കോട്ടയം: യുവത്വം, പ്രസരിപ്പ് ഇത് രണ്ടുംചേര്‍ന്നാല്‍ ജെയ്ക് സി.തോമസ് എന്ന ഇടതുപക്ഷ സ്ഥാനാര്‍ഥിയായി.

 

പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയെ രണ്ടാംവട്ടം എതിരിടാനിറങ്ങുമ്പോള്‍ ഡി.വൈ.എഫ്.ഐ.യുടെ തീപ്പൊരി നേതാവില്‍നിന്ന് ഇരുത്തംവന്ന രാഷ്ട്രീയക്കാരനായി ജെയ്ക് വളര്‍ന്നു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒരു കറക്കം പൂര്‍ത്തിയാക്കി. ഇനി കണ്‍വെന്‍ഷനുകളുടെ തുടക്കം.

പ്രചാരണത്തിരക്കിനിടയില്‍ അമയന്നൂരിലെ ഒരു ചായക്കടയിലാണ് െജയ്കിനെ കണ്ടത്. വ്യക്തികളല്ല; നിലപാടുകളാണ് ഇത്തവണ ഏറ്റുമുട്ടുന്നതെന്ന് െജയ്ക് പറയുന്നു. കട്ടന്‍ചായയുടെയും പരിപ്പുവടയുടെയും രൂചിക്കൂട്ടിനൊപ്പം രാഷ്ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് െജയ്കിന്റെ തുറന്നുപറച്ചില്‍.

ഇത്തവണയും ശക്തനായ എതിരാളി. മത്സരത്തെ എങ്ങനെ കാണുന്നു?

ഞാനുള്‍പ്പെടെയുള്ള ഇടതുപക്ഷ സ്ഥാനാര്‍ഥികളെ സംബന്ധിച്ചിടത്തോളം വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല ഇത് നിലപാടുകളും ആശയങ്ങളും തമ്മിലുള്ള മത്സരമാണ്. ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതപോലുള്ള ആശയങ്ങള്‍, പിന്നെ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തെ പ്രവര്‍ത്തനം, കേരളത്തിന്റെ വികസനം സംബന്ധിച്ച കാഴ്ചപ്പാട് തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയാണ് ജനങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നത്. ഇതില്‍ വ്യക്തികള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് തോന്നുന്നില്ല. എല്ലാ സ്ഥാനാര്‍ഥികളും ശക്തരാണ്. എല്ലാവരും മത്സരിക്കുന്നത് ജയിക്കാനായിത്തന്നെയാണ്.

നേമത്തെച്ചൊല്ലി അദ്ദേഹത്തിന്റെ വീട്ടിലുണ്ടായ പ്രതിഷേധങ്ങളെ എങ്ങനെ കാണുന്നു?

നമ്മള്‍ 2021-ലാണ് ജീവിക്കുന്നത്. ലോകവും മനുഷ്യരും മാറി. ഇത് തിരിച്ചറിയാതെ എന്തെങ്കിലും കാട്ടിക്കൂട്ടിയാല്‍ അതൊക്കെ ജനം തിരിച്ചറിയും. നാട്യങ്ങളും നാടകീയതകളുമൊക്കെ ജനം വിലയിരുത്തും.

ചെറുപ്പത്തില്‍തന്നെ െജയ്കിന് അവസരം കിട്ടി; തിരഞ്ഞെടുപ്പില്‍ ചെറുപ്പക്കാരുടെ വരവിനെക്കുറിച്ച്?

ഈ മാറ്റം കേരളത്തില്‍ ആദ്യം പ്രതിഫലിപ്പിച്ചത് ഇടതുമുന്നണിയാണ്. പിണറായി വിജയന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 26. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം 21 വയസ്സുള്ള ഒരുപെണ്‍കുട്ടി നമ്മുടെ തലസ്ഥാനത്ത് മേയറായി. അന്തര്‍ദേശീയ മാധ്യമങ്ങള്‍വരെ കേരളത്തെ പുകഴ്ത്തി. പെണ്‍കുട്ടികളടക്കം ഒട്ടേറെപ്പേരെയാണ് തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം അണിനിരത്തിയത്. ഈ മാറ്റം സമൂഹം ആവശ്യപ്പെടുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായി ഈ തിരഞ്ഞെടുപ്പിലും ഒട്ടേറെ യുവാക്കള്‍ക്കാണ് പാര്‍ട്ടി അവസരം നല്‍കിയിട്ടുള്ളത്.

സാമൂഹിക മാധ്യമങ്ങളില്‍ െജയ്കിനെ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ ഏറെയുണ്ടല്ലോ. അതേക്കുറിച്ച്?

അധിക്ഷേപിക്കുന്നവരുണ്ടാകാം. പരിഹസിക്കുന്നവരുണ്ടാകാം. അവരോടൊന്നും ഞാന്‍ അതേ നാണയത്തില്‍ പ്രതികരിക്കാറില്ല. രാഷ്ട്രീയമായ പരിഹാസങ്ങളെ അതേ സ്പിരിറ്റിലെടുക്കും.

ചാനല്‍ചര്‍ച്ചകളിലൊക്കെ ഉറച്ച നിലപാട് പറയുന്നയാളാണ്. അഹങ്കാരിയാണെന്നും ചിലര്‍ക്ക് ആക്ഷേപമുണ്ടല്ലോ?

അങ്ങനെ ആരെങ്കിലും പറയുന്നുണ്ടോയെന്ന് എനിക്കറിയില്ല. എന്നോട് നേരിട്ടോ ഫോണിലോ സംസാരിച്ച ഒരാള്‍ക്കും അങ്ങനെയൊരു ആക്ഷേപമുണ്ടാകാനിടയില്ല. നമ്മള്‍ ഒരാളെ വിലയിരുത്തേണ്ടത് നമുക്കുണ്ടാകുന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലല്ലേ. എന്നോട് ഇടപെട്ട ഒരാള്‍ക്കും അത്തരമൊരു പരാതിയുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. രാഷ്ട്രീയമായോ വ്യക്തിപരമായോ ഞാന്‍ ഒരാളെയും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല.

Content Highlight: Interview with Jake C Thomas