കെ.പി.സി.സി വൈസ് പ്രസിഡന്റും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.സി റോസക്കുട്ടി ടീച്ചറുടെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. നിലവില്‍ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റോസക്കുട്ടി ടീച്ചര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളി്ല്‍ ഇടതുപക്ഷത്തിന്റെ വേദികളില്‍ സജീവമാണ്. റോസക്കുട്ടി ടീച്ചര്‍ സംസാരിക്കുന്നു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ആയിരുന്ന റോസക്കുട്ടി ടീച്ചറുടെ കോണ്‍ഗ്രസില്‍ നിന്നുള്ള രാജി എല്ലാവരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്താണ് രാജിയിലേക്ക് നയിച്ച കാര്യങ്ങള്‍?

കുറേ നാളുകളായി ആലോചിക്കുന്ന കാര്യമായിരുന്നു ഇത്. കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയാണ് ആദ്യത്തെ കാരണം. വര്‍ഗീയ ശക്തികളെ എതിര്‍ക്കാന്‍ ഏറ്റവും ഉത്തരവാദിത്വമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ അക്കാര്യത്തില്‍ പൂര്‍ണമായും കോണ്‍ഗ്രസ് പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഇടതുപക്ഷം വര്‍ഗീയ ശക്തികളോട് പോരാടുമ്പോഴും കോണ്‍ഗ്രസ് അവര്‍ക്ക് വളരാനുള്ള സാഹചര്യമൊരുക്കുകയാണ്. വയനാട്ടില്‍ നിന്നുള്ള ഒരു ഉദാഹരണമെടുത്താല്‍ സുല്‍ത്താന്‍ ബത്തേരി സഹരണ ബാങ്കിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ചെയ്തത് ഇതാണ്. പാവം പിടിച്ച ഒരു കോണ്‍ഗ്രസ് പ്രസിഡന്റിനെതിരെ അവിശ്വാസം കൊണ്ടുവന്നാണ് കോണ്‍ഗ്രസ് നേതൃത്വം ബി.ജെ.പിയുടെ കയ്യിലേക്ക് അധികാരം നല്‍കിയത്. ബത്തേരി മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനമല്ല കോണ്‍ഗ്രസ് നേതൃത്വം നടത്തിയത്. 

ഇപ്പോള്‍ കര്‍ഷക സമരം നോക്കു. സ്വാതന്ത്ര്യ സമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും മഹത്തായ മുന്നേറ്റമല്ലേ. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കേണ്ടിയിരുന്നത് കോണ്‍ഗ്രസ് അല്ലേ. അവിടെ കോണ്‍ഗ്രസിന്റെ അസാന്നിധ്യം വളരെ പ്രകടമല്ലേ. ഇത്തരത്തില്‍ എല്ലാ മേഖലയിലും കോണ്‍ഗ്രസ് വിട്ടുവീഴ്ച മനോഭാവത്തിലുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. ഇത്തരം കാര്യങ്ങള്‍ ഏറെ നാളുകളായി മനസ്സിലുണ്ടായിരുന്നു.

