ഇഷ്ടപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍, മുഖംവീര്‍പ്പിച്ച് നില്‍ക്കുന്ന സ്വഭാവക്കാരനല്ല താനെന്ന് സി.പി. ജോണ്‍. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ ഇങ്ങനെ പറഞ്ഞത്.

? സ്ഥാനാര്‍ഥിയായി താങ്കളുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. എന്താണ് അവസാനം സംഭവിച്ചത്

രണ്ടുതവണ മത്സരിച്ച കുന്നംകുളത്ത് ഇനിയില്ലെന്ന് നേരത്തേ പറഞ്ഞിരുന്നു. നെന്മാറ, നാട്ടിക, കുന്നംകുളം എന്നിവയായിരുന്നു സി.എം.പി. ആവശ്യപ്പെട്ടത്. അനുവദിച്ചുകിട്ടിയ നെന്മാറയില്‍ പാര്‍ട്ടിനേതാവ് സി.എന്‍. വിജയകൃഷ്ണനെ മത്സരിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഇത്തവണ എന്തായാലും ഞങ്ങളവിടെ ജയിച്ചിരിക്കും. പാര്‍ട്ടിയെന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സി.എം.പി.ക്ക് ഒരു എം.എല്‍.എ. അനിവാര്യമാണ്.

? സി.പി. ജോണിനായി മുസ്ലിംലീഗ് സീറ്റ് വിട്ടുനല്‍കുമെന്ന ശ്രുതിയുണ്ടായിരുന്നല്ലോ

അങ്ങനെയൊരു ശ്രമം നടന്നെന്നത് ശരിയാണ്. തിരുവമ്പാടിയോ കളമശ്ശേരിയോയെന്ന മട്ടില്‍ ചില ചര്‍ച്ചകളുംനടന്നു. തിരുവമ്പാടിയായിരുന്നു ആഗ്രഹിച്ചത്. ലീഗിന് പകരം ഒരുസീറ്റ് കിട്ടേണ്ടതുണ്ടായിരുന്നു. പട്ടാമ്പിക്കായിരുന്നു അവര്‍ ശ്രമിച്ചത്. തെക്കന്‍കേരളത്തിലും അവര്‍ സീറ്റ് ആഗ്രഹിച്ചു. അതിനിടെ കോണ്‍ഗ്രസും തിരുവമ്പാടി ചോദിച്ചു. ലീഗിനകത്തും ചില പിടിവലികളുണ്ടായി. മുന്നണിസംവിധാനത്തില്‍ പലസമവാക്യങ്ങളും ഒത്തുവരേണ്ടതുണ്ടല്ലോ. എന്തായാലും ആ നീക്കം നടന്നില്ലെന്നുമാത്രം. പാര്‍ട്ടിക്കുകിട്ടിയ സീറ്റില്‍ മത്സരിക്കുന്നതും മറ്റൊരു പാര്‍ട്ടിയുടെ സീറ്റില്‍ മത്സരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടല്ലോ. ഒടുവില്‍ പാര്‍ട്ടിക്കുകിട്ടിയ നെന്മാറയില്‍ വിജയകൃഷ്ണനെ ഉറപ്പിച്ചു. എനിക്ക് സീറ്റില്ലെന്നുവെച്ച് മുഖംവീര്‍പ്പിച്ച് നടക്കുന്നയാളല്ല ഞാന്‍.

? അവസരം കിട്ടാത്തതില്‍ നിരാശയുണ്ടോ?

അശേഷമില്ല. എന്നാല്‍, പല സുഹൃത്തുക്കള്‍ക്കും വലിയ പ്രയാസമുണ്ടായി. അവരത് അറിയിച്ചുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സെക്രട്ടറിമാര്‍ മത്സരിക്കുന്നത് പതിവുള്ളതല്ല. ഇപ്പോഴും സി.പി.ഐ.യിലോ സി.പി.എമ്മിലോ ആ രീതിയില്ല. അതിനുമാറ്റമുണ്ടാക്കിയത് എം.വി.ആറാണ്. അന്നത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അത് ആവശ്യവുമായിരുന്നു. ഞാന്‍ ആ രീതി മാറ്റുകയാണ്.