തിരുവനന്തപുരം: ഇടത് സ്വഭാവം നിലനിര്‍ത്താന്‍ ചലച്ചിത്ര അക്കാദമിയില്‍ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന കത്ത് വിവാദത്തില്‍ കഴമ്പില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. അതിലെന്താണ് വിവാദം? ഈ സ്ഥിരപ്പെടുത്തണമെന്ന് പറയുന്നത് ആരെയാണ്? ചെറിയ വേതനത്തില്‍ അനേകം വര്‍ഷങ്ങളായി ജോലി ചെയ്യുകയാണ്. പ്രതിദിനം 300 രൂപയ്ക്കാണ്‌ അവര്‍ ഇത്രയും കാലം ജോലി ചെയ്തിരുന്നത്. അവരെയല്ലെ സ്ഥിരപ്പെടുത്തുന്നത്. അല്ലാതെ ആദ്യത്തെ ദിവസം ഒരാളെ കൊണ്ടുവന്ന് ഉയര്‍ന്ന ശമ്പളം കൊടുത്തുകൊണ്ട് ഇന്ന് രാവിലെ സ്ഥിരപ്പെടുത്തുകയാണോ ചെയ്യുന്നത്. 15 -20 കൊല്ലം  ചെറിയ വേതനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളിനോട് നാളെ രാവിലെ വീട്ടില്‍പൊയ്ക്കോ എന്നുപറയുന്നതില്‍ മനുഷ്യത്വമുണ്ടോ?  മനുഷ്യത്വമില്ലാത്ത ചില മാധ്യമങ്ങള്‍ ഈ ഗവണ്‍മെന്റിനെതിരെ നടത്തുന്ന തെറ്റായ പ്രചാരണമാണത്. മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മൂന്ന് പ്രകൃതി ദുരന്തവും കോവിഡ് മഹാമാരിയെയും അതിജീവിച്ച സര്‍ക്കാരിന് കളങ്കമുണ്ടാക്കിയതല്ലെ സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദങ്ങള്‍?

രാജ്യത്ത് സ്വര്‍ണക്കടത്ത് ധാരാളമായി നടന്നിട്ടുണ്ട്. ഇതുമാത്രമല്ല ഇതിന് ശേഷവും അതിന് മുമ്പും കള്ളക്കടത്തുണ്ടായിട്ടുണ്ട്. ഇവിടെ സംഭവിച്ചതില്‍ ഒരു ഉദ്യോഗസ്ഥനും പങ്കുണ്ടായിട്ടുണ്ട്. ഗവണ്‍മെന്റ് ആ ഉദ്യോഗസ്ഥനെതിരെ നടപടിയുമെടുത്തു.  ഇതിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന് കേന്ദ്രഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയും ചെയ്തു. 

വിവിധ ഏജന്‍സികള്‍ ആറുമാസം അന്വേഷിച്ചിട്ടും സത്യം കണ്ടെത്താന്‍ പറ്റിയിട്ടില്ല എന്നതാണ് സ്വര്‍ണക്കള്ളക്കടത്തിന്റെ പ്രധാനപ്പെട്ട വിഷയം. അതാണ് നാട് ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. കേസിലെ പ്രതികളെ പിടികൂടണമെന്നുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റിന്റെ ആവശ്യത്തെ ആ നിലയില്‍ കൈകാര്യം ചെയ്യാതെ ഏജന്‍സികളെ കൊണ്ടുവന്ന് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ച് അവരെ വിളിച്ച് വരുത്തി അതിന്റെ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൊടുക്കുക, അവരുടെ ഫോട്ടോ എടുക്കുക... ഇതുകൊണ്ടൊന്നും കാര്യമില്ല. 

രാഷ്ട്രീയ പ്രവര്‍ത്തനം നടത്തലല്ല, യഥാര്‍ഥ പ്രതികളെ പിടിക്കുകയാണ് ഏജന്‍സികളുടെ ജോലി. പ്രതികളെ പിടിക്കണമെന്നതാണ് നമ്മളുടെ ആവശ്യം. പിടിച്ചാല്‍ അത് നാട്ടുകാര്‍ക്കൊക്കെ ബോധ്യപ്പെടും. രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഏജന്‍സികളെ ഉപയോഗിക്കുന്ന കേന്ദ്രനിലപാട്, അതിനെ വിമര്‍ശിക്കുകയും ജനങ്ങള്‍ക്കിടയില്‍ പ്രചാരവേല നടത്തുകയും ചെയ്യും. അതൊക്കെ സ്വാഭാവികമായ നടപടിയാണ്. 

