കോഴിക്കോട്: കള്ളവോട്ടുകള്‍ തീര്‍ക്കുന്ന പ്രതിസന്ധി മറി കടന്നും യുഡിഎഫ് ഈ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടുമെന്ന് ശശി തരൂര്‍. കോണ്‍ഗ്രസ് - ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്കായി മലപ്പുറത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ അവസാന ഭാഗം. ആദ്യ ഭാഗം ' പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കില്‍ നേമത്ത് മത്സരിക്കുമായിരുന്നു - ശശി തരൂര്‍ ' വായിക്കാം

കള്ള വോട്ടുകളാണ് ഈ ഘട്ടത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള വലിയൊരു വിഷയം. യുഡിഎഫിന്റെ വിജയ സാദ്ധ്യതകളെ ഇത് ബാധിക്കുമെന്ന ഭയമുണ്ടോ?

കള്ള വോട്ടിന്റെ പിന്നില്‍ ആരാണെന്നത് സുവ്യക്തമാണ്. യുഡിഎഫ് വിജയിക്കുമെന്ന് പേടിയുള്ളതുകൊണ്ടായിരിക്കണമല്ലോ   ഇങ്ങനെയൊരു സംഗതിക്ക് ഭരണകക്ഷി തയ്യാറായത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് ഗൗരവപൂര്‍വ്വമായി കാണണം. ഈ ക്രമക്കേടുകള്‍ നടത്തിയവരെ കണ്ടുപിടിച്ച് മാതൃകാപരമായി ശിക്ഷിക്കുന്നില്ലെങ്കില്‍ ജനാധിപത്യമാണ് അപകടത്തിലാവുന്നത്. ഇതൊരു വലിയ പ്രതിസന്ധിയാണ്. എന്നാലും യുഡിഎഫ് ജയിക്കും. എന്റെ അറിവില്‍ ഒരേ പേര്, ഒരേ അഡ്രസ്, ഒരേ ഫോട്ടോ എന്നിവ വെച്ച് നാലഞ്ച് സ്ഥലത്ത് ഒരേ വ്യക്തിയെ കൊടുത്തിരിക്കുന്നു. ഇത്രയും വ്യാപകമായി ഇരട്ട വോട്ടുകളുണ്ടാവണമെങ്കില്‍ അതില്‍ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവരുടെ പങ്കാളിത്തമുണ്ടാവും എന്നുറപ്പാണ്. ഏപ്രില്‍ ആറിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍ എത്രയും പെട്ടെന്ന് തിരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയണം. ഇല്ലെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് തകരുക. എന്തായാലും ഞങ്ങളുടെ ഏജന്റുമാര്‍ ഇക്കുറി ബൂത്തുകളില്‍ കടുത്ത ജാഗ്രതയിലായിരിക്കും. ജനാധിപത്യം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ആരെയും അനുവദിക്കില്ല.

ഈ തിരഞ്ഞെടുപ്പ് ഒരു പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ പോലെയാക്കാന്‍ സിപിഎമ്മിനായിട്ടുണ്ട്. അത് സിപിഎം എന്ന പാര്‍ട്ടിയുടെ നയത്തിനനുസൃതമാണോ എന്ന ചോദ്യം ബാക്കിയാണ്.  പിണറായി വിജയന്‍ വേഴ്സസ് ദ റെസ്റ്റ് ഒഫ് ദ ലീഡേഴ്സ് എന്ന അവസ്ഥ സൃഷ്ടിക്കാന്‍ സിപിഎമ്മിനായിട്ടുണ്ട്. ഇതിനൊരു ബദല്‍ യുഡിഎഫിനുണ്ടോ?

