ബി.ജെ.പി.യെ തടയാന്‍ യു.ഡി.എഫ്. തോല്‍ക്കണമെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹവുമായി 'മാതൃഭൂമി' പ്രതിനിധിയുമായി സംസാരിക്കുന്നു


അഞ്ചിടങ്ങളിലെ തിരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു

ബി.ജെ.പി. അവകാശപ്പെടുന്നതുപോലെ അവര്‍ക്കു വലിയ വിജയമുണ്ടാവാന്‍ പോവുന്നില്ല. അസമില്‍പോലും സ്ഥിതിഗതികള്‍ അവര്‍ക്ക് അനുകൂലമല്ല. ബോഡോ വിഭാഗം എന്‍.ഡി.എ. വിട്ടത് ബി.ജെ.പി.യെ പ്രതികൂലമായി ബാധിക്കും. തമിഴ്നാട്ടില്‍ ഡി.എം.കെ. നയിക്കുന്ന മുന്നണി നന്നായി മുന്നേറുന്നു. വലിയതോതിലുള്ള വിജയമുണ്ടാവും. പുതുച്ചേരിയില്‍ ചെറുതെങ്കിലും ശക്തമായ മത്സരമാണ്. വ്യക്തമായ ത്രികോണമത്സരത്തിലാണ് പശ്ചിമബംഗാള്‍. ഇതില്‍ ഏറ്റവുംദുര്‍ബലര്‍ ബി.ജെ.പി.യാണ്. അഞ്ചുവര്‍ഷം കൂടുമ്പോള്‍ ഭരണമാറ്റമുണ്ടാവുന്ന പതിവുമാറി ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍പോവുകയാണ് കേരളത്തില്‍.

കര്‍ഷകപ്രക്ഷോഭമടക്കമുള്ളവ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമോ

കര്‍ഷകപ്രക്ഷോഭം, പൊതുമേഖലയുടെ സ്വകാര്യവത്കരണം, തൊഴിലാളിപ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ സംസ്ഥാനങ്ങളില്‍ വലിയ ചര്‍ച്ചയാവുന്നുണ്ട്. ഈസംസ്ഥാനങ്ങളില്‍ കിസാന്‍ മഹാപഞ്ചായത്തുകള്‍ നടക്കുന്നു. ജനങ്ങളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ഈ പ്രശ്‌നങ്ങളാണ് ജനവിധി നിര്‍ണയിക്കുക. അതിന്റെ ആകത്തുകയാവും തിരഞ്ഞെടുപ്പുഫലം.

എന്താണ് ഇടതുപക്ഷത്തിന്റെ സാധ്യതകള്‍? ഇടതുപക്ഷത്തിനു ജനങ്ങളെന്തിനു വോട്ടുചെയ്യണം

ഇത്തവണ ഇടതുസാന്നിധ്യം മുന്‍കാലങ്ങളെക്കാള്‍ മെച്ചപ്പെടും. തമിഴ്നാട്ടില്‍ ഡി.എം.കെ. നയിക്കുന്ന മുന്നണി മതേതരസര്‍ക്കാരുണ്ടാക്കും. ഞങ്ങള്‍ക്ക് നിയമസഭയില്‍ മികച്ച പ്രാതിനിധ്യമുണ്ടാവും. അസമില്‍ വലിയ ഇടവേളയ്ക്കുശേഷം ഞങ്ങള്‍ നിയമസഭയിലെത്താന്‍ പോവുന്നു.

പശ്ചിമബംഗാളില്‍ സംയുക്ത മോര്‍ച്ച (ഐക്യമുന്നണി)യുടെ ഭാഗമാണ് സി.പി.എം. ഈ മോര്‍ച്ച ഒരു ബദലായി മാറിക്കഴിഞ്ഞു. കേരളത്തില്‍ പ്രകൃതിദുരന്തമുണ്ടായപ്പോഴും കോവിഡ് സമയത്തുമൊക്കെ ഇടതുസര്‍ക്കാരിന്റെ പ്രതികരണവും പ്രവര്‍ത്തനവും വലിയ അംഗീകാരം നേടി. തങ്ങള്‍ക്കുവേണ്ടി ഒരു സര്‍ക്കാരുണ്ടെന്നാണ് ജനങ്ങളുടെ ചിന്ത. തദ്ദേശതിരഞ്ഞെടുപ്പില്‍ അതു പ്രകടമായി.

പക്ഷേ, കേരളസര്‍ക്കാരിനെതിരേയുള്ള വിവാദങ്ങള്‍ തിരിച്ചടിയാവില്ലേ? അതില്‍ തിരുത്താനൊന്നുമില്ലേ?

അവയൊക്കെ രാഷ്ട്രീയമായ വേട്ടയാണെന്നതില്‍ തര്‍ക്കമില്ല. എന്തെങ്കിലും തിരുത്തല്‍ ആവശ്യമെങ്കില്‍ അതു ചെയ്യുന്നവരാണ് ഞങ്ങള്‍. ആവശ്യമായ ഘട്ടങ്ങളില്‍ അതു ചെയ്തിട്ടുമുണ്ട്. അതു ജനങ്ങള്‍ക്കുമറിയാം. എന്നാല്‍, സി.ബി.ഐ.യും ഇ.ഡി.യുമൊക്കെ എങ്ങനെയാണ് രാഷ്ട്രീയ എതിരാളികള്‍ക്കെതിരേ ഉപയോഗിക്കപ്പെടുന്നതെന്നു ജനങ്ങള്‍ കാണുന്നുണ്ടല്ലോ.