പ്രതിപക്ഷത്തേപ്പറ്റിയുള്ള വിലയിരുത്തല്‍ എങ്ങനെയാണ്?

അവര്‍ അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്നു. അതിന് മുമ്പ് അവര്‍ കേരളത്തില്‍ അധികാരത്തിലിരുന്ന ആളുകളാണ്. ആ കാലം കേരളം മറക്കാന്‍ ആഗ്രഹിക്കുന്നു. വലിയ അഴിമതികളുടെ, സാമൂഹ്യ ജീര്‍ണതകളുടെ, വികസനരാഹിത്യത്തിന്റെ ഒരുകാലമായിരുന്നു. അത് ജനങ്ങള്‍ നിരാകരിച്ചു. ആ കാലം തിരിച്ചുവരാന്‍ കേരളം ആഗ്രഹിക്കുന്നില്ല. ആ ജനങ്ങള്‍ക്കൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി.

നിരവധി നേതാക്കള്‍ പ്രതിപക്ഷത്തുണ്ടല്ലോ, അവരില്‍ നല്ലൊരു നേതാവെന്ന് തോന്നുന്ന ആള്‍ അതാരായിരിക്കും?

(ആലോചിക്കുന്നു. തുടര്‍ന്ന് ചിരിയോടെ) എനിക്കറിയില്ല.

സഭാതര്‍ക്കങ്ങള്‍ പരിഹരിക്കാനായി യുഡിഎഫും ബിജെപിയും പലരീതിയില്‍ ഇടപെടുന്നുണ്ട്. എന്താണ് ഇക്കാര്യത്തിലെ നിലപാട്?

ഗവണ്‍മെന്റ് അക്കാര്യത്തില്‍ ചില പരിശ്രമങ്ങള്‍ നല്ല രീതിയില്‍ നടത്തിയിരുന്നു. അത് പരസ്പരം പറഞ്ഞ് തീര്‍ക്കേണ്ട വിഷയങ്ങളാണ്. അവിടെ സംഘര്‍ഷമല്ല പരസ്പരം സംസാരിച്ച് സമാധാനപരമായി ഈ വിഷയം പരിഹരിക്കപ്പെടട്ടെ എന്നാണ് പൊതുസമൂഹം ആഗ്രഹിക്കുക. ആ ആഗ്രഹത്തിന് കൂടെയാണ് ഞങ്ങളും നില്‍ക്കുക.
 
സഭാ തര്‍ക്കങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍ എല്‍ഡിഎഫിന് ഭീഷണിയാണോ?

അതൊരു രാഷ്ട്രീയ വിഷയമല്ല, ഒരു സമുദായത്തിന് അകത്തുള്ള ഒരു വിഷയമാണ്. നമ്മളതിനെ ആ നിലയില്‍ കണ്ടാല്‍ മതി. അതിനപ്പുറത്തേക്ക് പോയി ഏതെങ്കിലും ചേരിയുടെ ഭാഗമായി നില്‍ക്കേണ്ട കാര്യമില്ല. സമൂഹത്തില്‍ സമാധാനം ഉണ്ടാകണമെന്ന നിലയ്ക്ക് ഇത്തരം വിഷയങ്ങള്‍ പരിഹരിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയെടുക്കണം. പ്രശ്നം പരിഹരിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളെ പരിഹരിക്കപ്പെടേണ്ട വിഷയം എന്ന നിലയില്‍ മാത്രം കണ്ടാല്‍ മതി. 

ബി.ജെ.പിക്കും അവരുടെ ആശയത്തിനും കേരളത്തില്‍ എത്രത്തോളം ശക്തിയുണ്ടെന്നാണ് കരുതുന്നത്?

ബി.ജെ.പിയുടെ ശക്തിയല്ല പ്രധാനം. ബി.ജെ.പിക്ക് പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും കിട്ടിയ വോട്ട് ഏതാണ്ട് തുല്യമാണ്. അതില്‍ വലിയ കുതിച്ച് ചാട്ടമൊന്നും കാണുന്നില്ല. ചില സ്ഥലങ്ങളില്‍ കുറച്ച് വ്യത്യാസമുണ്ടാകും. 

