തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് ഉമ്മന്‍ ചാണ്ടി വന്നാലും എല്‍ഡിഎഫിന് ആശങ്കയില്ലെന്ന് വട്ടിയൂര്‍കാവ് എംഎല്‍എ വി.കെ പ്രശാന്ത്. ഇത്തരം പ്രചാര വേലകള്‍ യുഡിഎഫിന്റെ അധഃപതനത്തിന്റെ തെളിവാണെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

യുഡിഎഫിന് ജയിക്കണമെങ്കില്‍ സംസ്ഥാന നേതാക്കളുടെ പേര് എല്ലായിടത്തും പ്രചരിപ്പിക്കേണ്ടി വരികയാണ്. ഈ സ്ഥിതിയിലേക്ക് യുഡിഎഫ് മാറി. യുഡിഎഫിന് തന്നെ നിശ്ചയമില്ലാത്ത സാഹചര്യത്തിലേക്ക് കേരളത്തിലെ കാര്യങ്ങള്‍ മാറി.  സര്‍ക്കാരിനെതിരായിട്ടോ, അതിന്റെ നയങ്ങള്‍ക്കെതിരായോ യാതൊരുവിധ വര്‍ത്തമാനവും പറയാന്‍ യുഡിഎഫിന് സാധിക്കുന്നില്ല. അതിന് പകരം ചില ഗിമ്മിക്കുകള്‍ കാണിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 

വി.കെ പ്രശാന്ത് എംഎല്‍എയുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം...


രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

തീര്‍ച്ചയായും. രണ്ടാം പിണറായി സര്‍ക്കാര്‍ വരുമെന്ന് വിചാരിക്കുന്നു. അതിന് നിരവധി കാരണങ്ങള്‍ ഉണ്ട്. ഒന്ന് തദ്ദേശ തിരഞ്ഞെടുപ്പില്‍ നമ്മളത് കണ്ടുകഴിഞ്ഞു. അതില്‍ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഇപ്പോള്‍ ഉണ്ടായിട്ടില്ല. 

മറ്റൊന്ന് എല്ലാ കുടുംബങ്ങളിലും പട്ടിണി ഉണ്ടാകാതിരിക്കാന്‍, വിലക്കയറ്റം നിയന്ത്രിക്കാന്‍, ജീവിത ഭാരം വര്‍ധിപ്പിക്കാതിരിക്കാന്‍, സര്‍ക്കാരെടുത്ത നടപടികള്‍ കുടുംബങ്ങളിലേക്ക് എത്തിയിട്ടുണ്ട്. അവര്‍ക്ക് പെന്‍ഷന്‍ കിട്ടുന്നുണ്ട്, അരിയും മറ്റ് പലവ്യഞ്ജനങ്ങളും സുഗമമായി കിട്ടുന്നുണ്ട്. ഭക്ഷ്യകിറ്റ് കിട്ടുന്നുണ്ട്. സര്‍ക്കാരിനെക്കുറിച്ച് പരാതിയില്ല. 

വൈദ്യതി ചാര്‍ജ്, വെള്ളക്കരം, ബസ് ചാര്‍ജ് എന്നിവ കൂട്ടിയിട്ടില്ല. അങ്ങനെ ജനങ്ങളെ സംബന്ധിച്ച് അവരെ ബാധിക്കുന്ന ഒരു കാര്യങ്ങളിലും ജനവിരുദ്ധമായ സമീപനമല്ല ഈ ഗവണ്‍മെന്റ് എടുക്കുന്നത്. അതുകൊണ്ട് തന്നെ തുടര്‍ഭരണം വരും എന്ന് നൂറ് ശതമാനം വിശ്വാസമുണ്ട്. 

തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ തവണ ഇടതുപക്ഷം നേടിയ മേല്‍കൈ ഇത്തവണ ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ?

