പുതുച്ചേരി രാഷ്ട്രീയത്തില്‍ ബി.ജെ.പി ഇറങ്ങിക്കളിക്കുന്നതാണോ ഇനി  മല്‍സരിക്കുന്നില്ലെന്ന തീരുമാനത്തിന് പിന്നില്‍?
അല്ല, ബി.ജെ.പിക്ക് പുതുച്ചേരി രാഷ്ട്രീയത്തില്‍ വേരോട്ടം തീരെയില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുപ്പത മണ്ഡലത്തില്‍ മല്‍സരിച്ചപ്പോള്‍ 29 സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടിയില്ല. അവരുടെ മൊത്തം വോട്ട് വിഹിതം 2.44 ശതമാനമാണ്. തമിഴക രാഷ്ട്രീയത്തില്‍ ബി.ജെ.പി വളരില്ല. ചില  കോണ്‍ഗ്രസ് എം.എല്‍.എ മാരെ അവര്‍ക്ക് രാജിവെപ്പിച്ച് പാളയത്തിലേക്ക് കൊണ്ടുപോകാനായി. എന്‍.ആര്‍ കോണ്‍ഗ്രസ്സ്,  എ.ഐ.എ.ഡി.എം.കെ തുടങ്ങിയ കക്ഷികളുമായി ബി.ജെ.പി സഖ്യമുണ്ടാക്കിയാലും നേട്ടമുണ്ടാക്കാനാവുമെന്ന് കരുതുന്നില്ല. കാരണം ബി.ജെ.പിയുമായുള്ള ബന്ധം അവര്‍ക്ക് നഷ്ടമായി മാറും.  അതാണ് ദ്രാവിഡ രാഷ്ട്രീയത്തിന്റെ സവിശേഷത. അക്കരപ്പച്ച കണ്ട് മറുകണ്ടം ചാടുകയാണിപ്പോള്‍ ചിലര്‍.

പെട്ടെന്നുള്ള തീരുമാനമാണോ ഈ പിന്മാറ്റം?
കാല്‍നറ്റാണ്ട് കാലം ഞാന്‍ മയ്യഴിയില്‍ ജനപ്രതിനിധിയായി. ആറ്  തെരഞ്ഞെടുപ്പുകള്‍ വിജയിച്ചു. പന്ത്രണ്ട് വര്‍ഷം മന്ത്രിയായി. ആഭ്യന്തര വകുപ്പ് വരെ കൈയാളി. അഞ്ച് വര്‍ഷം കാബിനറ്റ് റാങ്കോടെ ചീഫ് വിപ്പായിരുന്നു.  മൂന്നര വര്‍ഷം പുതുച്ചേരി ചേരി നിര്‍മ്മാര്‍ജന കോര്‍പ്പറേഷന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു. മയ്യഴി ടൗണ്‍ഹാളിന് എന്റെ  നിയമസഭാ പ്രവര്‍ത്തനത്തിന്റെ രജത ജൂബിലി പ്രമാണിച്ച ഗവര്‍മ്മെണ്ട്  എന്റെ പേര് നല്‍കി. 2016 ലെ  തിരഞ്ഞെടുപ്പ് വേളയില്‍ മല്‍സരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, എ.കെ.ആന്റണി, മുകുള്‍ വാസ്നിക് ഉള്‍പ്പെടെ പ്രമുഖ നേതാക്കളോടെല്ലാം പറഞ്ഞിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട്  അടുത്ത സുഹൃത്തായ ഗുലാം നബി ആസാദ് വിളിച്ചു.   പാര്‍ട്ടിയുടെ നല്ല നാളുകളില്‍ നിങ്ങള്‍ക്ക് എല്ലാ സ്ഥാനവും നല്‍കിയെന്നും ഇപ്പോള്‍ പാര്‍ട്ടി ആവശ്യപ്പെടുമ്പോള്‍ നിരസിക്കുകയെന്നത് ശരിയല്ലെന്നും അല്‍പ്പം കടുത്ത ഭാഷയില്‍ മുകുള്‍ വാസ്നിക് പറഞ്ഞത് പ്രയാസമുണ്ടാക്കി. അങ്ങിനെയാണ് ഏഴാമത്തെ മല്‍സരത്തിന് ഇറങ്ങിയത്. പക്ഷെ അപ്പോഴേക്കും എതിരാളിയുടെ പ്രചാരണം ഏറെ മുന്നിലെത്തിയിരുന്നു. ആ തിരഞ്ഞെടുപ്പ് ഞാന്‍ തോറ്റു. എങ്കിലും മയ്യഴിയിലും പുതുച്ചേരിയിലും ഞാന്‍ സജീവമായി തന്നെ പ്രവര്‍ത്തിച്ചുവരികയാണ്. 

