വ്യക്തിയല്ല പാര്‍ട്ടി തന്നെയാണ് മുഖ്യമെന്ന ഇടതുപക്ഷത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റമില്ലെന്ന് ഇടത് ചിന്തകനും സാംസ്‌കാരിക വിമര്‍ശകനുമായ കെ.ഇ.എന്‍. കുഞ്ഞഹമ്മദ്. ''വ്യക്തികളുടെ നേതൃത്വശേഷി അംഗികരിക്കുമ്പോള്‍തന്നെ പാര്‍ട്ടി എന്ന കൂട്ടായ്മയ്ക്ക് കീഴ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരും. അല്ലെങ്കില്‍ അത് വ്യക്തികളുടെ കൂട്ടമായിത്തീരും.'' മാതൃഭൂമി ഡോട്ട്കോമിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.ഇ.എന്നുമായി നടത്തിയ അഭിമുഖത്തിന്റെ അവസാന ഭാഗം. 

ആദ്യഭാഗം: മോദിയും അമിത്ഷായും യോഗിയും അലറിയിട്ടും കേരളം പതറുന്നില്ല- കെ.ഇ.എന്‍. കുഞ്ഞഹമ്മദ്


ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം താങ്കള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത്?

ബി.ജെ.പിയുടെ അജണ്ട വളരെ സങ്കുചിതമാണ്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങള്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും മാനവികതയ്ക്കും വിരുദ്ധമായുള്ളതാണ്. ഒരു ജനാധിപത്യ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജനാധിപത്യമാണ് രാഷ്ട്രീയത്തിലെ മഹാവിസ്മയം. മതനിരപേക്ഷതയാണ് മലയാളത്തിലെ ഏറ്റവും മധുരമുള്ള പദം. പക്ഷേ, ബി.ജെ.പിക്ക് അത് വ്യാജ മതേതരത്വമാണ്. ജനാധിപത്യം ബി.ജെ.പിയുടെ അജണ്ടയല്ല. 35 സീറ്റുകള്‍ കിട്ടിയാല്‍ കേരളം ഭരിക്കും എന്നൊക്കെ പറയുമ്പോള്‍ ജനാധിപത്യത്തോട് ബി.ജെ.പിക്കുള്ള പുച്ഛവും പരിഹാസവും കാണാനാവും. 1921-ലെ മലബാര്‍ കലാപവും 1946-ലെ പുന്നപ്ര- വയലാര്‍ സമരവും ബി.ജെ.പിക്ക് ഇനിയും ദഹിച്ചിട്ടില്ല. 1925 മുതല്‍ ആര്‍.എസ്.എസ്. ഇവിടെയുണ്ട്. ഇതിനുമുമ്പ് എത്രയോ തിരഞ്ഞെടുപ്പുകള്‍ ഇവിടെ നടന്നിട്ടുണ്ട്. ആര്‍.എസ.്എസോ ജനസംഘമോ ബി.ജെ.പിയോ ഒരു രക്തസാക്ഷി മണ്ഡപത്തില്‍ കടന്നുവന്ന് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ല. ഇപ്പോള്‍ അതുമുണ്ടായി. സത്യത്തില്‍ ഇടതുപക്ഷം എതിരിടുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയമാണ്. ബി.ജെ.പി തന്നെയാണ് ഇടതുപക്ഷത്തിന്റെ മുഖ്യ ശത്രു.  അതേസമയം കുറെപ്പേരുടെയെങ്കിലും മനസ്സിലേക്ക് കയറിപ്പറ്റാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെന്നത് വാസ്തവമാണ്.

കേരളത്തില്‍ വളരെ ആസൂത്രിതമായി വോട്ട് ബാങ്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇ. ശ്രീധരനെപ്പോലുള്ളവരെ കളത്തിലിറക്കിക്കൊണ്ടുള്ള നീക്കം എങ്ങിനെ കാണുന്നു?

