യിടെ അന്തരിച്ച കമ്യൂണിസ്റ്റ് വിപ്ലവ നായിക കെ.ആര്‍. ഗൗരിയമ്മയെ കുറിച്ചൊരു മുദ്രാവാക്യം ഉയര്‍ന്നു കേട്ട തിരഞ്ഞെടുപ്പായിരുന്നു 1987-ലേത് .'കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും' എന്ന പ്രചാരണം മുഴങ്ങിയെങ്കിലും തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുഖ്യമന്ത്രിയായത് ഇ.കെ. നായനാരായിരുന്നുവെന്ന് മാത്രം. ഗൗരിയമ്മയുടെ മരണത്തെതുടര്‍ന്ന് വീണ്ടും ചര്‍ച്ചയില്‍ വന്ന 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഇതുള്‍പ്പെടെ പലതുകൊണ്ടും ശ്രദ്ധേയമായ തിരഞ്ഞെടുപ്പായിരുന്നു.

കേരള രാഷ്ട്രീയം സ്ഥിരത കൈവരിക്കുന്നുവെന്ന സൂചന നല്‍കി കൊണ്ടാണ് എഴാം കേരള നിയമസഭയും കെ. കരുണാകരന്‍ മന്ത്രിസഭയും 1987-ല്‍ അഞ്ചു വര്‍ഷക്കാലാവധി തികച്ചത്  1970 മുതല്‍ 1977 വരെയുള്ള സി. അച്യുത മേനോന്‍ മന്ത്രിസഭയെ മാറ്റി നിര്‍ത്തിയാല്‍ സംസ്ഥാന രാഷ്ട്രീയവും ഭരണവും കണ്ടു പരിചയിച്ച് പോന്നത് രാഷ്ട്രീയ അസ്ഥിരതയായിരുന്നു. 1982 മുതല്‍ വന്ന നിയമസഭകളും മന്ത്രിസഭകളും കാലാവധി പൂര്‍ത്തിയാക്കി. (91-ല്‍ ഒരു വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് നടന്ന കാര്യം വിസ്മരിക്കുന്നില്ല.) കൂട്ടുകക്ഷി മന്ത്രിസഭകളുടെയും മുന്നണി രാഷ്ട്രീയത്തിന്റെയും സാധ്യതകള്‍ പ്രകടമാക്കുന്നതും കേരള രാഷ്ട്രീയം പരിപക്വമാവാന്‍ തുടങ്ങുന്നതും 1982 മുതലാണ്.

1987-ലെ നിയമസഭാ തിരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിന്റെ തുടക്കമായിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഇരുമുന്നണികളെയും സ്വാധീനിച്ച രാഷ്ട്രീയ ധ്രുവീകരണം, മൂന്നാം മുന്നണിയായി ബി.ജെ.പി.-ഹിന്ദു മുന്നണിയുടെ കടന്നുവരവ്, സി.എം.പി. എന്ന് പുതിയ കമ്യൂണിസറ്റ് പാര്‍ട്ടിയുടെ രൂപീകരണം, പുതിയ വോട്ടര്‍മാരുടെയും സ്ത്രീ വോട്ടര്‍മാരുടെയും വര്‍ധിച്ച പ്രാതിനിധ്യം, യുവസ്ഥാനാര്‍തഥികളുടെയും  സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെയും സാന്നിദ്ധ്യം, പല മണ്ഡലങ്ങളിലും വിമത സ്ഥാനര്‍ത്ഥികള്‍ സൃഷ്ടിച്ച ആശയക്കുഴപ്പം, പുതിയ രീതിയിലുള്ള തിരഞ്ഞെടുപ്പ് പ്രചാരണം, എല്‍.ഡി.എഫിന് അനുകൂലമായി വന്ന വ്യക്തമായ ജനവിധി എന്നിവയായിരുന്നു 1987-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രത്യേകതകള്‍.

രാഷ്ട്രീയ ധ്രുവീകരണം

1987-ലെ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ടീയ ചേരികളില്‍ വലിയ ധ്രുവീകരണം സംഭവിച്ചു.  1967-ന് ശേഷം ഇരുമുന്നണികളിലും മുസ്ലീം ലീഗിന്റേയോ കേരള കോണ്‍ഗ്രസിന്റെയോ ഏതെങ്കിലുമൊരു വിഭാഗം ഘടകകക്ഷിയായി ഉണ്ടായിരുന്നു. അവരുടെ സഹായമില്ലാതെ ഒരു മുന്നണിക്കും അധികാരത്തില്‍ വരാനാവില്ല എന്ന ചിന്തയുണ്ടായിരുന്നു അതു വരെ . മുന്നണികളെ നയിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ വിജയം ലക്ഷമിട്ട്  ഈ പാര്‍ട്ടികളെ മുന്നണിയിലെത്തിക്കാന്‍ മല്‍സരിക്കുകയായിരുന്നു.

കേരള രാഷ്ട്രീയത്തില്‍ പ്രാദേശികക്ഷികളും സാമുദായിക കക്ഷികളും അനര്‍ഹമായ സ്വാധിനം ചെലുത്തുന്നതിലേക്ക് നയിച്ചു ഈ പ്രവണതകള്‍. ദേശീയ പാര്‍ട്ടികളുടെ ചെലവിലാണ് ഇവരെല്ലാം തടിച്ചു കൊഴുത്തത്. ഉദാഹരണത്തിന് 1957-ലെ ആദ്യതിരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്ക് 112 സീറ്റുകളും 88.8% വോട്ട് വിഹിതവും ലഭിച്ചുവെങ്കില്‍ 1982-ല്‍ അത് 101 സീറ്റും 52.52% വോട്ടുവിഹിതവുമായി കുറഞ്ഞു. പ്രാദേശികപാര്‍ട്ടികളും സാമുദായികപാര്‍ട്ടികളും 1957-ലെ 14 സീറ്റില്‍ (16.12%)നിന്ന് 39 (47.41% ) സീറ്റിലേക്ക് ഉയര്‍ന്നു.

ശരിഅത്ത് വിവാദവും ഇ.എം.എസും

കോണ്‍ഗ്രസ് എ, ഐ ഗ്രൂപ്പുകളുടെ ലയനത്തിന് പിന്നാലെ  ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും അഖിലേന്ത്യ മുസ്ലീം ലീഗും യോജിച്ചു.
സി.പി.എമ്മും ഇ.എം.എസും തുറന്ന വിട്ട ശരിഅത്ത് വിവാദത്തെ തുടര്‍ന്ന് 1985 ഓഗസ്റ്റില്‍ അഖിലേന്ത്യ മുസ്ലീം ലീഗ് ഇടതു മുന്നണി വിട്ടെത്തി ലയിച്ചതോടെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് കൂടുതല്‍ കരുത്ത് നേടി. 1975-ലെ ലീഗിലെ പിളര്‍പ്പിനെ തുടര്‍ന്ന് രൂപീകൃതമായ അഖിലേന്ത്യ ലീഗ് യു.ഡി.എഫ്. ഘടകകക്ഷിയായ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗില്‍ ലയിച്ചത് പതിനൊന്ന് വര്‍ഷത്തെ ഇടതു മുന്നണി സഹകരണം അവസാനിപ്പിച്ചാണ്. 

മധ്യപ്രദേശ് ഇന്‍ഡോറിലെ ഷാബാനു ബീഗം എന്ന മുസ്ലീം വനിതയെ മൊഴി ചെല്ലിയ ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന സുപ്രീം കോടതി വിധി മറി കടക്കാന്‍ മുസ്ലീം സംഘടനകളുടെ താത്പര്യപ്രകാരം രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986-ല്‍ പാസ്സാക്കിയ നിയമത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ശരിഅത്തിലെ വ്യക്തിനിയമങ്ങള്‍ക്കെതിരെ കോടതിയുടെ കൈ കടത്തല്‍ എന്നായിരുന്നു മുസ്ലീം സംഘടനകളുടെയും അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെയും നിലപാട്.  

ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിയമനിര്‍മ്മാണത്തില്‍ പ്രതിഷേധിച്ച് രാജീവ് ഗാന്ധി സര്‍ക്കാരില്‍നിന്നു രാജിവെച്ച പുരോഗമന മുസ്ലീം ചിന്താഗതിക്കാരനായിരുന്നു. വര്‍ഗ്ഗീയ, സമുദായിക സംഘടനകളോട് അകലം പാലിക്കാന്‍ തീരുമാനമെടുത്ത സി.പി.എം.  ഇ.എം.എസിന്റെ നേതൃത്വത്തില്‍ ശരിഅത്ത് വിവാദത്തില്‍ ഉറച്ച നിലപാടെടുത്തു. 

തൊടുന്നതെന്തും രാഷ്ട്രീയ സംവാദവും  വിവാദ കൊടുങ്കാറ്റായും മാറ്റാനുള്ള ഇ.എം.എസിന്റെ നിപുണതയില്‍ ശരിയത്ത്  വിവാദം കേരള രാഷ്ട്രീയത്തില്‍ ചൂടും പുകയുമുയര്‍ത്തി .പിളര്‍പ്പിന്റെ പതിനൊന്നാം കൊല്ലം  അഖിലേന്ത്യ ലീഗിന് ഇടതു കൂടാരത്തില്‍നിന്ന് സ്വയം പുറത്തു പോകേണ്ടി വന്ന  രാഷ്ട്രീയ സാഹചര്യമാണ് ശരിഅത്ത് വിവാദത്തിനെ തുടര്‍ന്നുണ്ടായത്.

അടിയന്തരാവസ്ഥയില്‍ മാര്‍ക്സിസ്റ്റുകാരോടൊപ്പം ജയിലിലടക്കം കൂടെക്കിടന്ന് രാഷ്ട്രീയരാപ്പനിയറിഞ്ഞ ബാവ ഹാജിയെയും പി.എം. അബൂബക്കറയെും പോലുള്ള അഖിലേന്ത്യ ലീഗുകാര്‍ക്ക്  പക്ഷെ, ശരിഅത്തില്‍ തൊട്ടുള്ള സി.പി.എമ്മിന്റെ കളി തീക്കളിയായി തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. അങ്ങനെയാണ് 1975-ല്‍  മുസ്ലീം ലീഗ് പിളര്‍ന്നുണ്ടായ അഖിലേന്ത്യ ലീഗ് പിളര്‍പ്പിന്റെ പതിനൊന്നാം കൊല്ലം മാതൃസംഘടനയിലേക്ക് മടങ്ങി.

