താന്‍ മുമ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞതിന് വ്യക്തമായ കാരണങ്ങളുണ്ടെന്ന് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഫിറോസ് കുന്നംപറമ്പില്‍. ചാരിറ്റി പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായ ഫിറോസ് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് തവനൂരില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി വരുന്നത്. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളെ കുറിച്ചും സ്ഥാനാര്‍ഥിയായി എങ്ങനെ വന്നു എന്നത് സംബന്ധിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഫിറോസ്....

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ ഫിറോസ് എങ്ങനെ സ്ഥാനാര്‍ഥിയായി...

ചാരിറ്റിയുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു തീരുമാനം.  ഞാനൊരു ലീഗ് കാരനാണെന്ന് മുമ്പ്‌ പറഞ്ഞതിന്റെ പേരില്‍ എനിക്കെതിരെ തുടര്‍ച്ചയായി സൈബര്‍ ആക്രമണങ്ങള്‍ നടന്നു. എന്നെ അക്രമിക്കുന്നവരുടെ ലക്ഷ്യം ഫിറോസ് കുന്നംപറമ്പില്‍ ചാരിറ്റി പ്രവര്‍ത്തനം നിര്‍ത്തണം എന്നാണ്. ഫണ്ടുകള്‍ വരരുത്. രോഗികള്‍ ബുദ്ധിമുട്ടണം എന്ന ചിന്താഗതിക്കാരാണ് ആക്രമണത്തിന് പിന്നില്‍. ഈ ഘട്ടത്തില്‍ ഞാന്‍ രാഷ്ട്രീയത്തിലേക്കില്ല, നിഷ്പക്ഷനായി നില്‍ക്കുന്ന ആളാണെന്നൊക്കെ ഫെയ്‌സ്ബുക്കിലൂടെ വന്ന് പറയും. പാവപ്പെട്ട രോഗികളെ സംരക്ഷിക്കാന്‍ വേണ്ടിയിട്ടാണ് അങ്ങനെ പറഞ്ഞിരുന്നത്. എന്തു തന്നെ പറഞ്ഞാല്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ പോകുന്നില്ല. എന്നാല്‍ എനിക്കെതിരായ ആക്രമണം പാവപ്പെട്ടവരെ ബാധിക്കാനും പാടില്ല.

സോഷ്യല്‍ മീഡിയ ചാരിറ്റി എത്ര കാലം നിലനില്‍ക്കുമെന്ന് പറയാനാവില്ല. ഫെയ്‌സ്ബുക്കോ സര്‍ക്കാരോ ഇത്തരം അക്കൗണ്ടുകള്‍ വേണ്ടെന്ന് വച്ചാല്‍ ആ ചാരിറ്റി പ്രവര്‍ത്തനം അവസാനിക്കും. അതുകൊണ്ട് തന്നെ അതിന് ഒരു പരിഹാരം കണ്ടെത്തണം. അതിന്റെ ഭാഗമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്. നിയമസഭയിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി കുറേ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു.

സ്ഥാനാര്‍ഥിയാകാന്‍ ഫിറോസിനെ സമീപിച്ചതാരാണ്...അതോ ഫിറോസ് അങ്ങോട്ടേക്ക് സമീപിക്കുകയായിരുന്നോ...?

കോണ്‍ഗ്രസ് നേതൃത്വമാണ് എന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടത്. അതിന് ഞാന്‍ സമ്മതം അറിയിക്കുകയായിരുന്നു.

മത്സര രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു...

എന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തവനൂര്‍ മണ്ഡലത്തില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മത്സരിക്കാനില്ല എന്നല്ല ഞാന്‍ പറഞ്ഞത്. മറ്റാരെങ്കിലും ഈ സീറ്റില്‍ പരിഗണനയില്‍ വന്നിട്ടുണ്ടെങ്കില്‍ അവരെ പരിഗണിക്കണം. ശേഷം മാത്രമേ എന്നിലേക്ക് വന്നാല്‍ മതി എന്നാണ് പറഞ്ഞത്. എന്നാല്‍ ആരും പരിഗണനയില്‍ ഇല്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചതോടെ സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിക്കുകയായിരുന്നു.

firoz
ഫിറോസ് കുന്നംപറമ്പില്‍ പ്രചാരണത്തിനിടെ

ചാരിറ്റി വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ട്...

വിവാദങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറേയില്ല. ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷമായി പറഞ്ഞ കാര്യങ്ങള്‍ തന്നെ പറഞ്ഞ് കൊണ്ട് ഒരു വിഭാഗം നടക്കുന്നുണ്ട്. സത്യത്തില്‍ രോഗികളെ അപമാനിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. എന്നെ ആക്രമിക്കാന്‍ വേണ്ടി ഓരോ വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതാണ്. അത് അതിന്റെ വഴിക്കോ പോകട്ടെ.