നിലവിലുള്ള മുഖ്യമന്ത്രിമാരുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന രീതി പല പാര്‍ട്ടികള്‍ക്കുമുണ്ട്.  പഞ്ചാബില്‍ അടുത്ത കൊല്ലം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അമരിന്ദര്‍സിങിന് സ്വാഭാവികമായും നേതൃത്വമുണ്ടാവും.  അഖിലേന്ത്യ തലത്തില്‍ നരേന്ദ്ര മോദിയുടെ കാര്യത്തിലും ഇതുണ്ടായി. ആര്‍ എസ് എസ്സിന് ചിലപ്പോള്‍ ഇങ്ങനെയൊരു പേഴ്സണാലിറ്റി കള്‍ട്ടില്‍ താല്‍പര്യമുണ്ടാവില്ല. പക്ഷേ, ബിജെപിയില്‍ ഇപ്പോള്‍ അതാണുണ്ടായിരിക്കുന്നത്.

ആര്‍ എസ് എസ്സിന് മോദി എന്ന കള്‍ട്ട് ഫിഗറില്‍ താല്‍പര്യമില്ലാത്തതുപോലെ സിപിഎമ്മിന് പിണറായി വിജയന്‍ എന്ന വ്യക്തിയുടെ പ്രൊജക്ഷനിലും താല്‍പര്യമില്ലെന്നാണോ?

അങ്ങിനെയാണ് എനിക്ക് തോന്നുന്നത്. അതു പക്ഷേ, ഒരു വ്യക്തിപരമായ അഭിപ്രായമാണ്. മറ്റ് പാര്‍ട്ടികളുടെ നേതൃത്വത്തെക്കുറിച്ച് ഞാന്‍ പറയേണ്ട കാര്യമില്ല. അതവര്‍ തീരുമാനിക്കട്ടെ.

കോണ്‍ഗ്രസിന് ഇതിലൊരു പ്രതിസന്ധിയുണ്ടോ എന്നാണ് ചോദ്യം?

ഭരണത്തിലില്ലാത്തപ്പോള്‍ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടുന്ന പതിവ് കോണ്‍ഗ്രസിനില്ല. അതേസമയം തന്നെ ഒരു മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതില്‍ കോണ്‍ഗ്രസിനൊരു പ്രശ്നമുണ്ടാവില്ല. വ്യക്തി കേന്ദ്രീകൃതമായുള്ള രാഷ്ട്രീയമല്ല ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പിന്തുടരുന്നത്.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നപ്പോള്‍ കേരളം കണ്ട ഒരു ദൃശ്യം കോണ്‍ഗ്രസിന്റെ വലിയൊരു നേതാവ് ശിരസ്സ് മുണ്ഡനം ചെയ്യുന്നതാണ്. മുണ്ഡിത ശിരസ്‌കയായി നില്‍ക്കുന്ന ലതിക സുഭാഷ് മുന്നോട്ടു വെയ്ക്കുന്ന ചോദ്യങ്ങളോട് താങ്കളുടെ പ്രതികരണമെന്താണ്?

ലതികയ്ക്ക് അങ്ങിനെ ചെയ്യേണ്ടി വന്നതില്‍ എനിക്ക് വലിയ ദുഃഖമുണ്ട്. സീറ്റ് നിര്‍ണ്ണയ പ്രക്രിയയില്‍ ഞാന്‍ പങ്കെടുത്തിട്ടില്ല. ലതികയെപ്പോലുള്ളവര്‍ക്ക് അവസരം കൊടുക്കണമായിരുന്നു എന്നുതന്നെയാണ് എനിക്ക് പറയാനുള്ളത്. കോണ്‍ഗ്രസ് നിലവില്‍ 12 മഹിളകളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. ഇതു കുറവാണെന്നും അങ്ങിനെയല്ല ഇത്രയെങ്കിലും കൊടുക്കാനായില്ലേ എന്നും നിരീക്ഷണമുണ്ട്. 140 സീറ്റുള്ളതില്‍ 30 മഹിളകളെങ്കിലും വരുന്നില്ലെങ്കില്‍ അതിനെ പ്രോഗ്രസ് എന്നു പറയാനാവില്ല. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ പാസ്സാക്കിയത് കോണ്‍ഗ്രസാണെന്നത് മറക്കരുത്. പക്ഷേ, ഇപ്പോള്‍ ഭരണത്തിലുള്ള ബിജെപി അത് ലോക്സഭയിലേക്ക് കൊണ്ടുവന്നില്ല. വനിത സംവരണ ബില്‍ എത്രയും പെട്ടെന്ന് പാസ്സാക്കണമെന്ന നിലപാടാണ് എനിക്കുള്ളത്. എന്നാല്‍ മാത്രമേ വനിതകളോട് നീതി പുലര്‍ത്താനാവൂ.

