കേരളത്തിലെ കോണ്‍ഗ്രസില്‍ തലമുറ മാറ്റം നടക്കുകയാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ദേശീയ ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. അദ്ദേഹവുമായി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...

 

കേരളത്തില്‍ പുതുമുഖങ്ങളടങ്ങിയ സ്ഥാനാര്‍ഥികളാണ് കോണ്‍ഗ്രസിന്. എത്രത്തോളം പ്രതീക്ഷയുണ്ട്

വളരെയധികം വിജയ പ്രതീക്ഷയുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുസര്‍ക്കാരിന്റെ പ്രവര്‍ത്തനം ഫലപ്രദമായിരുന്നില്ല. ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിക്കുന്നു.

കോണ്‍ഗ്രസ് പട്ടികയില്‍ സ്ത്രീ പ്രാതിനിധ്യം കുറവാണല്ലോ. സോണിയാ ഗാന്ധി അധ്യക്ഷയായിരിക്കുമ്പോള്‍...

ശരിയായിരിക്കാം. കുറച്ചുകൂടി സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നമുക്ക് സമൂഹത്തിലെ എല്ലാ വിഭാഗക്കാരെയും ഉള്‍പ്പെടുത്തേണ്ടിയിരുന്നു. അതിനാല്‍ സ്ത്രീകള്‍ക്ക് ഇത്രയേ ഇപ്പോള്‍ നല്‍കാനായുള്ളൂ. അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് സാധാരണയിലും കൂടുതല്‍ മന്ത്രിസ്ഥാനം നല്‍കാന്‍ ശ്രമിക്കും.

കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍, കെ.സി. വേണുഗോപാലാണ് ഹൈക്കമാന്‍ഡ് എന്നടക്കമുള്ള പ്രസ്താവനകളിറക്കി

എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താനാവില്ല.

സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കാന്‍ തീരുമാനമെടുത്തപ്പോഴല്ലേ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഇടഞ്ഞതും പട്ടിക നീണ്ടതും

അല്ല, കോണ്‍ഗ്രസിന് തുടക്കംമുതല്‍ ഒരു നിലപാടുണ്ടായിരുന്നു. ഇത്തവണ 50 ശതമാനം പുതുമുഖങ്ങള്‍ക്ക് നല്‍കണമെന്ന്. ഒടുവില്‍ സ്‌ക്രീനിങ് കമ്മിറ്റിയും തിരഞ്ഞെടുപ്പു കമ്മിറ്റിയും അതിനായി പരിശ്രമിച്ചു. പകുതിയോളം സീറ്റുകള്‍ വിവിധ വിഭാഗങ്ങളിലെ പുതുമുഖങ്ങള്‍ക്ക് നല്‍കി. കേരളത്തിലാദ്യമായി ഇത്തവണ കോണ്‍ഗ്രസില്‍ തലമുറമാറ്റം നടക്കുകയാണ്

കെ. ബാബുവിന് സീറ്റ് നല്‍കിയല്ലോ

അദ്ദേഹത്തിന് അഴിമതി ആരോപണത്തില്‍ ക്ലീന്‍ ചിറ്റ് ലഭിച്ചല്ലോ. അദ്ദേഹം കുറ്റക്കാരനല്ലെന്നു കണ്ടെത്തി

ഉമ്മന്‍ചാണ്ടി നേമത്തു മത്സരിക്കുമെന്ന് ആദ്യം കേട്ടു. അദ്ദേഹം പുതുപ്പള്ളി വിടുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു

ശരിയാണ്. അദ്ദേഹം നേമത്തു മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. കാരണം ബി.ജെ.പിയുടെ വളര്‍ച്ച തടയാന്‍ അത്തരത്തിലുള്ള ശക്തമായ സന്ദേശം നല്‍കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ പുതുപ്പള്ളി മണ്ഡലത്തിലുള്ളവര്‍ അദ്ദേഹത്തെ വിടാന്‍ തയ്യാറായില്ല.

ഭാവിയില്‍ പുതുപ്പള്ളി മണ്ഡലം ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന് പാര്‍ട്ടി നല്‍കുമോ

ചാണ്ടി ഉമ്മന്‍ ഇപ്പോള്‍ മത്സരിക്കുന്നില്ല. ഭാവിയില്‍ എന്താകുമെന്ന് പറയാനാവില്ല

പി.സി. ചാക്കോ കേരളത്തില്‍ എല്ലാം രണ്ടു ഗ്രൂപ്പുകള്‍ തീരുമാനിക്കുന്നു എന്നാരോപിച്ചാണ് പാര്‍ട്ടി വിട്ടത്

എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ട്. ചാക്കോ ഡല്‍ഹിയുടെ പാര്‍ട്ടിച്ചുമതല ഉണ്ടായിരുന്ന ആളാണല്ലോ. ഇപ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. ഡല്‍ഹി ചുമതലയില്‍നിന്ന് മാറ്റിയപ്പോള്‍ അദ്ദേഹം കുറച്ചു കാത്തിരിക്കണമായിരുന്നു

കേരളത്തില്‍ ഇടതുപക്ഷത്തെ എതിരിടുമ്പോള്‍ ബംഗാളിലടക്കം അവരുമായി കൂട്ടുചേരുന്നു.

ദേശീയ തലത്തില്‍ വര്‍ഗീയ-ഫാസിസ്റ്റ് ശക്തികളെ എന്തുവില കൊടുത്തും എതിര്‍ക്കണമെന്നാണ് കോണ്‍ഗ്രസ് നിലപാട്.

കേരളത്തില്‍ ബി.ജെ.പിയെ തടയേണ്ട എന്നാണോ

അക്കാര്യത്തില്‍ സി.പി.എമ്മും ചിന്തിക്കണ്ടേ. നമ്മള്‍ ശക്തമായ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് അതിനാലാണ്.

എന്തായി കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു കാര്യങ്ങള്‍. രാഹുല്‍ പാര്‍ട്ടിയുടെ തലപ്പത്ത് തിരിച്ചെത്തുമോ

തിരഞ്ഞെടുപ്പു കഴിയുന്നതോടെ സംഘടനാ തിരഞ്ഞെടുപ്പു നടപടികള്‍ തുടങ്ങും. പാര്‍ട്ടിക്കകത്ത് എല്ലാവരും രാഹുല്‍ തിരിച്ചെത്തണമെന്ന ആവശ്യക്കാരാണ്

ലതികാ സുഭാഷ് സ്വതന്ത്രയായി മത്സരിക്കുന്നു

അതു നിര്‍ഭാഗ്യകരമായി. അവര്‍ക്ക് സീറ്റു നല്‍കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവര്‍ മത്സിക്കാനാഗ്രഹിച്ച സീറ്റ് നല്‍കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായില്ല. ലതികയുമായി സംസാരിച്ച് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കും.