നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ ജാഥകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് മുന്നണികള്‍. ഇടതുപക്ഷത്തിന്റെ വികസന മുന്നേറ്റ യാത്ര കാസര്‍കോട്ട് നിന്നും എറണാകുളത്ത് നിന്നുമായി ആരംഭിക്കുന്നു. പി.എസ്.സി ഉദ്യോഗാര്‍ഥികളുടെ സമരം, വിശ്വാസ രാഷ്ട്രീയം, ശബരിമല ഇതെല്ലാം സജീവമായി ചര്‍ച്ചയാകുന്നു തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍. ഇടതുപക്ഷത്തിന്റെ വടക്കന്‍ മേഖലാ യാത്ര സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും, തെക്കന്‍മേഖലാ യാത്ര മുതിര്‍ന്ന സി.പി.ഐ നേതാവും രാജ്യസഭാ എം.പിയും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വവുമാണ് നയിക്കുന്നത്. ബിനോയ് വിശ്വവുമായി മാതൃഭൂമി ഡോട്ട്കോം നടത്തിയ പ്രത്യേക അഭിമുഖം.
തുടര്‍ ഭരണം ലക്ഷ്യമിട്ട് വികസന മുന്നേറ്റ യാത്രയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഇടതുപക്ഷം. തെക്കന്‍ മേഖലാ ജാഥാ ലീഡര്‍ എന്ന നിലയ്ക്ക് എന്താണ് ജനങ്ങള്‍ക്ക് മുന്നിലേക്ക് വെക്കാനുള്ളത്?
കേരളത്തിലെമ്പാടും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തകരും അനുഭാവികളുമെല്ലാം തികഞ്ഞ ആവേശത്തിലും രാഷ്ട്രീയ ഉള്‍ക്കാഴ്ചയോടും കൂടി ജാഥയ്ക്ക് വേണ്ടി ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. അത് കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തെ വലിയൊരു വിജയ കൊടുങ്കാറ്റാക്കി മാറ്റുമെന്നതില്‍ സംശയമില്ല. വിവാദങ്ങളില്‍ നിന്നും മാറി പുതിയ കേരളം കെട്ടിപ്പെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതുപക്ഷം മുന്നോട്ട് പോവുന്നത്. പുതിയ കേരളം കെട്ടിപ്പെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ വിജയം നേടാന്‍ കഴിയും എന്ന് തെളിയിച്ചുവരുമാണ്. ഇതിന് ഏറ്റവും നല്ല തെളിവാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ അഞ്ചുവര്‍ഷം. ഏറ്റവും പ്രയാസമേറിയ ദേശീയ രാഷ്ട്രീയസ്ഥിതിയില്‍, വളരെ പ്രതികൂലമായ സാമ്പത്തിക കാലാവസ്ഥയില്‍, പ്രളയക്കെടുതിയും കോവിഡ് മഹാമാരിയും ഒക്കെ ഉണ്ടായിട്ടും അവിടെയെല്ലാം ലവലേശം പതറാതെ ലക്ഷ്യബോധമുള്ള ഒരു സര്‍ക്കാരായി ഇടതുപക്ഷത്തിന് മാറാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ജനങ്ങള്‍ തിരിച്ചറിഞ്ഞതുമാണ്. ഇതെല്ലാം കാണാതെ വിവാദങ്ങള്‍ക്ക് പുറകെ പോവുന്നുണ്ടെങ്കില്‍ അത് കേവലം രാഷ്ട്രീയ ലക്ഷ്യം നേടാന്‍ വേണ്ടി മാത്രമാണ്. വിവാദങ്ങള്‍ക്ക് എണ്ണ പകര്‍ന്ന് കൊണ്ട് വിവാദ രാഷ്ട്രീയങ്ങളുടെ ഭാഗം പിടിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല.