പക്ഷെ, ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ്. ബി.ജെ.പി. കേരളത്തില്‍ ഒരു ശക്തിയല്ല അതുകൊണ്ട് ബി.ജെ.പിയെ ഇവിടെ എതിര്‍ക്കേണ്ടതില്ല എന്നതാണ് യു.ഡി.എഫിന്റെ നിലപാട്. അവരുമായി കൂട്ടുകെട്ടുപോലുമാകാം- ഇതാണ് യു.ഡി.എഫ്. 

ബി.ജെ.പി. രാജ്യത്ത് അധികാരത്തിലിരിക്കുന്നതുകൊണ്ട് ഉണ്ടായ ആപത്തിന്റെ അളവെത്ര എന്നത് നമ്മളെ ആശങ്കപ്പെടുത്തുകയാണ്. നമ്മള്‍ ഇവിടെ സംസാരിക്കുമ്പോള്‍ അവിടെ ഡല്‍ഹിയില്‍ കര്‍ഷകര്‍ സമരം നടത്തുകയാണ്. അതിന് ജനാധിപത്യപരമായി പരിഹാരം കാണാതെ അതിനെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ഗുണ്ടകളെ വിട്ട് അടിച്ചമര്‍ത്തുകയാണ്. 

കര്‍ഷകന്റെ ജീവിതത്തെ അവര്‍ ഗൗരവമായി കാണുന്നില്ല. എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്ന തൊഴിലാളി 12 മണിക്കൂര്‍ ജോലി ചെയ്യണമെന്ന നിയമം പാസാക്കിയിരിക്കുകയാണ്. തൊഴിലാളിയോടും അവര്‍ക്കത്ര ബഹുമാനമില്ല. ഇവര്‍ക്ക് അധികാരത്തിലെത്താന്‍ സാമ്പത്തിക സഹായം ചെയ്യുന്ന കോര്‍പ്പറേറ്റുകളുടെ താത്പര്യ പരിരക്ഷയാണ് ബി.ജെ.പിയുടെ മുഖ്യ അജണ്ട. 

അതേസമയം ആര്‍.എസ്.എസ്‌. ആണ് ബി.ജെ.പിയെ അധികാരത്തിലെത്തിക്കാന്‍ അഹോരാത്രം പരിശ്രമിച്ചത്. അവരുടെ അജണ്ടകള്‍ വേഗത്തില്‍ നടപ്പിലാക്കാനുള്ള ജോലിയുമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. 

കേരളം പോലെയുള്ള വളരെ സമാധാനമുള്ള ഒരുപാട് മതവിഭാഗങ്ങളുള്ള ന്യൂനപക്ഷവും ഭൂരിപക്ഷവും നല്ലനിലയില്‍ ഒത്തുകഴിയുന്ന ഒരു സംസ്ഥാനത്തിനകത്ത് ബിജെപി വ്യാപിക്കുന്നത് നമ്മുടെ സംസ്ഥാനത്തിന്റെ മഹത്തായ നന്മയ്ക്ക് തടസമുണ്ടാക്കും. 

അതുകൊണ്ട് ബി.ജെ.പി. കേന്ദ്രാധികാരത്തില്‍ ഇരുന്നുകൊണ്ട് ചെയ്യുന്ന തെറ്റുകള്‍ അതിനെ വിമര്‍ശിക്കേണ്ടതുണ്ട്.  സാധാരണ ജനങ്ങള്‍ക്കെതിരെ അവര്‍ നടത്തുന്ന നയങ്ങള്‍, പെട്രോളൊക്കെ വാങ്ങാന്‍ പോകുന്നവര്‍ ബി.ജെ.പിയെ ഓര്‍ത്തുകൊണ്ടിരിക്കുവല്ലെ. ലോകത്തേറ്റവും കൂടുതല്‍ പെട്രോള്‍ വില ഇന്ത്യയിലാണ്. എല്ലാദിവസവും രാവിലെ ഇത് വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ സാധനങ്ങളുടെയും വില കൂടും. അതാണ് ബി.ജെ.പി. 