വളരുംതോറും പിളര്‍ന്ന് കേരള കോണ്‍ഗ്രസ്

യു.ഡി.എഫ്. സര്‍ക്കാരില്‍ അധികാരത്തിലിരിക്കെ ഇരു കേരള കോണ്‍ഗ്രസുകളും 1985 മാര്‍ച്ചില്‍ ലയിച്ചൊന്നായി ഐക്യ കേരള കോണ്‍ഗ്രസായെങ്കിലും ലയനമോഹവും ഐക്യദാഹവും അധികം നീണ്ടു നിന്നില്ല. 1987-ലെ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്  മാണി , ജോസഫ് വിഭാഗങ്ങളായി വീണ്ടും പിളര്‍ന്നെങ്കിലും ഇരുവിഭാഗങ്ങളും യു.ഡി.എഫില്‍ തുടര്‍ന്നു. കെ.എം. മാണിയുടെ വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി എന്ന വിഖ്യാതമായ പ്രയോഗം അന്നത്തെ പിളര്‍പ്പിനെ തുടര്‍ന്നായിരുന്നു.

നേരത്തെ മാണി ഗ്രൂപ്പിനൊപ്പമുണ്ടായിരുന്ന  ആര്‍. ബാലകൃഷ്ണപിള്ള ഇത്തവണ ജോസ്ഫ് ഗ്രൂപ്പിലേക്കും ജോസഫ് ഗ്രൂപ്പിലുണ്ടായിരുന്ന ടി.എം. ജേക്കബ് മാണി വിഭാഗത്തിലേക്കും കളം മാറി. പ്യൂപ്പ ദശയില്‍നിന്ന് ശലഭമായി സ്വതന്ത്രവേഷം കൈവരിക്കുന്നത് പോലെ ഇരു ഗ്രൂപ്പുകളില്‍നിന്നും അടുത്ത വേറിട്ടു പോകല്‍ ആര്‍. ബാലകൃഷ്ണപ്പിള്ളയുടേതും ടി.എം. ജേക്കബിന്റേതുമായിരിക്കും. കേരള കോണ്‍ഗ്രസ് രാഷ്ട്രീയം പിളര്‍ന്ന് വളരുന്നതിന്റെ പിന്നീടുള്ള ചരിത്രത്തില്‍ അത് നേരിട്ട് കാണാവുന്നതുമാണ്.

പിളരാന്‍ ബാക്കിയില്ലാതെ ചെറുപാര്‍ട്ടികള്‍

യു.ഡി.എഫ്. ഘടകകക്ഷികളായ ചെറുപാര്‍ട്ടികളില്‍ പലതിലും ഭിന്നതയും പിളര്‍പ്പും നിത്യസംഭവമായിരുന്നു. എന്‍.ഡി.പിയിലും എസ്.ആര്‍.പിയിലും പിളര്‍പ്പുണ്ടായി. കിടങ്ങൂര്‍ ഗോപാലകൃഷണ പിള്ളയുടെ  നേതൃത്വത്തില്‍ എന്‍.ഡി.പിയിലെ ഒരു വിഭാഗവും എസ്.ആര്‍പിയിലെ ഒരു വിഭാഗവും യു.ഡി.എഫ് വിട്ടു. എന്‍.ഡി.പിയിലെ പ്രബല വിഭാഗം യു.ഡി.എഫില്‍ ഉറച്ചു നിന്നു. ഗോപാലന്‍ ജനത രണ്ടായി ഭിന്നിച്ചു. ഒരു വിഭാഗം 1985 ഡിസംബറിലും മറ്റൊരു വിഭാഗം 1986 ജനുവരിയിലും കോണ്‍ഗ്രസില്‍ ലയിച്ചു. അവേശഷിച്ച വിഭാഗം യു.ഡി.എഫ്. വിട്ടു. ഡോമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി ഇല്ലാതായി. ഏക എം.എല്‍.എ. വി.ദിനകരന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാലക്കാട്ടെ സുന്ദരം സ്വാമിയുടെ പി.എസ്.പിയും പിളര്‍ന്നുവെങ്കിലും സ്വാമി പി.എസ്.പി. കൊണ്ടുനടക്കാതെ യു.ഡി.എഫ്. സ്വതന്ത്രനായി.

സാമ്പത്തിക സംവരണ വിഷയത്തില്‍ മുന്നണി വിട്ട എന്‍.ഡി.പി. ഔദ്യോഗിക വിഭാഗം തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയില്‍ തിരികെയെത്തി. സാമ്പത്തിക സംവരണം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പി.കെ. നാരായണപ്പണിക്കരെയും എന്‍.ഡി.പിയെയും മുഖ്യമന്ത്രി കെ. കരുണാകരന് മെരുക്കാനായത്. എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് എം.കെ. രാഘവനും പതിനായിരത്തോളം പ്രവര്‍ത്തകരും തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തു. മുന്‍മന്ത്രിമാരായ തച്ചടി പ്രഭാകരന്‍, പി.കെ. വേലായുധന്‍, എം.പി. ഗംഗാധരന്‍ എന്നിവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. തച്ചടി പ്രഭാകരന്‍ ധനമന്ത്രി സ്ഥാനം രാജി വെച്ച് കായംകുളത്തേക്ക് പോയി. കോണ്‍ഗ്രസിലെ എഴ് സിറ്റിംഗ് എം.എല്‍.എമാര്‍ക്കും സീറ്റ് ലഭിച്ചില്ല

ഇടതു മുന്നണിയിലെ കോണ്‍ഗ്രസ് എസില്‍നിന്ന് നേരത്തെ തന്നെ പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ശരത്പവാറിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.സോഷ്യലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്ന് ഏകാംഗ പാര്‍ട്ടിയുടെ മേല്‍വിലാസം ഉപേക്ഷിച്ച് ലോനപ്പന്‍ നമ്പാടന്‍ എം.എല്‍.എ എല്‍.ഡി.എഫ്. സ്വന്തത്രന്‍ എന്ന പദവിയിലേക്ക് മാറി. സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട എം.വി. രാഘവന്‍ രൂപീകരിച്ച സി.എം.പി. ഇടതു മുന്നണിയില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ തീരുമാനിച്ചു. മുസ്ലീം ലീഗിന്റെ സീറ്റായ അഴീക്കോട് മല്‍സരിച്ച എം.വി. രാഘവന്  ലീഗും യു.ഡി.എഫും പിന്തുണ നല്‍കുകയായിരുന്നു. കെ. കരുണാകരന്റെ കടുത്ത രാഷ്ട്രീയശത്രുവായിരുന്ന എം.വി. രാഘവന് ഒടുവില്‍ കെ. കരുണാകരന്‍ തന്നെ യു.ഡി.എഫില്‍ രാഷ്ട്രീയാഭയം നല്‍കി. എം.വി. രാഘവന്റെ സി.എം.പി. പിന്നീട് യു.ഡി.എഫില്‍ ചേരുകയും ചെയ്തു.

ആര്‍.എസ്.എസ്., വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്രസംരക്ഷണ സമിതി, അയ്യപ്പ സേവാസംഘം തുടങ്ങിയ സംഘടനകള്‍ അടങ്ങിയ ഹിന്ദുമുന്നണിയുമായി  ചേര്‍ന്ന് ബി.ജെ.പി. രൂപീകരിച്ച മൂന്നാം മുന്നണി തിരഞ്ഞെടുപ്പില്‍ ശക്തമായ  ചേരിയായി.

മുന്നണികളുടെ ബലാബലം

ശക്തമായ രാഷ്ട്രീയമായ അടിത്തറ യു.ഡി.എഫിനായിരുന്നു. സാമുദായിക പ്രാദേശികപാര്‍ട്ടികളെല്ലാം യു.ഡി.എഫ്. കൂടാരത്തില്‍ അണിനിരന്നു.  കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് മാണി, കേരള കോണ്‍ഗ്രസ് ജോസഫ്, എന്‍.ഡി.പി., എസ്,ആര്‍.പി., ആര്‍.എസ്.പി.(എസ്) വിഭാഗങ്ങളായിരുന്നു യു.ഡി.എഫില്‍. സി.പി.എം., സി.പി.ഐ., ആര്‍.എസ്.പി., കോണ്‍ഗ്രസ് എസ്, ജനത പാര്‍ട്ടി, ലോക്ദള്‍ എന്നിവ മാത്രം എല്‍.ഡി.എഫില്‍. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പുറമെ കാര്യമായ സ്വാധീനം ചില പോക്കറ്റുകളില്‍ ഉള്ളത് ആര്‍.എസ്.പിക്കും പഴയ സോഷ്യലിസ്റ്റുകളുടെ ജനത പാര്‍ട്ടിയ്ക്കുമാണ്. പി.സി. ചാക്കോയും കൂട്ടരും ശരത് പവാറിനൊപ്പം കോണ്‍ഗ്രസ് തറവാട്ടിലേക്ക് മടങ്ങിയത് കാരണം കോണ്‍ഗ്രസ്(എസ്) വീണ്ടും  ശോഷിച്ചിരുന്നു.
 
54 മണ്ഡലങ്ങളില്‍  പ്രസംഗിച്ച പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പുറമെ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളും യു.ഡി.എഫിന്  വേണ്ടി സംസ്ഥാനത്തെത്തി. കോണ്‍ഗ്രസ് എം.പി. വൈജയന്തിമാല, കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത വെള്ളിത്തിരയിലെ നിത്യഹരിതനായകന്‍  പ്രേംനസീര്‍ ഉള്‍പ്പെടെയുള്ള ചലച്ചിത്രതാരങ്ങളും യു.ഡി.എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങി. കെ. കരുണാകരന്‍ സര്‍ക്കാരിനെതിരെ കാര്‍ട്ടൂണുകളും ചിത്രങ്ങളും തെരുവുനാടകങ്ങളുമായി ഇടതു മുന്നണി ശക്തമായ മറുപ്രചാരണം നടത്തി.

