ചെന്നൈ: ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി. ''ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും ഒരിക്കല്‍പോലും കൂട്ടുകൂടിയില്ലാത്ത ഒരു പാര്‍ട്ടിയുണ്ടെങ്കില്‍ അത് കോണ്‍ഗ്രസാണ്.'' ഡി.എം.കെ. - കോണ്‍ഗ്രസ് സീറ്റ് ചര്‍ച്ചയ്ക്കായി  ചെന്നൈയിലെത്തിയ ഉമ്മന്‍ചാണ്ടി മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

രണ്ടാം ഭാഗം- വര്‍ഗീയതകൊണ്ട് കളിക്കാനുള്ള സി.പി.എം. നീക്കം തിരിച്ചടിക്കും: ഉമ്മന്‍ ചാണ്ടി

ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസിന് മൃദുസമീപനമാണെന്നാണ് സി.പി.എം. ആരോപിക്കുന്നത്. കോണ്‍ഗ്രസിന്റെ പിടിപ്പുകേടുകൊണ്ടാണ് നേമം പോലൊരു സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കേണ്ടി വന്നതെന്ന വിമര്‍ശം എങ്ങിനെ കാണുന്നു?

നേമത്ത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും തോറ്റില്ലേ! അപ്പോള്‍പിന്നെ ആര് ആര്‍ക്ക് വിട്ടുകൊടുത്തുവെന്നാണ് പറയുന്നത്.

കേരള നിയമസഭയില്‍ ബി.ജെ.പിയുടെ ഏക സിറ്റിങ് സീറ്റാണ് നേമം. ഇതിനു കാരണം കോണ്‍ഗ്രസിന്റെ അലംഭാവമാണെന്നാണ് വിമര്‍ശം. സി.പി.എമ്മും അവിടെ തോറ്റെങ്കിലും വോട്ടുകള്‍ വല്ലാതെ ചോര്‍ന്നത് കോണ്‍ഗ്രസിനാണ്. ഇതൊരു യാഥാര്‍ത്ഥ്യമാണ്. ഇക്കുറി ഇത് തിരുത്തുന്നതിനുള്ള ശ്രമം കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടാവുമോ?

ബി.ജെ.പിയെ നേരിടാന്‍ കഴിയുന്ന ഏക പ്രസ്ഥാനം ഇന്ത്യയിലും കേരളത്തിലും കോണ്‍ഗ്രസും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിയുമാണ്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എത്രയോ പ്രാവശ്യം ആര്‍.എസ്.എസുമായി ഒത്തുചേര്‍ന്ന് മത്സരിച്ചിട്ടുണ്ട്. 1977-ല്‍ അടിയന്തരാവസ്ഥയ്ക്ക് ശേഷം ഒന്നിച്ചല്ലേ മത്സരിച്ചത്. 1989-ല്‍ അവരും ബി.ജെ.പിയും ചേര്‍ന്നല്ലേ  വി.പി. സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത്. ഒന്നാം യു.പി.എ. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പിക്കൊപ്പം നിലകൊണ്ടെങ്കിലും പരാജയപ്പെട്ടില്ലേ? ബി.ജെ.പിയുടെ കാര്യത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അവസരവാദപരമായ സമീപനമാണുള്ളത്. അത്തരമൊരു സമീപനവും കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ബി.ജെ.പിയോട് ഒരിക്കല്‍പോലും കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല.

നേമത്ത് ഇത്തവണ കടുത്ത പോരാട്ടത്തിനു തന്നെയാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നതെന്നാണോ പറഞ്ഞുവരുന്നത്? ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കോണ്‍സ്ര് നേമത്ത് ഇറക്കും എന്ന് പ്രതീക്ഷിക്കാമോ?

എന്താ സംശയം? നേമത്ത് മാത്രമല്ല എല്ലായിടത്തും കരുത്തുറ്റ സ്ഥാനാര്‍ത്ഥികെളയായിരിക്കും കോണ്‍ഗ്രസ് നിര്‍ത്തുക. ബി.ജെ.പിക്ക് ഒരിടത്തും പ്രാമുഖ്യം കിട്ടില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പാക്കും.