അങ്ങനെയുണ്ടാകുമെന്നാണ് ഞങ്ങള്‍ വിചാരിക്കുന്നത്. ഒപ്പം നേമം അടക്കമുള്ള ചില മണ്ഡലങ്ങള്‍ ഇടതുപക്ഷത്തേക്ക് വരാനുള്ള സാധ്യതയും കാണുന്നുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ സാഹചര്യത്തില്‍ നിന്ന് വ്യത്യസ്തമായി സാഹചര്യങ്ങള്‍ മാറിയിട്ടുണ്ട്. 

ഇവിടെ ബിജെപിയെ എതിര്‍ക്കുന്ന പ്രധാനപ്പെട്ട രാഷ്ട്രീയ ശക്തിയായി എല്‍ഡിഎഫ് മാറിയിട്ടുണ്ട്. അത് എല്ലാ വിഭാഗം ജനങ്ങളും തിരിച്ചറിയുന്നുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ അങ്ങേയറ്റം ജനവിരുദ്ധമായി മാറുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന്റെയെല്ലാം ഗുണഫലങ്ങള്‍ തീര്‍ച്ചയായിട്ടും ഇടത് മുന്നണിക്ക് കിട്ടുമെന്നാണ് കരുതുന്നത്. 

പല പാര്‍ട്ടികളില്‍ നിന്നുമുള്ള ആളുകള്‍ ഇടതുപക്ഷത്തേക്ക് വരുന്ന സാഹചര്യമാണുള്ളത്. ഇതൊക്കെ സൂചിപ്പിക്കുന്നത് രാഷ്ട്രീയമായി കേരളം ഗതിമാറി ചിന്തിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണ ഉണ്ടാവുക എന്നതാണ്. കേരളത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്ന കാര്യത്തിനും ഈ തിരഞ്ഞെടുപ്പ് സാക്ഷിയാകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്.

ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് വരുമെന്ന പ്രചരണങ്ങള്‍ ഉണ്ടായി. എല്‍ഡിഎഫിന് ആശങ്കയുണ്ടോ?

ഇക്കാര്യത്തില്‍ എല്‍ഡിഎഫിന് ഒരുതരത്തിലുമുള്ള ആശങ്കയില്ല. അവരുടെ സംസ്ഥാന നേതാക്കളുടെ പേരുകള്‍ 140 മണ്ഡലങ്ങളിലും പറയുകയാണ്. ആ സ്ഥിതിയിലേക്ക് യുഡിഎഫ് മാറിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുടെ പേരുകള്‍ ഓരോ മണ്ഡലങ്ങളിലും പറഞ്ഞുകേള്‍ക്കുന്നതിന്റെ അര്‍ഥമെന്താ? അവര്‍ക്ക് മത്സരിക്കാന്‍ തക്കനിലയിലുള്ള സ്ഥാനാര്‍ഥികള്‍ പോലുമില്ല. ജയിക്കണമെങ്കില്‍ സംസ്ഥാന നേതാക്കളുടെ പേര് എല്ലായിടത്തും പ്രചരിപ്പിക്കേണ്ടി വരികയാണ്. ഈ സ്ഥിതിയിലേക്ക് യുഡിഎഫ് മാറിയിരിക്കുകയാണ്. 

ഞങ്ങളെ സംബന്ധിച്ചിടത്തോളം നല്ല ആത്മവിശ്വാസമുണ്ട്. കാരണം ഗവണ്‍മെന്റ് നടപ്പിലാക്കിയ നയങ്ങള്‍ എല്‍ഡിഎഫിന്റെ എംഎല്‍എമാര്‍ 100 ശതമാനം സത്യസന്ധതയോടെ  അതാത് മണ്ഡലങ്ങളില്‍ നടപ്പിലാക്കിയിട്ടുണ്ട്. അതിന്റെയൊരു ഗുണഫലം ഞങ്ങള്‍ക്ക് ലഭിക്കും. 