പിന്നെ ഇപ്പോള്‍ എന്തുപറ്റി?
2016 ലെ അതേ മാനസികാവസ്ഥയില്‍ തന്നെയാണ് ഞാന്‍ തീരുമാനമെടുത്തത്. ബുധനാഴ്ച കണ്ണൂര്‍ പ്രസ്‌ക്ലബില്‍ പത്രസമ്മേളനത്തില്‍ വെച്ചാണ് പിന്മാറുന്ന കാര്യം വെളിപ്പെടുത്തുന്നത്. എന്നോടൊപ്പം മയ്യഴിയില്‍ നിന്ന് കണ്ണൂര്‍ വരെ ഉണ്ടായിരുന്ന ആറ് പേരില്‍ ഒരാള്‍ക്കൊഴികെ എന്തിനാണ് കണ്ണൂരില്‍ പോകുന്നതെന്ന് അറിയുമായിരുന്നില്ല. അതേസമയം ഇത് ആലോചിച്ച് എടുത്ത തീരുമാനമാണ്. പുതിയ ആളുകള്‍ കടന്നുവരട്ടെ. നേരത്തെ ഇത് പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും വടംവലികളും നടന്നേക്കാം. സ്ഥാനാര്‍ത്ഥികളാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ച്ച് ഒന്ന് മുതല്‍ അഞ്ച് വരെ അപേക്ഷ നല്‍കാനുള്ള സമയമാണ്. പുതുച്ചേരി പി.സി.സിയുടെ നടപടിക്രമം അതാണ്. ഇപ്പോള്‍ പിന്മാറുന്നത് പരസ്യമാക്കിയില്ലെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ എന്റേ പേരും ഉള്‍പ്പെട്ടേക്കാം. ആ ആശയക്കുഴപ്പം ഒഴിവാക്കാനാണ് പരസ്യ പ്രഖ്യാപനം. മയ്യഴിയില്‍ നിന്ന് മൂന്ന് അപേക്ഷകള്‍ ഇതുവരെ പോയിട്ടുണ്ടെന്നാണറിവ്. 

മയ്യഴിയില്‍ ഇതുവരെ 25 വര്‍ഷം തുടര്‍ച്ചയായി ആരും ജനപ്രതിനിധി ആയിട്ടില്ല. പാര്‍ലമെന്ററി രംഗത്തോട് വിടപറയുമ്പോള്‍ എന്ത് തോന്നുന്നു?
പുതുച്ചേരിയില്‍ തന്നെ ഞാനും മുന്‍ മുഖ്യമന്ത്രി വൈദ്യലിംഗവും മാത്രമാണ്  തുടര്‍ച്ചയായ 25 വര്‍ഷം എന്ന റിക്കാര്‍ഡ് ഉണ്ടാക്കിയത്. 1990 മുതല്‍ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍  ഞാന്‍ മയ്യഴിയെ പ്രതിനിധീകരിച്ചു. ഒമ്പത് ചതുകശ്ര കിലോ മീറ്റര്‍ മാത്രം വിസ്തൃതിയുള്ള മയ്യഴിയില്‍ കൊണ്ടുവരാനാവുന്ന വികസനമെല്ലാം ആ കാലത്ത്  നടപ്പാക്കി. ഇനി അത്തരത്തിലൊന്ന് ആര്‍ക്കും ഉണ്ടാക്കാനാവില്ല.  ഐ.കെ.കുമാരന്‍ മാസ്റ്റര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ മയ്യഴിയുടെ ജനപ്രതിനിധികളായിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല. എങ്കിലും അവരുടെ കാലത്തൊന്നും നടക്കാത്ത വിധത്തിലുള്ള നിരവധി പദ്ധതികള്‍ മയ്യഴിയില്‍ എനിക്ക് കൊണ്ടുവരാനായി.

