നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മത്സരിക്കുന്നത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ചാണ്ടി ഉമ്മന്‍. മത്സരിക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ചാണ്ടി ഉമ്മന്‍ മാതൃഭൂമി ഡോട്ട്‌ കോമിന് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തമായ ഭാഗങ്ങള്‍.

തിരഞ്ഞെടുപ്പ് അടുക്കുകയാണ്, യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായി കൂടുതല്‍ സജീവമാകുമോ ഇനി?

ഡിസംബര്‍ 26 മുതല്‍ വോട്ട് ചേര്‍ക്കുന്ന ഒരു പരിപാടി കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടത്തുന്നുണ്ട്. 'പെഹ്ലാ വോട്ട് ' എന്നാണ് അതിന്റെ പേര്.  വോട്ട് ചോദിക്കുക, വോട്ട് ചേര്‍ക്കുക എന്നതാണ് അതിന്റെ മുദ്രാവാക്യം. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ചില മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് താങ്കളുടെ പേര് പറഞ്ഞുകേള്‍ക്കുന്നുണ്ടല്ലോ?

അത്തരം കാര്യങ്ങളൊക്കെ പത്രങ്ങളില്‍ വായിച്ച അറിവ് മാത്രമേ എനിക്കുള്ളു. അതില്‍ കൂടുതലൊന്നും അറിയില്ല.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന പേരുകളിലൊന്നാണ് താങ്കളുടേത്, ഇത്തവണ മത്സരിക്കാനുണ്ടാകുമോ?

നേരത്തെ മുതല്‍ പറഞ്ഞു കേള്‍ക്കുന്നതാണ് അത്തരം കാര്യങ്ങള്‍. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമൊന്നുമില്ല ഇപ്പോള്‍.

മത്സരിക്കാന്‍ വ്യക്തിപരമായി താത്പര്യമുണ്ടോ?

അതേക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ കുറെ നാളായി പ്രവര്‍ത്തിക്കുന്നുണ്ട്. അത് തുടര്‍ന്നും മുന്നോട്ടുകൊണ്ടുപോകും.

തിരഞ്ഞെടുപ്പില്‍ ഇത്തവണയെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രാതിനിധ്യം വര്‍ധിക്കുമോ...?

യൂത്ത് കോണ്‍ഗ്രസിന് മാത്രമല്ല, പുതുമുഖങ്ങള്‍ക്കും അവസരം കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനൊത്ത് പാര്‍ട്ടി തീരുമാനമെടുക്കുമെന്ന്   തന്നെയാണ് ആഗ്രഹം. 70 ശതമാനമെങ്കിലും ചെറുപ്പക്കാര്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുമെന്നു തന്നെയാണ് പ്രതീക്ഷ.

യു.ഡി.എഫില്‍നിന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് വലിയ ശ്രമം നടക്കുന്നു?

എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ച് കൊണ്ടുപോകാനുള്ള ശ്രമമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും നടത്തുന്നത്. തീര്‍ച്ചയായിട്ടും അത് തുടര്‍ന്നുകൊണ്ടിരിക്കും. ബി.ജെ.പിയിലേക്ക് അങ്ങനെയാരു ഒഴുക്കുമില്ല. അതൊക്കെ പേപ്പറിലുള്ള ഒഴുക്ക് മാത്രമേയുള്ളു. ഒരുവിഭാഗത്തില്‍ നിന്നും അങ്ങനെ ബി.ജെ.പിയിലേക്ക് ആരും പോകുന്നുമില്ല. അങ്ങനെയുണ്ടായി എങ്കില്‍ അത് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ കാണേണ്ടതായിരുന്നു. അങ്ങനെയൊരു ഒഴുക്കുണ്ടായിരുന്നുവെങ്കില്‍ അത് അന്ന് കാണും. പക്ഷെ അത് കണ്ടില്ലല്ലോ?.

കോണ്‍ഗ്രസ് നേതാക്കളെ കൂടെ ചേര്‍ത്താണ് രാജ്യത്ത് പലയിടത്തും ബി.ജെ.പി. ഭരണം പിടിച്ചത്, കേരളത്തിലും അങ്ങനെയുണ്ടാകുമോ?

കോണ്‍ഗ്രസില്‍ നിന്ന് മാത്രമല്ല, സി.പി.എമ്മില്‍ നിന്നും ബി.ജെ.പി. ആളുകളെ പിടിക്കുന്നുണ്ട്. ബംഗാളില്‍ നോക്കൂ, അവിടെ സി.പി.എം. എം.എല്‍.എമാരും ബി.ജെ.പിയിലേക്ക് പോയിട്ടുണ്ട്. ഇത്തരം ശ്രമങ്ങള്‍ പലയിടത്തും നടത്തിയിട്ടുണ്ട്. പക്ഷെ, അതൊന്നും കേരളത്തില്‍ വിലപ്പോവില്ല. അത്തരമൊരു സാഹചര്യം കേരളത്തിലുണ്ടായിട്ടുമില്ല.