വ്യക്തിപരമായ ഒരു ചോദ്യമാണ്. കരണ്‍താപ്പറുമായുള്ള ഒരു അഭിമുഖത്തില്‍ രണ്ടുകൊല്ലം മുമ്പുണ്ടായ ഒരപകടം താങ്കള്‍ പരാമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്ത് ഗാന്ധാരിയമ്മന്‍കോവില്‍ ക്ഷേത്രത്തില്‍ തുലാഭാരം നടക്കുന്നതിനിടെ ത്രാസിന്റെ മുകള്‍ത്തട്ടിലെ ഇരുമ്പ് ദണ്ഡ് ഒടിഞ്ഞു വീണ് താങ്കളുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ദൈവികമായ ഇടപെടലാണ് അന്ന് താങ്കളെ രക്ഷിച്ചതെന്നാണ് താങ്കള്‍ പറഞ്ഞത്. ഇത്തരം ദൈവിക ഇടപെടലുകള്‍ താങ്കളുടെ ജീവിതത്തില്‍ വേറെയും ഉണ്ടായിട്ടുണ്ടോ?

വിശ്വാസം തീര്‍ത്തും വ്യക്തിപരമായ കാര്യമാണ്. അത് പബ്ളിക്കായി പറയേണ്ടതില്ല.

താങ്കള്‍ കരണ്‍താപ്പറോട് പറഞ്ഞതുകൊണ്ടു മാത്രമാണ് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചത്?

അത് വല്ലാത്തൊരു അപകടമായിരുന്നു. 0.5 മില്ലി മീറ്റേഴ്സ് ഒരു വശത്തേക്ക് മാറിയിരുന്നെങ്കില്‍ എനിക്ക് കാഴ്ച നഷ്ടപ്പെടുമായിരുന്നു. 0.5 മില്ലി മീറ്റേഴ്സ് മറ്റെ ഭാഗത്തേക്ക് മാറിയിരുന്നെങ്കില്‍ എന്റെ തലച്ചോര്‍ തകരുമായിരുന്നു. അതുകൊണ്ടാണ് അതിലൊരു ദേവീ കടാക്ഷമുണ്ടായിരുന്നുവെന്ന് പറയേണ്ടി വരുന്നത്. അപകടമുണ്ടായപ്പോള്‍ ആര്‍എസ്എസ്സുകാര്‍ അത് ദേവി കോപമാണെന്നൊക്കെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അതിന് പക്ഷേ, അധികം ആയുസ്സുണ്ടായില്ല. കാരണം ചിലരുടെ വിശ്വാസം ( എന്റെയല്ല ) ദേവിക്ക് നല്‍കാവുന്ന ഏറ്റവും വലിയ തര്‍പ്പണം രക്തമാണെന്നാണ്. അതുകൊണ്ടുതന്നെ ദേവികോപം എന്ന പ്രചാരണത്തിന്റെ മുന പെട്ടെന്നൊടിഞ്ഞു.

താങ്കളുടെ ജീവിതത്തില്‍ ഒരുപാട് വിജയങ്ങളുണ്ടായിട്ടുണ്ട്. ഒരു പാട് പരീക്ഷണങ്ങളുമുണ്ടായിട്ടുണ്ട്.  പരീക്ഷണ ഘട്ടങ്ങളില്‍ ഒരാശ്രയം തേടി താങ്കള്‍ എങ്ങോട്ടാണ് തിരിയാറുള്ളത്?

