നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലാണ് മുന്നണികള്‍. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ വലിയ പരാജയം രുചിച്ചുകൊണ്ട് യു.ഡി.എഫും, വിജയത്തില്‍ വലിയ ആത്മവിശ്വാസത്തോടെ എല്‍.ഡി.എഫും അവരുടെ പ്രചാരണ ജാഥകള്‍ ആരംഭിച്ച് കഴിഞ്ഞു. ശബരിമല, ഉദ്യോഗാര്‍ഥി സമരം, പൗരത്വ വിഷയം എന്നിവയൊക്കെ പ്രധാന ചര്‍ച്ചയാവുന്ന തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍. എം.പിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനമാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്. വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് ഇല്ലെന്ന് അറിയിച്ചിരിക്കുന്നു വടകര എം.പി കൂടിയായ കെ.മുരളീധരന്. പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിന്റെ സാധ്യതകളെ കുറിച്ചും പ്രതീക്ഷകളെ കുറിച്ചും സംസാരിക്കുകയാണ് കെ.മുരളീധരന്.
ശബരിമല വീണ്ടും പ്രചാരണ വിഷയമാവുകയാണല്ലോ?
ശബരിമലയുടെ കാര്യത്തില്‍ ഒരു വ്യക്തതയും സര്‍ക്കാരിനില്ല. വിശ്വാസികളോടൊപ്പമാണോ എന്ന് ചോദിച്ചാല്‍ അതേയെന്ന് പറയും, നവോത്ഥാനത്തിന്റെ കൂടെയാണോ എന്ന് ചോദിച്ചാല്‍ അവിടെയും അതേ എന്ന് പറയും. അങ്ങനെ മുയലിനോടൊപ്പം ഓടുകയും വേട്ടപ്പട്ടിയോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനുള്ളത്. ഇതെല്ലാം നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പാഠം ഉള്‍ക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിലേക്ക് ഐശ്വര്യ കേരളയാത്രയിലൂടെ പ്രവേശിച്ചിരിക്കുകയാണ് യു.ഡി.എഫ്. അനുകൂലമായ സാഹചര്യം വന്നോ?
അടുത്ത ദിവസങ്ങളിലായി നടന്ന് കൊണ്ടിരിക്കുന്ന എല്ലാ സംഭവ വികാസങ്ങളും നല്കുന്ന സൂചന യു.ഡി.എഫിന് നല്ല വിജയ പ്രതീക്ഷയാണ് എന്നതാണ്. കാരണം പിന്‍വാതില്‍ നിയമനം കാര്യമായി സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. മാത്രമല്ല ഇപ്പോള്‍ അവിടെ സമരം ചെയ്യുന്ന ആളുകളൊന്നും എല്ലാം കോണ്ഗ്രസ്സുകാരൊന്നുമല്ല. എല്ലാ പാര്‍ട്ടിയിലും പെട്ട ആളുകളുണ്ട്. മഹാ ഭൂരിപക്ഷവും ഇടതുപക്ഷക്കാര്‍ തന്നെയാണ്. അവരെല്ലാം നിരാശരാണ്. ഈ സര്‍ക്കാരില്‍ നിന്ന് അവര്‍ക്ക് നീതികിട്ടില്ലെന്ന് പൂര്‍ണ ബോധ്യമായിട്ടുണ്ട്. അതോടൊപ്പം തന്നെ സര്‍ക്കാരിനെതിരായ ജന വികാരം പല മേഖലകളിലുമുണ്ട്. യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം നല്ല പ്രതീക്ഷയുണ്ട്.
യു.ഡി.എഫിന്റെ സ്ഥിരം വോട്ടുബാങ്കുകളായിരുന്നു ക്രിസ്ത്യന്‍ സഭകള്‍. പക്ഷെ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അതിന് മാറ്റം വന്നു. ഇത് തിരിച്ചറിഞ്ഞ് ചില സഭകളെ കൂടെ നിര്‍ത്താനുള്ള ശ്രമം യൂ.ഡി.എഫ് നടത്തുന്നുണ്ട്. അത് വിജയിക്കുമോ?
കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിലൊക്കെ ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഒരു ഡിവിഷനുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചത്. അതില്‍ കുറച്ച് നേട്ടമുണ്ടായിട്ടുണ്ട്. പക്ഷെ അതിന്റെ യാഥാര്‍ഥ്യം എന്താണെന്ന് ചിലര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ അവരൊക്കെ യു.ഡി.എഫിലേക്ക് തിരിച്ച് വരികയാണ്. ഇപ്പോ പള്ളിത്തര്‍ക്കത്തിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് ഏതാണ്ട് ശബരിമലയ്ക്ക് സമാനമാണ്. രണ്ട് പേരേയും ഒപ്പം നിര്‍ത്താന്‍ വേണ്ടി പല മാജിക്കും കളിക്കുകയാണ് സര്‍ക്കാര്‍. രണ്ട് സഭക്കാര്‍ക്കും അത് മനസ്സിലായിട്ടുണ്ട്. ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞു. അവസാനം മാറ്റി. നിലവില്‍ സര്‍ക്കാര്‍ ഞങ്ങളോടൊപ്പം ഇല്ലെന്ന് രണ്ട് പേര്‍ക്കും മനസ്സിലായിട്ടുണ്ട്.
പൗരത്വ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്?