ഫിറോസ് ഒരു നിഷ്പക്ഷനായത് കൊണ്ടാണ് സഹായങ്ങള്‍ നല്‍കിയത് എന്ന് പറയുന്നവരുണ്ട്...

എല്ലാവര്‍ക്കും രാഷ്ട്രീയമുണ്ട്. എനിക്ക് എന്റേതായിട്ടുള്ളതും സഹായിക്കുന്നവര്‍ക്ക് അവരുടേതായതുമായ രാഷ്ട്രീയമുണ്ട്. ഫെയ്‌സ്ബുക്കില്‍ കമന്റിടുന്നവര്‍ക്ക് അതിന് മറുപടി നല്‍കുന്നവര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. രോഗികളെ സഹായിക്കുന്നത് സ്വന്തം താത്പര്യത്തിനനുസരിച്ചാണ്. വേണമെങ്കില്‍ സഹായിക്കാം അല്ലാത്തവര്‍ സഹായിക്കേണ്ടതില്ല.


എംഎല്‍എ ആകാനോ എംപി ആകാനോ ഉദ്ദേശിക്കുന്നില്ലെന്ന് മുമ്പ് ഫിറോസ് തന്നെ പറഞ്ഞിരുന്നു...

അതൊക്കെ ഓരോ സാഹചര്യമാണ്. അന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോഴുള്ളത്.


എല്‍ഡിഎഫിന്റെ ശക്തികേന്ദ്രത്തിലാണ് മത്സരിക്കുന്നത്...

അങ്ങനെ ആര്‍ക്കും ഒരു ശക്തി കേന്ദ്രമൊന്നും ഇല്ല. എല്‍ഡിഎഫിന്റെ കുത്തക കേന്ദ്രങ്ങളാണ് പാലക്കാടും ആലത്തൂരും, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രമ്യാഹരിദാസും വി.കെ.ശ്രീകണ്ഠനും ചരിത്ര വിജയം നേടി. ജനങ്ങള്‍ക്ക് ഉപകാരപ്രദമായിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നവരേയും അവരെ ചേര്‍ത്ത് പിടിക്കന്നവരേയുമാണ് ആളുകള്‍ക്ക് വേണ്ടത്. ജനങ്ങള്‍ സ്ഥാനാര്‍ഥികളെ വിലയിരുത്തി തന്നെയാകും വോട്ട് ചെയ്യുക. രാഷ്ട്രീയത്തിനും പാര്‍ട്ടിക്കുമപ്പുറം ചിന്തിക്കുന്ന ആളുകളുണ്ട്. നല്ല സ്ഥാനാര്‍ഥികളെ ജനം ഏറ്റെടുക്കും.

എതിര്‍സ്ഥാനാര്‍ഥി മലപ്പുറത്തെ സിപിഎമ്മിന്റെ മുഖമായ കെ.ടി.ജലീലാണ്...

വ്യക്തിപരമായിട്ട് ഒരാളെ ആക്ഷേപിക്കാനോ അധിക്ഷേപിക്കാനോ താത്പര്യമില്ല. അതിലേക്ക് കടക്കുകയുമില്ല.ജലീലിനെതിരാണെങ്കിലും ആരുടെ പേരിലാണെങ്കിലും വസ്തുതകളുടെ അടിസ്ഥാനത്തിലല്ലാത്ത ആരോപണങ്ങളെ മുഖവിലയ്‌ക്കെടുക്കാറില്ല. അദ്ദേഹം ചെയ്ത കാര്യങ്ങളും ഞാന്‍ ചെയ്ത കാര്യങ്ങളും ജനം വിലയിരുത്തും.

ലീഗിന്റെ നോമിനി ആയിട്ടാണോ യഥാര്‍ത്ഥത്തില്‍ ഫിറോസ് എത്തുന്നത്

അത് തെറ്റായ ആരോപണമാണ്. എന്തെങ്കിലും പറയാന്‍ വേണ്ടി ഉന്നയിക്കുന്ന ആരോപണങ്ങളാണ് ഇതെല്ലാം. ഞാന്‍ ഒരു ലീഗ് അനുഭാവിയാണെന്ന് നേരത്തെ പറഞ്ഞതാണ്. ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമായിട്ടാണ് മത്സരിക്കുന്നത്.

പ്രചാരണം വൈകിയോ..?

സ്ഥാനാര്‍ഥി പ്രഖ്യാപനം കുറച്ച് വൈകി. അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങള്‍ മാത്രമേയുള്ളൂ. എന്നെ കുറിച്ച് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല എന്നതാണ് പോസിറ്റീവായിട്ടുള്ള കാര്യം. മണ്ഡലത്തിലെ ജനങ്ങള്‍ രാഷ്ട്രീയഭേദമന്യേ ഇഷ്ടം കാണിക്കുന്നുണ്ട്. അത് ആദ്യ ദിവസങ്ങളില്‍ തന്നെ വ്യക്തമാണ്.