നാട്ടിന്‍ പുറങ്ങളിലും നഗരങ്ങളിലും ചുവരുകളില്‍ കാര്‍ട്ടൂണുകള്‍ നിരന്നു. ശക്തമായ ഭരണവിരുദ്ധ വികാരം വളര്‍ത്തുന്നതിന് ഇടതു മുന്നണി പ്രചാരണം സഹായിച്ചു. ഇഞ്ചോടിഞ്ചായിരുന്നു പ്രചാരണമെങ്കിലും സ്വതന്ത്രരെയും പുതുമുഖങ്ങളെയും അണിനിരത്തിയുള്ള സ്ഥാനാര്‍ത്ഥി പട്ടിക ഇടതു മുന്നണിക്ക് പ്രചാരണത്തില്‍ മേല്‍ക്കൈ നല്‍കാന്‍ സഹായിച്ചു.കോണ്‍ഗ്രസില്‍ കൂടുതലും പഴയ മുഖങ്ങള്‍ മല്‍സരിച്ചപ്പോള്‍ സി.പി.എം. 30-ഓളം പുതുമുഖങ്ങളെ പരീക്ഷിച്ചു.. സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി,യുവജന പ്രവര്‍ത്തകര്‍ കൂടുതലായി പ്രവര്‍ത്തനരംഗത്തിറങ്ങാന്‍ ഇത് കാരണമായി.

എല്‍.ഡി.എഫിന് വിജയം

1987 മാര്‍ച്ച് 23 ന് നടന്ന എട്ടാമത് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 75 സീറ്റുകള്‍ നേടി ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തി. രണ്ട്  സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോട്ടയത്തും വാമനപുരത്തും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നതിനാല്‍ 138 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫിന് 61 സീറ്റുകള്‍ ലഭിച്ചു. എല്‍.ഡി.എഫ്. 44.95% വോട്ട് വിഹിതവും യു.ഡി.എഫ്. 43.66% വോട്ടും നേടി. യു.ഡി.എഫിനേക്കാള്‍ എല്‍.ഡി.എഫിന് അധികമായി ലഭിച്ചത് 1,65,225 വോട്ടുകളാണ്.  

2

സ്വതന്ത്രര്‍ ഉള്‍പ്പെടെ സി.പി.എമ്മിന് 42 സീറ്റും സി.പി.ഐയ്ക്ക് 16 സീറ്റും ലഭിച്ചു. ജനത പാര്‍ട്ടി എഴും കോണ്‍ഗ്രസ് എസ് ആറും ആര്‍.എസ്.പി. അഞ്ചും ലോക്ദള്‍ ഒന്നും സീറ്റുകള്‍ നേടി.   കോണ്‍ഗ്രസിന്  34 സീറ്റ് ലഭിച്ചു. കൂടാതെ കോണ്‍ഗ്രസ് പിന്തുണയോടെ മല്‍സരിച്ച കെ,കെ.നായരും( പത്തനംതിട്ട), സി.എം.സുന്ദരവും( പാലക്കാട് ) വിജയിച്ചു. കഴിഞ്ഞ സഭയില്‍ 14 സീറ്റുണ്ടായിരുന്ന കേരള കോണഗ്രസിന്റെ് ഇരു വിഭാഗങ്ങള്‍ക്കായി 9 സീറ്റുകള്‍ ലഭിച്ചു- കേരളകോണ്‍ഗ്രസ്( എം ) 4, കേരള കോണ്‍ഗ്രസ് ( ജെ) 5 . ലീഗിന് മൂന്ന് സീറ്റു കുറഞ്ഞ് 15 സീറ്റു ലഭിച്ചു. 9 സീറ്റില്‍ മല്‍സരിച്ച എന്‍.ഡി.പിയുടെ ഏക എം.എല്‍.എ ആയി കോന്നിയില്‍ നിന്ന് വിജയിച്ച ചിറ്റൂര്‍ ശശാങ്കന്‍ നായര്‍. യു.ഡി.എഫ് പിന്തുണയോടെ മല്‍സരിച്ച എം.വി. രാഘവനും വിജയിച്ചു.  ഏറ്റുമാനൂരില്‍ കേരള കോണ്‍ഗ്രസ് ജോസഫ്‌ ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയ്ക്കെതിരായി കോണ്‍ഗ്രസ് റിബലായി മല്‍സരിച്ച ജോര്‍ജ് ജോസഫ് പൊടിപ്പാറ ജയിച്ച് നിയമസഭയിലെത്തി.

വാണവരും വീണവരും

കെ. കരുണാകരന്‍ മാളയില്‍ നിന്നും ഇ.കെ. നായനാര്‍ തൃക്കരിപ്പൂരില്‍ നിന്നും കെ.ആര്‍. ഗൗരിയമ്മ അരൂരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടു.  ടി.കെ. രാമകൃഷണന്‍, കെ.എം. മാണി, ആര്‍. ബാലകൃഷണപിള്ള, ടി.എം. ജേക്കബ്, മൊയ്തീന്‍ കുട്ടി ഹാജി, ബേബി ജോണ്‍,പി.എസ്. ശ്രീനിവാസന്‍   എന്നിവരെല്ലാം വിജയിച്ചു. മുന്‍ മന്ത്രി ഇ.കെ. ഇമ്പിച്ചി ബാവ പൊന്നാനിയില്‍ പി.ടി. മോഹന കൃഷണനോട് പരാജയപ്പെട്ടു. എട്ടാം നിയമസഭയില്‍ വിജയിച്ചെത്തിയവരില്‍  കെ.ആര്‍. ഗൗരിയമ്മ, റോസമ്മ പുന്നൂസ്., ലീല ദാമോദര മോനോന്‍, പി.ആര്‍. കുറുപ്പ്, കെ. ചന്ദ്രശേഖരന്‍ , ടി.കെ. രാമകൃഷണന്‍, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ 1957-ലെ  ആദ്യനിയമയിലെ അംഗങ്ങളായിരുന്നു. റോസമ്മ പുന്നൂസും ലീല ദാമോദരനോനോനും പി.ആര്‍. കുറുപ്പും എത്തുന്നത് ഒരു ഇടവേളയ്ക്ക് ശേഷം.

ആദ്യകാല സോഷ്യലിസ്റ്റ് നേതാക്കളായ പി.ആര്‍. കുറുപ്പ് പെരിങ്ങളത്ത് നിന്നും കെ. ചന്ദ്രശേഖരന്‍ വടകരയില്‍നിന്നും എം.പി. വീരേന്ദ്രകുമാര്‍ കല്‍പ്പറ്റയില്‍നിന്നും ജനത പാര്‍ട്ടി പ്രതിനിധികളായി സഭയിലെത്തി. സഭയിലെ മുതിര്‍ന്ന അംഗം പി.ആര്‍. കുറുപ്പായിരുന്നു. ബേബി തിരുവല്ലയില്‍നിന്ന് കന്നിമല്‍സരത്തില്‍ വിജയിച്ചെത്തിയ മാത്യു ടി. തോമസും. ഇരുവരും ജനത പാര്‍ട്ടിക്കാരും. കോണ്‍ഗ്രസ് യുവേനതാക്കളില്‍ രമേശ് ചെന്നിത്തല( ഹരിപ്പാട് )യും പന്തളം സുധാകര( വണ്ടൂര്‍)നും  വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും  ജി. കാര്‍ത്തികേയന്‍ ഡി.വൈ.ഐ.എഫ്.ഐ .അഖിലേന്ത്യ പ്രസിഡന്റായിരുന്ന എം.വിജയകുമാറിനോട്  തിരുവനന്തപുരം നോര്‍ത്തില്‍ പരാജയപ്പെട്ടു.

എം.ടി. പത്മ (കൊയിലാണ്ടി ), ലീല ദാമോദര മേനോന്‍ ( പട്ടാമ്പി ), റോസമ്മ ചാക്കോ ( ഇടുക്കി), കെ.ആര്‍. ഗൗരിയമ്മ( അരൂര്‍ ), റോസമ്മ പുന്നൂസ് ( ആലപ്പുഴ ), മെഴ്‌സിക്കുട്ടിയമ്മ ( കുണ്ടറ), നബീസ ഉമ്മാള്‍ (കഴക്കൂട്ടം ), ഭാര്‍ഗ്ഗവി തങ്കപ്പന്‍ (കിളിമാനൂര്‍ ) എന്നിവരായിരുന്നു വനിതാ അംഗങ്ങള്‍. എല്‍.ഡി.എഫില്‍നിന്ന് നാലു പേരും യു.ഡി.എഫില്‍നിന്ന് മൂന്നു പേരും. ഇതില്‍ കെ.ആര്‍. ഗൗരിയമ്മയും റോസമ്മ പുന്നൂസും ലീല ദാമോദര മേനോനും ആദ്യ നിയമസഭാംഗമായിരുന്നവര്‍.

വോട്ടെടുപ്പ് യന്ത്രം ഉപയോഗിച്ച് നടന്ന വോട്ടെടുപ്പ് കോടതി കയറിയ  പറവൂരില്‍ മുന്‍ സ്പീക്കര്‍ എ.സി. ജോസിനെ അട്ടിമറിച്ച് സി.പി.ഐയിലെ എന്‍. ശിവന്‍പിള്ള പകരം വീട്ടി. 1982-ല്‍ വിജയിച്ചുവെങ്കിലും തിരഞ്ഞെടുപ്പ് റദ്ദാക്കിയ കോടതിവിധി പ്രകാരം നടന്ന റീപോളിംഗില്‍ എന്‍. ശിവന്‍പിള്ള എ.സി. ജോസിനോട് തോല്‍ക്കുകയായിരുന്നു. മുന്‍മന്ത്രിമാരായ എം. കമലം, കെ.പി. രാമചന്ദ്രന്‍നായര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച മുന്‍ മന്ത്രി സിറിയക് ജോണ്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച എസ്.എന്‍.ഡി.പി. യോഗം പ്രസിഡന്റ് എം.കെ. രാഘവന്‍ എന്നിവരും പരാജയപ്പെട്ടു.