ശബരിമല മുഖ്യ പ്രചാരണ തന്ത്രമായി എടുത്തിരിക്കുകയാണ് ഇത്തവണയും യു.ഡി.എഫ്. ഇതിനെ എങ്ങനെയാണ് കാണുന്നത്?
കോണ്‍ഗ്രസിനകത്തെ ആഭ്യന്തര വടംവലികള്‍ക്കുള്ള ഒരു പ്രതിവിധിയായിട്ടാണ് അവര്‍ യാത്രയെ കാണുന്നത്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടികളും പ്രശ്‌നങ്ങളും കൊണ്ട് ആശയക്കുഴപ്പത്തിലായ അവര്‍ക്ക് ജനങ്ങളോട് ഒന്നും പറയാനില്ല. അവരുടെ രാഷ്ട്രീയ പരിമിതികളാണത്. ബി.ജെ.പിയോട് ചേര്‍ന്ന് നിന്നുള്ള ഒരു രാഷ്ട്രീയമാണ് അവര്‍ എന്നും കാണിച്ച് പോന്നിട്ടുള്ളത്. അതിന്റെ ഒരു പരസ്യപ്രഖ്യാപനം കൂടിയാണ് യാത്ര. ശബരിമല അടക്കമുള്ള എല്ലാ ആരാധനാലയങ്ങളുടേയും വിശ്വാസങ്ങള്‍ സംരക്ഷിക്കണം എന്ന നിലപാടുള്ളവരാണ് ഞങ്ങള്‍. അതിന് വേണ്ടി രാഷ്ട്രീയമായ സാമൂഹികമായ നിയമപരമായ എല്ലാ നയങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയും ചെയ്യും.
വിശ്വാസികളെ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോവാനാവില്ലെന്ന് തിരിച്ചറിവ് ഇടതുപക്ഷത്തിനുണ്ടോ?
ഞങ്ങള്‍ എല്ലാ വിശ്വാസികളേയും മാനിക്കുന്നവരാണ്. ഞങ്ങളാണ് വിശ്വാസികളുടെ സ്വാതന്ത്രം ജനാധിപത്യ അവകാശങ്ങളുടെ ഭാഗമായിട്ട് കാണുന്ന രാഷ്ട്രീയ പക്ഷം. മതഭ്രാന്തും, മതതീവ്രവാദങ്ങളും ജാതികോമരങ്ങളുമെല്ലാ ചേര്‍ന്ന് കേരളത്തില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ കടന്നാക്രമിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം വിശ്വാസങ്ങളുടെ സ്വാതന്ത്രം അല്ലെങ്കില്‍ വിശ്വാസികളുടെ സ്വാതന്ത്രത്തിന് വേണ്ടി ഇടപെട്ട അല്ലെങ്കില്‍ പോരാടിയ രാഷ്ട്രീയ പക്ഷമാണ് ഇടതുപക്ഷം. ഞങ്ങളാണ് മത തീവ്രവാദത്തിന്റെ ശക്തികള്‍ രാജ്യത്തെമ്പാടും മറ്റ് മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ അക്രമിച്ചപ്പോള്‍ അരുതെന്ന് പറഞ്ഞവര്‍. ഞങ്ങളാണ് ഇന്ത്യയിലെമ്പാടും കേരളത്തിലടക്കം ന്യൂനപക്ഷ മതങ്ങളുടെ വിശ്വസങ്ങള്‍ ഹനിക്കാന്‍ വേണ്ടി മതതീവ്രവാദ ശക്തികള്‍ വാളിന് മൂര്‍ച്ചകൂട്ടിയപ്പോള്‍ എല്ലാം മറന്ന് പ്രവര്‍ത്തിച്ചവര്‍. വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതില്‍ ഞങ്ങള്‍ക്ക് സംശയമില്ല. അത് സംരക്ഷിക്കാനുള്ള സമരത്തില്‍ ഞങ്ങള്‍ വിശ്വാസികള്‍ക്ക് ഒപ്പം തന്നെയാണ്. അവര്‍ക്ക് എതിരല്ല. ഇടതുപക്ഷം മത വിരുദ്ധമോ വിശ്വാസിക്ക് എതിരോ അല്ല എന്നത് ഞങ്ങളുടെ അടിസ്ഥാന നിലപാട് തന്നെയാണ്. അല്ലാതെ വോട്ടിന് വേണ്ടി പറയുന്നതല്ല. വിശ്വാസങ്ങളുടെ ശരികളുടെ കൂടെയാണ് ഇടതുപക്ഷം. എന്നാല്‍ വിശ്വാസങ്ങളുടെ പേര് പറഞ്ഞുകൊണ്ട് തീവ്രവാദത്തെ പിന്‍പറ്റി മതങ്ങളെ തമ്മിലടിപ്പിക്കാന്‍, വിശ്വാസികളെ തമ്മില്‍ അകറ്റാന്‍, സഹോദരപോരിന് കളമൊരുക്കാന്‍ ശ്രമം നടക്കുമ്പോള്‍ അത് തെറ്റാണെന്ന് തന്നെ പറയുകയും ചെയ്യും. എല്ലാ മതവും പറഞ്ഞത് സ്‌നേഹത്തെ പറ്റിയും സഹനത്തെ പറ്റിയുമാണ്. എന്നാല്‍ ഇതിനെയെല്ലാം മറന്ന് കൊണ്ടാണ് മത തീവ്രവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ മതത്തിന് എതിരല്ല. എന്നാല്‍ ഞങ്ങള്‍ മത തീവ്രവാദത്തിന് എതിരുമാണ്. മതത്തിനും ദൈവത്തിനും വിശ്വാസികള്‍ക്കും ഒരുപോലെ എതിരായ മത തീവ്രവാദത്തിനെതിരെ ഞങ്ങള്‍ പറയുമ്പോള്‍ അത് മതത്തിനെതിരാണ് എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ആരെ സഹായിക്കാനാണ് എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. യഥാര്‍ഥ മത വിശ്വാസികളുമായി ചേര്‍ന്ന് എല്ലാ തരം മത തീവ്രവാദങ്ങളേയും ചെറുത്തുതോല്‍പ്പിക്കണമെന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്. മതബോധമുള്ള വിശ്വാസികള്‍ ആ നിലപാട് ഉള്‍ക്കൊള്ളും.
കഴിഞ്ഞ കാലത്ത് നിന്നും വ്യത്യസ്ഥമായി ബി.ജെ.പി കേരളത്തിലും നിര്‍ണായ ശക്തിയായി വളര്‍ന്നു കഴിഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ഥ്യമാണ്. ഇത് ഏത് തരത്തിലുള്ള അപകടമാണ് മുന്നോട്ട് വെക്കുന്നത്?
അത് ബി.ജെ.പിക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരിലുള്ള സ്വീകാരത്യ കൊണ്ടാണ്. ബിജെപി രാഷ്ട്രീയം കേരളത്തിന് സ്വീകര്യമല്ല. ഇന്നുമല്ല നാളെയുമല്ല. പക്ഷെ ബി.ജെ.പിക്ക് ഇന്നുണ്ടായ ചെറിയൊരു ചലനം ഉണ്ടാക്കിക്കൊടുത്തത് കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിന്റെ ബലത്തിലും കോണ്‍ഗ്രസിന്റെ സഹായത്താലും മൗനമായിട്ടുള്ള പിന്തുണയിലുമാണ് കേരളത്തില്‍ ബിജെപി ശക്തിപ്പെടുന്നത്. അവര്‍ പരസ്പരമുള്ള സഹകരണ സംഘമാണ്. കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും വേറെ വേറെയല്ല. ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവില്‍ എന്ന് പറഞ്ഞപോലെയാണ് കേരളത്തിലെ കോൺഗ്രസിന്റേയും ബി.ജെ.പിയുടേയും സ്ഥിതി. ഇതൊക്കെ ശരിയാണോയെന്ന് ചിന്തിക്കേണ്ടത് കോണ്‍ഗ്രസുകാരാണ്. മഹാത്മാഗാന്ധിയെ മറക്കാത്ത നെഹ്‌റുവിനെ ഓര്‍ക്കുന്ന ഒരുപാട് പേരുണ്ട് കോണ്‍ഗ്രസ്സില്‍. അവര്‍ക്ക് കോണ്‍ഗ്രസ്സിന്റെ ബിജെപി പ്രീണന നയത്തില്‍ വലിയ അമര്‍ഷമുണ്ട്.