സാധാരണ ഗതിയില്‍ ഭരിക്കുന്ന സര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരമുണ്ടാകാറുണ്ട്. അതില്ലാത്തതുകൊണ്ടാണ് തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ മേല്‍കൈ നേടാന്‍ എല്‍ഡിഎഫിന് സാധിച്ചത്. റോഡുകളുടെയും പശ്ചാത്തല സൗകര്യങ്ങളുടെയും കാര്യത്തില്‍ മുമ്പെങ്ങുമില്ലാത്ത കുതിച്ചുചാട്ടം കേരളത്തിലുണ്ടായിട്ടുണ്ട്. 

പണ്ട് ദയനീയമായി കിടക്കുന്ന റോഡുകളുടെയും മറ്റും പരാതികളായിരുന്നു തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടാവുക. ഇപ്പോള്‍ അങ്ങനെയാന്നില്ല. ഇത്തരത്തിലൊരു വികസനത്തേപ്പറ്റി പറയാന്‍ യുഡിഎഫിനില്ല. അതുകൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. 

അല്ലാതെ ഒരു ഗവണ്‍മെന്റിനെതിരായിട്ടോ, അതിന്റെ നയങ്ങള്‍ക്കെതിരായോ യാതൊരുവിധ വര്‍ത്തമാനവും പറയാന്‍ യുഡിഎഫിന് സാധിക്കുന്നില്ല. അതിന് പകരം ചില ഗിമ്മിക്കുകള്‍ കാണിക്കുകയാണ്. ഈയൊരു സ്ഥിതിയിലേക്ക് യുഡിഎഫ് എത്തി. അത് അവരുടെ പതനത്തേയാണ് സൂചിപ്പിക്കുന്നത്. 

എല്‍ഡിഎഫിനെ സംബന്ധിച്ച് ഞങ്ങളുടെ മിക്ക എംഎല്‍എമാരും മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. അവരെല്ലാം ജയിച്ച് വരുമെന്ന് കരുതുന്നു. 

ഉമ്മന്‍ ചാണ്ടിയുടെ പേര് പറഞ്ഞ് കേള്‍ക്കുന്നത് ഇത്തരത്തിലുള്ള പ്രചാര വേലയുടെ ഭാഗമെന്നാണോ പറയുന്നത്? 

തീര്‍ച്ചയായും അങ്ങനെ തന്നെയാണ്. പുതുപ്പള്ളിയിലാണ് അദ്ദേഹം ദീര്‍ഘനാളായി മത്സരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരടക്കം പല മണ്ഡലങ്ങളിലും പറഞ്ഞുകേള്‍ക്കുന്നുണ്ട്. അതും ഉറപ്പില്ല. തിരുവനന്തപുരത്ത് മത്സരിക്കും, നേമത്ത് മത്സരിക്കും, വട്ടിയൂര്‍കാവില്‍ മത്സരിക്കും എന്നിങ്ങനെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഏത് സീറ്റാണ് ഉറപ്പുള്ളതെന്ന് യുഡിഎഫിന് പറയാന്‍ സാധിക്കുന്നില്ല. 

യുഡിഎഫിന് തന്നെ നിശ്ചയമില്ലാത്ത സാഹചര്യത്തിലേക്ക് കേരളത്തിലെ കാര്യങ്ങള്‍ മാറിയിട്ടുണ്ട്. അവരുടെ നേതാക്കന്മാര്‍ പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് പറയുന്നതിനെ ഉമ്മന്‍ചാണ്ടി ഉടനെ നിഷേധിക്കുന്നു. ഇതൊക്കെ യുഡിഎഫിനകത്തെ ആശയഭിന്നതയാണ് കാണിക്കുന്നത്. അവരുടെ ശിഥിലതയ്ക്കുള്ള തെളിവായി മാത്രം ഇതിനെ കണ്ടാല്‍ മതി. 

ലിഗിനെതിരായ പാര്‍ട്ടി സെക്രട്ടറിയുടെ വിമര്‍ശനങ്ങളെ എങ്ങനെ കാണുന്നത്?

