കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് അഖിലേന്ത്യാ കിസാന്‍സഭ ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകസമരം എങ്ങനെ ചര്‍ച്ചയാവണമെന്ന് പി. കൃഷ്ണപ്രസാദ് സംസാരിക്കുന്നു.

ഡല്‍ഹിയില്‍ മാസങ്ങളായി കര്‍ഷകര്‍ നയിക്കുന്ന സമരം കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എങ്ങനെ ചര്‍ച്ചാവിഷയമാകണം

രാജ്യം നേരിടുന്ന കാര്‍ഷിക പ്രതിസന്ധിക്ക് കാരണം ബി.ജെ.പി. പിന്തുടരുന്ന കോര്‍പ്പറേറ്റനുകൂല വികസനനയമാണ്. ഇതേ നയങ്ങളാണ് കോണ്‍ഗ്രസിന്റെതും. കാര്‍ഷിക പ്രതിസന്ധിയും കര്‍ഷക ആത്മഹത്യകളും രൂക്ഷമായി തുടരുന്നു. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന കൃഷിയുടെ കമ്പനിവത്കരണം കര്‍ഷകരെ കൃഷിയില്‍ നിന്ന് തുടച്ചുനീക്കും. ആസിയാന്‍ കരാറിന്റെ മുന്നനുഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകസമരം ഉജ്ജ്വല മുന്നേറ്റമാണ്.

കര്‍ഷകവിരുദ്ധ നിയമങ്ങള്‍ നടപ്പാക്കുന്ന ബി.ജെ.പി.യെ ശിക്ഷിക്കാന്‍ ഒരു ബി.ജെ.പി. മുന്നണി സ്ഥാനാര്‍ഥിയും ജയിക്കില്ലെന്ന് ഉറപ്പാക്കണമെന്നാണ് കര്‍ഷക സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. ഇതുമായി ബന്ധപ്പെട്ട് അഞ്ചു സംസ്ഥാനങ്ങളിലും പ്രചാരണം നടക്കുകയാണ്.

കാര്‍ഷിക പ്രതിസന്ധിക്ക് കാരണമായ നവ ഉദാരവത്കരണ നയത്തിനെതിരേ ഇടതുപക്ഷ ജനാധിപത്യ ബദല്‍ കാര്‍ഷിക പരിപാടി നടപ്പാക്കാന്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ്. തുടര്‍ഭരണം അനിവാര്യമാണ്.

ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ജനാധിപത്യ ബദല്‍ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ സമീപനം എന്താണ്?

ഉദാരവത്കരണ നയങ്ങള്‍ തിരുത്താനും ബി.ജെ.പി.യുടെ വര്‍ഗീയരാഷ്ട്രീയത്തെ എതിര്‍ക്കാനും തയ്യാറാകാത്ത കോണ്‍ഗ്രസിന് ദേശീയതലത്തില്‍ പ്രസക്തി നഷ്ടപ്പെടുകയാണ്. ലോക് സഭയിലെ 19 യു.ഡി.എഫ്. എം.പി. മാര്‍ ലേബര്‍ കോഡിനും മൂന്നു കാര്‍ഷിക നിയമങ്ങള്‍ക്കും അനുകൂലമായി വോട്ടുചെയ്തവരാണ്. വയനാട്ടില്‍ വന്ന് കര്‍ഷകര്‍ക്കായി ട്രാക്ടര്‍ ഓടിക്കുന്ന രാഹുല്‍ഗാന്ധി എം.പി. പാര്‍ലമെന്റില്‍ എന്തുചെയ്‌തെന്ന് വ്യക്തമാക്കണം. ലേബര്‍കോഡില്‍ രാഹുല്‍ഗാന്ധിയുടെ നിലപാടെന്താണ്. വേട്ടക്കാരനോടൊപ്പം നില്‍ക്കുകയും ഇരയോടൊപ്പം ഓടുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് രാഹുല്‍ഗാന്ധി കാണിക്കുന്നത്.

