പത്തനംതിട്ട:നിയമസഭാതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ബെന്യാമിന്‍. താന്‍ ഇടതുപക്ഷ അനുഭാവിയാണെന്നും എന്നാല്‍ മത്സര രംഗത്തേക്ക് ഉണ്ടാകില്ലെന്നും ബെന്യാമിന്‍ വ്യക്തമാക്കി. മാതൃഭൂമിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. ഇടതുമുന്നണിയോട് ചേര്‍ന്ന് നില്‍ക്കുന്നയാളും ഇടതുപക്ഷ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നയാളുമാണ്. അതുകൊണ്ട് തന്നെ മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഇടതുമുന്നണിയാകും സമീപിക്കുക. പക്ഷേ അതിന് സാധ്യതയില്ല. ഒരിക്കല്‍ ഇടതുമുന്നണി മത്സരിക്കാന്‍ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അന്ന് ഞാന്‍ എന്റെ വിയോജിപ്പ് രേഖപ്പെടുത്തിയതാണ്. 

ഇന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാടുകളോട് യോജിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമാകുമ്പോള്‍ സ്വഭാവികമായും വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും സമരങ്ങള്‍ നടത്തുകയും ചെയ്യണം. അത് അവരുടെ കടമയാണ്. പക്ഷേ ആ കടമ നിര്‍വ്വഹിക്കുമ്പോള്‍ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുത്. കോവിഡ് സാഹചര്യങ്ങള്‍ പോലും മറന്നുകൊണ്ട് എങ്ങനെയും അധികാരത്തിലെത്തുക എന്ന തരത്തിലേക്ക് മാറുമ്പോള്‍ പ്രതിപക്ഷത്തിനെതിരേ വിമര്‍ശനം ഉന്നയിക്കേണ്ടിവരും' - ബെന്യാമിന്‍ പറഞ്ഞു

വിവിധ പാര്‍ട്ടികള്‍ നടത്തുന്ന ആള്‍ക്കൂട്ട ജാഥകളോടുളള വിയോജിപ്പും അദ്ദേഹം പങ്കുവെച്ചു. 'എല്ലാ ആള്‍ക്കൂട്ട ജാഥകളോടും ഒരേ സമീപനമാണ്. പക്ഷേ മുഖ്യമന്ത്രിയുടെ നിലപാട് അനുകരണീയമായി തോന്നിയിട്ടുണ്ട്. അദ്ദേഹം എത്രയോ കാര്യങ്ങളില്‍ മാതൃകയാകാന്‍ ശ്രമിച്ചിട്ടുണ്ട്. ശാസനാ രൂപങ്ങളില്‍ അവ പൊതുസമൂഹത്തോട് പങ്കുവെച്ചിട്ടുണ്ട്. 

ശബരീനാഥന്‍ എം.എല്‍.എയ്ക്ക് എതിരേ നടത്തിയ വിമര്‍ശനം വ്യക്തിപരമല്ല. സോഷ്യല്‍ മീഡിയ അത് ഏറ്റെടുത്ത് മറ്റൊരു തരത്തിലേക്ക് പോയപ്പോള്‍ അത് പാടില്ല എന്ന ആഗ്രഹത്തോടെയാണ് മാപ്പ് പറഞ്ഞതെ'ന്നും ബെന്യാമിന്‍ വ്യക്തമാക്കി. 

Content Highlight:  Interview with Malayalam Writer Benyamin