കാൽനൂറ്റാണ്ടിനുശേഷം മുസ്‌ലിംലീഗ് വീണ്ടുമൊരു വനിതയെ നിയമസഭയിലേക്ക് മത്സരിപ്പിക്കാൻ തീരുമാനിച്ചു. 1996-ൽ കോഴിക്കോട് സൗത്തിൽ മത്സരിച്ച ഖമറൂനിസ അൻവറാണ് മുസ്‌ലിംലീഗിന്റെ ആദ്യ വനിതാ സ്ഥാനാർഥി. അവർ പരാജയപ്പെട്ടെങ്കിലും കാൽ‌നൂറ്റാണ്ടിനുശേഷം ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് അഡ്വ. നൂർബിനാ റഷീദ്. വനിതാലീഗ് അഖിലേന്ത്യ സെക്രട്ടറിയായ നൂർബിന നേരത്തേ രണ്ടുതവണ കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായിട്ടുണ്ട്.

* മുസ്‌ലിംലീഗ് ഇത്തവണ വനിതയെ പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

തീർച്ചയായും പ്രതീക്ഷയുണ്ടായിരുന്നു. കാരണം, വനിതാലീഗ് എന്ന സംഘടന മൂന്നുപതിറ്റാണ്ടായി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്. ദേശീയതലത്തിലും വനിതാലീഗ് സ്ത്രീകളുടെ പ്രശ്നങ്ങളിൽ‌ ഇടപെട്ട് പ്രവർത്തനം നടത്തുന്നുണ്ട്.

* ഖമറൂനിസ അൻവർ 1996-ൽ മത്സരിച്ചശേഷം കാൽനൂറ്റാണ്ട് പിന്നിട്ടല്ലോ. ലീഗ് നേതൃത്വം വനിതകളോട് അവഗണന കാണിച്ചെന്ന് കരുതുന്നുണ്ടോ?

വനിതകളെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുന്നവർക്കുള്ള മറുപടിയാണ് ലീഗ് നേതൃത്വം നൽകിയത്. ഈ ദൗത്യം ഏറ്റെടുക്കാൻ നിയോഗിക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. അതിന് നേതൃത്വത്തോട് കടപ്പെട്ടിരിക്കുന്നു.

* ചില മതസംഘടനകൾ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് എതിരാണെന്ന് പറയുന്നുണ്ടല്ലോ. അത് സ്ഥാനാർഥിയെന്ന നിലയിൽ‌ താങ്കൾക്ക് പ്രയാസമുണ്ടാക്കുമോ?

മുസ്‌ലിംലീഗ് നേതൃത്വം ഇങ്ങനെയൊരു തീരുമാനമെടുക്കുന്പോൾ ബന്ധപ്പെട്ട എല്ലാവരുമായി ആലോചിക്കാതെ ചെയ്യില്ല. അതുകൊണ്ട് ആർക്കെങ്കിലും ഇതിൽ എതിർപ്പുണ്ടെന്ന് കരുതേണ്ടതില്ല. എല്ലാവശങ്ങളും പരിശോധിച്ചാണ് തീരുമാനമെടുത്തത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്.

* ലീഗിലെ കീഴ്ഘടകങ്ങളും പ്രവർത്തകരും ഇത് അംഗീകരിക്കാൻ മടിക്കുമോ?

അങ്ങനെയാരും അംഗീകരിക്കാത്ത പ്രശ്നമില്ല. ലീഗ് പ്രവർത്തകർ അച്ചടക്കമുള്ളവരും നേതൃത്വത്തെ അംഗീകരിക്കുന്നവരുമാണ്. മാത്രമല്ല, ഇപ്പോൾ വനിതാവോട്ടർമാരാണ് കൂടുതൽ. വനിതകൾ എത്താത്ത മേഖലകളില്ല. നിയമസഭയിൽ സ്ത്രീകളുടെയും ന്യൂനപക്ഷ, പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്നമവതരിപ്പിക്കാൻ വനിത വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്.

* വിജയപ്രതീക്ഷയുണ്ടോ?

തീർച്ചയായും വിജയിക്കുകതന്നെയാണ് ലക്ഷ്യം. മതേതരത്വത്തിന്റെ കാവലാളായി, വികസനത്തിനായി കൂട്ടായ പരിശ്രമമുണ്ടാവും. ഒപ്പം എന്നും മണ്ഡലത്തിലെ വോട്ടർമാരോടൊപ്പം കർമഭൂമിയിലുണ്ടാവും.