കോണ്‍ഗ്രസ് നേത്വനിരയില്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് 2001ല്‍ ചെറിയാന്‍ഫിലിപ്പ് ഇടുതുപക്ഷത്തേക്ക് തിരിഞ്ഞത്. ഒരുകാലത്ത് എ.കെ.ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും മനസാക്ഷിസൂക്ഷിപ്പുകാരനായി അറിയപ്പെട്ടിരുന്ന ചെറിയാന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനാണ്. ഇടത് സഹയാത്രികനായി പിന്നിട്ട കഴിഞ്ഞ 20 വര്‍ഷക്കാലത്തെ അനുഭവങ്ങള്‍ പങ്കിടുകയാണ് അദ്ദേഹം. മൂന്ന് തവണ സി.പി.എം. നിയമസഭയിലേക്ക്  മത്സരിക്കാന്‍ അവസരം നല്‍കിയെങ്കിലും ജയിക്കാന്‍ കഴിഞ്ഞില്ല. ഏപ്രിലില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക് പരിഗണിക്കാനുള്ള സാധ്യതയുണ്ട്. മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസിന് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വിശദീകരിക്കുകയാണ് ചെറിയാന്‍ഫിലിപ്പ്.

2001ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിച്ചുകൊണ്ടാണല്ലോ തിരുത്തല്‍വാദത്തിന് തുടക്കമിട്ടത്. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ?  
തുടര്‍ച്ചയായി രണ്ടു തവണ എം.എല്‍.എ.മാരായവര്‍ മാറിനിക്കണമെന്ന് യൂത്ത്കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചകാലം മുതല്‍ ഞാന്‍ വാദിച്ചിരുന്നു. സീറ്റുകള്‍ കുത്തകയാക്കിവെക്കുന്നതിനോടായിരുന്നു എതിര്‍പ്പ്. അത് ഒരിക്കലും ഉമ്മന്‍ചാണ്ടിയെപോലുള്ള നേതാക്കളെ ഉദ്ദേശിച്ചായിരുന്നില്ല. അദ്ദേഹത്തെ പോലുള്ളവരെ പാര്‍ട്ടിക്ക് വീണ്ടും മത്സരിപ്പിക്കേണ്ടിവരും. തുടര്‍ച്ചയായി രണ്ടുതവണ ജയിച്ചവര്‍ മാറിനില്‍ക്കണമെന്ന നിലപാട് പാര്‍ട്ടി അംഗീകരിക്കാതെ വന്നപ്പോഴാണ് 2001ല്‍ പുതുപ്പള്ളിയില്‍ മത്സരിച്ചത്. അത് ഉമ്മന്‍ചാണ്ടിക്കെതിരായ വ്യക്തിവിരോധം കൊണ്ടാണെന്ന് ചിലര്‍ വ്യാഖ്യാനിച്ചു. അത് ശരിയല്ല.  അത് ഒരു പ്രതീകാത്മകപോരാട്ടമായിരുന്നു. അതില്‍ ഒട്ടും കുറ്റബോധമില്ല.

പ്രതീകാത്മകമായ ആ പോരാട്ടം കോണ്‍ഗ്രസില്‍ എന്തെങ്കിലും ചലനം സൃഷ്ടിച്ചോ.? 
അന്ന് ഞാന്‍ തുടങ്ങിവെച്ച പോരാട്ടമാണ്  പില്‍ക്കാലത്ത് പലര്‍ക്കും സീറ്റ് ലഭിക്കാന്‍ കാരണമായത്.ഞാന്‍ ആര്‍ക്കൊക്കെ വേണ്ടിയാണോ പോരാടിയത് അവര്‍ക്കൊക്കെ പിന്നീട് സീറ്റ് കിട്ടി. എം.കെ.രാഘവന്‍, കെ.പി.ധനപാലന്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടും.

ഇടതുപക്ഷവുമായി ആലോചിച്ച് ഉറപ്പിച്ചിട്ടാണോ അന്ന് പുതുപ്പള്ളിയില്‍ മത്സരിച്ചത് ?  
നിലപാടിന്റെ പേരില്‍ ഞാന്‍ പുതുപ്പള്ളിയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞപ്പോള്‍ ആദ്യം എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും ഗൗരവമായി കണ്ടില്ല. അത് വെറുതെ പറയുകയാണെന്നാണ് അവര്‍ കരുതിയത്. പക്ഷേ പുതുപ്പള്ളില്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ മാത്രമാണ് ഞാന്‍ സീരിയസാണെന്ന് അവര്‍ മനസിലാക്കിയത്. ഇടതുമായി ആലോചിച്ചല്ല പത്രിക നല്‍കിയത്. മത്സരിക്കാന്‍ ഉറപ്പിച്ചപ്പോള്‍ ആ സന്ദര്‍ഭം സി.പി.എം. പ്രയോജനപ്പെടുത്തിയെന്നേയുള്ളു. അവര്‍ എനിക്ക് പിന്തുണ തന്നു.