Sreedharan
ഇ. ശ്രീധരന്‍

ശ്രീധരന്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്, അദ്ദേഹം പഠിക്കുന്ന കാലം മുതലേ ആര്‍.എസ്.എസില്‍ ഉണ്ടായിരുന്നുവെന്ന്. ഗാന്ധിവധം നടന്നപ്പോള്‍ അദ്ദേഹം സംഘത്തിലുണ്ടായിരുന്നു. ആ ചരിത്രനിമിഷത്തില്‍ വേണമെങ്കില്‍ അദ്ദേഹത്തിന് ആര്‍.എസ്.എസ്. വിട്ടുപോരാമായിരുന്നു. എന്നിട്ടും അദ്ദേഹം അവിടെ ഉറച്ചുനിന്നു. മാത്രമല്ല, കാലു കഴുകുന്നത് ഭാരത സംസ്‌കാരമാണെന്നും അതിനെ എതിര്‍ക്കുന്നവര്‍ സംസ്‌കാരരഹിതരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖലയില്‍ വൈദഗ്ധ്യമുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ആശയങ്ങള്‍ ആദരവ് അര്‍ഹിക്കുന്നില്ല.
ഇതുപോലെ വേറെയും കുറെപ്പേരുണ്ട്. ഉദാഹരണത്തിന് സുരേഷ് ഗോപി. അഭിനയപ്രതിഭയാണ്. അതേസമയം  അടുത്ത ജന്മത്തില്‍ ബ്രാഹ്‌മണനാവണം എന്നൊക്കെയുള്ള പല അഭിപ്രായങ്ങളും ജനാധിപത്യവുമായി പൊരുത്തപ്പെടില്ല. ആക്കെൂടി ഇത്തവണ അദ്ദേഹം നടത്തിയ ഒരു അഭിപ്രായ പ്രകടനമാണ് കുറച്ചെങ്കിലും കൗതുകം ജനിപ്പിച്ചത്. കഴിഞ്ഞ പ്രാവശ്യം തൃശ്ശൂരിനെ ഞാന്‍ എടുക്കുകയാണെന്ന് പറഞ്ഞു. ഇപ്രാവശ്യം അദ്ദേഹം പറഞ്ഞത് ജനങ്ങള്‍ തന്നാല്‍ തൃശ്ശൂര്‍ താന്‍ സ്വീകരിക്കുമെന്നാണ്. തൃശ്ശൂര്‍ എടുക്കുകയാണെന്ന് പറയുന്നതില്‍ അഹന്തയുണ്ട്. തന്നാല്‍ സ്വീകരിക്കുമെന്ന് പറയുന്നതില്‍ വിനയവും. ഇത് വ്യാജവിനയമല്ലെങ്കില്‍ നല്ലതാണ്.

നേമവുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശമാണ് കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം ഉന്നയിച്ചിരുന്നത്. നേമം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് കോണ്‍ഗ്രസിന്റെ പിടിപ്പ്കേടു കൊണ്ടാണെന്ന ആക്ഷേപമാണത്. ഇത്തവണ പക്ഷേ, കോണ്‍ഗ്രസ് കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് നേമത്ത് നിയോഗിച്ചിട്ടുള്ളത്. കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് തീര്‍ക്കുന്ന പ്രതിരോധം ശക്തമാവുകയാണെന്നതിന്റെ സൂചനയാണോ?

കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരെ ശക്തമായ പ്രതിേരാധം തീര്‍ക്കുകയാണെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ, കോണ്‍ഗ്രസിന്റെ ചരിത്രം ഇതിനെ സാധൂകരിക്കുന്നില്ല. നരസിംഹ റാവുവിന്റെ കാലത്ത് ബാബറി മസ്ജിദ് പൊളിച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന്റെ പോരാട്ടം ദുര്‍ബ്ബലമായിരുന്നുവെന്നാണ് കാണിക്കുന്നത്. സത്യത്തില്‍ ഇടതുപക്ഷവും ബി.ജെ.പിയും തമ്മിലാണ് ആശയതലത്തില്‍ ശക്തമായ പോരാട്ടം നടക്കുന്നത്. നേമത്ത് ഇടതുപക്ഷം നിര്‍ത്തിയിട്ടുള്ള സ്ഥാനാര്‍ത്ഥി ശിവന്‍കുട്ടി വിജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. ആര്‍.എസ്.എസിനും ബി.ജെ.പിക്കും എതിരെയുള്ള പോരാട്ടത്തില്‍ നേമത്തിന് ഇടതുമുന്നണി സുപ്രധാന സ്ഥാനം തന്നെയാണു നല്‍കുന്നത്.

ബി.ജെ.പി. പറയുന്നത് നേമം ഉള്‍പ്പെടെ ഏഴു സീറ്റിലെങ്കിലും അവര്‍ വിജയിക്കുമെന്നാണ്. അടിത്തട്ടില്‍നിന്നു താങ്കള്‍ക്ക് കിട്ടുന്ന സൂചനകളെന്താണ്?

അതെക്കുറിച്ച്  അങ്ങിനെ കൃത്യമായി പറയാനാവില്ല. കാരണം തിരഞ്ഞെടുപ്പില്‍ പലയിടത്തും അടിയൊഴുക്കുകള്‍ ഉണ്ടാവും.   കൃത്യമായ ധാരണയുണ്ടാവണമെങ്കില്‍ ഫീല്‍ഡ് വര്‍ക്ക് നടത്തണം. അതുകൊണ്ട് എത്ര സീറ്റ് കിട്ടും എന്ന് പറയാനാവില്ല. പക്ഷേ, ഒരു ഇടതുപക്ഷ സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ബി.ജെ.പിക്ക് ഒരു സീറ്റു പോലും കിട്ടരുത് എന്നാണ് ആഗ്രഹിക്കുന്നത്.

നേരത്തെ ഉന്നയിച്ച ഒരു വിഷയത്തിലേക്ക് തിരിച്ചുവരികയാണ്. നവലിബറല്‍ നയങ്ങളെ എതിര്‍ക്കുന്ന പദ്ധതികളും നയങ്ങളുമാണ് പിണറായി സര്‍ക്കാര്‍ പിന്തുടര്‍ന്നിരുന്നതെന്ന് താങ്കള്‍ പറയുകയുണ്ടായി. പക്ഷേ, ഏറ്റവും അവസാനമുണ്ടായ വിവാദമായ ഇ.എം.സി.സിയുമായുള്ള ധാരണാപത്രം പോലും ഇടതു സര്‍ക്കാരിന്റെ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരായുള്ളതായിരുന്നു.  പ്രതിപക്ഷം പുറത്തുകൊണ്ടുവന്നപ്പോള്‍ മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തതെന്നും കാണാതിരിക്കേണ്ടതുണ്ടോ?

ജനവിരുദ്ധമായ ഒരു കാര്യവും  ഈ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവില്ല. ജനവിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തിരുത്തിയായിരിക്കും മുന്നോട്ടുപോവുക.

പക്ഷേ, സ്പ്രിങ്ക്ളര്‍ ഇടപാടിലായാലും രണ്ട് വിദ്യാര്‍ത്ഥികളുടെ മേല്‍ യു.എ.പി.എ. ചുമത്തിയതിലായാലും  പിന്നീട് ലൈഫ് മിഷന്‍, സ്വര്‍ണ്ണക്കള്ളക്കടത്ത് തുടങ്ങിയ വിവാദങ്ങളിലായാലും  മുഖ്യമന്ത്രിയുടെ ഓഫീസും അദ്ദേഹത്തിന് കീഴിലുള്ള വകുപ്പുകളുമായിരുന്നു പ്രതിക്കൂട്ടില്‍. അങ്ങിനെയുള്ള ഒരു നേതാവിനെ മുന്നില്‍ നിര്‍ത്തി ഭരണത്തുടര്‍ച്ച വേണമെന്ന് അവകാശപ്പെടുമ്പോള്‍ അത് ജനാധിപത്യ സമൂഹം അംഗികരിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം?

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതാവായിട്ട്, മുഖ്യമന്ത്രിയായിട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയുടെ നേതൃത്വം തന്നെ അടുത്ത തിരഞ്ഞെടുപ്പിലും തുടരേണ്ടതുണ്ടെന്ന് ഇടതു മുന്നണിയും പാര്‍ട്ടിയും  ജനങ്ങളും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതൊരു പ്രശ്നമാണെന്ന് ഞാന്‍ കരുതുന്നില്ല.

