പൊടുന്നനെയായിരുന്നു 1970-ലെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കപ്പെട്ടത്. മുഖ്യമന്ത്രി സി. അച്യുതമേനോന് കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തില്‍ തിരിച്ചെത്താം എന്ന് പ്രതീക്ഷയുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമ്പോള്‍ ഐക്യമുന്നണിയിലും മന്ത്രിസഭയിലും ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസ് സംഘടനാ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. ത്രികോണ മല്‍സരത്തിനുള്ള കളമൊരുങ്ങി. ഒമ്പത് മാസവും ഭരണത്തിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ടായിരുന്നു സംഘടനാ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ട് ജനാധിപത്യ മുന്നണിയുണ്ടാക്കിയത്. ഇന്നത്തെ പോലെ സീറ്റ് ചര്‍ച്ചയുടെ പേരില്‍ തെറ്റിയാണ് കേരള കോണ്‍ഗ്രസ് കളം മാറിയത്. സ്വതന്ത്രാ പാര്‍ട്ടി, ജനസംഘം എന്നീ പാര്‍ട്ടികളുമായും കേരള കോണ്‍ഗ്രസ്  സീറ്റു ധാരണയുണ്ടാക്കി.

കരുത്ത് തെളിയിച്ച് ഇന്ദിര കോണ്‍ഗ്രസ്

ദേശീയാടിസ്ഥാനത്തില്‍തന്നെ പിളര്‍പ്പുണ്ടായി ഇന്ദിര കോണ്‍ഗ്രസും സംഘടനാ കോണ്‍ഗ്രസുമായി മാറിയ കോണ്‍ഗ്രസിലെ ചേരിതിരിവുകളില്‍ ഇന്ദിര വിഭാഗം ശക്തി തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു കേരളത്തില്‍ നടന്നത്. സംഘടനാ കോണ്‍ഗ്രസിന് മേല്‍വിലാസം നഷ്ടമായി.  ഭരണ കോണ്‍ഗ്രസ് എന്നറിയപ്പെട്ടിരുന്ന ഇന്ദിര കോണ്‍ഗ്രസിന് പുറമെ  സി.പി.ഐ., മുസ്ലീം ലീഗ്, ആര്‍.എസ്.പി., പി.എസ്പി എന്നിവരായിരുന്നു ഐക്യമുന്നണിയിലെ ഘടക കക്ഷികള്‍. സി.പി.എമ്മിനൊപ്പം പൊതുജനാടിത്തറയുള്ള ഒരു കക്ഷിയും ഇല്ലായിരുന്നു. എസ്.എസ്.പി., ഐ.എസ്.പി., കെ.ടി.പി., കെ.എസ്.പി തുടങ്ങിയ ഈര്‍ക്കില്‍ പാര്‍ട്ടികള്‍ സി.പിഎമ്മിനൊപ്പം കൂടി. സംഘടനാ കോണ്‍ഗ്രസുമായും സി.പി.എം. ചിലയിടങ്ങളില്‍ ധാരണയുണ്ടാക്കി. ഭൂരിപക്ഷം നിയോജക മണ്ഡലങ്ങളിലും ത്രികോണ മത്സരമാണ് നടന്നത്. പ്രവചനാതീതമായ മല്‍സരം. സംസ്ഥാനം ഒരിക്കല്‍ കൂടി പ്രസിഡന്റ് ഭരണത്തിന്‍ കീഴിലാവുമോ എന്ന് പലരും സംശയിച്ചു.