Cheriyan Philip

പിണറായിവിജയനാണോ താങ്കളെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചത് ?   
പിണറായി വിജയന്‍ 1970ല്‍ എം.എല്‍.എ. ആയകാലം മുതല്‍ എനിക്ക് അദ്ദേഹവുമായി അടുപ്പമുണ്ട്. അന്നുമുതല്‍ അദ്ദേഹത്തോട് വലിയ മതിപ്പ് തോന്നിയിട്ടുണ്ട്. പിണറായിയുമായി അടുക്കാന്‍ പ്രയാസമാണ്. അടുത്താല്‍ അകലാനും പ്രയാസം. അദ്ദേഹം നല്‍കിയ സ്നേഹത്തിന്റെ മാസ്മരികവലയത്തിലാണ്  അന്നുമുതല്‍ ഞാന്‍. കോണ്‍ഗ്രസുമായി അകന്നപ്പോള്‍ എന്നെ  ഇടതുപക്ഷത്തേക്ക് സ്വീകരിച്ചതും സംരക്ഷിച്ചതും പിണറായിവിജനാണ്.

ഒരുകാലത്ത് എ.കെ.ആന്റണിയുടെ വിശ്വസ്തനായ താങ്കള്‍ ഇപ്പോള്‍ പിണറായി വിജയന്റെയും വിശ്വസ്തനാണ്. രണ്ട് ധ്രുവങ്ങളിലുള്ള ഇവരുമായി അടുത്തതിന്റെ രസതന്ത്രം എന്താണ്?  
കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഞാന്‍ നല്ല കോണ്‍ഗ്രസുകാരനും ഇടതുപക്ഷത്തായപ്പോള്‍ നല്ല ഇടതുപക്ഷക്കാരനുമായി എന്നതാണ് സത്യം. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചപ്പോഴും ഇ.എം.എസുമായി ഏറെ അടുപ്പമുണ്ടായി. കോണ്‍ഗ്രസില്‍ ആന്റണി ഗ്രൂപ്പിലായിരുന്നിട്ടും കെ.കരുണാകരനുമായും നല്ല ബന്ധത്തിലായിരുന്നു. കരുണാകരന് സ്വന്തം ഗ്രൂപ്പ് നേതാക്കളെക്കാള്‍ ഇഷ്ടം എന്നോടായിരുന്നു.പലപ്പോഴും സ്വകാര്യങ്ങള്‍ പങ്കുവെക്കാറുണ്ട്. ആന്റണി എനിക്ക് ഗുരുതുതുല്യനാണ്. യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ ചേരാന്‍ വന്നപ്പോള്‍ രക്ഷാകര്‍ത്താവിന്റെ കോളത്തില്‍ ഒപ്പിട്ടത് ഉമ്മന്‍ചാണ്ടിയാണ്. കോണ്‍ഗ്രസ് വിട്ട ശേഷം ഇന്നുവരെ പിണറായി വിജയനാണ് എന്റെ സംരക്ഷകന്‍. വര്‍ഷങ്ങളായി ഓണത്തിനും വിഷുവിനും ഞാന്‍ ഭക്ഷണം കഴിക്കുന്നത് പിണറായി വിജയന്റെ വീട്ടില്‍വെച്ചാണ്.

എന്റെ വലംനെഞ്ചില്‍ ആന്റണിയും ഇടംനെഞ്ചില്‍ പിണറായി വിജയനുമാണ്. രണ്ടുപേരെയും ഉപേക്ഷിക്കുക പ്രയാസം.

ഇടതുപക്ഷത്തേക്ക് മാറിയതുകൊണ്ട് രാഷ്ട്രീയജീവിതത്തില്‍ നേട്ടമുണ്ടായില്ല എന്ന് കരുതുന്നുണ്ടോ ? 
സി.പി.എം. മൂന്ന് തവണ എന്നെ മത്സരിപ്പിച്ചു. പുതുപ്പള്ളി, കല്ലൂപ്പാറ, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ മത്സരിച്ചെങ്കിലും ജയിക്കാനായില്ല. നേരത്തെ കോണ്‍ഗ്രസിലുള്ളപ്പോള്‍ കോട്ടയത്ത് മത്സരിച്ചു. എന്നെക്കാള്‍ പ്രഗത്ഭരായ എതിരാളികളോടാണ് മത്സരിച്ച് തോറ്റത്. തോറ്റതുകൊണ്ട് ഞാന്‍ ഒരു പരാജിതനാണെന്ന് കരുതുന്നില്ല. എതിരാളികളുടെ കോട്ടയില്‍ പോയി മത്സരിച്ചതുകൊണ്ട് ജയിക്കാനായില്ല. എന്റെ മനസില്‍ ആരോടും ശത്രുതയില്ല.   നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും ഉത്തരവാദി ഞാന്‍ മാത്രം. രാഷ്ട്രീയത്തില്‍ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം ഞാന്‍ സൂക്ഷിച്ചിട്ടില്ല.