അവരൊരിക്കലും സാധാരണ മനുഷ്യരെ കുറിച്ച് ആലോചിക്കുന്നതേയില്ല. മനുഷ്യന്റെ വിഷമതകളെ കാണാത്ത വിദ്വേഷ രാഷ്ട്രീയമാണ് അവരുടേത്. അപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയം അവരുടേതാണ്. ആ നിലപാടിലാണ് സിപിഎം നില്‍ക്കുന്നത്. അത് കൂടുതല്‍ വിപുലപ്പെടുത്തേണ്ടതുണ്ട്. 

എതിര്‍ക്കപ്പെടേണ്ട പാര്‍ട്ടിയാണ് ബിജെപിയെന്ന് പ്രചരിപ്പിക്കുമ്പോഴും അവര്‍ക്ക് വോട്ട് ചെയ്യാന്‍ ആളുകള്‍ തയ്യാറാകുന്നില്ലെ?

വോട്ടിന്റെ കണക്കെടുത്ത് നോക്കിയാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും ബി.ജെ.പിക്ക് എതിരായാണ് വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ വോട്ടുകള്‍ സ്വരൂപിക്കുന്ന ഘടകങ്ങളുണ്ട്. ആ ഘടകങ്ങളെ ഫലപ്രദമായി വിനിയോഗിക്കാന്‍ ഇപ്പോള്‍ ബി.ജെ.പിക്ക് കഴിയുന്നത് കോര്‍പ്പറേറ്റുകളുടെ പ്രിയപ്പെട്ട പാര്‍ട്ടി ബി.ജെ.പി. ആയതുകൊണ്ടാണ്. നാളെ ബി.ജെ.പി. കോര്‍പ്പറേറ്റുകളുടെ ഇഷ്ടപ്പെട്ട പാര്‍ട്ടി അല്ലാതായാല്‍ ഇതല്ല ഇന്ത്യയുടെ രാഷ്ട്രീയ അവസ്ഥ. അപ്പോള്‍ രാഷ്ട്രീയത്തെപ്പറ്റിയുള്ള നേര്‍ ചോദ്യങ്ങളല്ല, അതിന്റെ വസ്തുതകള്‍ പിന്നില്‍ കിടപ്പുണ്ട്. ആ വസ്തുതകള്‍ വേണ്ടത്ര മനസിലാക്കിയാണോ ഈ ചോദ്യങ്ങളെന്ന് എനിക്കറിയില്ല.

ബി.ജെ.പിയുടെ ഒരേയൊരു സിറ്റിങ് സീറ്റാണ് നേമം,. അവിടെ ഇത്തവണയും അവര്‍ ജയിക്കുമോ?

ബി.ജെ.പി. ജയിക്കാതിരിക്കാന്‍ കടുത്ത പ്രവര്‍ത്തനം എല്‍.ഡി.എഫ്. നടത്തി നല്ലൊരു സ്ഥാനാര്‍ഥിയെ നിര്‍ത്തി പരിശ്രമിക്കും. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന വട്ടിയൂര്‍ക്കാവില്‍ ഞങ്ങള്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചില്ലെ. അതല്ലെ അനുഭവം. അപ്പോള്‍ നമുക്ക് നോക്കാം നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസുകാരെപ്പോലെയല്ല ഞങ്ങള്‍. ഏതെങ്കിലും അറിയപ്പെടാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തി ജാമ്യസംഖ്യ കളഞ്ഞ് ബി.ജെ.പിയെ സഹായിക്കുക, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ നിരവധി വാര്‍ഡുകളില്‍ സ്വന്തം വോട്ട് ബി.ജെ.പിക്ക് ചെയ്യുക,, ആ സമീപനം ഉണ്ടാകില്ല. 

ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്തേക്ക് വരുന്നുവെന്ന പ്രചാരത്തെപ്പറ്റി

കോണ്‍ഗ്രസുകാര്‍ അങ്ങനെ പലതും പറയും, ഉമ്മന്‍ചാണ്ടി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ. അതുവരെ നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. ആദ്യം ഉമ്മന്‍ ചാണ്ടി അത് പറയട്ടെ അപ്പോഴെ അതിന് ഉത്തരം പറയേണ്ടതുള്ളു.

Content Highlights: A Vijayaraghavan says row on permanent job unnecessary; inhumane to dismiss them