ഇന്ദിര കോണ്‍ഗ്രസിന് വേണ്ടി ഇന്ദിര ഗാന്ധിയുള്‍പ്പെടയുള്ള ദേശീയ നേതാക്കളെത്തിയത് ആവേശം പകര്‍ന്നു. സംഘടനാ കോണ്‍ഗ്രസിന് വേണ്ടി കാമരാജ്, മൊറാര്‍ജി, നിജലിംഗപ്പ എന്നീ നേതാക്കള്‍ വന്നെങ്കിലും ജനക്കൂട്ടമെത്തിയത് ഇന്ദിര കോണ്‍ഗ്രസ് യോഗങ്ങളിലായിരുന്നു. ചെറുപ്പക്കാരായ നേതാക്കളും പ്രവര്‍ത്തകരും അണിനിരന്നത്  ഇന്ദിര കോണ്‍ഗ്രസ് പക്ഷത്തായിരുന്നു. വാശിയേറിയ തിരഞ്ഞെടുപ്പില്‍ 32 സീറ്റ് നേടി ഇന്ദിര കോണ്‍ഗ്രസ് മുഖ്യകക്ഷിയായി. 28 സീറ്റ് നേടിയ സി.പി.എം. രണ്ടാം സ്ഥാനത്തും. സി.പി.ഐ. 16, കേരള കോണ്‍ഗ്രസ് 14, മുസ്ലീം ലീഗ് 11, ആര്‍.എസ്.പി. 6, എസ്.എസ്.പി. 6, പി.എസ്.പി. 3, ഐ.എസ്.പി. 3 , കെ.ടി.പി. 2 , കെ.എസ്.പി. 2 എന്നിങ്ങനെയായിരുന്നു കക്ഷി നില. ത്രികോണ മല്‍സരത്തിന്റെ ഗുണം തിരുവിതാംകൂര്‍ മേഖലയില്‍  സി.പി.എമ്മിന് ലഭിച്ചു. സംഘടനാ കോണ്‍ഗ്രസിന്റെ ഭൂരിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടി വച്ച് കാശ് നഷ്ടമായെങ്കിലും സി.പി.എമ്മിന്റെ സഹായത്തോടെ നാലു സ്വതന്ത്രരെ മാത്രമാണ് വിജയിപ്പിച്ചെടുക്കാനായത്.

1970
1970-ലെ മന്ത്രിസഭ

സി. അച്യുതമേനോന്‍ കൊടകരയില്‍ നിന്ന് വിജയിച്ചു. ഇ.എം.എസ് പട്ടാമ്പിയില്‍നിന്നും ജോസ്ഫ് മുണ്ടശ്ശേരി തൃശൂരില്‍നിന്നും വി.എസ് അച്യുതാനന്ദന്‍ അമ്പലപ്പുഴയില്‍നിന്നും ഗൗരിയമ്മ അരൂരില്‍നിന്നും കെ. കരുണാകരന്‍ മാളയില്‍നിന്നും വിജയിച്ചു. എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, പിണറായി വിജയന്‍ എന്നിവരുടെ ആദ്യതിരഞ്ഞെടുപ്പ് വിജയമായിരുന്നു 1970-ലേത്. കോണ്‍ഗ്രസിലെ പിളര്‍പ്പിനെ തുടര്‍ന്ന് കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള ഇന്ദിര കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി യുവജനസംഘടനാനേതാക്കള്‍ക്ക് സീറ്റ് നല്‍കി.

ഉറച്ച കോണ്‍ഗ്രസ് സീറ്റുകളല്ലാത്തവയിലായിരുന്നു യുവജനനേതാക്കള്‍ മല്‍സരിച്ചത്. എ.കെ. ആന്റണി ചേര്‍ത്തലയിലും  ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും എ.സി. ഷണ്‍മുഖദാസ് ബാലുശ്ശേരിയിലും കൊട്ടറ ഗോപാലകൃഷ്ണന്‍ കൊട്ടാരക്കരയിലും എന്‍.രാമകൃഷണന്‍ എടക്കാട്ടും എതിരാളികളെ അട്ടിമറിച്ച് നിയമസഭയിലെത്തിയ യുവകോണ്‍ഗ്രസ് നേതാക്കളായിരുന്നു. ജയിച്ച് നിയമസഭയിലെത്തുമ്പോള്‍ മുപ്പതില്‍ താഴെ മാത്രം പ്രായമുണ്ടായിരുന്ന ഈ യുവജന ബ്രിഗേഡിന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയിലും  പാര്‍ട്ടിയിലും നയരൂപീകരണത്തില്‍ പ്രാമുഖ്യം കിട്ടി.

