തിരുവനന്തപുരം: യുഡിഎഫ് പ്രവേശന കാര്യത്തില്‍ അവരുമായി ഇതുവരെ സംസാരിച്ചിട്ടില്ലെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എംഎല്‍. മുന്നണി പ്രവേശനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഒരു അഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ നടന്നിട്ടില്ല. ഇതുവരെ മുന്നണികളുമായി നേരിട്ട് ചര്‍ച്ചകള്‍ നടന്നതായി അറിവില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാകമ്മിറ്റിയുടെ എതിര്‍പ്പ് മാറിയെന്ന് കരുതുന്നുണ്ടോ?
ഞാനിതൊന്നും അന്വേഷിക്കുന്നില്ല. നമുക്കിതൊന്നും പ്രശ്നമല്ല. ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് നിന്നാണ് പൂഞ്ഞാറില്‍ നിന്ന് എംഎല്‍എ ആയത്. 28000 വോട്ടിന്റെ ഭൂരിപക്ഷവുമുണ്ട്. അതുകൊണ്ട് സീറ്റിന്റെ കാര്യത്തില്‍ ഞാന്‍ ആരുമായും ചര്‍ച്ച ചെയ്യുന്ന പ്രശ്നമില്ല. ഇത്തവണയും മത്സരിക്കും, എംഎല്‍എ ആവുകയും ചെയ്യും.
ഷോണ്‍ ജോര്‍ജ് മത്സരിക്കുമോ?
ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചിട്ട് ആറുമാസം കഴിഞ്ഞില്ല. അന്ന് വോട്ട് തന്ന് ജയിപ്പിച്ച ജനങ്ങളോടുള്ള കടപ്പാട് നിറവേറ്റണ്ടെ എന്നാണ് അയാള്‍ ചോദിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം എന്ന നിലയില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചതിന് ശേഷം എംഎല്‍എ ആകാന്‍ മത്സരിക്കുന്നതല്ലെ ന്യായം എന്നാണ് ഷോണ്‍ ജോര്‍ജ് പറയുന്നത്.
ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച സ്ഥിതിക്ക് ആ ജനങ്ങളോട് നന്ദിയുടെ പ്രശ്നമുണ്ട്. അങ്ങനെയുള്ളപ്പോള്‍ ഷോണ്‍ ജോര്‍ജിന്റെ തീരുമാനത്തെ കുറ്റംപറയാന്‍ സാധിക്കില്ല. അതുകൊണ്ട് അക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കേണ്ടതുണ്ട്.
യുഡിഎഫിലേക്ക് പോകണമെന്ന് നേരത്തെ തീരുമാനം വന്നിരുന്നല്ലോ?
അങ്ങനെയല്ല, പാര്‍ട്ടി കമ്മിറ്റി കൂടിയപ്പോള്‍ 60 ശതമാനം ആളുകള്‍ യുഡിഎഫിനൊപ്പം ചേരണമെന്ന് പറഞ്ഞു. മറ്റ് ചിലര്‍ എല്‍ഡിഎഫുമായി സഹകരിച്ച് പോകുന്നതാണ് നല്ലതെന്ന പറയുന്നു. അതുമല്ല എന്‍ഡിഎയില്‍ പോണമെന്ന് അഭിപ്രായം പറഞ്ഞ ആളുകളുമുണ്ട്. അതുകൊണ്ടാണ് ഒരു അഡ്ഹോക് കമ്മിറ്റിയെ വെച്ചത്. അതിന്റെ തീരുമാനം വന്നിട്ടില്ല. അടുത്ത ആഴ്ച അതിന്റെ യോഗം കൂടും.
ജനപക്ഷം യുഡിഎഫിലേക്ക് വരുന്നത് മുന്നണിയെ ശക്തിപ്പെടുത്തുമോ?
അത് യുഡിഎഫ് ആണ് ചിന്തിക്കേണ്ടത്. ഞാനല്ല അതിന് മറുപടി നല്‍കേണ്ടത്.
ജോസ്.കെ. മാണി പാലായില്‍ മത്സരിച്ചാല്‍ അവിടെ മത്സരിക്കുമോ?