നേമത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ മത്സരിപ്പിക്കുമോ എന്ന ചോദ്യം പരക്കെ ഉയരുന്നുണ്ട്. തരൂര്‍ നേമത്തിറങ്ങിയാല്‍ അത് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തുന്ന സന്ദേശം ഗംഭീരമായിരിക്കും എന്ന ചിന്തയാണ് ഈ ചോദ്യത്തിനു പിന്നില്‍. അങ്ങിനെയൊരാലോചനയുണ്ടോ?

ശശി തരൂര്‍ നിലവില്‍ എം.പിയാണ്. തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിന്റെ പ്രതിനിധിയാണ് അദ്ദേഹം.

ശരിയാണ്. പക്ഷേ, കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എതിരാളികളെ ഞെട്ടിച്ചത് കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍ തുടങ്ങിയ എം.എല്‍.എമാരെ കളത്തിലിറക്കിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ എം.പിയാണെന്നത് തരൂരിനെ നേമത്ത് സ്ഥാനാര്‍ത്ഥിയിക്കുന്നതിന് വിഘാതമാണോ?

ശശി തരൂര്‍ ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ അതിശക്തമായ പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന നേതാവാണ്. ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരെയുള്ള പോരാട്ടത്തില്‍ തരൂരിന്റെ പങ്ക് നിസ്തുലമാണ്. അതൊരു വലിയ ദൗത്യമാണ്. എന്തായാലും ബി.ജെ.പിക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോരാട്ടത്തിന് ഒരു മയവുമുണ്ടാവില്ല.  അത് ജനങ്ങള്‍ക്കറിയാം.ശബരിമല പോലൊരു പ്രശ്നത്തില്‍ പോലും ബി.ജെ.പിയെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഒരു പോലെ നേരിട്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നു മറക്കരുത്.

ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ ഇടതു സര്‍ക്കാര്‍ പിന്‍വലിക്കുകയാണ്?

യു.ഡി.എഫ്. പറഞ്ഞതിനു ശേഷമാണ് ഈ നടപടി. രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമ ഞാനുമൊക്കെ പ്രതിയായിട്ടുള്ള കേസുകള്‍ ഇനിയും കിടക്കുകയാണ്. ഇതൊന്നും പിന്‍വലിക്കാന്‍ ഇതുവരെ അവര്‍ക്ക് തോന്നിയില്ല. യു.ഡി.എഫ്. അധികാരത്തില്‍ വന്നാല്‍ കേസുകള്‍ പിന്‍വലിക്കും എന്ന് പറഞ്ഞപ്പോഴാണ് പൊടുന്നനെ ഈ നടപടി ഇടതു സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായത്.

ശബരിമല പ്രശ്നം ഇപ്പോഴും ഇടതുമുന്നണിയെ അലട്ടുന്നുണ്ട് എന്നതുകൊണ്ടാണോ ഇങ്ങനെയൊരു നടപടി?

സംശയമുണ്ടോ? അവരെ അലട്ടുന്നതെന്താണെന്നു ചോദിച്ചാല്‍ ശബരിമല വിധി അവര്‍ ചോദിച്ചു വാങ്ങിയ വിധിയാണ്. യു.ഡി.എഫ്. സുപ്രീം കോടതിയില്‍ ഒരു സത്യവാങ്മൂലം കൊടുത്തിരുന്നു. വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സത്യവാങ്മൂലം. ആ സത്യവാങ്മൂലം പിന്‍വലിച്ചിട്ട് ആചാരാനുഷ്ഠാനങ്ങള്‍ക്ക് എതിരായുള്ള സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നത്. ഇപ്പോള്‍ അവരുടെ നിലപാടില്‍ മാറ്റം കാണുന്നുണ്ട്. സുപ്രീം കോടതി വിധി നടപ്പാക്കാന്‍ അമിതാവേശം കാട്ടിയതാണ് പ്രശ്നങ്ങള്‍ മുഴുവനുമുണ്ടാക്കിയത്. ഇപ്പോള്‍ ആ സമീപനത്തില്‍നിന്നം പിണറായി സര്‍ക്കാര്‍ പിന്മാറി. സുപ്രീം കോടതി വിധി ഇനിയും സ്റ്റേ ചെയ്യപ്പെട്ടിട്ടില്ലെന്ന് മറക്കരുത്. പക്ഷേ, ഇപ്പോള്‍ വിധി നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ പഴയ ആവേശം കാട്ടുന്നില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ സമാധാനമുണ്ട്. ഈ പശ്ചാത്തലത്തിലാണ് എന്തുകൊണ്ട് നിലവിലുള്ള സത്യവാങ്മൂലം പിന്‍വലിച്ച് യു.ഡി.എഫ്. നല്‍കിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നില്ല എന്നു ഞങ്ങള്‍ ചോദിക്കുന്നത്. അങ്ങിനെ ചെയ്താല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിന് അനുസൃതമായ വിധിയുണ്ടാവും. ഇവിടെയാണ് മാര്‍ക്സിസ്റ്റുകാരുടെ ഇരട്ടത്താപ്പ് പുറത്തുവരുന്നത്.