ഐക്യമുന്നണിയുടെ വിജയം ഇന്ദിര ഗാന്ധിയുടെ നയങ്ങള്‍ക്കുള്ള പിന്തുണയായി വ്യാഖ്യാനിക്കപ്പെട്ടു. കോണ്‍ഗ്രസില്‍ ദേശീയാടിസ്ഥാനത്തിലുണ്ടായ പിളര്‍പ്പിനെ തുടര്‍ന്ന് കേരളത്തിലെ വിജയം ഇന്ദിര ഗാന്ധിക്ക് ആത്മവിശ്വാസം പകര്‍ന്നു. 1970 ഒക്ടോബര്‍ നാലിന് കോണ്‍ഗ്രസ് പിന്തുണയോടെ സി. അച്യുതമേനോന്‍ വീണ്ടും അധികാരമേറ്റു. മന്ത്രിസഭയില്‍ ചേരേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനമെടുത്തു. സി.പി.ഐയില്‍നിന്ന് എന്‍.ഇ .ബാലറാമും പി.എസ്. ശ്രീനിവാസനും മുസ്ലീം ലീഗില്‍നിന്ന് അവുക്കാദര്‍ കുട്ടിനഹയും ആര്‍.എസ്.പിയില്‍ നിന്ന് ടി.കെ.ദിവാകരനും ബേബിജോണും പി.എസ്.പിയില്‍ നിന്ന് എന്‍.കെ.ബാലകൃഷണനും മന്ത്രിമാരായി. മൊയ്തീന്‍കുട്ടി ഹാജി എന്ന ബാവഹാജി നിയമസഭ സ്പീക്കറായി.

1969-ലെ ഒമ്പത് മാസം നീണ്ട അച്യുതമേനോന്‍ മന്ത്രിസഭയിലുണ്ടായിരുന്ന കേരള കോണ്‍ഗ്രസിന് ചേരിമാറ്റം വലിയ നഷ്ടമുണ്ടാക്കി. തിരികെ മുന്നണിയില്‍ പ്രവേശിക്കാന്‍ കെ.എം. ജോര്‍ജ് ശ്രമം നടത്തിയെങ്കിലും ഇന്ദിര കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ശക്തമായി എതിര്‍ത്തു. പിന്നീട് 1971-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിലാണ് ഇന്ദിര ഗാന്ധിയുടെ നിര്‍ദേശപ്രകാരം കേരള കോണ്‍ഗ്രസ് ഭരണമുന്നണിയുടെ ഭാഗമാവുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭയിലെത്താമെന്ന കേരള കോണ്‍ഗ്രസ് സ്വപ്‌നവും സഫലമായില്ല.

ഭരണപങ്കാളിത്തത്തിലേക്ക് കോണ്‍ഗ്രസും

10 മാസം കഴിഞ്ഞപ്പോള്‍ മുന്നണിയിലും കോണ്‍ഗ്രസിലും പാര്‍ട്ടി  ഭരണത്തില്‍ പങ്കാളിയാവണമെന്ന അഭിപ്രായമുയര്‍ന്നു. കോണ്‍ഗ്രസ് ഭരണത്തില്‍നിന്ന് മാറി നില്‍ക്കേണ്ട കാര്യമില്ലെന്ന് സി.പി.ഐയും നിലപാടെടുത്തതായി അന്നത്തെ  പ്രമുഖ പത്രലേഖകനായിരുന്ന കെ.ജി.പരമേശ്വരന്‍ നായര്‍ പറയുന്നു. കോണ്‍ഗ്രസിലെ യുവാക്കളും യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസില്‍ പങ്കാളിത്തം വഹിക്കുന്നതിനെതിരായിരുന്നുവെന്ന്  ആ സര്‍ക്കാരില്‍ പിന്നീട് മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്‍ അഭിപ്രായപ്പെട്ടു. 

അച്യുതമേനോന്‍ ഡല്‍ഹിയില്‍ പോയി ഇന്ദിര ഗാന്ധിയുമായി ചര്‍ച്ച നടത്തി.സി.പി.ഐ ക്ക് 16 അംഗങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. കോണ്‍ഗ്രസ് ചേര്‍ന്നില്ലെങ്കില്‍ അതൊരു ന്യൂനപക്ഷ സര്‍ക്കാര്‍ മാത്രമായി മാറുമെന്നും കോണ്‍ഗ്രസ് ചേര്‍ന്നാല്‍ മാത്രമെ ആ സര്‍ക്കാരിന് ഒരു ശക്തിയും കെട്ടുറപ്പും നിലനില്‍പ്പും ഉണ്ടാവുകയുള്ളൂവെന്നും സി.അച്യുതമേനോന്‍ ഇന്ദിരാഗാന്ധിയെ ധരിപ്പിച്ചതായി വക്കം പുരുഷോത്തമന്‍ പറയുന്നു. അങ്ങനെ കെ. കരുണാകരന്‍, വക്കം പുരുഷോത്തമന്‍, കെ.ടി. ജോര്‍ജ്, വെള്ളയീച്ചരന്‍ എന്നിവരെ കോണ്‍ഗ്രസ് മന്ത്രിമാരായി ചേര്‍ന്നു. കെ. കരുണാകരന്‍ അച്യുത മേനോന്‍ മന്ത്രിസഭയിലെ ശക്തനായ ആഭ്യന്തര മന്ത്രിയായി.