പെട്ടെന്നുള്ള രാജിക്ക് മറ്റൊരു കാരണം കൂടിയുണ്ട്. വയനാട് ചില സവിശേഷതകള്‍ ഉള്ള ജില്ലയാണ്. കാര്‍ഷിക മേഖലയിലും ജീവന്‍ സ്വത്ത് എന്നിവയിലെല്ലം വയനാട് ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. കാര്‍ഷിക പ്രശ്‌നങ്ങള്‍, ബഫര്‍ സോണിന്റെ പ്രഖ്യാപനം പ്രകൃതി ദുരന്തങ്ങള്‍ ഭൂമി പ്രശ്‌നങ്ങള്‍ അങ്ങനെ നിരവധി. നിരവധി പ്രതിസന്ധികളിലൂടെയാണ് ഓരോ വയനാട്ടുകാരനും കടന്നുപോകാറുള്ളത്. ആ പ്രത്യേക സാഹചര്യത്തില്‍ കല്‍പ്പറ്റ മണ്ഡലത്തില്‍ വയനാട്ടുകാരനായ ഒരു സ്ഥാനാര്‍ഥി ഉണ്ടാകണമെന്ന് ഞങ്ങള്‍ പാര്‍ട്ടിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കപ്പെട്ടില്ല. ഇത് ഇപ്പോള്‍ മാത്രം ഉണ്ടായതല്ല. നിരന്തരമായി വയനാട്ടുകാരെ അവഗണിക്കുന്ന അവസ്ഥയാണുള്ളത്. വയനാട്ടുകാരുടെ നേരെ എന്ത് നിലപാട് സ്വീകരിച്ചാലും അവര്‍ പ്രതികരിക്കില്ല എന്നൊരു ധാരണ പൊതുവെയുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ഇതാണ് കണ്ടത്. വയനാടുമായി ഒരു ബന്ധവുമില്ലാത്തവരെ സ്ഥാനാര്‍ഥികളാക്കി വിജയിപ്പിക്കും അവര്‍ വയനാടിന് വേണ്ടി ഒന്നും ചെയ്യില്ല. കേവലം പ്രതീകാത്മക സമരങ്ങളും മറ്റും നടത്തി നമ്മളെ കബളിപ്പിച്ചുകൊണ്ടിരിക്കും. ഇതിനിയും കണ്ട് നില്‍ക്കുന്നതില്‍ അര്‍ഥമില്ലെന്ന് തോന്നി. അതാണ് പെട്ടെന്ന് രാജിയിലേക്ക് നയിച്ചത്. 

ഇത്തരം വിഷയങ്ങളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നോ?

അതിന് ഒരുപാട് പരമിതികളുണ്ട്. എന്നെപ്പോലുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധിയോട് ഇത്തരം കാര്യങ്ങള്‍ സംസാരിക്കാനുള്ള അവസരം ഉണ്ടാകാറില്ല. അല്ലെങ്കില്‍ നേതാക്കള്‍ അതിനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. ജനപ്രതിനിധി കൂടിയായ അദ്ദേഹത്തിനോട് ഇത്തരം കാര്യങ്ങള്‍ അറിയിക്കാനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ്. കര്‍ഷക സമരത്തില്‍ ഉള്‍പ്പടെ അദ്ദേഹത്തിന്റെ നിലപാടുകള്‍ നിരാശാജനകമായിരുന്നു. 

കെ.പി.സി.സി വൈസ്പ്രസിഡന്റ് എന്ന സ്ഥാനത്ത് പേരിന് ഇരുത്തി എന്നല്ലാതെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന സാഹചര്യത്തിലൊന്നും ഒരു കൂടിയാലോചനകളും എന്നോട് കോണ്‍ഗ്രസ് നേതൃത്വം നടത്തിയിരുന്നില്ല. എല്ലാ കാലത്തും അങ്ങനെയായിരുന്നു. ഒരു ജനാധിപത്യ സ്വഭാവത്തില്‍ നിന്ന് കോണ്‍ഗ്രസ് അകന്നിരുന്നു. ആരെങ്കിലും രണ്ട് പേര് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കുക എന്ന അവസ്ഥയിലേക്ക് അത് മാറി. ഈ സാഹചര്യത്തില്‍ തുടരുന്നതില്‍ അര്‍ഥമില്ല എന്ന് തോന്നി.

സമീപകാലത്ത് വയനാട്ടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ രാജി വെച്ചു. വയനാട്ടിലെ കോണ്‍ഗ്രസ് പ്രതിസന്ധിയിലാണോ?

നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഉള്ളില്‍ അസംതൃപ്തിയോടെ കോണ്‍ഗ്രസില്‍ തുടരുന്നുണ്ട്. എല്ലാവര്‍ക്കും രാജി വെക്കാനുള്ള ധൈര്യമുണ്ടാകില്ലല്ലോ. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന അവസ്ഥയാണ് കോണ്‍ഗ്രസിലിപ്പോള്‍. സഹകരണ സ്ഥാപനങ്ങള്‍ എല്ലാം നഷ്ടപ്പെടുകയാണ്. ഇങ്ങനെ പോയാല്‍ വയനാട്ടില്‍ കോണ്‍ഗ്രസുണ്ടാകില്ല. കോണ്‍ഗ്രസും ബി.ജെ.പിയുമായുള്ള ബന്ധം ബത്തേരിയില്‍ ഉള്‍പ്പടെ പരസ്യമായത് ജനങ്ങള്‍ കണ്ടതാണ്. 

പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങളെല്ലാം ഉത്തവാദിത്വത്തോടെ നിര്‍വഹിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവസാനം മാനന്തവാടി മുനിസിപ്പാലിറ്റിയുടെ തിരഞ്ഞെടുപ്പ് ചുമതലയാണ് നല്‍കിയത്. അവിടെ കോണ്‍ഗ്രസിന് ഭരണം ലഭിച്ചു. എന്നിട്ടും ഇപ്പോള്‍ എനിക്ക് പ്രസക്തിയില്ലെന്ന് പറയുന്ന മണ്ഡലം പ്രസിഡന്റ് ഉള്‍പ്പടെ ഏറെ കാലമായി പാര്‍ട്ടി പരിപാടിക്ക് ഒന്നും വിളിക്കാറുണ്ടായിരുന്നില്ല. അവര്‍ക്ക് അതിന് കൃത്യമായ നിര്‍ദേശം ലഭിച്ചിരുന്നു.

എന്തുകൊണ്ടാണ് ഇടതുപക്ഷത്തേക്ക് പോകാന്‍ തീരുമാനിച്ചത്?

നേരത്തെ പറഞ്ഞ കാരണങ്ങളൊക്കെ തന്നെ. വര്‍ഗീയ ശക്തികള്‍ക്കെതിരെ കൃത്യമായ നിലപാടുള്ള പ്രസ്ഥാനം ഇടതുപക്ഷമാണ്. വര്‍ഗീയത വളരാതിരിക്കണമെങ്കില്‍ കേരളത്തില്‍ ഇടതുപക്ഷം ശക്തിപ്പെടണം. കോണ്‍ഗ്രസിന് അവിടെ പ്രസക്തി നഷ്ടപ്പെട്ടു. ഇടതുപക്ഷമാണ് വര്‍ഗീയതയ്ക്കെതിരെ പോരാടുന്നത്. കര്‍ഷക സമരത്തില്‍ ഉള്‍പ്പടെ ഇടതുപക്ഷ നിലപാടുകള്‍ നാം കണ്ടതാണ്. അതിനാല്‍ ഇടതുപക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. 

ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ വനിതകളെ അവഗണിച്ചതായി ആക്ഷേപമുണ്ടായി. ടീച്ചര്‍ക്ക് പുറമെ ലതിക സുഭാഷ് ഉള്‍പ്പടെയുള്ള പ്രതിഷേധങ്ങള്‍ വലിയ ചര്‍ച്ചയായി.

ഒരു പുരോഗമന സമൂഹത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഇരുപത് സീറ്റുകള്‍ പോലും സ്ത്രീകള്‍ക്ക് കൊടുക്കാന്‍ കഴിയില്ലെന്ന് പറയുന്നത് എന്ത് അനീതിയാണ്. അത് ആരുടെയും ഔദാര്യം ഒന്നും അല്ല. മഹിള കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റിന് പോലും ഒരു സീറ്റില്ല എന്ന് പറയുമ്പോള്‍ ഈ അനീതി വ്യക്തമല്ലേ. അടുത്തകാലത്ത് നടന്ന രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ സ്ത്രീ പ്രാതിനിധ്യം എത്ര ദയനീയമാണ്. ഇങ്ങനെയാണോ കോണ്‍ഗ്രസ് പോലൊരു പാര്‍ട്ടിയില്‍ സംഭവിക്കേണ്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വനിത മുന്നേറ്റം കണ്ടിട്ടെങ്കിലും ഇക്കാര്യത്തില്‍ മാറ്റം വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവുന്നുണ്ടോ. ഇക്കാര്യത്തില്‍ ഇടതുപക്ഷം താരതമ്യേനെ ഭേദമാണ്‌. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എട്ട് സ്ത്രീകള്‍ വിജയിക്കുകയും രണ്ട് പേര്‍ മന്ത്രിമാരാകുകയും ചെയ്തു. അന്ന് വനിത കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ ആയിരുന്ന ഞാന്‍ അക്കാര്യത്തില്‍ അവരെ അഭിനന്ദിച്ചിരുന്നു.

Content Highlights: EX Congress leader KC Rosakutty teacher Interview