മുന്‍മന്ത്രിമാരായ എ.എല്‍. ജേക്കബ് എറണാകുളത്തും കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജന്‍ ചാത്തന്നൂരിലും പരാജയപ്പെട്ടു. ഇടതുപക്ഷ ശക്തികേന്ദ്രമായ ചാത്തന്നൂരില്‍നിന്ന് 1982-ല്‍ താന്‍ വിജയിച്ചുവെങ്കിലും അന്ന് പരാജയപ്പെട്ട പി.രവീന്ദ്രനെ സി.പി.ഐ വീണ്ടും നിര്‍ത്തി മല്‍സരിപ്പിക്കുകയായിരുന്നുവെന്ന് സി.വി. പത്മരാജന്‍ ഓര്‍ക്കുന്നു. അന്നത്തെ തന്റെ പരാജയത്തിന് പല കാരണങ്ങളുണ്ടെങ്കിലും കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ ചുമതലകളുണ്ടായിരുന്നതിനാല്‍  മണ്ഡലത്തില്‍ വേണ്ടത്ര ശ്രദ്ധിയ്ക്കാന്‍ കഴിയാതെ പോയതായി സി.വി. പത്മരാജന്‍ പറയുന്നു. മണ്ഡലത്തില്‍ തന്നെക്കാള്‍ പോപ്പുലര്‍ പി. രവീന്ദ്രനായിരുന്നുവെന്ന് പറയാനും മാന്യനായ രാഷ്ട്രീയനേതാവ് എന്ന് പ്രതിച്ഛായയുള്ള സി.വി. പത്മരാജന്‍ മടിക്കുന്നില്ല.

ഇടതു സ്വതന്ത്രനായ  പ്രൊഫ. എം.കെ. സാനുവാണ് എറണാകുളത്ത് മുന്‍ മന്ത്രിയും മുന്‍ കെ.പി.സി.സി. പ്രസിഡന്റുമായ എ.എല്‍. ജേക്കബിനെ അട്ടിമറിച്ചത്. കോണ്‍ഗ്രസ് റിബലായി മല്‍സരിച്ച എവറസ്റ്റ് ചമ്മിണിയുടെ സാന്നിദ്ധ്യവും എം.കെ. സാനുവിന്‍രെ വിജയം എളുപ്പമാക്കി.  മല്‍സരിക്കാന്‍ തനിക്ക് വളരെ വൈമുഖ്യമാണുണ്ടായിരുന്നതെന്ന്  എം.കെ. സാനു പറയുന്നു. വളരെ അടുപ്പമുള്ള പലരും പറഞ്ഞു. ഏറ്റവും ഒടുവില്‍ പറഞ്ഞത് സാക്ഷാല്‍ ഇ.എം.എസ്സാണ്. വ്യക്തിപരമായി വളരെ അടുത്ത ബന്ധമുള്ള എം.എം. ലോറന്‍സ്, ടി.കെ. രാമകൃഷണന്‍ തുടങ്ങി കുറെ പേര്‍ നിര്‍ബന്ധിച്ചു. വ്യക്തിബന്ധങ്ങള്‍ എനിക്ക് വളരെ കൂടുതലാണ്. എല്ലാവരും കൂടി വന്നു പറഞ്ഞപ്പോള്‍ എന്നാല്‍ അങ്ങനെ ആകട്ടെ എന്ന് തീരുമാനിച്ചുവെന്ന് അന്നത്തെ തിരഞ്ഞെടുപ്പ് മല്‍സരത്തെ കുറിച്ച് സാനു മാഷ് ഓര്‍ക്കുന്നു. പിന്നീട് ഒരു വട്ടം കൂടി തിരഞ്ഞെടുപ്പ് മല്‍സരത്തിന് അദ്ദേഹം ഇറങ്ങിയതുമില്ല. പ്രഫ. എം.കെ. സാനുവിന് പുറമെ  പ്രൊഫ. നബീസ ഉമ്മാളാണ് (കഴക്കൂട്ടം ) വിജയിച്ച് വന്ന സി.പി.എമ്മിന്റെ മറ്റൊരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി.

പുതുരക്തം വോട്ടര്‍മാരിലും സഭയിലും

പുതിയ വോട്ടര്‍മാരുടെ സാന്നിധ്യമായിരുന്ന ശ്രദ്ധേയമായ മറ്റൊന്ന്. 28 ലക്ഷം പുതിയ വോട്ടര്‍മാരുണ്ടായിരുന്നു. 3000 മുതല്‍ 31000 വരെ പുതിയ വോട്ടര്‍മാരുണ്ടായിരുന്നു ഓരോ മണ്ഡലത്തിലും . തിരഞ്ഞെടുപ്പ് ഫലത്തെ പുതിയ വോട്ടര്‍മാരുടെ നിലപാടും സ്വാധീനിച്ചു. ഇരുമുന്നണികളുടെയും പ്രകടനപത്രികയില്‍ തൊഴിലവസര സൃഷ്ടിയെ കുറിച്ചുള്ള വാഗ്ദാനങ്ങളുമുണ്ടായിരുന്നത് അത് കൊണ്ടാണ്. എല്‍.ഡി.എഫിന് 11,03231 അധിക വോട്ടുകളും യു.ഡി.എഫിന് 6,61,418 അധിക വോട്ടുകളും ലഭിച്ചു. അതിനര്‍ത്ഥം പുതിയ വോട്ടുകളില്‍  ഭൂരിഭാഗവും എല്‍.ഡി.എഫിന് ലഭിച്ചുവെന്നാണ്. 25-നും 40-നും പ്രായമുള്ള 19 എം.എല്‍.എമാര്‍ എല്‍.ഡി.എഫില്‍നിന്നും  14 എം.എല്‍.എമാര്‍ യു.ഡി.എഫില്‍നിന്നും വിജയിച്ചു. അഞ്ചിലൊന്ന് അംഗങ്ങളും ഈ പ്രായവിഭാഗത്തിലുണ്ടായതോടെ നിയമസഭയില്‍ പുതുരക്തം നിറഞ്ഞു.

സി.പി.എമ്മും എല്‍.ഡി.എഫും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പുതുരീതികള്‍ അവലംബിച്ച തിരഞ്ഞെടുപ്പായിരുന്നു 1987-ലേത്. സാധാരണ ത്യാഗത്തിന്റെയും പാര്‍ട്ടി പ്രവര്‍ത്തന പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്ന പതിവു രീതിക്ക്  പകരം വിജയസാധ്യത മുന്‍നിര്‍ത്തി പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പൊതുസമ്മതരായ സ്വതന്ത്രര്‍ക്കും എല്‍.ഡി.എഫ്. സീറ്റ് നല്‍കി. പുതുമുഖങ്ങളില്‍ പലരും ജയിച്ച് വന്നത് മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാന്‍ സഹായകരമായി.

യുവതലമുറയ്ക്ക് 87-ലെ തിരഞ്ഞെടുപ്പില്‍ അവസരംനല്‍കിയത് ഗുണം ചെയ്തതെന്ന വിലിയരുത്തലാണ് സി.പി.എം. നേതാവും അന്ന് നിയമസഭാ തിരഞ്ഞൈടുപ്പില്‍ ആറ്റിങ്ങലില്‍നിന്നു വിജയിക്കുകയും ചെയ്ത സി.പി.എം. നേതാവ് ആനത്തലവട്ടം ആനന്ദനുള്ളത്. ഇപ്പോഴും പാര്‍ട്ടി അതേ സമീപനം തന്നെയാണ് തുടരുന്നതെന്ന് ആനത്തലവട്ടം ആനന്ദന്‍ വിശദീകരിക്കുന്നു.  അന്ന് സാനു മാഷെയും കൂട്ടരെയും കൊണ്ടു വന്നത് പോലെ തന്നെ ഇന്നും സാഹിത്യരംഗത്തും കലാരംഗത്തും ശോഭിക്കുന്നവര്‍, സാമ്പത്തിക ശാസ്ത്രജ്ഞര്‍ തുടങ്ങിയ വിദഗ്ദ്ധരെയെല്ലാം സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്. അത് ശരിക്കും 1957-ല്‍ തുടങ്ങിയ ശൈലിയും കാഴ്ചപ്പാടുമാണെന്ന് ആനത്തലവട്ടം ആനന്ദന്‍ പറയുന്നു കമ്യൂണിസ്റ്റുകാരെ മാത്രം നിര്‍ത്തി മല്‍സരിപ്പിച്ച് ജയിപ്പിച്ച് ഭരണമുണ്ടാക്കുകയല്ല , നാടിന്റെ വികസനത്തിനും നന്മയ്ക്കും സംഭാവന ചെയ്യാന്‍ കഴിയുന്ന വിവിധ മേഖലകളിലുള്ള വിദഗ്ദധരെയൊക്കെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന സമീപനമാണ്  പാര്‍ട്ടി സ്വീകരിച്ചിട്ടുള്ളതെന്നും അത്  ഇപ്പോഴും തുടരുന്നുവെന്നും ആനത്തലവട്ടം വിശദീകരിക്കുന്നു.

മാരാരിക്കുളത്ത് മല്‍സരിച്ച ബിരുദ വിദ്യാര്‍ത്ഥിയും കേരള യൂണിവേഴ്സിറ്റി യൂണിയന്‍  ചെയര്‍മാനുമായിരുന്ന ടി.ജെ. ആഞ്ചലോസ് , തിരുവല്ലയില്‍ ജനത പാര്‍ട്ടിയുടെ മാത്യു ടി. തോമസ്, ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് എസിന്റെ മാമ്മന്‍ ഐപ്പ്, ആര്‍.എസ്.പിയുടെ ബാബു ദിവാകരന്‍, സി.പി.എം. യുവജന നേതാക്കളായ എം. വിജയകുമാര്‍, എം. ദാസന്‍,എസ്. ശര്‍മ്മ, മെഴ്സിക്കുട്ടിയമ്മ എന്നിവരെല്ലാം വിജയിച്ചു വന്ന എല്‍.ഡി.എഫിന്റെ പുതുമുഖങ്ങളില്‍പ്പെടും.