ആത്യന്തികമായി അവനവന്റെ ഉള്ളിലേക്ക് തന്നെ തിരിയേണ്ടി വരും. എനിക്കെന്റെ കഴിവുകളെക്കുറിച്ചും കുറവുകളെക്കുറിച്ചും ബോദ്ധ്യമുണ്ട്.  തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ ആരെയും പേടിക്കേണ്ട കാര്യമില്ല. ആളുകള്‍ക്ക് എന്തു വേണമെങ്കിലും പറയാം. രാഷ്ട്രീയത്തില്‍ വന്ന ശേഷം പല അഗ്നി പരീക്ഷകളുമുണ്ടായിട്ടുണ്ട്. ഒരിക്കല്‍ മന്ത്രി സ്ഥാനത്തു നിന്നും രാജി വെയ്ക്കേണ്ടി വന്നു.

ഭാര്യയുടെ മരണശേഷം  നിരവധി കുറ്റാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു?

എന്തൊക്കെയാണ് ആളുകള്‍ പറഞ്ഞു നടന്നത്. ഇപ്പോഴും കേസുണ്ട്. പക്ഷേ, നമ്മുടെ മനഃസാക്ഷി ക്ലിയറാണെങ്കില്‍ നമ്മള്‍ ആരെയും പേടിക്കേണ്ട കാര്യമില്ല.

ഒന്ന് റിലാക്സ് ചെയ്യണമെന്നു തോന്നുമ്പോള്‍ എന്താണ് ചെയ്യുക? വായനയിലേക്ക് തിരിയുമോ?

വായന തീര്‍ച്ചയായും ഒരു വഴിയാണ്. പക്ഷേ, ഇപ്പോള്‍ അതിന് തീരെ സമയം കിട്ടുന്നില്ല. മറ്റൊന്ന് ക്രിക്കറ്റ് കാണുകയാണ്. മാച്ച് കാണാനൊന്നും പറ്റാറില്ല. ഹൈലൈറ്റ്സുകള്‍ കാണും. അതുതന്നെ പലപ്പോഴും ട്രെഡ്മില്ലിലൊക്കെ നടക്കുമ്പോഴാണ്. പിന്നെ ജനങ്ങളുമായി സംസാരിക്കുമ്പോള്‍ കിട്ടുന്ന ഊര്‍ജ്ജം ഒന്നുവേറെ തന്നെയാണ്. രാഷ്ട്രീയത്തിലിറങ്ങിയതിന്റെ ഗുണം.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരികയാണ്. ഇക്കുറി തുടക്കം മുതലേ സിപിഎം കോണ്‍ഗ്രസിനെതിരെ ഉയര്‍ത്തുന്ന ആരോപണങ്ങളിലൊന്ന് വര്‍ഗ്ഗീയതയുമായി ബന്ധപ്പെട്ടതാണ്. മുസ്ലിം ലീഗാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന ആരോപണം ഈ പരിസരത്തിലാണ് സിപിഎം ഉയര്‍ത്തിയത്. അതോടൊപ്പം ബിജെപിയുമായി കോണ്‍ഗ്രസിന് അന്തര്‍ധാരയുണ്ടെന്ന ആരോപണവുമുണ്ട്?

ആര്‍എസ്എസ്സുമായി കോണ്‍ഗ്രസിന് ഒരിക്കലും ബന്ധമുണ്ടാക്കാനാവില്ല. വര്‍ഗ്ഗീയതയുമായി ഒരു തരത്തിലുള്ള അനുരഞ്ജനവും കോണ്‍ഗ്രസിന് കഴിയില്ല. ഒരിടത്തും ഇക്കുറി ഞങ്ങള്‍ ദുര്‍ബ്ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ഈ തലത്തില്‍ സിപിഎം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ അവരുടെ തന്നെ വീഴ്ചകള്‍ പ്രതിരോധിക്കുന്നതിനാണ്.വര്‍ഗ്ഗീയത ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് സിപിഎമ്മും ബിജെപിയുമാണ്. ബിജെപിയുടെ അടിസ്ഥാനം തന്നെ വര്‍ഗ്ഗീയതയാണ്. സിപിഎമ്മും ഇപ്പോള്‍ വര്‍ഗ്ഗീയതയുടെ വഴിക്കാണ് സഞ്ചാരം.

