വ്യക്തമായ ഭൂരിപക്ഷത്തോടെ യു.ഡി.എഫ്. അധികാരത്തില്‍ തിരിച്ചെത്തുമെന്ന ഉറച്ചവിശ്വാസത്തിലാണ് സംഘടനാചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. കേരളത്തിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ആ വിജയത്തിലെ വലിയ ഘടകമാവുമെന്നും 'മാതൃഭൂമി' പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ വേണുഗോപാല്‍ പറയുന്നു

?ഈ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനം

പണവും അധികാരവും ഉപയോഗിച്ചുണ്ടാക്കിയ പ്രചാരണവും പ്രതിച്ഛായയുമാണ് ഇടതുമുന്നണിയുടേത്. അതിനെ യു.ഡി.എഫ്. മറികടന്നു. പിണറായിസര്‍ക്കാര്‍ നടത്തിയ അഴിമതിയുടെയും ഉണ്ടാക്കിയ കടക്കെണിയുടെയും യാഥാര്‍ഥ്യം ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വോട്ടിങ്ങില്‍ അത് പ്രതിഫലിക്കും.

?പക്ഷേ, അരിവിതരണത്തിന്റെയും ഭക്ഷ്യക്കിറ്റിന്റെയും കാര്യത്തില്‍ പ്രതിപക്ഷത്തിനുനേരെ വലിയ ആരോപണമാണല്ലോ

കിറ്റ് വിതരണം സര്‍ക്കാരിന്റെ സമ്മാനമോ ഔദാര്യമോ അല്ല. ദുരന്തസമയങ്ങളില്‍ എല്ലാസര്‍ക്കാരുകളും ചെയ്യുന്നതാണ്. ഒരുമാസം വൈകിപ്പിച്ച് വോട്ടെടുപ്പിന് തൊട്ടുമുമ്പ് കൊടുക്കുന്നതിനെയാണ് ഞങ്ങള്‍ ചോദ്യംചെയ്തത്. ഇന്ധനവില കൂടാന്‍ സംസ്ഥാനകേന്ദ്ര സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയ നികുതികൂടി കാരണമാണ്. ജനങ്ങളുടെ കീശയില്‍ കൈയിട്ട് കൊള്ളയടിച്ചശേഷമാണ് ഇത് ദാനമാണെന്ന മട്ടില്‍ വീമ്പടിക്കുന്നത്. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടാണ് യു.ഡി.എഫ്. ഈ തിരഞ്ഞെടുപ്പിനായുള്ള പ്രകടന പത്രിക തയ്യാറാക്കിയത്.

?എന്താണ് അതിന്റെ കാതല്‍

ഞങ്ങള്‍ മുന്നോട്ടുവെക്കുന്ന ന്യായ് പദ്ധതിതന്നെ പ്രധാനം. ആറായിരം രൂപ സാധാരണക്കാരുടെ കൈകളില്‍ എല്ലാമാസവും എത്തുന്ന ന്യായ് പദ്ധതിയോടെ വിപണിയില്‍ ചലനം ദൃശ്യമാകും. മൂവായിരം രൂപ ക്ഷേമപെന്‍ഷന്‍, കാര്‍ഷിക ബജറ്റ് എന്നിവയൊക്കെ സാധാരണക്കാരുടെ ജീവിതത്തിന് പുതിയ ഉണര്‍വാകും.

? തിരഞ്ഞെടുപ്പ് വരുമെന്നറിഞ്ഞിട്ടും ഇത്തവണയും സീറ്റിന്റെ കാര്യത്തില്‍ യു.ഡി.എഫില്‍ വലിയ പ്രശ്‌നങ്ങളുണ്ടായല്ലോ

തീയതികള്‍ പ്രഖ്യാപിച്ചത് പെട്ടെന്നായതിനാല്‍ സീറ്റ് വിഭജന ചര്‍ച്ചകളും മറ്റും നീണ്ടു. കോണ്‍ഗ്രസ് പോലൊരു ജനാധിപത്യപാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളെല്ലാം സ്വാഭാവികം. എന്നാല്‍, അതെല്ലാം തുലോം ശാന്തമായിരുന്നു. എന്നാല്‍, സി.പി.എമ്മിന്റെ പന്ത്രണ്ടോളം മണ്ഡലങ്ങളിലാണ് വലിയ കുഴപ്പമുണ്ടായത്. ഇത് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. അതിന്റെ പ്രതിഫലനവും സി.പി.എമ്മിന്റെ വോട്ടില്‍ ഉണ്ടാവും.

? ആരോടാണ് പ്രധാനമായും യുദ്ധം

ഞങ്ങളുടെ രാഷ്ട്രീയശത്രു ബി.ജെ.പി.തന്നെയാണ്. അതില്‍ സംശയമേയില്ല. എന്നാല്‍, മത്സരം പ്രധാനമായും ഇടതുമുന്നണിയുമായാണ്. കേരളത്തില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കുമെന്നാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം പശ്ചിമബംഗാളില്‍ പ്രഖ്യാപിച്ചത്. അതുതന്നെയാണ് ഇപ്പോള്‍ കേരളത്തില്‍ കാണുന്നത്. ഇവിടെ ഞങ്ങളെ തോല്‍പ്പിക്കാന്‍ ബി.ജെ.പി.യും സി.പി.എമ്മും തമ്മില്‍ രഹസ്യധാരണയുണ്ട്.

? മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് ഇടതുമുന്നണിയുടെ പ്രചാരണമത്രയും

ഒരു വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം സി.പി.എമ്മില്‍ ഇതുവരെ ഉണ്ടായിട്ടില്ല. താഴെത്തട്ടില്‍നിന്ന് ഉയര്‍ന്നതല്ല അത്. മുകളില്‍നിന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട പ്രതിച്ഛായയാണ്. കേരളം ഈയിടെ ചര്‍ച്ചചെയ്ത വിവാദങ്ങളെല്ലാം നോക്കൂ, കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള ഒത്തുകളിയായിരുന്നു എല്ലാം. സ്പ്രിങ്ഗ്‌ളര്‍ മുതല്‍ ആഴക്കടല്‍ വിവാദംവരെ ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ പങ്ക് ഇതില്‍ വ്യക്തമാണ്.

? ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് എടുത്തുപറയാവുന്ന നേട്ടം

ഞങ്ങളുടെ സ്ഥാനാര്‍ഥിപ്പട്ടികതന്നെ. പ്രശ്‌നങ്ങളെക്കുറിച്ചെല്ലാം നിങ്ങള്‍ പറയുന്നു. എന്തുകൊണ്ട് ഈ പട്ടികയുടെ മേന്മയെക്കുറിച്ച് പറയുന്നില്ല? 55 ശതമാനം പുതുമുഖങ്ങളെയാണ് ഞങ്ങള്‍ രംഗത്തിറക്കിയത്. ഒരിക്കലും സ്ഥാനാര്‍ഥികളാവുമെന്ന് കരുതിയിട്ടില്ലാത്ത, ഏറ്റവും സാധാരണക്കാരായവര്‍ വരെയുള്ള ആ പട്ടികയെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.

? എന്തായിരിക്കും ബി.ജെ.പി.യുടെ പ്രകടനം

ഇന്നുള്ള ഒരു സീറ്റുപോലും അവര്‍ക്ക് കിട്ടില്ല. സി.പി.എമ്മുമായുള്ള രഹസ്യധാരണപോലും ബി.ജെ.പി.ക്ക് നേട്ടമുണ്ടാക്കില്ല.