ചലനമുണ്ടാക്കാതെ മൂന്നാം മുന്നണി

മൂന്നാം മുന്നണിയായ ഹിന്ദുമുന്നണി-ബി.ജെ.പി  സഖ്യം കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കിലും 90 മണ്ഡലങ്ങളില്‍ ഈ സഖ്യം 5000-ലധികം വോട്ടു നേടി. 122 മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ആവേശകരമായ പ്രചാരണം സംഘടിപ്പിച്ചുവെങ്കിലും ആറിടത്തൊഴികെ മറ്റെല്ലായിടവും സ്ഥാനാത്ഥികളുടെ കെട്ടി വെച്ച കാശ് നഷ്ടമായി. എന്നാല്‍, 1982-നേക്കാള്‍ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടു. പല മണ്ഡലങ്ങളിലും ഇതര മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥികള്‍ തലവേദനയായി. മഞ്ചേശ്വരത്തും കാസര്‍കോട്ടും ഇടതു മുന്നണിയെയും തിരുവനന്തപുരം ഈസ്റ്റില്‍ യു.ഡി.എഫിനെയും മൂന്നാം സ്ഥാനത്തേക്ക് തള്ളി മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം  സ്ഥാനത്തെത്തി. മൂന്നിടത്ത്  20,000-നും 27,500-നും ഇടയില്‍ വോട്ടു നേടിയ മൂന്നാം മുന്നണിക്ക് നാലിടത്ത് 15000-നും 20000-നും ഇടയില്‍ വോട്ടു ലഭിച്ചു.

12 സ്ഥാനാര്‍ത്ഥികള്‍  10000-നും 14000-നും ഇടയിലും വോട്ടുകള്‍ നേടി. കാസര്‍കോട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് മൂന്നാം മുന്നണി മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 1982-ലെ 2.75 ശതമാനത്തില്‍ നിന്ന് ബി.ജെ.പി. മുന്നണിയുടെ വോട്ട് ശതമാനം 6.48 ആയി വളര്‍ന്നു. മറ്റ് മുന്നണികളുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ അട്ടിമറിക്കാന്‍ മൂന്നാം മുന്നണിക്കായില്ലെങ്കിലും ചില മണ്ഡലങ്ങളിലെ ജയപരാജയങ്ങളെ മൂന്നാം മുന്നണിയുടെ സാന്നിദ്ധ്യം ബാധിച്ചു.  ഉദാഹരണത്തിന്, കോഴിക്കോട് നോര്‍ത്തില്‍ 7708 വോട്ടിനാണ് കോണ്‍ഗ്രസിന്റെ മുന്‍മന്ത്രി എം.കമലം  സി.പി.എമ്മിലെ എം. ദാസനോട് തോറ്റത്. അവിടെ ബി.ജെ.പി. 12234 വോട്ട് പിടിച്ചു. തിരുവനന്തപുരം നോര്‍ത്തില്‍ 1982-ല്‍ ജി.കാര്‍ത്തികേയന്‍ ജയിച്ചപ്പോള്‍ ബി.ജെ.പി. സഥാനര്‍ത്ഥിക്ക് 959 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 13398 ആയി ബി.ജെ.പി. വോട്ടുയുയര്‍ത്തിയത് ജി.കാര്‍ത്തികേയന്റെ പരാജയത്തില്‍ കലാശിച്ചു.

വെല്ലുവിളിയുയര്‍ത്താതെ സി.എം.പി.

എം.വി. രാഘവന്റെ സി.എം.പി. 86 മണ്ഡലങ്ങളില്‍ മല്‍സരിച്ചുവെങ്കിലും തളിപ്പറമ്പ് , അഴീക്കോട് മണ്ഡലങ്ങളില്‍ മാത്രമാണ് യു.ഡി.എഫിന്റെ പിന്തുണ ലഭിച്ചത്. സി.എം.പി. സ്ഥാനാര്‍ത്ഥികള്‍ സി.പി.എം. കോട്ടകളിലേക്ക് കടന്നുകയറി കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും അഴീക്കോട് നിന്ന് 1339 വോട്ടിന്‍രെ ഭൂരിപക്ഷത്തില്‍ എം.വി. രാഘവന്‍  മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. എതിര്‍ സ്ഥാനാര്‍ത്ഥി ഇ.പി. ജയരാജന്‍ 1982-ലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയേക്കാള്‍ 3395 വോട്ട് അധികം നേടുകയും ചെയ്തു.

മൂന്ന് പതിറ്റാണ്ടുകള്‍ക്കിപ്പുറം എം.വി. രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം.വി. നികേഷ് കുമാര്‍ എം.വി.ആറിന്റെ മരണശേഷം 2016-ല്‍ അഴീക്കോട് നിന്ന് സി.പി.എം. സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനിറങ്ങിയതും പരാജയപ്പെട്ടതും കാലത്തിന്റെ മറ്റൊരു വൈചിത്ര്യം. 'അച്ഛന്റെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മണ്ഡലമായിരുന്നു അഴീക്കോടെന്ന് എം.വി. നികേഷ്  കുമാര്‍ 2016-ലെ തിരഞ്ഞെടുപ്പു കാലത്ത് പറഞ്ഞു. 'അച്ഛന്റെ രാഷ്ട്രീയജീവിതത്തില്‍ ഒരു നിയമസഭാ പ്രവേശനത്തിന് തുടക്കമിട്ടത് അഴീക്കോടിന്റെ മുന്‍രൂപമായ മാടായി എന്ന് മണ്ഡലത്തില്‍ നിന്നാണ്. 1987-ല്‍ നിര്‍ണായകമായ രാഷ്ട്രീയ കാലഘട്ടത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങിയതും അഴീക്കോട് നിന്നാണ് '.

കെ.ആര്‍. ഗൗരി നാടു ഭരിച്ചില്ല

പടിയിറങ്ങുന്ന കെ. കരുണാകരന്റെയും ഭരണസിരാകേന്ദ്രത്തിലേക്ക് കയറിപ്പോകുന്ന കെ.ആര്‍. ഗൗരിയമ്മയുടെയും ചിത്രവുമായാണ് ഫലപ്രഖ്യാപനമടങ്ങിയ മാതൃഭൂമി ദിനപത്രം പുറത്തിറങ്ങിയത്.  കെ.ആര്‍. ഗൗരിയമ്മ മുഖ്യമന്ത്രിയാവും എന്ന് പ്രചരിക്കപ്പെട്ടുവെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി, പോളിറ്റ് ബ്യൂറോ അംഗം ഇ.കെ. നായനാരെ വീണ്ടും മുഖ്യമന്ത്രിയായി നിയോഗിച്ചു. സി.പി.എം. ഔദ്യോഗികമായി മുഖ്യമന്ത്രിയായി ആരെയും പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും  ആദ്യ വനിതാ മുഖ്യമന്ത്രിയായി കേരളം കെ.ആര്‍. ഗൗരിയമ്മയെ പ്രതീക്ഷിച്ചു. അത്തരത്തിലുള്ള പ്രചാരണം എല്‍.ഡി.എഫിനെ തെക്കന്‍ ജില്ല തൂത്ത് വാരുന്നതിലും സഹായിച്ചു.

സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്. അച്യുതാനന്ദനും സി.പി.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ. വാസുദേവന്‍ നായരും കൂടിയാണ് തുറവൂരില്‍ തന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വന്ന് ഈ പ്രഖ്യാപനം നടത്തിയതെന്ന് കെ.ആര്‍. ഗൗരിയമ്മ അഭിപ്രായപ്പെട്ടു. ഇവിടെവെച്ച് അങ്ങനെ പറയരുത് എന്ന് താന്‍ വിലക്കിയതാണ്. 

അതൊന്നും കേള്‍ക്കാതെ അവര്‍ അവിടെ പ്രഖ്യാപിച്ചതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോല്‍ താനല്ല മുഖ്യമന്ത്രി. ഒരു പഞ്ചായത്ത് പ്രസിഡന്റ് പദവി പോലും മോഹിച്ചല്ല താന്‍ പൊതുപ്രവര്‍ത്തന രംഗത്ത് വന്നതെന്ന് ഗൗരിയമ്മ അന്ന് പരസ്യപ്രഖ്യാപനം നടത്തി. 87-ല്‍ താന്‍ ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഗൗരിയമ്മ പ്രതികരിക്കുകയും ചെയ്തു. പാര്‍ട്ടി തീരുമാനമായിരുന്നോ ഇല്ലയോ എന്നറിയില്ല എന്തായാലും അതിന് പിന്നിലുള്ള വലിയ ആള്‍ ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടായിരുന്നു. തനിക്ക് കഴിവ് പോരാ എന്ന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തിയോ അതോ ഇ.എം.എസ്. വിലയിരുത്തിയോ എന്നറിയില്ല. നായനാര്‍ വലിയ മിടുക്കനായതിനാല്‍ അദ്ദേഹത്തിന്റെ കഴിവ് പോലെ എനിക്ക് കഴിവില്ല. അത് കൊണ്ട് എന്നെ മുഖ്യമന്ത്രിയാക്കാത്തതാവാമെന്ന് ഗൗരിയമ്മ അഭിപ്രായപ്പെട്ടു.

സി.പി.എമ്മില്‍നിന്നു പുറത്താക്കപ്പെട്ട ശേഷം കെ.ആര്‍. ഗൗരിയമ്മ നടത്തിയ പരസ്യപ്രതികരണം അന്നത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഇ.കെ. നായനാര്‍ നിഷേധിച്ചിരുന്നു. വി.എസ്. അച്യുതാനാന്ദനോ പി.കെ.വിയോ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഗൗരിയമ്മയെ മുഖ്യമന്ത്രിയായി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചുവെന്നതിന് തെളിവായി ഒരു പത്രവാര്‍ത്ത പോലും കണ്ടെത്താനായില്ലെന്നും ഗൗരിയമ്മ പറഞ്ഞത് കളവാണെന്നുമുള്ള നായനാരുടെ പ്രസ്താവന.  ഗൗരിയമ്മ അന്തരിച്ചതിനെ തുടര്‍ന്ന് ഈയിടെ വീണ്ടും ചര്‍ച്ചയായിരുന്നു.  കെ.ആര്‍. ഗൗരിയമ്മ മുഖ്യമന്ത്രിയാവും എന്ന തരത്തിലുള്ള പ്രചാരണം അന്ന് നടന്നുവെന്നത് സത്യമാണ്.