ലീഗിനെ വര്‍ഗീയ പാര്‍ട്ടിയായി ഉയര്‍ത്തിക്കാട്ടി സി.പി.എം ധ്രുവീകരണത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം വരുന്നുണ്ട്?
ലീഗിനുള്ളില്‍ വര്‍ഗീയതയോട് സന്ധിക്ക് വഴങ്ങാത്ത ഒരുപാട് നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. എന്നാല്‍ എസ്.ഡി.പി.ഐ പോലുള്ള വെല്‍ഫെയര്‍പാര്‍ട്ടി പോലുള്ള സംഘടനകളുമായി സഖ്യം ചേര്‍ന്ന് മുസ്ലീം തീവ്രവാദ രാഷ്ട്രീയത്തിന്റെ വളരെ തെറ്റായ നയങ്ങള്‍ നടപ്പിലാക്കാന്‍ നോക്കുമ്പോള്‍ അത് ലീഗിനുണ്ടാക്കാന്‍ പോവുന്ന ദീര്‍ഘകാല ദോഷത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്. അങ്ങനെ ചിന്തിച്ചാല്‍ അവര്‍ക്ക് നല്ലത്.
ബി.ജെ.പിക്ക് വളരാനുള്ള വളം വെച്ച് കൊടുക്കുന്നത് ഇടതുപക്ഷത്തിന്റെ പ്രീണന നയമാണെന്നാണ് കോണ്‍ഗ്രസ്സ് ആരോപണം?
അങ്ങനെ കോണ്‍ഗ്രസ്സ് പറയുന്നുണ്ടെങ്കില്‍ അവര്‍ പിന്തുടരുന്നത് ബി.ജെ.പി രാഷ്ട്രീയമാണ്. പ്രീണന രാഷ്ട്രീയം പറഞ്ഞ് ദേശീയ തലത്തില്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. ആ ബി.ജെ.പി നയങ്ങള്‍ എങ്ങനെയാണ് ഇത്രയധികം ആഴത്തില്‍ കോണ്‍ഗ്രസിനെ സ്വാധീനിക്കുന്നുവെന്ന് ഞാന്‍ നേരത്തെ പറഞ്ഞ ഗാന്ധി, നെഹ്‌റു പാരമ്പര്യം പിന്തുടരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിന്തിക്കേണ്ടതാണ്.
മോദി സര്‍ക്കാരിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസും-ഇടതുപക്ഷവുമെല്ലാം ഒന്നിക്കേണ്ട നിര്‍ണായക ഘട്ടമാണെന്നാണ് പലരും പറയുന്നത് ?