ഇവിടെ ഉയരുന്ന ഒരു വിമര്‍ശം ഈ പ്രക്രിയയില്‍ പിണറായി വിജയന്റെ അനിവാര്യതയെച്ചൊല്ലിയാണ്. എന്തുകൊണ്ട് കെ.കെ. ശൈലജയോ തോമസ് ഐസക്കോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നില്ല? ഒരു വ്യക്തി അനിവാര്യനാകുന്നത് എന്തുകൊണ്ടാണ്?

ഒരു വ്യക്തി അനിവാര്യനാവുന്നത് പ്രത്യേക പശ്ചാത്തലത്തിലാണ്. മുഖ്യമന്ത്രി ആരാവും എന്നത് മുന്നണിയും പാര്‍ട്ടിയും തീരുമാനിക്കും. പക്ഷേ, ഇപ്പോള്‍ കേരളത്തില്‍ ഫാസിസ്റ്റ് വിരുദ്ധ സമരത്തിന്റെ മുന്നില്‍ നില്‍ക്കുന്ന ഒരാളെന്ന നിലയിലും വലതുപക്ഷം ഏറ്റവുമധികം ആക്രമിക്കുന്ന വ്യക്തിയെന്ന നിലയിലും അദ്ദേഹം തന്നെ തുടരട്ടെ എന്നു പറയുന്നത് പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രതിരോധശ്രമങ്ങള്‍ക്ക് ശക്തി പകരും.

കേരളത്തില്‍ ഇന്ന് ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളുടെ മുന്നണിപ്പോരാളിയെന്ന നിലയില്‍ പിണറായി വിജയന്‍ തന്നെ ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുന്നത് അത്യന്താപേക്ഷിതമാണെന്നാണ് താങ്കള്‍ പറയുന്നത്?

അതെ. കാരണം  മുഖ്യമന്ത്രിയാവാമെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടില്ല. അതൊരു രാഷ്ട്രീയ തീരുമാനമാണ്. പിണറായിക്ക് പകരം മറ്റൊരാളെ മുഖ്യമന്ത്രിയാക്കണമെന്ന് പറയുന്നത് ഇതേ യുക്തിയുടെ മറുപുറമല്ലേ!

ഒരു വ്യക്തി അധികാരത്തിലിരിക്കുന്നു. അദ്ദേഹം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുന്നു. പക്ഷേ, അധികാരത്തിലേക്ക് മറ്റൊരു വ്യക്തി വരുന്നു. അതല്ലേ കൂടുതല്‍ മനോഹരമായ ജനാധിപത്യം?

ഇതാണ് ഞാന്‍ പറഞ്ഞത് ഇതൊരു രാഷ്ട്രീയ തീരുമാനമാണെന്ന്. ഒരു രാഷ്ട്രീയ പാര്‍ട്ടി പിണറായി മുഖ്യമന്ത്രിയാവേണ്ട എന്ന് തീരുമാനിക്കുകയും എന്നാല്‍ താന്‍ മുഖ്യമന്ത്രിയാവുമെന്ന് പിണറായി പറയുകയും ചെയ്താല്‍ താങ്കളുടെ ഈ ചോദ്യം പ്രസക്തമാണ്.

താങ്കള്‍ പറയുന്നത് പിണറായി വിജയന്‍ സ്വയം മുഖ്യമന്ത്രി സ്ഥാനത്ത് തുടരും എന്ന് പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടിയുടെ തീരുമാനം അദ്ദേഹം അനുസരിക്കുക മാത്രമാണെന്നുമാണ്?

അതെ. ഇതൊരു ജനാധിപത്യപരമായ പ്രക്രിയയുടെ തുടര്‍ച്ചയാണ്.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നപ്പോള്‍ പ്രമുഖരായ പല നേതാക്കളും അതില്‍ നിന്ന് പുറത്താവുകയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന ഒരു നേതാവ് മാത്രം ബാക്കിയാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയാവുന്ന അവസ്ഥയാണിതെന്ന വിമര്‍ശത്തെക്കുറിച്ച് താങ്കള്‍ എന്തു പറയുന്നു?