ഈ പരിസരത്തില്‍ യു.ഡി.എഫ്. ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്ന കരട് നിയമത്തിന് എന്തെങ്കിലും പ്രസ്‌ക്തിയുണ്ടോ?

സത്യവാങ്മൂലം പിന്‍വലിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ രണ്ടു കൊല്ലത്തെ തടവുശിക്ഷയൊക്കെ ഉള്‍ക്കൊള്ളുന്ന നിയമത്തിനൊക്കെ രൂപം നല്‍കാനുള്ള ശ്രമത്തില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ടോ?

സത്യവാങ്മൂലം പിന്‍വലിക്കാതെ മുന്നോട്ടു പോയാല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമപരമായി എന്തൊക്കെ ചെയ്യാനാവും എന്ന അന്വേഷണത്തിന്റെ ഭാഗമാണത്. യു.ഡി.എഫിന് ശബരിമലയുടെ കാര്യത്തില്‍ ഒരു നിലപാടേയുള്ളു. ആചാരാനുഷഠാനങ്ങള്‍ക്ക് ഭംഗമുണ്ടാവരുത് എന്ന നിലപാടാണത്. പ്രതിപക്ഷത്തായാലും ഭരണപക്ഷത്തായാലും ഞങ്ങള്‍ക്ക് ഇതില്‍ മറിച്ചൊരു അഭിപ്രായമില്ല.

ഇ. ശ്രീധരനെപ്പോലുള്ളവരെ ഉള്‍പ്പെടുത്തി വളരെ അഗ്രസ്സീവായ നീക്കങ്ങളാണ് ബി.ജെ.പി. നടത്തുന്നത്. കഴിഞ്ഞ ദിവസം  ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിന്‍ പറഞ്ഞത് പോരാട്ടം ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും തമ്മിലാണെന്നും തമിഴകത്ത് ബി.ജെ.പിക്ക് ഇടമില്ലെന്നുമാണ്. ഇതേ സമീപനമാണോ കേരളത്തില്‍ കോണ്‍ഗ്രസിനുള്ളത്?

ബി.ജെ.പിയെ കേരളത്തില്‍ പിടിച്ചുകെട്ടാന്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിയുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അന്ധമായ മാര്‍ക്സിസ്റ്റ് വിരോധമല്ല ഞങ്ങളെ നയിക്കുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ രാഷ്ട്രീയമായി എതിര്‍ക്കും. അതേസമയം ബി.ജെ.പിയെ ഏറ്റവും ശക്തരായ എതിരാളികളായി കണ്ടുതന്നെയാണ് യു.ഡി.എഫ്. പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ബി.ജെ.പി. ഉയര്‍ത്തുന്ന വിപത്തിനെക്കുറിച്ച് ശരിക്കും ബോദ്ധ്യമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ബി.ജെ.പിക്കെതിരെയുള്ള പോരാട്ടത്തില്‍ ഒരിക്കലും വിട്ടുവീ്ഴ്ചയുണ്ടാവില്ല. മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്നും കോണ്‍ഗ്രസിനോട് ചോദിച്ചുകൊണ്ടിരുന്നത് കോണ്‍ഗ്രസ്സുകാരല്ലേ ബി.ജെ.പിയിലേക്ക് പോവുന്നതെന്നാണ്. ഇപ്പോള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് കമ്മിറ്റി ഒന്നടങ്കമായാണ് ബി.ജെ.പിയിലേക്ക് പോവുന്നത്.

ഇ. ശ്രീധരന്റെ പ്രവേശം ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുമോ?