രാമരാജ്യം എന്നു പറയുന്ന ബിജെപിയുടെ വാദം എത്രമാത്രം പൊള്ളയാണെന്നത് നമ്മളെല്ലാം കാണുന്നതാണ്. രാമന്റെ ഏറ്റവും വലിയ പരിഗണന പ്രജകളായിരുന്നു. ഇന്ത്യയിലെ ജനങ്ങളുടെ ഏറിയ പങ്കും കൃഷിക്കാരാണ്. ആ പ്രജകളാണ് മാസങ്ങളായിട്ട് എല്ലാതരം കാലാവസ്ഥയുടേയും സര്‍ക്കാരിന്റേയും പീഡനങ്ങള്‍ക്ക് ഇരയായിട്ടും മുന്നോട്ട് വെച്ച കാല്‍ പിന്നോട്ട് വെക്കാതെ സഹന സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആ ജനങ്ങളെ ഇത്രയധികം നിന്ദിക്കുന്ന അധിക്ഷേപിക്കുന്ന ഒരു ഭരണത്തിന് രാമ രാജ്യത്തിന്റെ പേര് പറയാന്‍ അവകാശമില്ല. ബി.ജെ.പി പറയുന്ന ശ്രീരാമന്‍ ഏതാണ്? അത് രാമായണത്തിലെ ശ്രീരാമന്‍ തന്നെയാണോ?ശ്രീരാമന്‍ അധികാരം വെടിഞ്ഞവനാണ്. ബി.ജെ.പി അധികാര രാഷ്ട്രീയം കൊണ്ട് ശ്രീരാമനെ കെട്ടിപ്പിടിച്ചവരാണ്. വോട്ടു കഴിഞ്ഞാല്‍ ശ്രീരാമനെ മറക്കും, അടുത്ത വോട്ടിന് ശ്രീരാമനെ ഓര്‍ക്കും. കര്‍ഷക സമരത്തിന്റെ വേദികളില്‍ 42 ദിവസം നിന്നയാളാണ് ഞാന്‍. രാവും പകലും ഞാന്‍ അവര്‍ക്കൊപ്പം തന്നെയുണ്ടായിരുന്നു. അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നേരിട്ട് കണ്ടറിഞ്ഞു. അവരെ മറക്കുന്ന ഇന്ത്യ യഥാര്‍ഥ ഇന്ത്യയേ അല്ല എന്നാണ് എനിക്ക് പറയാനുള്ളത്.
നിയമന വിവാദ സമരങ്ങള്‍ ശക്തമാവുന്നുണ്ട് സംസ്ഥാനത്ത്. ഇടതുപക്ഷം ജാഥ തുടങ്ങാനിരിക്കുമ്പോള്‍ എന്തു മറുപടിയാണ് നല്‍കാനുള്ളത്?
ഞങ്ങള്‍ ആ ചെറുപ്പാക്കരെ ഒരിക്കലും ശത്രുക്കളായി കാണുന്നവരല്ല. അവരുടെ കാത്തിരിപ്പും പ്രതീക്ഷയും എല്ലാം ന്യായമാണെന്ന് എല്‍.ഡി.എഫിന് അറിയാം. എന്നാല്‍ പി.എസ്.സി മുഖേനമാത്രം കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമുണ്ടാക്കാന്‍ എല്‍.ഡി.എഫിന് എന്നല്ല ആര്‍ക്കും കഴിയുകയില്ല. അത് ഒരു പച്ചയായ യാഥാര്‍ഥ്യമാണ്. എല്‍.ഡി.എഫ് സര്‍ക്കാരാണ് പി.എസ്.സി മുഖേന ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ കൊടുത്തത്. അതോടൊപ്പം തന്നെ സര്‍ക്കാര്‍ സര്‍വീസിന് പുറത്ത് പരാമാവധി തൊഴിലുകള്‍ നല്‍കാനും സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. അതിലുപരി ഇനിയും കേരളത്തിന്റെ വികസനത്തിന്റെ നാനാ വഴികളില്‍ കൂടി എല്ലാ രംഗത്തും തൊഴിലുകള്‍ ഉറപ്പ് നല്‍കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന മുന്നണിയാണ് ഇടതുമുന്നണി. ഇനിയും മുന്നോട്ട് പോവുകയും ചെയ്യും. ആ മുന്നോട്ട് പോവാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ മനസ്സിലാക്കണം, സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ മാനിക്കണം. അവര്‍ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ വോട്ട് ലക്ഷ്യങ്ങളുടെ കരുവായി മാറരുത്. അവരുമായി സംവദിക്കുമ്പോള്‍ തുറന്ന മനസ്സായിരിക്കും എന്നും എല്‍.ഡി.എഫിന് ഉണ്ടാവുക.