കോട്ടയം: തെറ്റ് ചെയ്തിട്ടില്ലെന്ന പൂര്‍ണ ബോധ്യം ഉള്ളതിനാല്‍ നിയമത്തിന്റെ മുന്നില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സിബിഐ അന്വേഷണത്തിനെതിരേ കോടതിയെ സമീപിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐയ്ക്ക് വിട്ട സർക്കാർ നടപടിയെക്കുറിച്ച് മാതൃഭൂമി ന്യൂസ് പ്രതിനിധി സീജി കടയ്ക്കലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍  

കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനത്തെ മൂന്ന് വര്‍ഷവും പിണറായി വിജയന്റെ നേതൃത്വത്തില്‍ സോളാറുമായി ബന്ധപ്പെട്ട സമരങ്ങളാണ് നടത്തിയത്. സോളാര്‍ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് അധികാരത്തില്‍ കയറിയത്. എന്നിട്ട് കഴിഞ്ഞ അഞ്ച് വര്‍ഷവും എന്തുചെയ്തു. മൂന്ന് ഡിജിപിമാര്‍ അന്വേഷിച്ചിട്ടും നടപടിയെടുക്കാന്‍ സാധിച്ചില്ല. ഒരു രാഷ്ട്രീയ മര്യാദയുമില്ലാതെ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഗവണ്‍മെന്റിന്റെയും മുഖ്യമന്ത്രിയുടെയും ദയനീയ പരാജയം ഞാന്‍ കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ട് ഞങ്ങളെ എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യാമായിരുന്നു. എന്നിട്ട് എന്തുകൊണ്ട് ചെയ്തില്ല. എഫ്‌ഐആര്‍ ഇട്ട്  രണ്ട് കൊല്ലം ആയിട്ടും നടപടി എടുത്തിരുന്നില്ല. അന്വേഷണത്തിന് ഒരു തടസവും ഇല്ലാതിരുന്നിട്ടും സര്‍ക്കാരിന് ഒരു നടപടിയും എടുക്കാന്‍ സാധിച്ചില്ല. 

തെറ്റ് ചെയ്തിട്ടില്ല എന്നത് തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ആത്മവിശ്വാസം. അതുകൊണ്ട് തന്നെ നിവര്‍ന്നുനില്‍ക്കുകയാണ്. കോടതിയില്‍ പോയാല്‍ അന്വേഷണത്തിന് തടസം നില്‍ക്കുന്നുവെന്ന് സര്‍ക്കാര്‍ ആരോപിക്കും. എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ പോകാതിരുന്നത് പോലെ സിബിഐ അന്വേഷണത്തിനെതിരെയും കോടതിയെ സമീപിക്കില്ല. 

ജോസ് കെ മാണിയ്‌ക്കെതിരെ അന്വേഷണം ഇല്ലെന്ന ആരോപണം ഉന്നയിക്കില്ല കാരണം. ഈ കേസ് മുഴുവന്‍ കള്ളക്കഥയാണ്. ഇത് സര്‍ക്കാരിന് തന്നെ തിരിച്ചടിയാകും. മുന്‍പ് ലാവ്‌ലിന്‍ കേസില്‍ ഭരണപക്ഷവും പ്രതിപക്ഷവും കുറ്റക്കാരെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ച ഉടനെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് പറഞ്ഞ് ക്യാബിനറ്റ് കൂടുകയും വേങ്ങര തിരഞ്ഞെടുപ്പിന്റെ ദിവസം  മുഖ്യമന്ത്രി നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു. കമ്മീഷന്റെ നിയമവിരുദ്ധമായ നടപടികള്‍ ചൂണ്ടിക്കാണിച്ച് ഹൈക്കോടതിയില്‍ ചോദ്യംചെയ്തപ്പോള്‍ ഹൈക്കോടതി ഞങ്ങള്‍ക്ക് അനുകൂലമായി വിധിച്ചു. 

പ്രധാനപ്പെട്ട ഒരു കത്ത് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമാക്കാന്‍ പാടില്ലെന്നും അത് നീക്കംചെയ്യണമെന്നും കോടതി ഉത്തരവിട്ടു. എന്തുകൊണ്ട്  സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ പോയില്ല. പിണറായി വിജയന്‍ മറുപടി പറയണം. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ എടുത്തിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും പിറണായി വിജയന്‍ വ്യക്തമാക്കണം.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് കൂട്ടായ നേതൃത്വം എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പ്രത്യേക സമിതി രൂപവത്കരിച്ചതെന്നും മറ്റ് രാഷ്ട്രീയ പ്രധാന്യമില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പാര്‍ട്ടി ആവശ്യപ്പെട്ടുകൊണ്ടാണ് പ്രചാരണ മേല്‍നോട്ട സമിതിയുടെ അധ്യക്ഷനാകുന്ന ദൗത്യം ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: Exclusive Interview with Oommen Chandy | CBI probe into solar rape case