കോഴിക്കോട്: നേമത്ത് മത്സരിക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതിന്  സന്നദ്ധനായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം.പിയുമായ ശശി തരൂര്‍. ''നേമം നിയമസഭ മണ്ഡലത്തില്‍ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ നോ പറയില്ലായിരുന്നു.'' യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരാണാര്‍ത്ഥം മലപ്പുറത്തെത്തിയ ശശി തരൂര്‍ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിമുഖത്തിന്റെ ആദ്യ ഭാഗം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേമം കൈവിട്ടു പോയത് കോണ്‍ഗ്രസിന്റെ പിടിപ്പുകേടു കൊണ്ടാണെന്ന ആരോപണം സി.പി.എം. ഉയര്‍ത്തിയിരുന്നു. ഇതിനെ നേരിടുന്നതിനാണ് കെ. മുരളീധരനെ കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. പക്ഷേ, ഒരു ഘട്ടത്തില്‍ താങ്കളുടെ പേരും സജീവമായി കേട്ടിരുന്നു. എപ്പോഴെങ്കിലും പാര്‍ട്ടി ഈ ആവശ്യവുമായി താങ്കളെ സമീപിച്ചിരുന്നോ?

ഇല്ല. ഒരു ഘട്ടത്തിലും പാര്‍ട്ടി നേതൃത്വം ഇങ്ങനെയൊരു കാര്യം എന്നോട് സംസാരിച്ചിട്ടില്ല. മാദ്ധ്യമങ്ങളില്‍ ഇക്കാര്യം ചര്‍ച്ചയായി എന്നത് ശരിയാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റോ സംസ്ഥാന നേതൃത്വമോ ഇതിനായി എന്നോട് ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഇങ്ങനെയൊരാഗ്രഹം പാര്‍ട്ടിയുമായി പങ്കുവെച്ചിട്ടുമില്ല. പക്ഷേ, പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ ഞാന്‍ പറ്റില്ല എന്നു പറയുമായിരുന്നില്ല. പാര്‍ട്ടിയുടെ ഏതാവശ്യവും അംഗീകരിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. അങ്ങിനെ ചെയ്യുകയും ചെയ്യും. നിലവില്‍ പാര്‍ട്ടി എന്നെ ചില ദൗത്യങ്ങള്‍ ഏല്‍പിച്ചിട്ടുണ്ട്. ഞാന്‍ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ്. ഈ ജോലികള്‍ ഞാന്‍ നിറവേറ്റി കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് ഞാന്‍ തിരിച്ചുവന്നത് കേരളത്തിലേക്കാണ്. ഇവിടെയായിരിക്കും എന്റെ റിട്ടയര്‍മെന്റ് കാലമെന്ന് ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തില്‍ എന്ത് ദൗത്യം ഏറ്റെടുക്കാനും പാര്‍ട്ടി പറഞ്ഞാല്‍ അതിന് ഞാന്‍ തയ്യാറാണ്. നിലവില്‍ നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിട്ടുള്ളത്. നേമം കോണ്‍ഗ്രസിനായി തിരിച്ചുപിടിക്കാന്‍ കെല്പുള്ള നേതാവാണ് മുരളീധരന്‍. അദ്ദേഹം അത് കൈവരിക്കുകയും ചെയ്യും.

ഐക്യരാഷ്ട്ര സംഘടനയില്‍നിന്നു തിരിച്ചു വന്നപ്പോള്‍ മൂന്നു പ്രധാന പാര്‍ട്ടികളും  സമീപിച്ചിരുന്നുവെന്ന് താങ്കള്‍ ഇടയ്ക്ക് സൂചിപ്പിച്ചിരുന്നു. ഈ പാര്‍ട്ടികളില്‍ കോണ്‍ഗ്രസിനെ തിരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം?

യു.എന്നില്‍നിന്ന് തിരിച്ചെത്തിയപ്പോള്‍ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എമ്മും എന്നെ സമീപിച്ചിരുന്നു. നേരത്തെ ഒരു സ്വകാര്യ വ്യക്തി എന്ന നിലയില്‍ ഈ മൂന്നു പാര്‍ട്ടികളെയും ഞാന്‍ വിമര്‍ശിച്ചിട്ടുണ്ട്. പക്ഷേ, ഏതു പാര്‍ട്ടിയില്‍ ചേരണമെന്ന ചോദ്യം വന്നപ്പോള്‍ ഞാന്‍ തിരഞ്ഞെടുത്തത് കോണ്‍ഗ്രസാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരാതിരുന്നതിന് കാരണം അവരുടെ പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടു എന്ന തിരിച്ചറിവാണ്. ലോകത്തൊരിടത്തും ഇന്നിപ്പോള്‍ മാര്‍ക്‌സിസത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടികളില്ല. ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെങ്കിലും അവര്‍ പിന്തുടരുന്നത് ക്യാപ്പിറ്റലിസമാണ്. വര്‍ഗീയതയാണ് ബി.ജെ.പിയെ എന്നില്‍നിന്നും അകറ്റിയത്. വര്‍ഗീയതയുമായി ഒത്തുപോവാന്‍ എനിക്കാവില്ല. ഞാന്‍ ഹിന്ദു മതവിശ്വാസിയാണ്. പക്ഷേ, അത് ഹിന്ദുത്വയല്ല. വിശ്വാസം എന്റെ വ്യക്തിപരമായ കാര്യമാണ്. വര്‍ഗീയതയില്ലെന്നതും സാമ്പത്തിക നയങ്ങളുമാണ് എന്നെ കോണ്‍ഗ്രസിലേക്കടുപ്പിച്ചത്. അടിയന്തരവാസ്ഥയുടെ അദ്ധ്യായമൊക്കെ അടച്ചുവെച്ച് ജനാധിപത്യത്തിലേക്ക് തിരിച്ചുവന്ന പാര്‍ട്ടി. എല്ലാവര്‍ക്കും വേണ്ടി നിലക്കൊള്ളുന്ന പാര്‍ട്ടി. കോണ്‍ഗ്രസിലായിരിക്കും ഞാന്‍ പ്രവര്‍ത്തിക്കുക എന്ന് തീരുമാനമുണ്ടായത് അങ്ങിനെയാണ്.