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ വര്‍ഗീയ കക്ഷികളുമായി പരസ്യമായി തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുഡിഎഫ് തയ്യാറായി. ഇത്തരം വര്‍ഗീയ വാദികളുടെ വോട്ട് ഞങ്ങള്‍ക്ക് വേണ്ട എന്ന് പരസ്യമായി പ്രഖ്യാപിച്ചതിനാല്‍ പല പഞ്ചായത്തുകളിലും സ്ഥാനങ്ങള്‍ അടക്കം രാജിവെക്കാന്‍ എല്‍ഡിഎഫ് തയ്യാറായി. 

ഈയൊരു സാഹചര്യമാണ് സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുമ്പെങ്ങുമില്ലാത്ത പിന്തുണ ആര്‍ജിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ വര്‍ഗീയതയ്ക്കും ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരെയുമുള്ള ചെറുത്തുനില്‍പ്പ് ഞങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

പൗരത്വ നിയമം വന്ന സമയത്ത് കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ള പാര്‍ട്ടിയുടെ സമീപനമെന്തായിരുന്നു. അവിടെ ഒരു എംപി മാത്രമുള്ള ഇടതുപക്ഷം ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ചു. കേരളത്തിലെമ്പാടും വലിയ സമര പ്രക്ഷോഭ പരമ്പര ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് സാധിച്ചു. 

അവിടെയെല്ലാം മുസ്ലീം ലീഗും കോണ്‍ഗ്രസുമടക്കം പിന്നാക്കം പോയ കാഴ്ചയാണ് കണ്ടത്. എന്‍ആര്‍സി നടപ്പിലാക്കാന്‍ ശ്രമിച്ച സമയത്ത് പാര്‍ലമെന്റില്‍ വോട്ടിങ്ങില്‍ പോലും പങ്കെടുക്കാന്‍ തയ്യാറായില്ല. ഇതെല്ലാം മതന്യൂനപക്ഷ വിഭാഗങ്ങള്‍ സൂക്ഷ്മതയോടെ വീക്ഷിച്ച് വരികയാണ്. അവര്‍ക്ക് കൃത്യമായി കാര്യങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. അവരുടെയെല്ലാം പിന്തുണ ഇത്തവണ ഞങ്ങള്‍ക്ക് തന്നെയായിരിക്കും. 

ബിജെപിയെ ഇത്രയധികം ചെറുത്തുനില്‍ക്കുന്നുവെങ്കില്‍ കേരളത്തില്‍ ആരാണ് എല്‍ഡിഎഫിന്റെ പ്രധാന എതിരാളി? യുഡിഎഫാണോ അതോ ബിജെപിയോ?

ഞങ്ങള്‍ രണ്ടുകൂട്ടരെയും ഒരേപോലെയാണ് എതിര്‍ക്കുന്നത്. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്നത് അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരായിരുന്നു. വലിയ പ്രക്ഷോഭ പരമ്പരകള്‍ക്കൊടുവിലാണ് എല്‍ഡിഎഫ് വിജയിച്ചുവന്നത്. ടുജി സ്പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതിയെ തുടര്‍ന്നാണ് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ നിന്ന് പുറത്തായി ബിജെപി ഭരണം വരുന്ന സാഹചര്യമുണ്ടായത്.  അതുകൊണ്ട് ഞങ്ങള്‍ രണ്ടുപേരെയും ഒരേപോലെ എതിര്‍ക്കുകയാണ്. 

കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നയങ്ങള്‍ ഒരേതലത്തിലുള്ളതാണ്. ഒരുനാണയത്തിന്റെ രണ്ട് വശങ്ങളായി വേണമെങ്കില്‍ അവരെ കാണാം.  കോണ്‍ഗ്രസ് നടപ്പിലാക്കിയ ആഗോള വത്കരണ നടപടികള്‍ ബിജെപി അതിലും ഉത്സാഹത്തോടെ നടപ്പിലാക്കുന്നു. എയര്‍പോര്‍ട്ടുകള്‍ അടക്കം വില്‍ക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കുന്നു. കേരളത്തില്‍ ഇവര്‍ രണ്ടുപേരും ഞങ്ങളുടെ മുഖ്യ എതിരാളികളാണ്.