ഒരിക്കലുമില്ല. അങ്ങിനെയൊന്നുമുണ്ടാവാന്‍ പോവുന്നില്ല.

ഒരു രാഷ്ട്രീയ പ്രത്യാഘാതവും ഉണ്ടാവില്ലെന്നാണോ?

ഇല്ല. കാരണം കേരളത്തിന്റെ മണ്ണ് ബി.ജെ.പിയുടെ ആശയങ്ങള്‍ക്ക് യോജിച്ചതല്ല. ആ കാര്യത്തില്‍ ഒരു സംശയവും വേണ്ട. കോണ്‍ഗ്രസിനെ ഏതുവിധേനയും പരാജയപ്പെടുത്താനുള്ള മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ശ്രമം വേറെയാണ്. 77-ല്‍ അവര്‍ അതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇപ്പോഴും അവര്‍ ശ്രമം തുടരുന്നുണ്ട്. ശത്രുവിന്റെ ശത്രു മിത്രം എന്ന രിതിയില്‍ അവര്‍ ബി.ജെ.പിയുമായി പല വട്ടം കൂട്ടുകൂടുകയും അപ്പോഴൊക്കെ പരാജയപ്പെടുകയും ചെയ്തു.

പുതുച്ചേരിയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ബി.ജെ.പി. വീഴ്ത്തിയതാണ് രാജ്യം ഏറ്റവും അവസാനം കണ്ട വലിയൊരു രാഷ്ട്രീയ സംഭവവികാസം. ഇന്ത്യന്‍ പശ്ചാത്തലത്തില്‍ താരതമ്യേന അപ്രസക്തമെന്ന് പറയാവുന്ന ഇടത്തില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ വേണ്ടന്നാണ് ബി.ജെ.പി. വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് എന്താണ് പറയാനുള്ളത്?

കോണ്‍ഗ്രസ് മുക്തഭാരതമാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഞാനൊന്ന് ചോദിക്കട്ടെ! ബി.ജെ.പി. നേടിയതിനെക്കാളും  എത്രയോ വലിയ വിജയം കോണ്‍ഗ്രസ് നേടിയിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷമാണ് 1984-ല്‍ രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേടിയത്. എന്നെങ്കിലും ബി.ജെ.പി. മുക്തഭാരതം എന്ന മുദ്രാവാക്യം കോണ്‍ഗ്രസ് വിളിച്ചിട്ടണ്ടോ? ഒരു ജനാധിപത്യ സംസ്‌കാരത്തിന് നിരക്കുന്ന മുദ്രാവാക്യമാണോ അത്. കോണ്‍ഗ്രസ് ഒരിക്കലും അങ്ങിനെയൊരു മുദ്രാവാക്യം ഉയര്‍ത്തില്ല.  പക്ഷേ, ബി.ജെ.പിക്കു വേണ്ടത് പ്രതിപക്ഷമില്ലാത്ത രാജ്യമാണ്. പുതുച്ചേരി പോലുള്ള അപ്രധാനമായ സ്്ഥലത്ത് പോലും ഭരണം അട്ടിമറിക്കാന്‍ ഏതറ്റം വരെ പോവാനും ബി.ജെ.പി. തയ്യാറാണ്. ജനാധിപത്യം ഇല്ലാതാക്കാന്‍ എത്രവേണമെങ്കിലും താഴാന്‍ ബി.ജെ.പിക്ക് ഒരു പ്രശ്നവുമില്ല. ഇത്രയും ഭീതിദമായ സാഹചര്യമുള്ളപ്പോഴും മാര്‍ക്സിസ്റ്റ് പാര്‍ട്ടി കോണ്‍സ്രിനെയാണ് മുഖ്യ എതിരാളിയായി കാണുന്നത്. ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ കാണുകയും തിരിച്ചറിയുകയും ചെയ്യുന്നുണ്ട്.  കേരളത്തിലെ മണ്ണില്‍ ബി.ജെ.പിക്ക് വളരാനാവില്ല.  അതുകൊണ്ടുതന്നെ തികഞ്ഞ ആത്മവിശ്വാസത്തോടയാണ് കോണ്‍ഗ്രസ് മുന്നോട്ടുപോവുന്നത്. 

(തുടരും)

Content Highlights: BJP won't flourish in Kerala, says Oommen Chandy. former chief minister