തലസ്ഥാനത്ത് ഉദ്യോഗാര്‍ഥികള്‍ നടത്തുന്ന സമരത്തേപ്പറ്റി എന്താണ് പറയാനുള്ളത്?

ഉദ്യോഗാര്‍ഥികള്‍ അവരുടെ ജീവിതം മുഴുവന്‍ സര്‍ക്കാര്‍ ജോലിക്കുവേണ്ടി പഠിച്ച് പി.എസ്.സി. റാങ്ക് നേടിയവരാണ്. മാനുഷികമായ മുഖമുണ്ടെങ്കില്‍ അവരെ പരിഗണിക്കേണ്ടത് സര്‍ക്കാരാണ്.  നിയമങ്ങള്‍ പറഞ്ഞ് ഓരോരുത്തരേയും മാറ്റിനിര്‍ത്താം. നിയമത്തിനപ്പുറം ആളുകളെ ചേര്‍ത്ത് നിര്‍ത്താനുള്ള ബാധ്യത ഏത് ഗവണ്‍മെന്റിനുണ്ട്. അത് അവരുടെ കടമയാണ്. ആ കടമ നിര്‍വഹിക്കണമെന്നു മാത്രമേ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുള്ളു. അതിന് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും വൈസ്പ്രസിഡന്റും അവിടെ നിരാഹാരമിരിക്കുന്നത്.

കാലാകാലങ്ങളായി പലസര്‍ക്കാരിന്റെ കാലത്തും പിന്‍വാതില്‍ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഇങ്ങനെയൊരു സമരത്തിന് യു.ഡി.എഫ്. പിന്തുണ കൊടുക്കുമ്പോള്‍ അതില്‍ ധാര്‍മികമായ പ്രശ്നമുദിക്കുന്നില്ലെ?

ഇതേപോലെ പി.എസ്.സിയെ നോക്കുകുത്തിയാക്കി ഒരു സര്‍ക്കാരും ഇതുവരെ പ്രവര്‍ത്തിച്ചിട്ടില്ല. ഇവിടെ പി.എസ്.സി. ഉദ്യോഗാര്‍ഥികളെ മുഴുവന്‍ മാറ്റിനിര്‍ത്തി പിന്‍വാതില്‍ കൂടി ആള്‍ക്കാരെ നിയമിക്കുകയാണ്. കേരളാ ബാങ്കിന്റെ കാര്യം തന്നെ നോക്കിയാല്‍ മതിയല്ലോ. ഹൈക്കോടതിയാണ് ഈ നിയമനം സ്റ്റേ ചെയ്തിരിക്കുന്നത്. എത്ര ഉദ്യോഗാര്‍ഥികളെയാണ് അവിടെ നിയമിച്ചത്. 1800-ഓളം പേരെയാണ് അവിടെ പിന്‍വാതിലില്‍ കൂടി നിയമിച്ചത്. ഒരു ഗവണ്‍മെന്റ് ചെയ്യാന്‍ പാടില്ലാത്തതൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

സമരം ചെയ്യുന്നതില്‍ കൂടുതലും 2017-ലെ ഉദ്യോഗാര്‍ഥികളാണ്. സമരത്തിന്റെ ആദ്യത്തെ 20 ദിവസങ്ങള്‍ക്ക് മുമ്പ് ഇവരെ നേരില്‍ കണ്ടിരുന്നു. അന്ന് ഇത്രയും തീവ്രതയുണ്ടായിരുന്നില്ല. പക്ഷെ, ഇന്ന് അവര്‍ റോഡില്‍ കിടക്കുകയാണ്. എന്തുകൊണ്ടാണ് 2017-ലെ ലിസ്റ്റില്‍ നിന്ന് ഇത്രയും കുറച്ചുപേരെ നിയമിച്ചിരിക്കുന്നത്. കൊറോണ വന്നു, നിപ്പ വന്നു, പ്രളയം വന്നു എന്നൊക്കെ പറഞ്ഞാണ് ഇവരെ നിയമിക്കാതിരുന്നത്. അതെങ്കിലും പരിഗണിച്ച് ഇവരുടെ ലിസ്റ്റ് നീട്ടിക്കൊടുക്കുക, പരിഗണന കൊടുക്കുക എന്ന ജോലി ഗവണ്‍മെന്റിനില്ലെ?  ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ കാരണം ഇവര്‍ കഷ്ടപ്പെടണോ?

