കേരള രാഷ്ട്രീയത്തില്‍ ഒറ്റയാനാണ് പി.സി ജോര്‍ജ്ജ്.  കേരളത്തിലെ ശക്തരായ മുന്നണികളോട് പടപൊരുതി ഒറ്റയ്ക്ക് പൂഞ്ഞാറില്‍ നിന്ന് വിജയിച്ചയാള്‍. അതുകൊണ്ട് തന്നെ കേരളത്തിന് പൂഞ്ഞാറെന്നാല്‍  പി.സി ജോര്‍ജ്ജാണ്. 

പി.സി ജോര്‍ജ്ജിന്റെ കാര്യത്തില്‍ പാര്‍ട്ടി, മുന്നണി സംവിധാനങ്ങള്‍ക്ക് പ്രസക്തിയില്ല. പി.സി ജോര്‍ജ്ജെന്ന വ്യക്തിക്കാണ് പ്രധാന്യം.  ഇത്തവണയും പൂഞ്ഞാറില്‍ ഒറ്റയ്ക്ക് നിന്ന് ഇടതു വലതു മുന്നണികളോട് പടപൊരുതി വിജയിക്കാനാകുമെന് പി.സി ജോര്‍ജ്ജ് ഉറച്ചുവിശ്വസിക്കുന്നു. പ്രചാരണത്തിരക്കിനിടയില്‍ പി.സി ജോര്‍ജ്ജ് മാതൃഭൂമി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന് 
 
ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ സാഹചര്യത്തില്‍ ശക്തമായ ചതുഷ്‌കോണ മത്സരമല്ലേ പൂഞ്ഞാറില്‍ നടക്കുക ?

അങ്ങനെ പറയാന്‍ പറ്റില്ല. അത് തെറ്റാണ്. കാരണം പൂഞ്ഞാറില്‍ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. ബിഡിജെഎസ് ആണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ബിഡിജെഎസിന് സ്ഥാനാര്‍ഥിയുണ്ടെങ്കിലും ബിജെപി പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.

ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞിരിക്കുന്നയാള്‍ ഹൈസ്‌കൂള്‍ അധ്യാപകനാണ് അങ്ങനെ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പറ്റില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്.  അല്ലെങ്കില്‍ അദ്ദേഹം രാജിവെച്ചിട്ട് മത്സരിക്കേണ്ടിവരും അങ്ങനെ ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

ബിജെപി പിന്തുണ പ്രതീക്ഷിക്കുന്നുണ്ടോ

ശബരിമല വളരെ പ്രധാനപ്പെട്ടൊരു പ്രശ്‌നമാണ്. ആ പ്രശ്‌നത്തിലുടനീളം മുന്‍പന്തിയില്‍ നിന്നയാളാണ് ഞാന്‍. വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കാന്‍ യുദ്ധം ചെയ്‌തൊരു വ്യക്തിയെന്ന നിലയില്‍ പൂഞ്ഞാറിലെ ഹൈന്ദവ സമൂഹം എന്നെ സ്‌നേഹിക്കുന്നുണ്ട്. ആ നിലയ്ക്ക് ബിജെപി അനുകൂലമായൊരു നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂഞ്ഞാറിലെ എല്ലാ സഭകളും നമ്മള്‍ക്ക് അനുകൂലമാണ്. 

പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ പോകുന്നു  

മുണ്ടക്കയം പഞ്ചായത്തിലാണ് ഇപ്പോള്‍ പ്രചാരണം നടത്തുന്നത്. ഇന്നലെ  കടകളില്‍ മുഴുവന്‍ കയറിയിറങ്ങി. കന്യാസ്ത്രീ മഠങ്ങളും പള്ളികളും അമ്പലങ്ങളിലുമെല്ലാം കയറി ഇറങ്ങുന്നുണ്ട്. എല്ലാവരില്‍ നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്. മുണ്ടക്കയം ഓര്‍ത്തഡോക്‌സ് പള്ളിയിലെത്തി കമ്മറ്റിക്കാരുമായി ചര്‍ച്ച നിര്‍ത്തി. ക്ഷേത്ര ഭാരവാഹികളുമായും വിവിധ സഭാ പ്രതിനിധികളുമായും ചര്‍ച്ച നടത്തും. 

മകന്‍ രാഷ്ട്രീയത്തില്‍ സജീവമാണ് ഭാവിയില്‍ മരുമകളെയും പ്രതീക്ഷിക്കാമോ

പാര്‍വ്വതി ഇപ്പോള്‍  അവരുടെ വീട്ടില്‍  പോയിരിക്കുകയാണ്.  തിരിച്ചുവന്നുകഴിഞ്ഞാല്‍  പ്രചാരണ രംഗത്തുണ്ടാകും. മകന്‍ ഷോണ്‍ ജില്ലാ പഞ്ചായത്ത് മെമ്പറാണ്. ഭാര്യ പാര്‍വ്വതിയെ പാറു എന്നാണ് ഞാന്‍ വിളിക്കുന്നത് അവളെയും നാളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരണമെന്നാണ് എന്റെ ആഗ്രഹം. ഭാര്യ ഉഷ ഒരു സര്‍ജ്ജറി കഴിഞ്ഞു വിശ്രമത്തിലാണ്. ഒരാഴ്ച കഴിഞ്ഞാല്‍ അവരും എന്നോടൊപ്പം ഉണ്ടാകും.

Content Highlight: Interview with  Pc George