പക്ഷേ, അന്ന് ആദ്യമായി ലോക്സഭയിലേക്ക് മത്സരിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് വലിയ നിശ്ചയമുണ്ടായിരുന്നില്ല. എനിക്ക് അതിനുമുമ്പ് ഒരു ലോക്സഭാ തിരഞ്ഞെടുപ്പ് അനുഭവമുണ്ടായിരുന്നില്ല. ഞാന്‍ 19-ാം വയസില്‍ ഇന്ത്യ വിട്ടതാണ്. അന്ന് വോട്ടിങ് പ്രായം 21 ആയിരുന്നു. എന്റെ കന്നി വോട്ട് ഞാന്‍ എനിക്ക് തന്നെയാണ് ചെയ്തത്.
 
താങ്കളുടെ ഹിന്ദു മതവിശ്വാസവുമായി ബന്ധപ്പെട്ട് ചില വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. മൃദുഹിന്ദുത്വയാണ് താങ്കളുടേതെന്നായിരുന്നു മുഖ്യവിമര്‍ശം?

ഒരിക്കലുമില്ല. ഇക്കാര്യം വ്യക്തമാക്കാനാണ് ഞാന്‍ ഒരു പുസ്തകം തന്നെ എഴുതിയത്. ഹിന്ദുത്വ ഒരു പൊളിറ്റിക്കല്‍ ഐഡിയോളജിയാണ്. നമ്മുടെ ഭരണഘടന പറയുന്നത്‌ ഈ പ്രദേശമാണ് ഇന്ത്യ. ഇവിടെ ജനാധിപത്യ വ്യവസ്ഥയാണുള്ളത്. അവിടെ ജാതിയും മതവും ഭാഷയും നിറവുമൊന്നും പ്രശ്നമല്ല. ഏതു പൗരനും  ഒരു വിവേചനവുമില്ലാതെ ജിവിക്കാം. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്ര വിശാരദരായ സവര്‍ക്കര്‍, ഗോള്‍വാള്‍ക്കര്‍, ദീന്‍ദയാല്‍ ഉപാദ്ധ്യായ എന്നിവര്‍ ഭരണഘടന നിലവില്‍ വന്നപ്പോള്‍ അതിനെ നിരാകരിച്ചവരാണ്. അവര്‍ പറഞ്ഞത് ഇതു ശരിയല്ലെന്നാണ്. അവരുടെ ചിന്താപദ്ധതിയനുസരിച്ച് ഒരു പ്രദേശമല്ല ഇന്ത്യ. ജനങ്ങളാണ് രാജ്യമെന്നും ഇന്ത്യ ഹിന്ദുക്കളുടെ രാഷ്ട്രമാണെന്നുമാണ് അവര്‍ പറഞ്ഞത്. ഇതുമായി എനിക്കൊരു ബന്ധവുമില്ല. ഹിന്ദുയിസം എന്റെ വ്യക്തിപരമായ വിശ്വാസമാണ്. എന്റെ രാഷ്ട്രീയവിശ്വാസം നേരെ തിരിച്ചാണ്. സ്വാമി വിവേകാനന്ദന്‍ എന്നെ പഠിപ്പിച്ചതാണിത്. താങ്കളുടെ വിശ്വാസം ഞാന്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അതുപോലെ താങ്കളും എന്റെ വിശ്വാസത്തെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാല്‍ താങ്കള്‍ ഉള്‍പ്പെടെയുള്ളവരെ അദ്ദേഹം തോല്‍പിക്കുമെന്ന് കുറച്ചു മുമ്പ് വിദ്യാര്‍ത്ഥികളുമായി നടത്തിയ സംവാദത്തില്‍ താങ്കള്‍ പറയുകയുണ്ടായി. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു മത്സരമുണ്ടാവുന്നത് നല്ലതായിരിക്കുമെന്ന സൂചനയാണോ ഇതിലുള്ളത്?

രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ അദ്ദേഹത്തിന്റെ വിജയം ഉറപ്പാണ്. നാളെ എ.ഐ.സി.സി. അദ്ധ്യക്ഷ സ്ഥാനത്തേക്ക് തുറന്ന മത്സരമുണ്ടായാല്‍ ആരെതിരു നിന്നാലും അദ്ദേഹം വമ്പിച്ച ഭൂരിപക്ഷത്തോടെ ജയിക്കും. കാരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അത്രയും പ്രിയങ്കരനാണ്. പാര്‍ട്ടിക്കും രാജ്യത്തിനും വേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും അവഗണിക്കാനാവില്ല. ഇനി അഥവാ രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നില്ലെന്ന് തീരുമാനിച്ചാല്‍ ഒരു തിരഞ്ഞെടുപ്പുണ്ടായേക്കാം. എന്തായാലും പാര്‍ട്ടി നേതൃത്വം പറഞ്ഞിരിക്കുന്നത് മെയ് രണ്ടിന് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ എ.ഐ.സി.സി.വിളിക്കുമെന്നാണ്.  അത് മെയ് അവസാനമോ ജൂണ്‍ തുടക്കത്തിലോ ആവാം. അഞ്ച് വര്‍ഷത്തേക്കാണ് രാഹുല്‍ ഗാന്ധിയെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നേരത്തെ തിരഞ്ഞെടുത്തിരുന്നത്. ഇനിയിപ്പോള്‍ അതില്‍ ഒന്നരക്കൊല്ലം ബാക്കിയുണ്ട്. രാഹുല്‍ ഗാന്ധി തിരിച്ചു വരുന്നില്ലെങ്കില്‍ ഈ കാലത്തേക്ക് ഒരദ്ധ്യക്ഷനെ തിരഞ്ഞെടുക്കേണ്ടി വരും. ഇതുവരെ രാഹുല്‍ ഗാന്ധി അദ്ദേഹത്തോട് അടുപ്പമുള്ളവരോട് പറഞ്ഞിട്ടുള്ളത് അദ്ദേഹത്തിന് തിരിച്ചുവരാന്‍ താല്‍പര്യമില്ലെന്നാണ്.

ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊതുവെ നിരാശയിലാഴ്ത്തിയിരുന്നു. രാഹുലിന്റെ രാജി താങ്കള്‍ക്ക് എങ്ങിനെയാണ് അനുഭവപ്പെട്ടത്?

തീര്‍ച്ചയായും! വലിയ നിരാശയായിരുന്നു. ഞങ്ങള്‍ എം.പിമാരുടെ ഇടയില്‍ അത് വലിയ ചര്‍ച്ചയായി. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത് വലിയ കാര്യമായെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. പരാജയത്തിന്റെ ഉത്തരവാദിത്തം താങ്കള്‍ ഏറ്റെടുത്തു. പക്ഷേ, ആരാണ് അടുത്ത ഉത്തരവാദിത്തം ഏറ്റെടുക്കുക. കോണ്‍ഗ്രസിനെ വീണ്ടും വിജയത്തിലേക്ക് കൊണ്ടുവരേണ്ടതിന്റെ ഉത്തരവാദിത്തം താങ്കള്‍ക്കുണ്ട്. രാഹുല്‍ ഗാന്ധി അന്ന് രാജിവെച്ചത് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്. പക്ഷേ, ഇനിയിപ്പോള്‍ നമ്മള്‍ അതു ചര്‍ച്ച ചെയ്യേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇപ്പോള്‍ കോണ്‍ഗ്രസിനു മുന്നിലുള്ള വിഷയം അഞ്ച് തിരഞ്ഞെടുപ്പുകള്‍ ജയിക്കുക എന്നതാണ്. അതിനായി അദ്ദേഹം എല്ലാ വിധത്തിലും മുന്നിട്ടിറങ്ങിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഓടി നടന്നാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. 

നമ്മള്‍ വ്യത്യസ്ത മതവിശ്വാസങ്ങളും ചിന്താരീതികളുമുള്ളവരാണ്. ഇന്ത്യയുടെ അടിസ്ഥാന സ്വഭാവം ബഹുസ്വരതയാണ്. അങ്ങനെയൊരു ഇന്ത്യയ്ക്ക് ഏറ്റവും ഉചിതമായ പാര്‍ട്ടി കോണ്‍ഗ്രസാണ്. ബി.ജെ.പിയുടെ വര്‍ഗീയത, സി.പി.എമ്മിന്റെ 19-ാം നൂറ്റാണ്ടിലെ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം, പ്രാദേശിക പാര്‍ട്ടികളുടെ ഇടുങ്ങിയ ചിന്താഗതി ഇതൊക്കെ വെച്ചുനോക്കുമ്പോള്‍ ഇന്ത്യയെ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയുന്ന ഒരേയൊരു പാര്‍ട്ടി കോണ്‍ഗ്രസാണ്.  

(തുടരും) 

Content Highlights: I was ready to fight at Nemam assembly constituency, says Shashi Tharoor