യൂത്ത് കോണ്‍ഗ്രസിന്റെ സമരം എത്രത്തോളം കാര്യക്ഷമമാണ്?

ഇവിടുത്തെ ചെറുപ്പക്കാര്‍ക്ക് വേണ്ടിയുള്ള സമരമാണ്. അവിടെ രണ്ട് പേര് ഭക്ഷണം പോലും കഴിക്കാതെ കഴിഞ്ഞ ദിവസങ്ങളില്‍ സമരം ചെയ്തു. അതിന് കാരണം ഈ ചെറുപ്പക്കാര്‍ക്ക് നീതി ലഭിക്കണം, ഉദ്യോഗാര്‍ഥികള്‍ക്ക് നീതി കിട്ടണം. ചെറുപ്പക്കാരുടെ മനസില്‍ ഇക്കാര്യങ്ങളുണ്ട്. എല്ലാവരും ഇറങ്ങി സമരത്തിനായി വന്നില്ലെങ്കില്‍ പോലും അവരുടെയെല്ലാമുള്ളില്‍ ഇതൊരു പ്രതിഷേധമായി നില്‍ക്കുന്നുണ്ട്. ഒരു ഉദ്യോഗാര്‍ഥിയുടെ ദുഃഖം എനിക്കറിയാം. ഞാന്‍ സിവില്‍ സര്‍വീസ് എഴുതിയ ആളാണ്. എനിക്കത് കിട്ടിയില്ല. പക്ഷെ ഇവിടെയുള്ള വ്യത്യാസം റാങ്ക് കിട്ടിയ ഉദ്യോഗാര്‍ഥികള്‍ക്കും ജോലി കൊടുക്കുന്നില്ല എന്നതാണ്. അപ്പോള്‍ അവരുടെ വിഷമം അത് വേറെയാണ്. അപ്പോള്‍ എല്ലാവരുമിറങ്ങി സമരം ചെയ്തില്ലെങ്കില്‍ പോലും ഈ നിരാഹാരം കേരളത്തെ പിടിച്ചുകുലുക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് അടുത്തു അതിന് പിന്നാലെ സോളാര്‍ കേസും സര്‍ക്കാര്‍ കുത്തിപ്പൊക്കി?

അതൊക്കെ നനഞ്ഞ പടക്കമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതല്ലെ. അഞ്ചു വര്‍ഷക്കാലം അധികാരത്തിലിരുന്നിട്ടും ഈ ഗവണ്‍മെന്റിന് എന്തെങ്കിലും ചെയ്യാന്‍ പറ്റിയോ. ഒന്നും സാധിച്ചില്ല. അവസാന നിമിഷം ഇങ്ങനെ നനഞ്ഞ ഓലപ്പടക്കം കൊണ്ടുവന്ന് ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണ് നടക്കുന്നത്. അത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടല്ലോ. ഇവിടുത്തെ ഓരോ കൊച്ചുകുട്ടിക്കുമറിയാം സര്‍ക്കാര്‍ ഒരു ചുക്കും ഈ കാര്യങ്ങളിലൊക്കെ ചെയ്തിട്ടില്ല എന്ന്.

എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെപ്പറ്റി എന്താണ് വിലയിരുത്തുന്നത്?

പത്തില്‍ പൂജ്യം മാര്‍ക്ക് മാത്രമേ കൊടുക്കാന്‍ പറ്റു.

സംസ്ഥാനത്ത് തുടര്‍ഭരണമുണ്ടാകുമെന്ന വലിയൊരു പ്രചാരണം നടക്കുന്നുണ്ട്. അങ്ങനെ കാണുന്നുണ്ടോ?

തുടര്‍ഭരണം ഉണ്ടാകണമെങ്കില്‍ കുറച്ച് കാര്യങ്ങള്‍ വേണം. നാടിന് വേണ്ടി ഈ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന് പറയേണ്ടെ. അഞ്ച് വര്‍ഷത്തെ ഭരണനേട്ടമെന്താണ് ഈ ഗവണ്‍മെന്റിന്റെ. പുതിയൊരു പദ്ധതി തറക്കല്ലിട്ട് പൂര്‍ത്തിയാക്കിയത് ഈ ഗവണ്‍മെന്റിന് എടുത്ത് കാണിക്കാനുണ്ടോ? ഒന്നും പറയാനില്ല.

