'നവകേരളത്തിനായി എല്‍.ഡി.എഫ്. എന്ന മുദ്രാവാക്യവുമായി എല്‍.ഡി.എഫ്. വടക്കന്‍-തെക്കന്‍ ജാഥകള്‍ ആരംഭിക്കുകയാണ്. ശനിയാഴ്ച ആരംഭിക്കുന്ന വടക്കന്‍ ജാഥയെ നയിക്കുന്ന എല്‍.ഡി.എഫ്. കണ്‍വീനറും സി.പി.എം. സംസ്ഥാന സെക്രട്ടറിയുമായ എ. വിജയരാഘവന്‍ മാതൃഭൂമി പ്രതിനിധി ദീപാ ദാസിനോട് സംസാരിക്കുന്നു

വികസനമുന്നേറ്റ ജാഥ നയിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളോട് എന്താണ് പങ്കുവെക്കാനുദ്ദേശിക്കുന്നത്

ഇന്ത്യയില്‍ നാനാമേഖലയില്‍ ജനജീവിതം ഏറെ ദുസ്സഹമായ സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സാധാരണ ജനങ്ങള്‍ക്കായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്. തുടങ്ങിവെച്ച പ്രവൃത്തികളുടെ തുടര്‍ച്ച വേണ്ടതുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രധാന എതിരാളി യു.ഡി.എഫോ എന്‍.ഡി.എയോ

ഇന്നത്തെ സാഹചര്യത്തില്‍ ദേശീയ-സംസ്ഥാനതലത്തില്‍ ഈ രണ്ട് വിഭാഗവും സ്വീകരിക്കുന്ന നിലപാടുകള്‍ ജനതാത്പര്യത്തിനെതിരാണ്. മുഖ്യ എതിരാളി ആരെന്ന് ചോദിക്കുമ്പോള്‍ ബി.ജെ.പി.യും യു.ഡി.എഫും ഒറ്റക്കെട്ടായി എതിര്‍ക്കുന്നത് ഇടതുപക്ഷത്തെയാണ് എന്നുകൂടി ഓര്‍ക്കണം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.യുടേത് തീവ്ര ഹിന്ദുത്വ അജന്‍ഡയാണ്. ജനവിരുദ്ധമായ സാമ്പത്തിക നയമാണ് അവര്‍ നടപ്പാക്കുന്നത്. യു.ഡി.എഫിന് നേതൃത്വംനല്‍കുന്ന കോണ്‍ഗ്രസ് ഹിന്ദുത്വ ശക്തികളെ കരുത്തോടെ എതിര്‍ക്കുന്നില്ല. ഹിന്ദുത്വ ചിഹ്നങ്ങളെ തിരഞ്ഞെടുപ്പ് ലാഭത്തിന് ഉപയോഗിക്കാം എന്ന് കരുതുന്നവരായിരിക്കുന്നു കോണ്‍ഗ്രസുകാര്‍.

ബംഗാളിലെ സി.പി.എം.-കോണ്‍ഗ്രസ് ബന്ധമായിരിക്കില്ലേ ഇത്തവണ ബി.ജെ.പി. തിരഞ്ഞെടുപ്പില്‍ മുഖ്യ വിഷയമാക്കുക. അതിനെ എങ്ങനെ നേരിടും

ബി.ജെ.പി.യെ എതിര്‍ക്കലാണ് ദേശീയതലത്തിലെ പ്രധാന രാഷ്ട്രീയം. ബംഗാളിലെ പരിതസ്ഥിതി നമുക്കിവിടെയിരുന്ന് വിശകലനംചെയ്യാന്‍ ബുദ്ധിമുട്ടാണ്. പടിഞ്ഞാറന്‍ ബംഗാളില്‍ ബി.ജെ.പി. അധികാരത്തില്‍ വരുന്നത് ദേശീയതലത്തില്‍ തന്നെ ആപത്കരമാണ്. അതുകൊണ്ടുതന്നെ ബംഗാളിന്റെ പശ്ചാത്തലത്തിലാണ് അവിടത്തെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

യു.ഡി.എഫ്. ശബരിമല വിഷയം വീണ്ടും ചര്‍ച്ചയ്‌ക്കെടുക്കുന്നു. ഈ സാഹചര്യത്തെ എങ്ങനെ കൈകാര്യംചെയ്യും

ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമല്ലിത്. സാമൂഹിക വിഷയമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞതുമാണ്.

സര്‍ക്കാരിന്റെ അവസാനഘട്ടത്തില്‍ നേരിടേണ്ടിവരുന്ന പിന്‍വാതില്‍ നിയമനാരോപണം പ്രതിസന്ധി സൃഷ്ടിക്കില്ലേ

കാലഹരണപ്പെട്ട റാങ്ക്ലിസ്റ്റില്‍നിന്ന് നിയമനം നടത്താനാകുമോ. ഒരു റാങ്ക് ലിസ്റ്റ് വന്ന് അതു നിലനില്‍ക്കുന്ന കാലം തൊഴിലിന് അപേക്ഷിക്കാന്‍ കഴിയാത്ത നിരവധി പേരില്ലേ, കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവരില്ലേ. പരമാവധി നിയമനം ഇടതുപക്ഷ സര്‍ക്കാരാണല്ലോ നടത്തിയത്. അനധികൃത നിയമനം ഇവിടെയുണ്ടായോ. വളരെ ചെറിയ കൂലിക്ക് പത്ത് വര്‍ഷത്തിലധികം ജോലി ചെയ്തയാളെ ഒറ്റയടിക്ക് തെരുവിലേക്ക് വലിച്ചെറിയാന്‍ പറ്റുമോ.