ജോസ്.കെ. മാണിയെ പാലായില്‍ തോല്‍പ്പിക്കണമെന്ന ആഗ്രഹം എനിക്കുണ്ട്. ജോസ്.കെ. മാണിയുടെ പാര്‍ട്ടി തന്നെ രണ്ടാകാന്‍ പോവുകയാണ്. എല്‍ഡിഎഫിലേക്ക് പോയതില്‍ എതിര്‍പ്പുള്ള ഒരു വിഭാഗം ഉണ്ട്. അവരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ക്ക് എല്‍ഡിഎഫില്‍ പോയതില്‍ വലിയ ടെന്‍ഷന്‍ ഉണ്ടെന്നാണ് കരുതുന്നത്.
ജോസ്. കെ. മാണിയും വെള്ളത്തിലായിരിക്കുകയാണ്. സരിത കേസ് സിബിഐയക്ക് വിട്ടതോടെ അതിലെ ഒരു പ്രതി ജോസ് കെ മാണിയാണ്. 2013ലും 14ലും 17ലും ഒക്കെ ഇട്ട പല എഫ്ഐആറിലും പ്രതിയാണ് ജോസ്. കെ. മാണി. അങ്ങനെയുള്ളപ്പോള്‍ സിബിഐ അന്വേഷണം വരുന്നതില്‍ ഉത്തരം പറയേണ്ടതുണ്ട്.
യുഡിഎഫ് പ്രവേശനത്തില്‍ എന്തെങ്കിലും പ്രതീക്ഷയുണ്ടോ?
അങ്ങനെയൊന്നും ചിന്തിക്കുന്നുപോലുമില്ല. അവര്‍ക്ക് വേണ്ടെങ്കില്‍ ഞങ്ങള്‍ക്കും വേണ്ട. ഇപ്പോള്‍ പൂഞ്ഞാറിലെ ഒരു സീറ്റല്ലെയുള്ളു. അവിടെ ജയിക്കാന്‍ കോണ്‍ഗ്രസോ കമ്മ്യൂണിസ്റ്റുകാരോ ആരും വേണ്ട. അതുകൊണ്ട് ആരുടെയും കാലുപിടിക്കേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല.
എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരുമെന്ന് കരുതുന്നുണ്ടോ?
എല്‍ഡിഎഫിന്റെ രണ്ടാം വരവിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. പക്ഷെ സരിത കേസ് വീണ്ടും കൊണ്ടുവന്നത് പിണറായിക്ക് പാരയാകുമെന്നാണ് എന്റെ വിലയിരുത്തല്‍. നാലേമുക്കാല്‍ കൊല്ലം ഭരിച്ചിട്ട് ഉണ്ടാകാത്ത ആവേശം ഇക്കാര്യത്തില്‍ ഇപ്പോഴെങ്ങനാണ് ഉണ്ടായത്. ഇക്കാര്യത്തില്‍ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരില്ലെ. ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ രൂക്ഷമായാണ് പ്രതികരിച്ചത്. ഇതുരണ്ടും താരതമ്യം ചെയ്യുമ്പോള്‍ ജനം യുഡിഎഫിനൊപ്പമാകുമെന്നാണ് കരുതുന്നത്.
സ്വപ്ന കേസ് വന്ന സമയത്ത് അതിനൊരു മറുപണി ഇരുന്നോട്ടെ എന്ന് കരുതി ചെയ്തതാണ്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിന് പുറമെ വേറെ ഏതെങ്കിലും സ്ഥലങ്ങളില്‍ മത്സരിക്കുന്നുണ്ടോ?
ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒറ്റക്കാണെങ്കിലും 15 സീറ്റുകളില്‍ മത്സരിക്കണമെന്ന അഭിപ്രായമാണ് വന്നത്. ചിലര്‍ അഞ്ച് സീറ്റുമതിയെന്നും പറയുന്നു. ഇപ്പോ 15 സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്.
ബിജെപി ഇത്തവണ എത്ര സീറ്റ് പിടിക്കുമെന്ന് കരുതുന്നു?
മൂന്ന് സീറ്റ് വരെ അവര്‍ക്ക് കിട്ടാമെന്നാണ് ഞങ്ങള്‍ കണക്കുകൂട്ടുന്നത്.
ബിജെപി- എല്‍ഡിഎഫ് നീക്കുപോക്കെന്ന ആരോപണമുണ്ടല്ലോ, അതേപ്പറ്റി എന്താണ് അഭിപ്രായം
അങ്ങനെയല്ല, ബിജെപിക്ക് ഒരു പ്ലാനുണ്ട്. ഒരുതവണ കൂടി സിപിഎം അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നുപോകുമെന്നും അവര്‍ വലിയ ശക്തിയായി വളരുമെന്നുമാണ് ബിജെപി കരുതുന്നത്. അതൊരു സത്യമാണ്. ഒരുതവണകൂടി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസ് കാണില്ല.