നായനാരുടെ രണ്ടാമൂഴം

മുഖ്യമന്ത്രിപദത്തിലേക്ക് ഇ.കെ. നായനാരുടെ രണ്ടാമൂഴമായിരുന്നു 1987-ലേത്. ആന്റണി കോണ്‍ഗ്രസ് വിഭാഗവും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1981 ഒക്ടോബര്‍ 21-ന് ഒന്നാം നായനാര്‍ മന്ത്രിസഭ നിലംപതിക്കുകയായിരുന്നു. ഗവര്‍ണറുടെ ഔദ്യോഗിക വസതിയായ രാജ് ഭവന് പുറത്ത് പന്തലിട്ട് ജനങ്ങളെ സാക്ഷിയാക്കി ഇ.കെ. നായനാര്‍ 1987 മാര്‍ച്ച് 26-ന് സത്യപ്രതിജ്ഞ ചെയ്ത് വീണ്ടും മുഖ്യമന്ത്രിയായി  അധികാരമേറ്റു. സി.പി.ഐ. നേതാവ് പി.എസ്. ശ്രീനിവാസന്‍, ജനത പാര്‍ട്ടി നേതാവ് കെ. ചന്ദ്രശേഖരന്‍, കോണ്‍ഗ്രസ് (എസ്) നേതാവ് എ.സി. ഷണ്‍മുഖദാസ്, ആര്‍.എസ്.പി. നേതാവ് ബേബിജോണ്‍ എന്നിവരും ഇ.കെ. നായനാരോടൊപ്പം സംസ്ഥാനത്തിന്റെ പതിനഞ്ചാമത് മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. 

രാജ്ഭവന് പുറത്ത് നടക്കുന്ന ആദ്യത്തെ സത്യപ്രതിജ്ഞാ ചടങ്ങായിരുന്നു അത്.  മന്ത്രിസഭാ വികസനത്തെ തുടര്‍ന്ന് 1987 ഏപ്രില്‍ രണ്ടിന് മറ്റ് പതിനാല് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കെ.ആര്‍. ഗൗരിയമ്മ,ടി.കെ. രാമകൃഷണന്‍, വി. വിശ്വനാഥ മേനോന്‍, ടി. ശിവദാസമേനോന്‍, വി.ജെ. തങ്കപ്പന്‍, ടി.കെ. ഹംസ, ലോനപ്പന്‍ നമ്പാടന്‍ എന്നിവര്‍ സി.പി.എമ്മില്‍ നിന്ന് മന്ത്രിമാരായി. സി.പി.ഐയില്‍ നിന്ന് വി.വി. രാഘവനും ഇ.ചന്ദ്രശേഖരന്‍ നായരും പി.കെ. രാഘവനും സത്യപ്രതിജ്ഞ ചെയ്തു. ജനത പാര്‍ട്ടിയില്‍നിന്ന് എം.പി വീരേന്ദ്രകുമാര്‍, ആര്‍.എസ്.പിയില്‍നിന്ന് കെ. പങ്കജാക്ഷന്‍, കോണ്‍ഗ്രസ് എസില്‍ നിന്ന് കെ. ശങ്കരനാരായണപ്പിള്ള , ലോക്ദളിന്റെ നീലലോഹിതദാസന്‍ നാടാര്‍ എന്നിവരായിരുന്നു മറ്റ് മന്ത്രിമാര്‍.

സത്യപ്രതിജ്ഞ ചെയ്യുമ്പോഴും ആദ്യനിയമസഭാ സമ്മേളനത്തിനെത്തുമ്പോഴും സി.പി.എമ്മിലെ ടി.കെ. രാമകൃഷണന്‍ നിയമസഭാംഗമായിരുന്നില്ല. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് കോട്ടയത്തും വാമനപുരത്തും പിന്നീടാണ് തിരഞ്ഞെടുപ്പ് നടന്നത്. ടി.കെ. രാമകൃഷണനും വാമനപുരത്ത് കോലിയക്കോട് കൃഷ്ണന്‍നായരും വിജയിച്ചെത്തിയപ്പോള്‍ ഭരണമുന്നണിയുടെ അംഗബലം 77 ആയി. സി.പി.എമ്മിലെ വര്‍ക്കല രാധാകൃഷ്ണന്‍ സ്പീക്കറും സി.പി.ഐയിലെ ഭാര്‍ഗവി തങ്കപ്പന്‍ ഡപ്യൂട്ടി സ്പീക്കറുമായി.

കൊടിവെച്ച കാര്‍ മടങ്ങി

മന്ത്രിയായയുടന്‍ വനം മന്ത്രി എം.പി. വീരേന്ദ്രകുമാര്‍ മരംവെട്ട് പൂര്‍ണമായും നിരോധിച്ചു കൊണ്ട് ഉത്തരവിട്ടെങ്കിലും സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന് രാജി വയ്‌ക്കേണ്ടി വന്നു. ജനത പാര്‍ട്ടി നിയമസഭാകക്ഷിയിലെ ചിലരുടെ അസംതൃപ്തിയെ തുടര്‍ന്നാണ് വീരേന്ദ്രകുമാര്‍ രാജി വെച്ചത്. ജനത പാര്‍ട്ടിയുടെ രണ്ട് മന്ത്രിമാരും മലബാറില്‍നിന്നുള്ളവരായിരുന്നു എന്നതാണ് ഭിന്നതയ്ക്ക് കാരണം. പാര്‍ട്ടി ദേശീയ നേതൃത്വം വീരേന്ദ്രകുമാറിനെ മന്ത്രിയായി തീരുമാനിച്ചിരുന്നുവെങ്കിലും പാര്‍ട്ടിയിലെ ഐക്യത്തിനായി അദ്ദേഹം രാജി വെച്ചൊഴിഞ്ഞു. പൂഞ്ഞാറിലെ സിറ്റിംഗ് എം.എല്‍.എ പി.സി. ജോര്‍ജിനെ തോല്‍പ്പിച്ചെത്തിയ ജനത പാര്‍ട്ടി അംഗം പ്രൊഫ.എന്‍.എം. ജോസഫ് പകരം വനം മന്ത്രിയാവുകയും ചെയ്തു.

3

അഖിലേന്ത്യ പാര്‍ട്ടിയാണ് താന്‍ മന്ത്രിയാവണമെന്ന് നിര്‍ബന്ധിച്ചതെന്ന വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു. മന്ത്രിയായയുടനെ വനത്തിലെ മരങ്ങള്‍ വെട്ടരുതെന്ന് ഉത്തരവിട്ടു. ഉത്തരവ് പിന്‍വലിക്കണമെന്ന് സമ്മര്‍ദ്ദം വന്നപ്പോള്‍ താന്‍ രാജി എഴുതി കൊടുത്തതായും വീരേന്ദ്രകുമാര്‍ പറഞ്ഞു. രാമകൃഷ്ണ ഹെഗ്ഡെയെ പോലുള്ള നേതാക്കള്‍ തന്നോട് തുടരാന്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ഐക്യത്തിനായി എടുത്ത തീരുമാനമാണ്.  മരംവെട്ട് ഉത്തരവ് പിന്‍വലിച്ച് തുടരാനില്ലെന്ന് താനും വിചാരിച്ചു.  ഔദ്യോഗിക കാറിലാണ് സത്യപ്രതിജ്ഞ കഴിഞ്ഞ് ചുമതലയേറ്റ ശേഷം വീരേന്ദ്രകുമാര്‍ എറണാകുളത്തേയ്ക്ക് പോയത്. എറണാകുളം ഗസ്റ്റ് ഹൗസില്‍ പാര്‍ട്ടി നേതാക്കളായ കെ. ചന്ദ്രശേഖരന്റെയും അരങ്ങില്‍ ശ്രീധരന്റെയും സാന്നിദ്ധ്യത്തില്‍ രാജി പ്രഖ്യാപിച്ച ശേഷം ഔദ്യോഗിക വാഹനത്തെയും ഗണ്‍മാനെയും തിരുവനന്തപുരത്തേക്ക് മടക്കി. രാഷ്ട്രീയകേന്ദ്രങ്ങളില്‍ തികഞ്ഞ വിസ്മയം സൃഷ്ടിച്ച രാജിയോടെ സംസ്ഥാനത്ത് 48 മണിക്കൂര്‍ മാത്രം മന്ത്രിയായിരുന്ന റെക്കോര്‍ഡിനുടമയായി എം.പി. വീരേന്ദ്രകുമാര്‍.

സാമുദായികരാഷ്ട്രീയത്തിനേറ്റ പ്രഹരം

എല്‍.ഡി.എഫിന് അനുകൂലമായ ജനവിധി സാമുദായിക പാര്‍ട്ടികളോടുള്ള ജനങ്ങളുടെ സമീപനത്തിന്റെ  വിധിയെഴുത്തു കൂടിയായി. സാമുദായിക പാര്‍ട്ടികളെ ഒപ്പം കൂട്ടിയുള്ള മുന്നണി രാഷ്ട്രീയത്തിനേറ്റ തിരച്ചടിയായിരുന്നു 1987-ലെ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസും മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമടങ്ങിയ യു.ഡി.എഫ്. താരതമ്യേന പ്രബല മുന്നണിയായിരുന്നു. എന്നാല്‍, സി.പി.എമ്മും സി.പി.ഐയും ആര്‍.എസ്.പി., ജനത പാര്‍ട്ടി, കോണ്‍ഗ്രസ്(എസ്) കക്ഷികളുമടങ്ങിയ മുന്നണി താരതമ്യേന ദുര്‍ബലരെന്ന് കരുതപ്പെട്ടിരുന്നുവെങ്കിലും തിരഞ്ഞെടുപ്പില്‍ വിജയം നേടുകയായിരുന്നു.