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുള്ളില്‍ ഒരു തീരുമാനം രൂപപ്പെടുന്നത് എങ്ങിനെയാണെന്നതിനെക്കുറിച്ച് ധാരണയില്ലാത്തതിന്റെ പ്രശ്നമാണിത്. പിണറായി വിജയന് മുന്നില്‍ എല്ലാവരും നിശ്ശബ്ദത പാലിക്കുകയാണെന്ന രിതിയിലുള്ള പ്രചാരണമാണ് നടക്കുന്നത്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം പോളിറ്റ് ബ്യൂറൊ, കേന്ദ്ര കമ്മിറ്റി, സംസ്ഥാന കമ്മിറ്റി എന്നിവിടങ്ങളിലൊന്നും തന്നെ ഒരു ചര്‍ച്ചയും നടക്കുന്നില്ല, തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കപ്പെടുകയാണ് ഐന്നാക്കെയാണ് പ്രചാരണങ്ങള്‍. ആജ്ഞയ്ക്കും അനുസരണയ്ക്കും ഇടയില്‍ ആരംഭിച്ച് അവസാനിക്കുന്ന സംഗതിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ഒരു സാമാന്യബോധം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക് പിന്നിലുണ്ട്. നേരത്തെയും ഇതേ വാദമുയര്‍ന്നിട്ടുണ്ട്. കൃഷ്ണപിള്ളയുടെ വീര്യം നഷ്ടപ്പെട്ട, ഇ.എം.എസിന്റെ ബുദ്ധി നഷ്ടപ്പെട്ട, എ.കെ.ജിയുടെ സ്നേഹം നഷ്ടപ്പെട്ട, പിണറായി വിജയന്റെ  തോക്കിന് മുന്നില്‍ തളര്‍ന്നു നില്‍ക്കുന്ന പാര്‍ട്ടി. ഒരാളിങ്ങനെ തോക്ക് ചൂണ്ടിയിട്ട് താനാണ് മുഖ്യമന്ത്രി, താനാണ് പാര്‍ട്ടിയെ നയിക്കുക, എനിക്ക് താല്‍പര്യമില്ലാത്തവര്‍ മാറി നില്‍ക്കണം എന്നൊക്കെ പറയുന്നത് ഈ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനും അതിനെ മുന്നോട്ടു കൊണ്ടുപോവുന്നതിനും നേതൃത്വം വഹിക്കുന്ന മറ്റു മനുഷ്യരുടെ ആത്മബോധത്തെ  ആക്ഷേപിക്കുന്നതിന് തുല്ല്യമായിരിക്കും. പിണറായി പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറൊ അംഗമാണ്. അതുപോലെ നിരവധി പോളിറ്റ് ബ്യൂറൊ അംഗങ്ങളുണ്ട്.

ഇടക്കാലത്ത് സി.പി.എമ്മില്‍ രണ്ട് തിരുത്തല്‍ നടപടികളുണ്ടായി.  കോടിയേരി ബാലകൃഷ്ണനെ സംസ്ഥാന സെക്രട്ടറി പദവിയില്‍നിന്ന് മാറ്റി. പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പോലിസ് നിയമ ഭേദഗതി പിന്‍വലിപ്പിച്ചു. വേണ്ടിവന്നാല്‍ ഇടപെടാനറിയാം എന്നാണോ കേന്ദ്ര നേതൃത്വം ഇതിലൂടെ വ്യക്തമാക്കിയത്?