അന്ധമായ ഇടതുപക്ഷ വിരോധികളായ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള കേരളനേതൃത്വത്തെ ആശ്രയിക്കുന്നതാണ് രാഹുല്‍ഗാന്ധിയുടെ പരാജയം. ഗ്രൂപ്പിനപ്പുറം കാണാനാവാത്ത ഒന്നായി കോണ്‍ഗ്രസ് മാറി. അതിനു കീഴടങ്ങുകയാണ് രാഹുല്‍ഗാന്ധി.

പ്രക്ഷോഭങ്ങള്‍ ബി.ജെ.പി. ബദലിന് അടിത്തറയൊരുക്കുമോ?

കാര്‍ഷിക നിയമങ്ങള്‍ക്കും ലേബര്‍ കോഡുകള്‍ക്കുമെതിരേ രാജ്യത്താകെ കര്‍ഷകരും തൊഴിലാളികളും നടത്തുന്ന പ്രക്ഷോഭങ്ങളിലൂടെ ദേശീയതലത്തില്‍ ബി.ജെ.പി. വിരുദ്ധ രാഷ്ട്രീയസഖ്യം ഉയര്‍ന്നുവരും.

നയം തിരുത്താന്‍ തയ്യാറല്ലെങ്കില്‍ തൊഴിലാളി കര്‍ഷക പ്രക്ഷോഭങ്ങള്‍ മോദിസര്‍ക്കാരിനെ അധികാരത്തില്‍നിന്നും തൂത്തെറിയുമെന്ന് ആര്‍.എസ്.എസിനുള്ളില്‍ തന്നെ ചര്‍ച്ചയാവുന്നു.

അതുതിരിച്ചറിഞ്ഞ് ബി.ജെ.പി.ക്കെതിരേ ഇടതുപക്ഷ ജനാധിപത്യ മതനിരപേക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടെയുള്ള ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അധികാര പാര്‍ട്ടി എന്ന വര്‍ഗസ്വഭാവത്തില്‍നിന്ന് അകലെയാണ് കോണ്‍ഗ്രസിപ്പോള്‍. ഇതുതിരിച്ചറിഞ്ഞ് ഈ പക്ഷത്തിനൊപ്പം ചേരാനാണ് കോണ്‍ഗ്രസ് ശ്രമിക്കേണ്ടത്.

ഈ കാര്‍ഷികപ്രതിസന്ധികള്‍ക്ക് മുന്നോട്ടുവെക്കാവുന്ന ബദല്‍ എന്താണ് ?

കാര്‍ഷികപ്രശ്‌നത്തിന് പരിഹാരമായി രണ്ടുകാര്യങ്ങള്‍ പരിഗണിക്കണം. വിള അടിസ്ഥാനത്തില്‍ ദരിദ്ര ഇടത്തരം കര്‍ഷകരെ ഒരുമിപ്പിച്ചു കൂട്ടുകൃഷി അഥവാ സഹകരണ കൃഷി നടപ്പാക്കണം.

ഉത്പാദനച്ചെലവു കുറയ്ക്കാനും വരുമാനം വര്‍ധിപ്പിക്കാനും കാര്‍ഷികവൃത്തി ലാഭകരമായി മാറ്റാനും അത് അനിവാര്യമാണ്.

ടയറും കാപ്പിപ്പൊടിയും ഭക്ഷ്യഎണ്ണയും സോപ്പും വിറ്റ് തങ്ങള്‍ നേടുന്ന വന്‍ലാഭത്തില്‍ ഒരു നിശ്ചിതവിഹിതം കര്‍ഷകര്‍ക്ക് അധികവിലയായി പങ്കുവെക്കാന്‍ സ്വകാര്യ പൊതു സഹകരണ വന്‍കിട കാര്‍ഷികവ്യവസായ സ്ഥാപനങ്ങളെ നിര്‍ബന്ധിതമാക്കുന്ന നിയമനിര്‍മാണവും വേണം. ഇതിനൊപ്പം കൃഷിയധിഷ്ഠിത വ്യവസായങ്ങളിലേക്ക് കര്‍ഷകസംഘങ്ങള്‍ വരണം.

Content Highlights: CPIM Leader P Krishnaprasad Interview