ആര്‍എസ്എസ്സ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച്?

അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്സ്  സഭ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. എന്‍എസ്എസ്സിന്റെയും എസ്എന്‍ഡി്പിയുടെയും  പിന്തുണയുമുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നിട്ടും അദ്ദേഹത്തിന് ബിജെപി സീറ്റ് നല്‍കിയില്ല. അപ്പോള്‍ പിന്നെ അതിന് പിന്നില്‍ ഒരു ഡീലുണ്ടെന്നു പറഞ്ഞാല്‍ അത് തള്ളിക്കളയാനാവില്ല. ബിജെപിയും സിപിഎമ്മുമാണ് ബാലശങ്കറിന്റെ വെളിപ്പെടുത്തലിലൂടെ പ്രതിരോധത്തിലായത്.

പിന്നെ ലീഗിന്റെ കാര്യം. ലീഗ് ഒരു സമുദായ സംഘടനയാണ്. വര്‍ഗ്ഗീയ സംഘടനയല്ല. ലീഗിനെ വര്‍ഗ്ഗീയ കക്ഷിയെന്നു വിളിക്കാന്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് മാത്രമേ കഴിയുകയുള്ളു. എനിക്കൊരിക്കലും ലീഗിന്റെ പ്രവര്‍ത്തനങ്ങളില്‍ വര്‍ഗ്ഗീയത കാണാനായിട്ടില്ല. എല്ലാ മതവിശ്വാസികളുമായും സൗഹാര്‍ദ്ദത്തില്‍ കഴിയുന്ന പാര്‍ട്ടിയാണത്. ജിന്നയ്ക്കൊപ്പം പാക്കിസ്താനിലേക്കില്ലെന്ന നിലപാടെടുത്തവരാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍. ഇന്ത്യന്‍ ഭരണഘടനയില്‍ അടിയുറച്ചു വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. അമിത്ഷായും മറ്റും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ നമ്മള്‍ വെറുതെ കേട്ടു നില്‍ക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്.

സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തോമസ് ഐസക്കിനെയും ജി സുധാകരനെയും പി ജയരാജനെയും പോലുള്ള പരിചയ സമ്പന്നരായ നേതാക്കള്‍ മാറ്റിനിര്‍ത്തപ്പെടുന്ന സാഹചര്യമുണ്ടായി. താങ്കള്‍ക്ക് എന്താണ് തോന്നുന്നത്?

അതവരുടെ ഉള്‍പാര്‍ട്ടി വിഷയമാണ്. പരിചയ സമ്പന്നരായ നേതാക്കളെ മാറ്റി നിര്‍ത്തേണ്ടതുണ്ടോ എന്ന ചോദ്യം കാണാതിരിക്കേണ്ട കാര്യമില്ല. സീതാറാം യെച്ചൂരിയെപ്പോലൊരു നേതാവിനെ രാജ്യസഭയില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ഈ ചോദ്യമുണ്ടായി. അതെന്തായാലും അവരുടെ ഇഷ്ടമാണ്. അതില്‍ ഞാനൊന്നും പറയുന്നില്ല. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഇത്തവണ 55 ശതമാനം പുതുമുഖങ്ങള്‍ക്കാണ് അവസരം കൊടുത്തിരിക്കുന്നത്. അതൊരു വലിയ മാറ്റമാണ്. ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാറ്റമാണിത്. ഈ മാറ്റത്തിന് അതിന്റേതായ ഫലമുണ്ടാവുമെന്നുതന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.