സി.പി.എം. ഒരു ഷുവര്‍സീറ്റ് നല്‍കിയില്ല എന്ന പരാതിയുണ്ടോ ?   
എനിക്ക് ഷുവര്‍സീറ്റ് നല്‍കണമെന്ന് പിണറായി വിജയന്‍ ആഗ്രഹിച്ചിരുന്നു. പാര്‍ട്ടിനേതൃത്വവും അതിന് ശ്രമിച്ചിരുന്നു. പക്ഷേ എന്നെ മത്സരിപ്പിക്കണമെന്ന് ആഗ്രഹിച്ച സീറ്റുകളില്‍ ജില്ലാ ഘടകങ്ങള്‍ വേറെ പേരുകള്‍ നിര്‍ദ്ദേശിക്കും. എന്നെപോലുള്ള പാര്‍ട്ടിക്കുപുറത്തുള്ള ആളെ അടിച്ചേല്‍പ്പിച്ച് സ്ഥാനാര്‍ഥിയാക്കുക എളുപ്പമല്ല. എങ്കിലും കെ.ടി.ഡി.സി. ചെയര്‍മാന്‍ തുടങ്ങിയ പല പദവികളും നല്‍കി പരിഗണിച്ചിട്ടുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത എനിക്ക് എ.കെ.ജി. സെന്ററില്‍ മുറിയും ഭക്ഷണവും നല്‍കി 20 വര്‍ഷമായി സംരക്ഷിച്ചത് മറന്നുപോവരുത്.

ഇടതുമുന്നണിയില്‍ പ്രവര്‍ത്തിച്ച 20 വര്‍ഷത്തില്‍ ഒന്നും നേടിയില്ലെന്ന് തോന്നുന്നുണ്ടോ ?  
രാഷ്ട്രീയത്തില്‍ എന്തുനേടിയെന്ന ചോദ്യം അപ്രസക്തമാണ്. എന്തുനേടിയെന്ന ചോദ്യത്തിന് ഉത്തരമില്ല. പുതിയ അറിവുകളാണ് പുതിയ രാഷ്ട്രീയ നിലപാട് എടുക്കാന്‍ പ്രേരിപ്പിക്കുന്നത്. എടുത്ത നിലപാടുകള്‍ ശരിയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.

ഇരുമുന്നണികളിലും പ്രവര്‍ത്തിച്ച പരിചയത്തില്‍  കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും എങ്ങനെ വിലയിരുത്തുന്നു ? 
അഖിലേന്ത്യാതലത്തില്‍ നേതൃശൂന്യതയാണ് കോണ്‍ഗ്രസിനെ അലട്ടുന്നതെങ്കില്‍ കേരളത്തില്‍ നേതാക്കളുടെ ബാഹുല്യമാണ് കോണ്‍ഗ്രസിന്റെ പ്രശ്നം. എല്‍.ഡി.എഫിന്റെ തുരുപ്പ് ശീട്ട് പിണറായിവിജയന്‍ തന്നെയാണ്. തീരുമാനം എടുത്താല്‍ അതില്‍ ഉറച്ചുനില്‍ക്കുന്ന നേതാവാണ് അദ്ദേഹം. പതിറ്റാണ്ടുകളോളം ഇ.എം.എസിനെ കേന്ദ്രീകരിച്ചാണ് കേരളം രാഷ്ട്രീയം ചലിച്ചതെങ്കില്‍ ഇപ്പോള്‍ പിണറായിയാണ് കേരളരാഷ്ട്രീയത്തിലെ കേന്ദ്രബിന്ദു.

ഏപ്രിലില്‍ ഒഴിവുവരുന്ന രാജ്യസഭാസീറ്റിലേക്ക് താങ്കളെ പരിഗണിക്കുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ ?  
അതൊക്കെ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. കാഡര്‍ പാര്‍ട്ടിയില്‍ അതൊക്കെ അപ്പോള്‍ മാത്രമാണ് തീരുമാനിക്കുന്നത്. നേരത്തെ ആരെയെങ്കിലും കണ്ടുവെക്കുന്ന പതിവില്ല.