കഷ്ടിച്ച് ആറുമണിക്കൂർ ഉറക്കം. കട്ടൻചായ കുടിച്ച് തുടക്കം. മണ്ഡലങ്ങളും ജില്ലകളും കടന്ന് ഓടുകയാണ് ഇടതുമുന്നണിയുടെ നായകൻ എ. വിജയരാഘവൻ. സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെയും മുന്നണി കൺവീനറുടെയും ഇരട്ടച്ചുമതല ഏറ്റെടുത്ത ആദ്യ കമ്യൂണിസ്റ്റ് നേതാവാണ് അദ്ദേഹം. പാർട്ടിയുടെ അമരക്കാരനായ ഘട്ടം മുതൽ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങേണ്ടിവന്നു. ആദ്യം തദ്ദേശ തിരഞ്ഞെടുപ്പ്, ഇപ്പോൾ നിയമസഭ. ആദ്യപരീക്ഷയിൽ മുന്നണിയെ റാങ്കോടെ വിജയിപ്പിച്ചതിന്റെ ആത്മവിശ്വാസം ആവോളമുണ്ട് വിജയരാഘവനിൽ.

രണ്ടാംഘട്ടപരീക്ഷണത്തിന് കടുപ്പമേറെയാണ്. അത് ചരിത്രത്തിന്റെ ഭാഗമാകുന്ന വിധിയെഴുത്താകും. ജയിച്ചാൽ ഭരണത്തുടർച്ചയെന്ന ചരിത്രനേട്ടം. തോറ്റാൽ കമ്യൂണിസ്റ്റ് പാർട്ടി ഇന്ത്യയിലൊരിടത്തും അധികാരമില്ലാതാകുമെന്ന മാറ്റം. പക്ഷേ, ജനങ്ങളിൽ പ്രതീക്ഷയർപ്പിച്ചാണ് ഈ ജനനായകന്റെ പടയോട്ടം. ‘ഉറപ്പാണ് എൽ.ഡി.എഫ്.’ എന്ന മുദ്രാവാക്യം നേതാക്കൾ ആലോചിച്ച് ഉറപ്പിച്ചത് തുടർഭരണം ഉറപ്പാക്കാനാണ്. മുന്നണിയെ ഒന്നിപ്പിക്കുകയും പാർട്ടിസംവിധാനത്തെ ചലിപ്പിക്കുകയും ചെയ്യുകമാത്രമല്ല, ഇടതുപക്ഷത്തേക്ക് ജനമനസ്സ് ചേർത്തുനിർത്താൻ പൊതുനിരത്തിലാണ് വിജയരാഘവൻ.

ഊണിനോ ഉറക്കത്തിനോ ശാഠ്യങ്ങളോ പിടിവാശികളോ ഇല്ലാത്ത നേതാവാണ് അദ്ദേഹം. ഓടിയെത്തുന്നിടത്താണ് ഉറക്കം. അത് പാർട്ടി ഓഫീസിലോ പാർട്ടി ഒരുക്കുന്ന മറ്റേതെങ്കിലും സ്ഥലത്തോ ആകും. ഭക്ഷണത്തിനും നിബന്ധനകളൊന്നുമില്ല. തിരഞ്ഞെടുപ്പിൽ ഓടിത്തീർക്കേണ്ട ദൂരം കൂടിയപ്പോൾ ഭക്ഷണത്തിന്റെ അളവുകുറച്ചു. ‘കുറച്ചുഭക്ഷണം കഴിക്കുന്നതാണ് യാത്രകൾ കൂടുമ്പോൾ നല്ലത്’ - ഇതാണ് അതിന് വിജയരാഘവന്റെ തിയറി. ഇപ്പോൾ അർധരാത്രികഴിഞ്ഞാണ് പലദിവസങ്ങളിലും ഉറങ്ങുന്നത്. രാവിലെ അഞ്ചരയോടെ എഴുന്നേൽക്കും. ഉറക്കം വൈകിയാലും ഉണരുന്നത് തെറ്റിക്കാറില്ല. മധുരമില്ലാത്ത ഒരുകട്ടൻചായയിലാണ് പകൽ തുടങ്ങുന്നത്. ആ ചായകുടിക്കിടയിൽ പത്രങ്ങളൊന്ന് ഓടിച്ചുനോക്കും. വായനയില്ല. പിന്നെ നടത്തമാണ്. എവിടെയാണെങ്കിലും അത് മുടക്കാറില്ല. അതിനുശേഷം യോഗ. ഒരുമണിക്കൂർ ഇതിന് രണ്ടിനുമായി ചെലവിടും. പിന്നീടാണ് വിശദമായ പത്രവായന. എത്തുന്ന ജില്ലകളിലെ പ്രവർത്തനം വിലയിരുത്തൽ, നേതാക്കളുമായുള്ള കൂടിയാലോചനകൾ, മണ്ഡലം യോഗങ്ങൾ, രാഷ്ട്രീയ വിശദീകരണം, മാധ്യമപ്രവർത്തകരുമായുള്ള സംവാദം, പൊതുയോഗം ഇങ്ങനെ നീളുന്നു പിന്നീടുള്ള മണിക്കൂറുകൾ.