പക്ഷെ മയ്യഴി മല്‍സ്യബന്ധന തുറമുഖം പോലെ ചില പദ്ധതികള്‍ പൂര്‍ത്തിയായില്ലെന്ന വിമര്‍ശനം ബാക്കിയുണ്ട്?
22.6 കോടി രൂപ കേന്ദ്ര സഹായത്തോടെ തുടങ്ങാനിരുന്ന പദ്ധതിയാണത്. പിന്നീട് അടിസ്ഥാന സൗകര്യങ്ങള്‍ കൂടി വിപുലീകരിച്ചപ്പോള്‍ പദ്ധതിയുടെ കേന്ദ്രവിഹിതം 71 കോടിയായി ഉയര്‍ന്നു. തുറമുഖ നിര്‍മ്മാണത്തിനുള്ള ഭരണാനുമതി 2011 ഫെബ്രുവരി 24 ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതുമാണ്. ഇതില്‍ 49 കോടി രൂപ ഹഡ്കോയില്‍ നിന്ന് വായ്പയെടുക്കാനും അനുമതി ലഭിച്ചിരുന്നു. 2016 വരെയുള്ള കാലത്ത് എണ്‍പത് ശതമാനത്തോളം പണി പൂര്‍ത്തിയായി. ഇപ്പോഴും ആറ് കോടി രൂപ ഇതിനായി ചെലവാക്കാതെ കിടക്കുന്നു. പുതിയ എം.എല്‍.എയുടെ ആദ്യത്തെ ആറ് മാസം കുറച്ചുപണികള്‍ നടന്നു. പിന്നീട് എല്ലാം നിലച്ചു. പദ്ധതിക്ക് വേണ്ടി പിന്നീടുള്ള തുടര്‍ പ്രവര്‍ത്തനം ഉണ്ടായില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 

താങ്കളുടെ സഹകരണം ഉണ്ടായില്ലെന്നും എതിര്‍പ്പ് കൂടിയെന്നുമുണ്ട് ആക്ഷേപം?
മണ്ഡലത്തില്‍ എന്തെങ്കിലും ചെയ്തുകിട്ടിയാല്‍ അതിന്റെ ക്രെഡിറ്റ് എം.എല്‍.എ വാങ്ങും. നടക്കാതെ പോയാല്‍ അതിന്റെ പഴി എനിക്കും.  സ്വന്തം കഴിവുകേട് മറക്കാനുള്ള ഉപായമാണിത്. ഇതാണ് അഞ്ച് വര്‍ഷമായി മയ്യഴിയുടെ അവസ്ഥ. 

പക്ഷെ ബി.ജെ.പിയുടെ രാഷ്ട്രീയക്കളിക്കിടയില്‍ കോണ്‍ഗ്രസ് ഗവര്‍മ്മെണ്ടിനെ  പിന്തുണക്കാന്‍ മയ്യഴിയിലെ സി.പി.എം. പിന്തുണയുള്ള എം.എല്‍.എ  ഡോ. വി.രാമചന്ദ്രന്‍ തയ്യാറായില്ലേ?
എങ്ങിനെയാണ് അദ്ദേഹം സഹായിച്ചത്? സഭയില്‍ വിശ്വാസവോട്ടെടുപ്പ് നടന്നിരുന്നുവെങ്കില്‍ അത് പറയാനാവുമായിരുന്നു. അത് നടക്കും മുമ്പ് തന്നെ മന്ത്രിസഭ രാജിവെച്ചു.  ഒരു സന്ദര്‍ഭത്തിലും അദ്ദേഹം സഹകരിച്ചില്ല. പുതുച്ചേരി ലഫ്.ഗവര്‍ണ്ണറായിരുന്ന കിരണ്‍ബേദിയുടെ ഏകാധിപത്യ പ്രവണതക്ക് എതിരെ സംസ്ഥാന മുഖ്യമന്ത്രി നാരായണ സ്വാമി കുറെ ദിവസം നിരാഹാര സമരമിരുന്നു. ഒരു നേരം പോലും അദ്ദേഹം ആ സമരപന്തലില്‍ പോയില്ല. 