വട്ടിയൂര്‍കാവില്‍ മത്സരിക്കുമോ?

വട്ടിയൂര്‍കാവില്‍ മത്സരിക്കുന്ന കാര്യം പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. എംഎല്‍എ എന്ന നിലയില്‍ മണ്ഡലം നിലനിര്‍ത്താനാവശ്യമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലം മുന്നണിക്ക് നിലനിര്‍ത്താന്‍ സാധിക്കും.

കഴക്കൂട്ടമുള്‍പ്പെടെ ചില മണ്ഡലങ്ങളിലേക്ക് മാറുമെന്ന പ്രചാരണമുണ്ടല്ലോ?

അങ്ങനെയില്ല, പാര്‍ട്ടി എവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നോ അവിടെ മത്സരിക്കും. ഇനി മത്സരിക്കേണ്ടെന്ന് പറഞ്ഞാല്‍ മത്സരിക്കുകയുമില്ല. പാര്‍ട്ടിയാണ് എവിടെ മത്സരിക്കണം മത്സരിക്കേണ്ടതില്ല എന്നുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത്. 

തിരുവനന്തപുരം മേയറായിരുന്നപ്പോഴാണല്ലോ എന്നെ വട്ടിയൂര്‍കാവിലേക്ക് മത്സരിക്കാന്‍ അവശ്യപ്പെട്ടത്. അത് സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. 

ഒരുവര്‍ഷം നീണ്ട എംഎല്‍എ എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ എങ്ങനെ കാണുന്നു?

മികച്ച രീതിയില്‍ ഇടപെടാന്‍ കഴിഞ്ഞുവെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്. അങ്ങനെ വിശ്വസിക്കുക മാത്രമല്ല സോഷ്യല്‍ ഓഡിറ്റ് അടക്കം ഞങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 17 മാസമാണ് ഉപതിരഞ്ഞെടുപ്പിലൂടെ ഞങ്ങള്‍ക്ക് ലഭിച്ചത്. മണ്ഡലത്തിലെ 26 കോര്‍പ്പറേഷന്‍ വാര്‍ഡുകളെയും മൂന്ന് മേകലകളാക്കി തിരിച്ചാണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ശരിയായ ഗുണങ്ങളുണ്ടായോ, എന്തൊക്കെ കുഴപ്പങ്ങളുണ്ടായി എങ്ങനെയാണ് അത് പരിഹരിക്കേണ്ടത് എന്നതിനെ സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് അടക്കം നടത്തി രണ്ടാം വികസന സെമിനാര്‍ നടത്തുകയാണ്. 

15 മുതല്‍ 20 വരെയാണ് വികസന സെമിനാര്‍ നടത്തുന്നത്. വട്ടിയൂര്‍കാവ് മണ്ഡലത്തിന്റെ കൃത്യമായ വികസന ചിത്രം ജനങ്ങളുടെ മുന്നില്‍ കാണിക്കും. തകര്‍ന്നുകിടന്ന റോഡുകളൊക്കെ ഏറ്റവും സഞ്ചാരയോഗ്യമാക്കി. വട്ടിയൂര്‍കാവ് ജംഗ്ഷന്‍ വികസന നടപടികള്‍ കൈക്കൊണ്ടു. 1023 കോടിയുടെ പദ്ധതികള്‍ ചുരുങ്ങിയ കാലം കൊണ്ട് മണ്ഡലത്തിലേക്ക് കൊണ്ടുവരാന്‍ സാധിച്ചു. ഇത് ജനങ്ങള്‍ കാണുന്നുണ്ട്. അത് കണ്ട ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കും.