കോണ്‍ഗ്രസിനൊപ്പമുള്ള ഹിന്ദു വിഭാഗം ബിജെപിയിലേക്ക് വരുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. മാത്രമല്ല നോര്‍ത്ത് ഈസ്റ്റ് ഉള്‍പ്പെടെ ക്രിസ്തുമത വിശ്വാസികള്‍ കൂടുതലുള്ള സംസ്ഥാനങ്ങളിലെല്ലാം ബിജെപി ഭരണത്തിലാണല്ലോ. അങ്ങനെ വരുമ്പോള്‍ ആ വഴിക്കും ഒരു നീക്കം നടത്താം എന്നവര്‍ കരുതുന്നുണ്ട്.
യുഡിഎഫ് എന്ന് പറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രചരിപ്പിക്കുകയാണ്. യുഡിഎഫ് വന്നാല്‍ അതില്‍ മുസ്ലീം ലീഗിന് പ്രാധാന്യം കൂടുമെന്ന് അവര്‍ കരുതുന്നു. ഇത്തരത്തിലൊരു പ്രചാരണം ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിക്കിടയില്‍ ഭയങ്കരമായി നടക്കുന്നുണ്ട്.
പിണറായിയെ പോലൊരു കമ്മ്യൂണിസ്റ്റ് നേതാവ് ഇതുപോലെ വര്‍ഗീയത ഉണ്ടാക്കിയത് സങ്കടകരമായ കാര്യമാണ്. ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അത് വലിയതോതില്‍ സ്വാധീനം ചെലുത്തിയെന്നാണ് മനസിലാക്കുന്നത്. യുഡിഎഫ് വന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ ഭരണമാണ്, നമ്മള്‍ തകര്‍ന്നുപോകുമെന്നൊക്കെയാണ് അവര്‍ കരുതുന്നത്.
മാത്രമല്ല വിദ്യാഭ്യാസ വകുപ്പ് സ്ഥിരമായി കഴിഞ്ഞ 20 കൊല്ലമായി മുസ്ലീം മതസ്ഥരാണ് കൈകാര്യം ചെയ്യുന്നതെന്ന വികാരവും അവരില്‍ പ്രചരിക്കുന്നുണ്ട്. ക്രിസ്ത്യാനികളെ തകര്‍ക്കാന്‍ ബുദ്ധിപൂര്‍വമുള്ള നീക്കമാണെന്നാണ് പ്രചരിക്കുന്നത്. സത്യത്തില്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയിലാണ്. എന്നിട്ടും അവരുടെ വിഭാഗത്തില്‍ നിന്നൊരാള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിട്ടില്ല എന്നൊരു വിചാരവുമുണ്ട്. മാത്രമല്ല ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന വകുപ്പാണ് തദ്ദേശ ഭരണ വകുപ്പ്, അത് സ്ഥിരമായി മുസ്ലീമിന്റെ കൈയിലാണെന്നും പ്രചരിക്കുന്നു. ഈയൊരു തരത്തിലുള്ള വര്‍ഗീയതയാണ് നാട്ടില്‍ പടരുന്നത്.
പക്ഷെ ഇതിനൊക്കെ മുഖ്യ ഉത്തരവാദി പിണറായി തന്നെയാണ്. അനവസരത്തിലുള്ള അദ്ദേഹത്തിന്റെ പ്രസ്താവനകളാണ് ഇത്തരം വികാരങ്ങളെ ഇളക്കിവിട്ടിരിക്കുന്നത്.
സഭാ നേതാക്കളുമായുള്ള മോദിയുടെ കൂടിക്കാഴ്ച ബിജെപി തന്ത്രമാണോ
മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍പിള്ളയാണ് ഇതിന്റെ മധ്യസ്ഥന്‍. ചര്‍ച്ച വിജയകരമായി നടക്കുന്നുവെന്നാണ് കരുതുന്നത്. സ്വാഭാവികമായും ബിജെപിക്ക് പിന്തുണയുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മോദി പിന്നെ സ്വര്‍ഗം കിട്ടാനാണോ ഇതൊക്കെ കാണിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍, ഗോവ ഇവിടെയൊക്കെ ബിജെപിയുടെ കൈയിലാണ്. അവരുടെ പ്രചാരണമൊക്കെ കേരളത്തില്‍ ഏല്‍ക്കുന്നുണ്ട്.
Content Highlight: Interview with PC George MLA ; kerala assembly election 2021