നെടുങ്കണ്ടം:  ഇടുക്കിയില്‍ കമ്പംമേട്ടിലും നെടുങ്കണ്ടത്തും സംഘര്‍ഷാവസ്ഥ. നെടുങ്കണ്ടത്ത് തമിഴ്‌നാട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീകളുള്‍പ്പെടെയുള്ള പതിനാറംഗ സംഘത്തിന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് മഷി കളയാനുള്ള ദ്രാവകവും പഞ്ഞിയുമടക്കം കണ്ടെത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. തുടര്‍ന്ന് ഇവിടെ ഉന്തും തള്ളുമുണ്ടായി.

സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു സ്‌റ്റേഷനിലെത്തിച്ചു. അതേസമയം തമിഴ്‌നാട്ടിലേക്ക് മരണവുമായി ബന്ധപ്പെട്ട് പോവുകയാണെന്നാണ് സംഘം പറയുന്നത്. ഇവരെ ഡിവൈഎസ്പി ചോദ്യം ചെയ്യുകയാണ്. 

തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തിയ വാഹനം കമ്പംമേട്ടിലെ ചെക്ക്‌പോസ്റ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരട്ടവോട്ട് സംഘമെന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. ഇത് സ്ഥലത്തുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്.  

ഇടുക്കിയില്‍ നേരത്തെ കേരള-തമിഴ്‌നാട് ഇരട്ടവോട്ട് ആരോപണം ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പരാതിയും സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തിയില്‍ കേന്ദ്രസേനയെ അടക്കം നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.