സ്വര്‍ണക്കടത്തടക്കമുള്ള വിഷയങ്ങള്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് അജന്‍ഡയായി ഉപയോഗിക്കുകയാണ് പ്രതിപക്ഷം. തദ്ദേശതിരഞ്ഞെടുപ്പില്‍ അതൊന്നും ഫലവത്തായില്ല. നിയമസഭാതിരഞ്ഞെടുപ്പിലും അതു വിജയിക്കാന്‍ പോവുന്നില്ല.

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍, പിണറായി തന്നെയാകുമോ സര്‍ക്കാരിന്റെയും ക്യാപ്റ്റന്‍?

ഇടതുപക്ഷം ചരിത്രംകുറിക്കാന്‍പോവുകയാണ് കേരളത്തില്‍. ഉറപ്പായും കേരളത്തില്‍ തുടര്‍ഭരണമുണ്ടാവും. തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ക്യാപ്റ്റനാണ് പിണറായി. നിലവില്‍ മുഖ്യമന്ത്രിയാണല്ലോ അദ്ദേഹം. ക്യാപ്റ്റന്‍ വിജയിക്കുമ്പോള്‍ സ്വാഭാവികമായും എന്തായിരിക്കും സംഭവിക്കുകയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.

കടുത്ത സാമ്പത്തികപ്രതിസന്ധിയിലുള്ള കേരളത്തെ കരയേറ്റാന്‍ എന്താണ് പരിഹാരം

സഹകരണമേഖല ശക്തമാണ് കേരളത്തില്‍. ഉത്പാദനവും വിപണനവും ഒന്നിച്ചുകൊണ്ടുപോവാന്‍ കഴിയണം. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നാല്‍ ഈരംഗത്ത് എന്തൊക്കെ ചെയ്യാനാവുമെന്നു കൂടിയാലോചിച്ചു തീരുമാനിക്കും.

കേരളത്തിലും ബംഗാളിലുമൊന്നും ബി.ജെ.പി. ഭരണത്തിലല്ല. എന്നിട്ടും ബി.ജെ.പി.യാണല്ലോ സി.പി.എമ്മിന്റെ മുഖ്യശത്രു

ഈസംസ്ഥാനങ്ങളില്‍ മിക്കതിലും ബി.ജെ.പി. വലിയൊരു പാര്‍ട്ടിയല്ല. തമിഴ്നാട്ടില്‍ എ.ഐ.എ.ഡി.എം.കെ.യുടെ ജൂനിയര്‍ പാര്‍ട്ണറാണവര്‍. ബംഗാളില്‍ ലോക്സഭാ തിരഞ്ഞെടുപ്പുവേളയില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേ സാധ്യമായ ബദല്‍ ബി.ജെ.പി.യാണെന്ന ചിന്ത ജനങ്ങളിലുണ്ടായി.

കൂടാതെ, ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസുമൊക്കെ മത്സരിച്ചതു വെവ്വേറെയായിരുന്നു. എന്നാല്‍, ഇത്തവണ അങ്ങനെയല്ല.

മതമൗലികവാദിയെന്നു വിമര്‍ശിക്കപ്പെടുന്ന അബ്ബാസ് സിദ്ദീഖിയുമായി ബംഗാളില്‍ സി.പി.എം. സഖ്യമുണ്ടാക്കി. അതു തിരിച്ചടിയാവില്ലേ

മതേതരത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ വിശ്വാസ്യത ആര്‍ക്കും ചോദ്യംചെയ്യാവുന്ന ഒന്നല്ല. ഭൂരിപക്ഷവര്‍ഗീയതയെയും എല്ലാതരം മതമൗലികവാദത്തെയും എതിര്‍ത്തുപോരുന്നവരാണ് ഞങ്ങള്‍. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് എന്നാണ് അബ്ബാസ് സിദ്ദീഖി രൂപവത്കരിച്ച പാര്‍ട്ടിയുടെ പേര്.

ആദിവാസിവിഭാഗക്കാരനാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ അധ്യക്ഷന്‍. പിന്നെ, അദ്ദേഹത്തിന്റെ മതവിശ്വാസം വ്യക്തിപരമായ കാര്യമാണ്. കേരളത്തില്‍ വലിയൊരു വിഭാഗം വിശ്വാസികളെ പ്രതിനിധാനംചെയ്യുന്നവരല്ലേ മുസ്ലിംലീഗ്. അവരുമായി ഞങ്ങള്‍ മുമ്പു സഹകരിച്ചിട്ടുണ്ടല്ലോ. അതിനാല്‍, വ്യക്തിപരമായ മതവിശ്വാസം വേറെ, രാഷ്ട്രീയം വേറെ. രണ്ടിനെയും രണ്ടായി കാണണം.

ബംഗാളില്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നു..ഇവിടെ നിങ്ങള്‍ എതിരാളികള്‍?

നല്ല പക്വമതികളാണ് കേരളത്തിലെ വോട്ടര്‍മാര്‍. 2004-ലെ അനുഭവം നോക്കൂ. അന്നത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ ബി.ജെ.പി.യെയും വാജ്‌പേയിസര്‍ക്കാരിനെയും തടഞ്ഞുനിര്‍ത്താന്‍ മതേതര-ജനാധിപത്യമുന്നണിയെ പിന്തുണയ്ക്കുമെന്ന് സി.പി.എം. പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. കോണ്‍ഗ്രസുംകൂടി ഉള്‍പ്പെട്ടതായിരുന്നു ആ മുന്നണി. സ്വാഭാവികമായും ഞങ്ങള്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് വ്യക്തമായിരുന്നു. എന്നിട്ടും കേരളത്തിലെ 20 ലോക്സഭാസീറ്റുകളില്‍ പതിനെട്ടിലും ഇടതുപക്ഷം വിജയിച്ചു. കോണ്‍ഗ്രസിന് ഒറ്റസീറ്റുപോലും നേടാനായില്ല