എന്താണ് ഭാവി പരിപാടികള്‍?
തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്നു എന്ന് മാത്രമേയുളളൂ. മയ്യഴിയിലെ രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കും. പന്ത്രണ്ടോളം സഹകരണ സ്ഥാപനങ്ങളുടെ  നടത്തിപ്പില്‍ സജീവമാണ്. ഇതില്‍ രണ്ട് സഹകരണ ബാങ്കുകളും രണ്ട് കോളേജുകളും ഉള്‍പ്പെടുന്നു.  പുതുച്ചേരി കോണ്‍ഗ്രസ് കമ്മിറ്റി നിര്‍വാഹക സമിതി അംഗമെന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. 

രാഷ്ട്രീയക്കാര്‍ക്കിടയിലെ ചിത്രകാരന്‍ കൂടിയാണ് താങ്കള്‍?
ഇനി ചിത്രരചനയില്‍ പൂര്‍ണ്ണമായി മുഴുകണം . ഇടക്കാലത്ത് തിരക്കുകള്‍ കാരണം പലപ്പോഴും അത് നടന്നില്ല. കൂടുതല്‍ വരക്കണം, പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കണം. മയ്യഴിയിലെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമാകും.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സും സി.പി.എമ്മും മുസ്ലീംലീഗുമെല്ലാം ഒരേ മുന്നണിയിലാണ്. മയ്യഴി എന്നെങ്കിലും അതിന് പാകപ്പെടുമോ?
ബി.ജെ.പിക്ക് എതിരെ ശക്തമായ ചെറുത്തുനില്‍പ്പ് വേണമെങ്കില്‍ അത്തരമൊരു കൂട്ടായ്മ ആവശ്യമാണ്. സി.പി.എമ്മിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍  അവര്‍ മയ്യഴിയില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കണം. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പുതുച്ചേരിയില്‍ സി.പി.എം. കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചു. പക്ഷേ അതേ മണ്ഡലത്തിന്റെ ഭാഗമായ മയ്യഴിയില്‍ സി.പി.എം. സ്വന്തമായി ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയായിരുന്നു. മാഹിയില്‍ മാത്രമായി ഒരു ലോകസഭാ സ്ഥാനാര്‍ത്ഥി എന്ന വിചിത്രമായ കാഴ്ചയായിരുന്നു അത്. വേറെ സംസ്ഥാനമാണെങ്കിലും കേരളത്തിന്റെ രാഷ്ട്രീയമാണ് മയ്യഴിയിലും. 

പുതുച്ചേരിയുടെ ഭാഗമായി മയ്യഴി എന്നും നില്‍ക്കുമോ?
ഭൂമിശാസ്ത്രപരമായി കേരളം, തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളോട് ചേര്‍ന്നാണ് പുതുച്ചേരിയുടെ  ഭാഗങ്ങള്‍. പൂര്‍ണ്ണ സംസ്ഥാന പദവി മയ്യഴി ഉള്‍പ്പെടുന്ന പുതുച്ചേരിക്ക് നല്‍കണമെന്നതാണ് ഞങ്ങളുടെ ആവശ്യം. പക്ഷെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ പോലും അത് നടപ്പിലായില്ല. അതില്‍ പ്രയാസമുണ്ട്. ഇപ്പോഴാകട്ടെ കേന്ദ്രഭരണ പ്രദേശങ്ങളുടെ അധികാരങ്ങള്‍ കുറക്കാനാണ് ബി.ജെ.പി ഗവര്‍മ്മെണ്ട് ശ്രമിക്കുന്നത് . 12 ലക്ഷം മാത്രമാണ് പുതുച്ചേരിയുടെ ജനസംഖ്യ. ബി.ജെ.പി ഭരണത്തില്‍ കടുത്ത തീരുമാനങ്ങളുണ്ടാവുമോ എന്ന ആശങ്ക ഞങ്ങള്‍ക്കെല്ലാമുണ്ട്.