കണ്ണിൽനോക്കി സംസാരിക്കുന്നതാണ് വിജയരാഘവന്റെ ശൈലി. താളം മുറുക്കിയും വീര്യം കൂട്ടിയും ത്രസിപ്പിക്കുന്ന രീതി പ്രസംഗത്തിനില്ല. പക്ഷേ, വേദിയറിഞ്ഞ് പ്രസംഗത്തിന്റെ താളവും ശൈലിയും മാറും. അരുവിക്കരയിൽ ജി. സ്റ്റീഫന്റെ പ്രചാരണയോഗത്തിനെത്തിയപ്പോൾ സദസ്സിന്റെ മുൻനിരയിൽ സാധാരണക്കാരായ സ്ത്രീകളാണ് ഏറെയും. അതിനാൽ, പ്രസംഗത്തിന് ഒരു അധ്യാപനത്തിന്റെ സ്വഭാവമായിരുന്നു. പാലവും സ്കൂളും നിർമിച്ചതു മുതൽ പെഷൻനൽകിയതുവരെയുള്ള സർക്കാർ കാര്യങ്ങൾ നിരത്തി ഉമ്മൻചാണ്ടി-പിണറായി ഭരണത്തെക്കുറിച്ചുള്ള താരതമ്യമായിരുന്നു പ്രസംഗത്തിന്റെ ഉള്ളടക്കം. നാട്ടുനന്മയ്ക്കുവേണ്ടി എങ്ങനെ പിണറായി നായകനായി നിന്നെന്ന് പറഞ്ഞുമനസ്സിലാക്കുന്ന രീതി. ബസ് സ്റ്റോപ്പിൽ പോലും കൈവീശി നിൽക്കുന്ന രാഹുൽഗാന്ധിയുടെ ഗതികേടിനെക്കുറിച്ചുള്ള പരിഹാസം. കോൺഗ്രസുകാരുടെ കാല്, കാലുമാറ്റത്തിന് ഉപയോഗിക്കാനുള്ളതാണെന്ന് ഒളിയമ്പ്. ഇങ്ങനെ ഇത്തരി തമാശയും, ഒത്തിരി രാഷ്ട്രീയ ആശയവും നൽകിയുള്ള ഒരുമണിക്കൂർ പ്രസംഗം.

പൊടുന്നനെയുണ്ടായ മഴയിൽ നനഞ്ഞുകുതിർന്നിട്ടും ആവേശത്തോടെ നിന്ന പ്രവർത്തകരാണ് ആറ്റിങ്ങലിൽ വിജയരാഘവനെ വരവേറ്റത്. ദേശീയപാതയോരത്തെ സമ്മേളന നഗരിയിൽ ചുവപ്പണിഞ്ഞ വേദി. കേൾവിക്കാരായി തിങ്ങിനിറഞ്ഞ് ജനങ്ങൾ. ആ ആവേശം കൊണ്ടാകണം വിജയരാഘവന്റെ പ്രസംഗത്തിന്റെ ശൈലിയിലും ഇത്തിരി മാറ്റമുണ്ടായിരുന്നു. സംഘപരിവാറിനെതിരേ തീഷ്ണമായ വാക്കുകൾ,, മുട്ടിടിച്ച് പിന്മാറാത്ത കമ്യൂണിസ്റ്റ് വീര്യത്തെക്കുറിച്ചുള്ള അനുഭവ കഥകൾ. മുക്കാൽ മണിക്കൂർ നീണ്ട പ്രസംഗം കഴിയുമ്പോൾ രാത്രി എട്ടുമണി.

ഭാര്യ ഡോ. ബിന്ദു ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഇടത് സ്ഥാനാർഥിയാണ്. അവിടെ പോയിരുന്നോ എന്ന് ചോദിച്ചപ്പോൾ സ്വതഃസിദ്ധമായ രീതിയിൽ ഒരുചിരി. പിന്നെ, ഇല്ലെന്ന് മറുപടി. ‘‘തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം ഒരുതവണയാണ് തമ്മിൽകണ്ടത്. അവർ മത്സരരംഗത്തല്ലേ. അവിടെ പ്രചാരണം നന്നായി നടക്കുന്നുണ്ട്’’ -വിജയരാഘവൻ പറഞ്ഞു. ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട് എന്നിങ്ങനെ, ഇനിയും ഓടിയെത്തേണ്ട ഇടങ്ങളുണ്ട് അദ്ദേഹത്തിന്. പിണറായി സർക്കാരിന് തുടർച്ച ഉറപ്പാക്കാനായുള്ള നായകന്റെ ഓട്ടം. അത് തുടരുകയാണ്.