ഇവിടെ പുതിയ പദ്ധതികള്‍ കൊണ്ടുവന്നിട്ടില്ല, ജനങ്ങള്‍ക്ക് വേണ്ടി പുതിയതായി ഒന്നും കൊണ്ടുവന്നിട്ടില്ല, പക്ഷെ തുടര്‍ഭരണം സ്വപ്നം കാണുന്നത് വേറെന്തോ ആരുടെയൊക്കെയോ പിന്തുണ പ്രതീക്ഷിച്ചിട്ടുള്ള സ്വപ്നമായിരിക്കുമിത്. അതൊന്നും ജനങ്ങളുടെ മുന്നില്‍ വെലപ്പോവില്ല. ജനങ്ങള്‍ക്കറിയാമെല്ലാം.

തുടര്‍ഭരണമെന്ന് ആത്മവിശ്വാസത്തോടെ പറയണമെങ്കില്‍ അതിന് എന്തെങ്കിലും കാരണമുണ്ടാകില്ലെ?

ഒരു കാരണവുമില്ല. പക്ഷെ ജനങ്ങളുടെ മുന്നില്‍ ഇങ്ങനെയൊരു തുടര്‍ഭരണമെന്ന മായക്കാഴ്ച വെക്കുക. അങ്ങനെ ജനങ്ങളെക്കൊണ്ട് വോട്ടു ചെയ്യിക്കാമോയെന്ന് ശ്രമിച്ച് നോക്കുകയാണ്. അതല്ലാതെ ഒരു കാരണവശാലും ഒരര്‍ഹതയുമില്ലാത്ത ഗവണ്‍മെന്റാണ് ഇത്. വിദ്യാര്‍ഥികളെ വഞ്ചിച്ച, ചെറുപ്പക്കാരെ വഞ്ചിച്ച ഒപ്പം സ്വര്‍ണക്കടത്തും കഞ്ചാവ് കടത്തും ഡോളറുകടത്തും വരെയുള്ള ആരോപണങ്ങള്‍ നേരിടുന്ന ഗവണ്‍മെന്റാണിത്. അങ്ങനെയാരു ഗവണ്‍മെന്റ് ഏത് വകുപ്പിലാണ് തുടര്‍ഭരണം അവകാശപ്പെടുന്നത്.

എല്‍.ഡി.എഫും ബി.ജെ.പിയും തമ്മില്‍ സീറ്റ് ധാരണയെന്ന് ആരോപണം?

അതിലേക്കാണ് കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. തില്ലങ്കേരിയിലെ ഉപതിരഞ്ഞെടുപ്പ് ഉള്‍പ്പെടെ അങ്ങനെയൊരു ആരോപണം നിലനില്‍ക്കുന്നുണ്ട്. കളമശ്ശേരിയിലൊരു ഉപതിരഞ്ഞെടുപ്പ് നടന്നിരുന്നു. ഞാന്‍ അവിടെ പോയിരുന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 150 വോട്ട് കിട്ടിയ ബി.ജെ.പിക്ക് ഒരുമാസത്തിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചത് 13 വോട്ടാണ്. 137 വോട്ട് കാണാനില്ല. തില്ലങ്കേരിയിലും 2000 വോട്ട് കാണാനില്ല. ഇതൊക്കെ കാണുമ്പോള്‍ എല്‍.ഡി.എഫ്. - ബി.ജെ.പി. ബന്ധമെന്ന ധാരണ വരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കും?

അതൊക്കെ കോണ്‍ഗ്രസ് പാര്‍ട്ടിയും ഹൈക്കമാന്‍ഡും തീരുമാനിക്കുന്ന കാര്യമാണ്. തിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും.

ചെന്നിത്തല നയിക്കുന്ന കേരളയാത്രയുടെ ഫലം എങ്ങനെയുള്ളതാകുമെന്നാണ് കരുതുന്നത്?

യാത്രയടുടെ കാസര്‍കോട്, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലെ സമ്മേളനങ്ങളില്‍ പങ്കെടുത്തിരുന്നു. ഈ മൂന്നു ജില്ലകളിലും ചരിത്രപരമായ മുന്നേറ്റമാണ് കണ്ടത്. അപ്പോള്‍ വന്‍ ജനപങ്കാളിത്തത്തോടടെയാണ് യാത്ര പുരോഗമിക്കുന്നത്.

വര്‍ഗീയതയുമായി യു.ഡി.എഫ്. കൂട്ടുകൂടുന്നുവെന്ന ആരോപണമുണ്ട്?

ഇക്കാര്യം ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത് സി.പി.എമ്മാണ്. അവരാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയതയുമായി കൂട്ടുകൂടിയതും അതിനെ താലോലിക്കുന്നതും. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. അതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്കുമറിയാം

Content Highlights: Chandy Oommen, Youth Congress Leader Interview