നാലു മണിക്കൂറാണ് ഉറക്കം.

ചായയോടിത്ര ഇഷ്ടം തോന്നാന്‍ ? 

കുട്ടിക്കാലം മുതല്‍ വീട്ടില്‍ വലിയ ഗ്ലാസ് നിറയെ ചായ കുടിച്ചാണ് ശീലം. ഇപ്പോള്‍ രാവിലെയിറങ്ങുന്നതിനു മുമ്പ് നാലു ചായയെങ്കിലും കുടിക്കും. പ്രഭാത ഭക്ഷണത്തിനു ദോശയും ഇഡ്ഡലിയുമൊക്കെയാണ് ഇഷ്ടം. ഉച്ചഭക്ഷണത്തിന് അല്പം മീന്‍ കറിയുണ്ടെങ്കില്‍ സന്തോഷം. രാത്രി ചപ്പാത്തിയാണ് മിക്കവാറും. തിരഞ്ഞെടുപ്പ് കാലം വേനലായതിനാല്‍ ഫ്രൂട്സും വെള്ളവും പരമാവധി കഴിക്കാറുണ്ട്.

ജില്ലയില്‍ പാര്‍ട്ടിയുടെ വിജയ സാധ്യതകള്‍ എത്രത്തോളം ? 

ഞങ്ങള്‍ ഇത്തവണ പ്രതീക്ഷയോടെ കാണുന്ന ജില്ലയാണിത്. നാലു മണ്ഡലങ്ങളില്‍ വിജയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. മറ്റു മണ്ഡലങ്ങളില്‍ ഇടതു-വലതു സ്ഥാനാര്‍ഥികള്‍ക്കു ശക്തമായ വെല്ലുവിളി ഉയര്‍ത്താനും ബി.ജെ.പി.ക്കു കെല്‍പ്പുണ്ട്. സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും നല്ല പ്രാതിനിധ്യം നല്‍കിയത് ബി.ജെ.പി.യാണ്. അതെല്ലാം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.

Content Highlights: K Surendran