ഇരുമുന്നണികളും ഏറെക്കുറെ തുല്യനിലയുള്ള കേരളത്തില്‍ എല്‍.ഡി.എഫിന് അനുകൂലമായി വന്ന ഒന്നര ശതമാനം വോട്ടുകളുടെ ചാഞ്ചാട്ടമാണ് ഇടതുമുന്നണിയുടെ വിധി നിര്‍ണയിച്ചത്. ഷാബാനു കേസിനെ തുടര്‍ന്ന് ശരിഅത്ത് വിവാദത്തിന് ഇ.എം.എസ് തുടക്കം കുറിച്ചതും വര്‍ഗ്ഗീയ കക്ഷികളുമായുള്ള ബന്ധം വിടര്‍ത്തിയ ഇടതു പാര്‍ട്ടികളുടെ തീരുമാനവും ഇടതു മുന്നണിക്ക് മതനിരപേക്ഷ പുരോഗമന മുഖം നല്‍കുന്നതിന് സഹായിച്ചു.

മുല്ല, മുക്രി പെന്‍ഷന്‍, സാമുദായിക സംവരണം തുടങ്ങിയവയിലൂടെ സാമുദായിക വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള കെ.കരുണാകരന്‍ സര്‍ക്കാരിന്‍രെ നീക്കവും ഇടുക്കി തങ്കമണിയിലും കീഴ്മാട് അന്ധ വിദ്യാലയത്തിലെ പോലീസ് നടപടികളും, 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ് '  എന്ന നാടകത്തിന്റെ നിരോധനത്തിന് വേണ്ടിയുള്ള ക്രിസ്ത്യന്‍ സഭകളുടെ പ്രക്ഷോഭവും , ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള പ്രതിഷധങ്ങളും  ഇടതുമുന്നണി തിരഞ്ഞെടുപ്പില്‍ പ്രചാരണായുധമാക്കിയിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബിന്റെ വിദ്യാഭ്യാസ നയത്തിനെതിരായ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും ഭരണവിരുദ്ധ വികാരം വളര്‍ത്തിയിരുന്നു.

സാമുദായിക പാര്‍ട്ടികള്‍ക്കെല്ലാം തിരഞ്ഞെടുപ്പില്‍ അടിതെറ്റി. അഖിലേന്ത്യ മുസ്ലീം ലീഗ് 1982-ല്‍ ജയിച്ച നാലു മണ്ഡലങ്ങളിലും സി.പി.എം. സ്ഥാനര്‍ത്ഥികള്‍ വിജയിച്ചു. അഖിലേന്ത്യ ലീഗ് ലയിച്ചിട്ടും മുസ്ലീം ലീഗിന് 1982-നേക്കാള്‍  മൂന്ന് സീറ്റ്‌ കുറയുകയാണുണ്ടായത്.നാലു എം.എല്‍.എമാരുണ്ടായിരുന്ന എന്‍.ഡി.പിയ്ക്ക് ഒരു സീറ്റ് ലഭിച്ചു. നാലു സീറ്റില്‍ മല്‍സരിച്ച എസ്.ആര്‍.പിയ്ക്ക് സീറ്റൊന്നും ലഭിച്ചില്ല. എസ്.ആര്‍.പി.,  പി.എസ്.പി., ഡി.എല്‍.പി., കേരള കോണ്‍ഗ്രസ്( സോഷ്യലിസ്റ്റ് ), ഡി.എസ്.പി., ആര്‍.എസ്.പി. (എസ്) തുടങ്ങിയ കടലാസ് പാര്‍ട്ടികളെല്ലാം 1987-ഓടെ കേരള രാഷ്ട്രീയത്തില്‍ നിന്ന് അപ്രത്യക്ഷമായി.

പാലക്കാട് ജില്ലയുള്‍പ്പെടെയുള്ള മലബാറിലെ ഇടതു കോട്ടകളില്‍ വിള്ളല്‍ വീണുവെങ്കിലും തെക്കന്‍ ജില്ലകള്‍, പ്രത്യേകിച്ച് തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഇടതു മുന്നണിയെ തുണച്ചു. കോട്ടയം, എറണാകുളം ജില്ലകളിലും ഭൂരിഭാഗം സീറ്റും ഇടതു മുന്നണിക്ക് ലഭിച്ചു.  തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ തിരുവനന്തപുരം വെസ്റ്റില്‍ എം.എം. ഹസനും കൊല്ലത്ത് ആര്‍. ബാലകൃഷണപ്പിള്ളയും ഒഴികെ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടു. കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ചേരിപ്പോരും ബലപരീക്ഷണവും യു.ഡി.എഫിന് മധ്യതിരുവിതാംകൂറിലെ ചില മണ്ഡലങ്ങള്‍ നഷ്ടമാക്കുന്നതിനും ഇടയാക്കി. സാമുദായിക കക്ഷികള്‍ക്കും പ്രാദേശിക കക്ഷികള്‍ക്കും സീറ്റുകള്‍ കൂടുതലായി നല്‍കിയതാണ് പരാജയ കാരണമെന്ന്  കോണ്‍ഗ്രസില്‍ വാദമുയര്‍ന്നു.

ജാതി-മത രാഷ്ടീയത്തിന്റെ പരാജയമാണ് 1987-ല്‍ ഉണ്ടായതെന്ന് ഇടതുമുന്നണിയും ഇ.എം.എസിന്റെ നേതൃത്വത്തില്‍ എല്‍.ഡി.എഫ്. നടത്തിയ ഭൂരിപക്ഷ സമുദായ പ്രീണനമാണ് എല്‍.ഡി.എഫിന്റെ വിജയത്തിനിടയാക്കിയതെന്ന് യു.ഡി.എഫും വിലയിരുത്തി. മുന്നണിയുടെ പ്രധാനപ്പെട്ട വിജയഘടകമെന്നത് ജാതി-മത ശക്തികള്‍  രാഷ്ട്രീയത്തില്‍ ചെലുത്തിയ വലിയ സ്വാധീനത്തിനെതിരെ ഇടതുമുന്നണി നടത്തിയ പ്രചാരണമായിരുന്നുവെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

സാമുദായികശക്തികള്‍ക്ക് വലിയ സ്വാധീനമായിരുന്നു 1982 - 87 കാലത്തെ സര്‍ക്കാരില്‍. അവരില്ലാതെ ആര്‍ക്കും ജയിക്കാന്‍ കഴിയില്ലെന്നായിരുന്നു പൊതു ധാരണ. അവരുടെ താത്പര്യത്തിന് അനുസൃതമായി ഭരണവും മാറി. എന്നാല്‍,  അവരില്ലാതെ ഭരണം സ്ഥാപിക്കാന്‍ കഴിയുമെന്ന് തെളിയിച്ചതാണ് 1987-ലെ ഇടതു മുന്നണിയുടെ വിജയമെന്ന് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

എന്നാല്‍ 87-ല്‍ സാമുദായികമായ ധ്രുവീകരണം സംഭവിച്ചതായി വയലാര്‍ രവി അഭിപ്രായപ്പെട്ടു. മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിനെതിരെ  പ്രതികരണം ഉണ്ടായി. ക്രിസത്യന്‍ വോട്ടുകളിലും ചോര്‍ച്ചയുണ്ടായോ എന്ന സംശയമുണ്ട്. അതെല്ലാം ചില രാഷ്ട്രീയ സാഹചര്യങ്ങള്‍ വന്നതു മൂലാണ്. സി.പി.എം. തന്ത്രപൂര്‍വ്വം കോണ്‍ഗ്രസിനെതിരെ പല സാമുദായിക ശക്തികളെയും ഉപയോഗിച്ച് നേട്ടമുണ്ടാക്കിയതാണെന്ന് വയലാര്‍ രവി വാദിക്കുന്നു.

യു.ഡി.എഫിനകത്ത് ന്യൂനപക്ഷങ്ങളുടെ സ്വാധീനം കൂടുന്നുവെന്ന് ഒരു പ്രചാരണമുണ്ടായപ്പോള്‍ ആ പ്രചാരണത്തെ ഉപയോഗപ്പെടുത്തിയാണ് ഇടതു മുന്നണി നേട്ടമുണ്ടാക്കിയതെന്ന് എ.കെ. ആന്റണി  അഭിപ്രായപ്പെട്ടു. അന്നത്തെ പ്രധാനപ്പെട്ട മുദ്രാവാക്യം മുക്രി, മുല്ല പെന്‍ഷനും മൂന്ന് പെണ്ണുകെട്ടലും ശരിഅത്ത് വിവാദവും വിവേകാനന്ദ സൂക്തങ്ങളും ഒക്കെയായിരുന്നു. കേരള രാഷ്ട്രീയത്തില്‍ സാമുദായിക ശക്തികളുടെ ഇടപെടല്‍ പണ്ടേ ഉണ്ടായിരുന്നു. സാമുദായികമായ സന്തുലിതാവസ്ഥ എന്നൊക്കെ തകര്‍ന്നോ അന്നൊക്കെ കോണ്‍ഗ്രസിനും പിന്നീട് വന്ന യു.ഡി.എഫിനും നഷ്ടമുണ്ടായിട്ടുണ്ടെന്ന് എ.കെ. ആന്റണി ചൂണ്ടിക്കാട്ടുന്നു.  

താരതമ്യേന വിവാദങ്ങള്‍ ഒഴിവായ ഭരണവും സാക്ഷരതാ യജ്ഞം പോലുള്ള ജനകീയ പരിപാടികളും ഇടതു സര്‍ക്കാരിന്റെ അടിത്തറ ഭദ്രമാക്കി. നിയമസഭയിലെ സി.പി.എം.- എം.വി. രാഘവന്‍ പോര് എം.വി.ആര്‍. സഭയില്‍ കയ്യേറ്റം ചെയ്യപ്പെടുന്നതില്‍ വരെയെത്തി. കണ്ണൂര്‍ എ.കെ.ജി. സഹകരണ ആശുപത്രിയുടെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് എം.വി. രാഘവന്‍ സബ്മിഷനില്‍ ഉന്നയിച്ച ആരോപണം സഹകരണമന്ത്രിയായ ടി.കെ. രാമകൃഷ്ണന്‍ നിഷേധിച്ചു. മന്ത്രി സംസാരിച്ചു കൊണ്ടിരിക്കെ  ക്ഷുഭിതനായി മന്ത്രിയുടെ സമീപത്തേക്ക് എത്തിയ എം.വി. രാഘവനെ നേരിടാന്‍ സി.പി.എം. അംഗങ്ങളും കുതിച്ചെത്തി. സഭാതലത്തില്‍ എം.വി. രാഘവന് മര്‍ദനമേറ്റു. എം.വി.ആര്‍. മന്ത്രിയുടെ ഷര്‍ട്ടില്‍ കയറിപ്പിടിച്ചുവെന്ന് സി.പി.എം. അംഗങ്ങളും ചില കടലാസുകള്‍ കാണിക്കാന്‍ വന്നതാണെന്ന്  എം.വി. രാഘവനും പറഞ്ഞു.