ഇത് ഒരു നൊണ്‍ ഇഷ്യുവാണ്. സംഘടനയില്‍ സംഘടനയ്ക്ക് വിധേയപ്പെടാതെ നില്‍ക്കാനാവില്ല. അല്ലെങ്കില്‍പിന്നെ സംഘടനയില്ലല്ലോ! വ്യക്തികളുടെ നേതൃത്വശേഷി അംഗികരിക്കുമ്പോള്‍തന്നെ പാര്‍ട്ടി എന്ന കൂട്ടായ്മയ്ക്ക് കീഴ്പെട്ട് പ്രവര്‍ത്തിക്കേണ്ടി വരും. അല്ലെങ്കില്‍ അത് വ്യക്തികളുടെ കൂട്ടമായിത്തീരും. പിണറായി വിജയനെതിരെയുള്ള ആക്ഷേപങ്ങള്‍ ആസൂത്രിതമാണ്. ജാതീയമായി അദ്ദേഹം ആക്രമിക്കപ്പെടുന്നുണ്ട്. കേരളത്തില്‍ നിരവധി മുഖ്യമന്ത്രിമാര്‍ വന്നു പോയിട്ടുണ്ട്. പക്ഷേ, അവരൊന്നും നേരിട്ടിട്ടില്ലാത്ത തരത്തിലാണ് പിണറായി ജാതീയമായി ആക്രമിക്കപ്പെടുന്നത്. ഉയര്‍ന്ന രാഷ്ട്രീയ നേതൃത്വത്തിലുള്ളവര്‍ മാത്രമല്ല അല്ലാത്തവരും ഈ രീതിയില്‍ ആക്രമിക്കുന്നുണ്ടെന്നത് കാണാതിരിക്കേണ്ടതില്ല.

ഉറപ്പാണ് എല്‍.ഡി.എഫ്. എന്നാണ് ഇടതുമുന്നണി ഉയര്‍ത്തുന്ന മുദ്രാവാക്യം. താങ്കള്‍ എന്ത് പറയുന്നു?

ഒരു സാംസ്‌കാരിക പ്രവര്‍ത്തകനെന്ന നിലയില്‍ എനിക്ക് വളരെയധികം ആഹ്ലാദം പകര്‍ന്നു തന്ന നടപടികള്‍ ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നായിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാല. നിരവധി സര്‍വ്വകലാശാലകളില്‍ ഒന്നല്ല അത്. വിക്ടോറിയ ഹാളിന് അയ്യങ്കാളിയുടെ പേര് നല്‍കിയത്. ദളിതര്‍ക്ക് പൂജാരിയാവുന്നതിനുള്ള അന്തരീക്ഷം, ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നല്‍കിയ നിയമ പരിരക്ഷ, അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പ്രതിസന്ധികാലത്ത് നല്‍കിയ സംരക്ഷണം, മുതിര്‍ന്നവര്‍ക്ക്, പ്രത്യേകിച്ച് 80 വയസ്സ് കഴിഞ്ഞവര്‍ക്ക് നല്‍കിയ അംഗീകാരം, മഹാമാരിയും പ്രളയവുമുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ കൈകാര്യം ചെയ്ത രീതി, അദ്ധ്വാന ശ്രേഷ്ഠ പുരസ്‌കാരം.

പ്രളയത്തിന്റെ കാര്യത്തില്‍ ഒരു വിയോജിപ്പുണ്ട്. പ്രളയം ഒരു സര്‍ക്കാര്‍ നിര്‍മ്മിത ദുരന്തമായിരുന്നുവെന്ന വിമര്‍ശമുണ്ട്. പ്രളയം കൈകാര്യം ചെയ്ത രീതി പ്രശംസിക്കപ്പെട്ടപ്പോള്‍തന്നെ പ്രളയത്തിന് കാരണമായത് സര്‍ക്കാരിന്റെ വീഴ്ചയാണെന്ന ആരോപണമാണത്. ഇതേക്കുറിച്ച് ഒരന്വേഷണവും പിണറായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല?

പൊതുവെ എനിക്ക് തോന്നുന്നത് ആഗോളതലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ട ക്രൈസിസ് മാനേജ്മെന്റാണ് നമ്മള്‍ കണ്ടതെന്നാണ്.  ഈ സംഗതികളെല്ലാംവെച്ചു നോക്കുമ്പോള്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല.

Content Highlights: E Sreedharan continued as RSS worker even after assassination of Gandhi, says KEN Kunhahammed