പൗരത്വ നിയമ ഭേദഗതിക്കെതിരായിട്ട് കേരളത്തിലും ഇന്ത്യയിലും ഏറ്റവും കൂടുതല്‍ സമരം നയിച്ച പാര്‍ട്ടി കോണ്‍ഗ്രസ്സാണ്. കേരളത്തില്‍ തന്നെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പോയിട്ടുണ്ട്. എല്ലാവരും ഒറ്റക്കെട്ടായിട്ട് പൗരത്വ നിയമത്തെ എതിര്‍ക്കണം എന്നുള്ളത് അന്നത്തെ ഒരു വികാരമായിരുന്നു. ഞാന്‍ തന്നെ മൂന്ന് ദിവസം എന്റെ നിയോജക മണ്ഡലത്തില്‍ പദയാത്ര നടത്തിയിട്ടുണ്ട് . കോണ്‍ഗ്രസ്സ് തന്നെയാണ് അഖിലേന്ത്യാ തലത്തില്‍ സമരത്തിന്റെ ചുക്കാന്‍ പിടിച്ചത്. ഇവിടെ മാത്രം എങ്ങനെയാണ് എല്‍.ഡി.എഫിന്റെ നേട്ടമാവുന്നത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാലും പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്ന ഒരു പ്രശ്നവുമില്ല, അക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല.
എന്‍.സി.പിയുടെ ഒരു വിഭാഗം ഇപ്പോള്‍ കോണ്ഗ്രസില്ലാണ്. മൂന്ന് സീറ്റും ഘടക കക്ഷി സ്ഥാനവുമാണ് അവര്‍ ആവശ്യപ്പെടുന്നത്?
അത് യു.ഡി.എഫ് ഒരുമിച്ചിരുന്ന് തീരുമാനിക്കേണ്ട കാര്യമാണ്. മുന്നണിക്ക് പുറത്തുള്ള ഒരുപാട് പേര് മുന്നണിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുണ്ട്. പക്ഷെ അതിന്റെയൊക്കെ മെറിറ്റ് നോക്കി മാത്രമാണ് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂ. ചര്‍ച്ച നടത്തിയ ശേഷമേ തീരമാനമെടുക്കാന്‍ കഴിയൂ. പക്ഷെ കാപ്പന്റെ വരവ് യു.ഡി.എഫിന് ശക്തി പകരുമെന്നതില്‍ സംശയമില്ല. മൂന്ന് സീറ്റ് ആവശ്യപ്പെട്ടതിനെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെ കത്ത് നല്കിയാല് അത് ചര്‍ച്ച ചെയ്യും. ഇതുവരെ യു.ഡി.എഫിന്റെ മുന്നില്‍ അങ്ങനെയൊരു നിര്‍ദേശമൊന്നും വന്നിട്ടില്ല.
ആര്.എം.പിയുടെ കാര്യം എങ്ങനെയാണ്?
അതും ഇതിനൊടൊപ്പം പരിഹരിക്കേണ്ട വിഷയമാണ്. യു.ഡി.എഫുമായി സഹകരിക്കുമെന്ന നിര്‍ദേശമൊന്നും ഇതുവരെ അവരുടെ ഇടയില്‍ നിന്നും വന്നിട്ടില്ല. പക്ഷെ ആര്.എംപിയെ കൂടെ സഹകരിപ്പിക്കണമെന്ന വികാരം വടകര മേഖലയില്‍ കാര്യമായിട്ടുണ്ട്. കാരണം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളത്തിലാകമാനം ഇടത് തരംഗം ആഞ്ഞ് വീശിയപ്പോഴും വടകര നിയോജക മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തിലും ഭരണം നേടാന്‍ ആര്.എം.പി ഉള്‍പ്പെട്ട ജനകീയ മുന്നണിക്കായിട്ടുണ്ട്. അവരെ കൊണ്ട് വളരെയധികം പ്രയോജനം യു.ഡി.എഫിനുണ്ടായിട്ടുണ്ട്. യുഡിഎഫിനെക്കൊണ്ട് അവര്‍ക്കും പ്രയോജനമുണ്ടായിട്ടുണ്ട്. പാര്‍ട്ടി എന്ന നിലയില്‍ അവരെ കൂടെ സഹകരിപ്പിക്കണമെന്ന വികാരമുണ്ട്. അത് തീര്‍ച്ചയായിട്ടും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണ്. പക്ഷെ മുന്നണിയുടെ ഘടക കക്ഷിയാവാനൊന്നും അവര്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ടോ?
എം.പിമാര്‍ മത്സരിക്കേണ്ട എന്നത് പൊതു തീരുമാനമാണ്. അത് ചില സീറ്റുകള്‍ക്ക് വേണ്ടിയൊന്നും മാറ്റേണ്ട കാര്യമില്ല. ഞാന്‍ എന്നും ആഗ്രഹിച്ചത് വട്ടിയൂര്‍ക്കാവാണ്. അതല്ലാതെ കേരളത്തിലൊരിടത്തും ഒരു സീറ്റും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. പക്ഷെ എം.പിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വം എടുത്ത ആ തീരുമാനം ഞാനും അംഗീകരിക്കുന്നു.
വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് പോവുമോ?
വടകരയ്ക്ക് പുറത്ത് പ്രചാരണത്തിന് പോവില്ല എന്ന് നേരത്തെ അറിയിച്ചതാണ്. അതില്‍ മാറ്റമൊന്നുമില്ല. വെറുതെ എല്ലായിടത്തും ഓടി നടന്നിട്ട് കാര്യമില്ലല്ലോ. സ്വന്തം നിയോജക മണ്ഡലത്തില്‍ നിന്ന് മാക്സിമം എം.എല്‍.എമാരെ ഉണ്ടാക്കുക എന്നാണ് ഉദ്ദേശിക്കുന്നത്.