പാര്‍ട്ടിയില്‍  എം.വി.ആര്‍. വളര്‍ത്തി കൊണ്ടുവന്ന യുവനേതാക്കളില്‍ പ്രധാനിയായ കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍  ഗോപി കോട്ടമുറിക്കലും എസ്. ഗോവിന്ദക്കുറുപ്പും ടി.ജെ. ആഞ്ചലോസുമായിരുന്നു എം.വി.ആറിനെ സഭയില്‍ നേരിട്ടത്. ഈ സംഭവത്തില്‍ എം.വി. രാഘവനെ മാത്രം സസ്പെന്‍ഡ് ചെയ്ത സ്പീക്കറുടെ നടപടിയില്‍ പ്രതിപക്ഷം പ്രതിഷേധിക്കുകയും ചെയ്തു.

ഈ രാഷ്ട്രീയവിവാദങ്ങള്‍ക്കിടയിലും  നായനാര്‍ സര്‍ക്കാര്‍ സാക്ഷരതാ യജ്ഞം പോലുള്ള ജനകീയ പരിപാടികളിലൂടെയും ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധ നേടി.  റിട്ടയര്‍ ചെയ്താല്‍ ഭിക്ഷയെടുക്കാന്‍ മാത്രം വിധിക്കപ്പെട്ട ലക്ഷോപലക്ഷം വരുന്ന അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്കെല്ലാം പെന്‍ഷനും മറ്റ് സാമൂഹ്യ സുരക്ഷാ പദ്ധതികളും കൊണ്ടു വന്നത് ആ സര്‍ക്കാരാണെന്നും  ആ നിലയില്‍ 87-ലെ സര്‍ക്കാരിന് തുടര്‍ഭരണ സാധ്യയുണ്ടായിരുന്നുവെന്നുമുള്ള അഭിപ്രായമാണ് ആനത്തലവട്ടം ആനന്ദനുള്ളത്. 1988-ല്‍ നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും ഏതാണ്ട് തുല്യനില പാലിച്ചുവെങ്കിലും ജില്ലാ കൗണ്‍സിലുകള്‍ രൂപീകരിച്ച ശേഷം നടന്ന  തിരഞ്ഞെടുപ്പില്‍ 12 ജില്ലകളില്‍ നേടിയ വിജയം ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.

 പി.ജെ. ജോസഫിന്റെ കളംമാറ്റം

സി.പി.എം. നേതൃത്വത്തിലുള്ള മന്ത്രിസഭകള്‍ 1967-ലും 1980-ലും  കാലാവധി പൂര്‍ത്തിയാക്കാത്തതും  ഭരണപരിചയമുള്ള നേതാക്കളുടെ കുറവും ട്രേഡ് യൂണിയന്‍ വിഭാഗങ്ങള്‍ സൃഷ്ടിക്കുന്ന തൊഴില്‍പ്രശ്നങ്ങളും മൂലം എല്‍.ഡി.എഫ്. സര്‍ക്കാര്‍ അധികം മുന്നോട്ട് പോകില്ലെന്നാണ് യു.ഡി.എഫ്. കേന്ദ്രങ്ങള്‍ കരുതിയത്. എന്നാല്‍, യു.ഡി.എഫില്‍ ആഭ്യന്തരപ്രശ്നമുണ്ടാവുകയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യു.ഡി.എഫ്. വിടുന്ന അവസ്ഥയുമാണുണ്ടായത്. 1989-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂവാറ്റു പുഴ ലോക്സഭ സീറ്റിനെ ചൊല്ലിയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യു.ഡി.എഫ് വിട്ടത്.തങ്ങളുടെ സിറ്റിംഗ് സീറ്റായ മൂവാറ്റുപുഴ മാണി വിഭാഗത്തിന് നല്‍കിയതിനെതിരെയായിരുന്നു പി.ജെ.ജോസഫിന്റെ കലാപം.

1984-ല്‍ മുകുന്ദപുരവും മൂവാറ്റുപുഴയും ലഭിച്ച ജോസഫ് വിഭാഗത്തിന് 89-ല്‍ ഇടുക്കി  സീറ്റ് മാത്രമാണ് അനുവദിച്ചത്. മൂവാറ്റുപുഴയില്‍ നിന്ന് വിജയിച്ച ജോര്‍ജ് ജോസഫ് മുണ്ടയ്ക്കല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനാല്‍ മുകുന്ദപുരം മാത്രമാണ് ജോസഫ് വിഭാഗത്തിന്റെ സിറ്റിംഗ് സീറ്റായി പരിഗണിച്ചത്. മൂവാറ്റുപുഴയില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥാനാര്‍ത്ഥിയായ പി.സി. തോമസിനെതിരായി പി.ജെ. ജോസഫ് സ്വതന്ത്രനായി മല്‍സരിച്ചുവെങ്കിലും പരാജയപ്പെട്ടു. എല്‍.ഡി.എഫ് പിന്തുണ പി.ജെ.ജോസഫ് തേടിയെങ്കിലും ഇടതുമുന്നണി സ്വന്തം സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കുകയായിരുന്നു.

പള്ളിക്കാരെ തള്ളിപ്പറഞ്ഞു വന്നാല്‍ ജോസഫ് വിഭാഗത്തെ ഇടതുമുന്നണിയിലെടുക്കാമെന്ന് ഇ.എം.എസ്. പറഞ്ഞെങ്കിലും പള്ളിയെ തള്ളാതെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിന്നാലെ  ഇടതു ക്യാമ്പിലെത്തുകയായിരുന്നു. യു.ഡി.എഫ്. വിടാനുള്ള ജോസഫ് ഗ്രൂപ്പ് നീക്കത്തില്‍ പ്രതിഷേധിച്ച്  കേരള കോണ്‍ഗ്രസ് പിള്ള ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ച്  ആര്‍. ബാലകൃഷണപിള്ള യു.ഡി.എഫില്‍ തുടര്‍ന്നു. ആര്‍. ബാലകൃഷ്ണപിള്ളളയുടെ നിയമസഭാംഗത്വം കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ വര്‍ക്കല രാധാകൃഷണന്‍ റദ്ദാക്കി. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍ ഒരു അംഗത്തെ അയോഗ്യനാക്കിയത് അന്ന് ആദ്യമായിട്ടായിരുന്നു.
 
ദേശീയ തുടര്‍ചലനങ്ങള്‍

1989-ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ 1977-ന് ശേഷം മറ്റൊരു കോണ്‍ഗ്രസിതര സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തി. ബി.ജെ.പിയുടെയും ഇടതു കക്ഷികളുടെയും പിന്തുണയോടെ ദേശീയ മുന്നണിയുടെ പ്രധാനമന്ത്രിയായി വി.പി. സിങ്  അധികാരമേറ്റു. കേരളത്തില്‍ ഐക്യ ജനാധിപത്യ മുന്നണി തൂത്ത് വാരി. .യു.ഡി.എഫിന്  17 സീറ്റും എല്‍.ഡി.എഫിന് മൂന്ന് സീറ്റും ലഭിച്ചു. നിയമസഭാംഗമായിരുന്ന രമേശ് ചെന്നിത്തല കോട്ടയത്ത് നിന്ന് ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

4

ദേശീയ രാഷ്ട്രീയം മണ്ഡല്‍-മന്ദിര്‍-മസ്ജിദ് വിഷയത്തില്‍ കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്. മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കലും അതിനെതിരെയുള്ള പ്രതിഷേധവും വി.പി. സിങ്  സര്‍ക്കാരിന്റെ മണ്ഡല്‍ രാഷ്ട്രീയത്തെ നേരിടാന്‍ ബി.ജെ.പി. രാമജന്മഭൂമിവിഷയം ഉന്നയിച്ച് നടത്തിയ രഥയാത്രയും ദേശീയരാഷ്ട്രീയത്തില്‍ വന്‍ചലനങ്ങളുണ്ടാക്കി. എല്‍.കെ. അദ്വാനിയുടെ രഥയാത്ര തടഞ്ഞതില്‍ പ്രതിഷേധിച്ച് ദേശീയ മുന്നണി  സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി. പിന്‍വലിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പിന്തുണയോടെ ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായി. ദേശീയതലത്തിലെ രാഷ്ട്രീയ അനിശിച്തത്വം 1991-ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പിന് കളമൊരുക്കി.

1991 ജനവുരി 30-ന് നടന്ന് ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. വന്‍വിജയം നേടി. 14 ജില്ലാ കൗണ്‍സിലുകളില്‍ 12  എല്‍.ഡി.എഫ്. നേടി. 472 ജില്ലാ കൗണ്‍സില്‍ ഡിവിഷനുകളില്‍ 323 ഇടതു മുന്നണി നേടി. ഗള്‍ഫ് യുദ്ധം നടന്ന അന്ന് ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെ വരെ അന്നത്തെ ജില്ലാ  കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ഇ.എം.എസ്. ചര്‍ച്ചയാക്കിയിരുന്നു.

1

 ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തെ തുടര്‍ന്ന്   കാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇടതുമുന്നണി തീരുമാനിച്ചു. അനുകൂല രാഷ്ട്രീയ സാഹചര്യത്തില്‍ തുടര്‍ഭരണം പ്രതീക്ഷിച്ചായിരുന്നു നീക്കം. ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പിന് കളമൊരുക്കുന്നതിന്  നിയമസഭ പിരിച്ചുവിടാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തു. നായനാര്‍ മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം ഗവര്‍ണര്‍ ബി.രാച്ചയ്യ  1991 ഏപ്രില്‍ അഞ്ചിന്  നിയമസഭ പിരിച്ചുവിട്ടുകൊണ്ട് വിജ്ഞാപനം  പുറപ്പെടുവിച്ചു.

Content Highlights: vote against communal politics | Election Kerala11