ദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഏറെ ചര്‍ച്ചയായതായിരുന്നു യു.ഡി.എഫ്-വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക്. ഇടതുപക്ഷം ഇതിന് വലിയ പ്രചാരണം നല്‍കുകയും അതിനെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് കഴിയാതെയും വന്നതോടെ യു.ഡി.എഫിന്റെ പരാജയത്തിന്റെ പ്രധാന കാരണത്തിലൊന്നുമായി ഈ നീക്കുപോക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുമ്പോള്‍ വെല്‍ഫെയര്‍പാര്‍ട്ടി-ജമാഅത്തെ ഇസ്ലാമി പ്രചാരണം തന്നെയാണ് ഇടതുപക്ഷം  തുടരുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മാതൃഭൂമി ഡോട്‌കോമിനോട് പ്രതികരിക്കുന്നു. 

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ ഇത്തവണയും വെല്‍ഫെയര്‍പാര്‍ട്ടി-ജമാഅത്തെ ഇസ്ലാമി പ്രചാരണത്തിന് തന്നെയാണ് സി.പി.എമ്മും സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും മുന്‍തൂക്കം നല്‍കുന്നത്?

എ. വിജയാഘവന്‍ വര്‍ഗീയത പരത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ മറയാക്കുന്നുവെന്നേയുള്ളൂ. വെല്‍ഫെയര്‍ പാര്‍ട്ടിയെ വിട്ട് ഇപ്പോള്‍ മുഴുവന്‍ മുസ്ലീം വിഭാഗത്തിനെതിരേയുമാണ് എ. വിജയരാഘവന്‍ രംഗത്ത് വരുന്നത്. അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനയില്‍നിന്നും അതാണ് വ്യക്തമാവുന്നത്. യു.ഡി.എഫില്‍ ഹസ്സന്‍, കുഞ്ഞാലിക്കുട്ടി എന്ന രീതിയിലുള്ള ധ്രൂവീകരണ പ്രചാരണത്തിന് തുടക്കം  കുറിച്ചത് കോടിയേരി ബാലകൃഷ്ണനാണ്. അത് വിജയരാഘവനും തുടര്‍ന്നു. ലോകത്ത് പലയിടത്തും  കാണുന്ന ഇസ്ലാമോഫോബിയ എന്ന ട്രെന്‍ഡിന് വിജയരാഘവനും കുട പിടിക്കുകയാണ്. അത് ഓരോരുത്തരും മനസ്സിലാക്കണം. മുസ്ലീം സമുദായത്തിന്റെ നിസ്സഹായതയെ മുതലെടുക്കാനാണ് വിജയരാഘവന്റെ നീക്കം. ഇത് ആര്‍.എസ്.എസിന് വളംവെച്ച് കൊടുക്കും. 

തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ പരാജയത്തിന്റെ  കാരണം വെല്‍ഫെയര്‍പാര്‍ട്ടി നീക്കുപോക്കാണ് എന്നാണ് വിലയിരുത്തല്‍?

സാമുദായിക ധ്രുവീകരണത്തിനാണ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നേതൃത്വം നല്‍കിയത്. അത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കകയും ചെയ്തു. അതേ ശൈലി തന്നെയാണ് അവര്‍ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നതും. ഇത് അത്യന്തം അപകടമുണ്ടാക്കും. അഞ്ച് വര്‍ഷം മുന്നെ ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്ന് മത്സരിച്ച് പലയിടങ്ങളിലും ഭരണത്തില്‍ പങ്കാളിത്തം നേടിയ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോള്‍ ഇടതുപക്ഷത്തിന് വര്‍ഗീയ പാര്‍ട്ടി ആയി. ഇതെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കോടിയേരി ബാലകൃഷ്ണന്റെ അറിവോടെ തന്നെയാണ് പലയിടത്തുനിന്നും ചര്‍ച്ച നടത്തിയ ശേഷം അന്ന് ഇടതുപക്ഷവുമായി നീക്കുപോക്കുണ്ടാക്കിയത്. അതേ സിസ്റ്റം തന്നെയാണ് യു.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോഴും പിന്തുടര്‍ന്നത്. പക്ഷെ, ഇത്തവണ എതിരായി വന്ന പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം.അല്ലാതെ  ഞങ്ങള്‍ കൂടിയപ്പോള്‍ തോറ്റു പോയതല്ല. 

യു.ഡി.എഫുമായി അകന്നോ?

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഒഴികെ ആരും ഞങ്ങളെ തിരഞ്ഞെടുപ്പിന് ശേഷം തള്ളിപ്പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് അതിന് അര്‍ഹതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. സ്വന്തം പരാജയം മറക്കാനാണ് ഞങ്ങളെ കുറ്റം പറയുന്നത്. അതിന് പലതരം ന്യായവാദങ്ങള്‍ കണ്ടെത്തുകയാണ്. അതില്‍ കാര്യമില്ല. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്കുണ്ടാക്കിയതിന്റെ പേരില്‍ മാത്രം എവിടേയും തകരുകയോ പൊളിയുകയോ ചെയ്തിട്ടില്ല. പരസ്പരം നീക്കുപോക്കുണ്ടാക്കിയ ഇടത്തെല്ലാം അവര്‍ക്കും ഞങ്ങള്‍ക്കും ഗുണം ചെയ്തിട്ടുണ്ട് എന്നതാണ് യഥാര്‍ഥ്യം.

സി.പി.എമ്മിന്റെ ലീഗ് വിരുദ്ധതയെ  കുറിച്ച്?

സി.പി.എം. ഭരണ തുടര്‍ച്ചയ്ക്കായി സാമുദായിക ധ്രുവീകരണത്തെ ഉപയോഗിക്കുകയാണ്. ആര്‍.എസ്.എസിന്റെ മൃദുഹിന്ദുത്വ നിലപാടിനെ കൈനീട്ടി സ്വീകരിക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ലീഗ്  വിരുദ്ധ- മുസ്ലീം വര്‍ഗീയ പരമര്‍ശങ്ങള്‍. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള അജണ്ടവെച്ച് കേരളത്തില്‍ സി.പി.എം.-ബി.ജെ.പി. ദ്വന്ദ്വം സൃഷ്ടിക്കുകയാണ്. ഇത് കോണ്‍ഗ്രസിനൊപ്പം സി.പി.എമ്മിനേയും തകര്‍ക്കും. നരേന്ദ്ര മോദി-അമിത്ഷാ-യോഗി ആതിഥ്യനാഥ് കൂട്ടുകെട്ടിനെതിരേ ഉയര്‍ന്ന് വരുന്ന മുസ്സീം നിസ്സഹായ വോട്ടുകളെ മുതലാക്കി തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ സി.പി.എം നടത്തുന്നത്. ഫാസിസ്റ്റ്  വിരുദ്ധ നിലപാടുകളെ മതേതരമായി പ്രതിരോധിക്കുന്നതിന് പകരം, വര്‍ഗീയ ധ്രുവീകരണം നടത്തി മുസ്ലീം വിഭാഗത്തെ വോട്ട് ബാങ്ക് ഉപകരണമാക്കുന്നു. മുസ്ലീം സമുദായങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളെയൊന്നും അഭിമുഖീകരിക്കാതെ അവരുടെ നിസ്സഹായതയെ  കൂടെ കൂട്ടണം. അതാണ് അവരുടെ ലക്ഷ്യം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പിന്തുണകൊടുക്കുമോ?

വെല്‍ഫെയര്‍ പാര്‍ട്ടി മത്സരത്തിന് ഉണ്ടാവുമെന്ന് നിശ്ചയമാണ്. എന്നാല്‍ ആര്‍ക്ക് പിന്തുണകൊടുക്കണം ആരൊക്കെ  മത്സരിക്കണമെന്ന കാര്യത്തിലൊന്നും തീരുമാനം ആയിട്ടില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയത് നീക്കുപോക്ക് മാത്രമാണ്. അത് അവസാനിക്കുകയും ചെയ്തിട്ടുണ്ട്.  

എങ്ങനെയാണ് പെട്ടെന്ന് വെല്‍ഫെയര്‍പാര്‍ട്ടി ഇടതുപക്ഷത്തിന് വര്‍ഗീയ പാര്‍ട്ടിയായി മാറിയത്?

ഞാന്‍ നേരത്തെ പറഞ്ഞപോലെ അഞ്ച്  വര്‍ഷം മുമ്പ് ഇടതുപക്ഷത്തിനൊപ്പം  ചേര്‍ന്ന് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണത്തിലടക്കം പങ്കാളിത്തം നേടിയ വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനൊപ്പം ചേര്‍ന്നപ്പോള്‍ സി.പി.എമ്മിന് വര്‍ഗീയ പാര്‍ട്ടിയായി മാറി. ഞങ്ങളോട് ഏറ്റവും കൂടുതല്‍ കൂട്ടുകൂടിയിട്ടുള്ളത് ഇടതുപക്ഷമാണ്. അതില്‍ രണ്ട് പേര്‍ക്കും ഗുണം ലഭിച്ചിട്ടുമുണ്ട്. നേരത്തെ  പറഞ്ഞപോലെ ഇടതുപക്ഷത്തിന്റെ ഇസ്ലാമോഫോബിയ തന്നെയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെ ഇപ്പോള്‍ വര്‍ഗീയ മുദ്രകുത്താന്‍ കാരണം. യു.ഡി.എഫിനെ നയിക്കുന്നത് ലീഗാണ് എന്നതൊക്കെയുള്ള പ്രചാരണം അങ്ങനെ വരുന്നതാണ്. മുസ്സീം വിരുദ്ധത പറഞ്ഞ് ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്താനും മുസ്ലീം നിസ്സഹായ വോട്ടുകളെ കൂടെ കൂട്ടുകയുമാണ് ലക്ഷ്യം. മുഴുവന്‍ മുസ്ലീം വിഭാഗത്തേയും എതിര്‍ക്കാന്‍ പറ്റാത്തത് കൊണ്ടാണ് സജീവമായി നില്‍ക്കുന്ന ന്യൂജെന്‍ രാഷ്ട്രീയത്തേയെല്ലാം  എതിര്‍ക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ പൊതുമധ്യത്തില്‍ ചര്‍ച്ച ചെയ്യാന്‍ സി.പി.എമ്മിനേയും എ. വിജയരാഘവനേയും വെല്ലുവിളിക്കുകയാണ്. ഏത് തരത്തിലുള്ള ഭീകര പ്രവര്‍ത്തനമാണ് വെല്‍ഫെയര്‍പാര്‍ട്ടി നടത്തിയതെന്ന് പറയണം. എതിര്‍ശബ്ദമുയര്‍ത്തുന്നവരെ കൊലപ്പെടുത്തുന്ന തരത്തിലുള്ള ഭീകരപ്രവര്‍ത്തനമൊന്നും വെല്‍ഫെയര്‍ പാര്‍ട്ടി നടത്തിയിട്ടില്ല.

Content Highlights: Assembly Election 2021 Hameed Vaniyambalam Welfare Party