അന്വേഷണ റിപ്പോര്‍ട്ടിലൂടെ  അഴിമതിയാരോപണങ്ങളില്‍നിന്ന് മുക്തമായി എം.എന്‍. ഗോവിന്ദന്‍നായരും  ടി.വി. തോമസും മന്ത്രിസഭയിലെത്തി. പാര്‍ട്ടി തീരുമാനമനുസരിച്ച് എന്‍.ഇ. ബാലറാം, പി.എസ്. ശ്രീനിവാസന്‍, പി.കെ. രാഘവന്‍ എന്നീ സി.പി.എൈ മന്ത്രിമാര്‍ രാജി വെച്ചു. കോണ്‍ഗ്രസ് ചേര്‍ന്നതോടെ് മന്ത്രിസഭയില്‍നിന്ന് രാജി വെയ്ക്കാന്‍ ദേശീയ തലത്തില്‍ സി.പി.എമ്മുമായി അടുത്ത് പ്രവര്‍ത്തിച്ചിരുന്ന ആര്‍.എസ്.പി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം സംസ്ഥാന ഘടകം അനുസരിച്ചില്ല. കേരള ഘടകത്തെ പിരിച്ചു വിട്ടു. കേരള ആര്‍.എസ്.പിയായി അവര്‍ മന്ത്രിസഭയില്‍ തുടര്‍ന്നു. 1972 ഏപ്രില്‍ മൂന്നിന് നിയമസഭയില്‍ സംസാരിച്ചു നില്‍ക്കെ ഹൃദ്രോഹബാധിതനായിരുന്ന കെ.ടി. ജോര്‍ജ് മരണമടഞ്ഞു. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധിയായി പോള്‍ പി. മാണി മന്ത്രിസഭയില്‍ ചേര്‍ന്നു.

CH
എ.കെ.ആന്റണി, കെ.കരുണാകരന്‍, സി.അച്യുതമേനോന്‍,സി.എച്ച്.മുഹമ്മദ്‌കോയ

സമര വേലിയേറ്റം

കോണ്‍ഗ്രസ് കൂടി ഭരണത്തില്‍ പങ്കാളികളായതോടെ കെട്ടുറപ്പും ഭരണസ്ഥിരതയും കൈവരിച്ചെങ്കിലും  നിരവധി ജനകീയ പ്രക്ഷോഭങ്ങളും രാഷ്ട്രീയവിവാദങ്ങളും കൊടുമ്പിരി കൊണ്ടു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സ്വകാര്യ മാനേജ്‌മെന്റുകളുടെയും സമരം, മിച്ചഭൂമി സമരം, എന്‍.ജി.ഒ സമരം, അടിയന്തരാവസ്ഥ വിവാദങ്ങള്‍ തുടങ്ങിയ രാഷ്ട്രീയ കോലാഹലങ്ങളെയാണ് സര്‍ക്കാരിന് മറി കടക്കേണ്ടി വന്നത്.

സ്വകാര്യ കോളേജിലെ അധ്യാപക നിയമനം, അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം നല്‍കല്‍ എന്നിവ ആവശ്യപ്പെട്ടായിരുന്നു അധ്യാപക സമരം. സര്‍ക്കാര്‍ കോളേജുകളിലെയും സ്വകാര്യ കോളേജുകളിലെയും വിദ്യാര്‍ത്ഥികളുടെ ഫീസ് ഏകീകരണം ആവശ്യപ്പെട്ട് രംഗത്ത് വന്ന കെ.എസ്.യു. അധ്യാപകസമരത്തിനും പിന്തുണ നല്‍കി. സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കാം. കോളേജുകളുടെ നിയന്ത്രണം പക്ഷെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഭരണമുന്നണി നേതാക്കള്‍ നിര്‍ദേശിച്ചു.

സ്വകാര്യ  മാനേജ്‌മെന്റുകള്‍ക്ക് അധ്യാപകനിയമന സമിതിയിലെ സര്‍ക്കാര്‍ പ്രാതിനിധ്യമുള്‍പ്പെടയുള്ള ഒരു നിര്‍ദേശത്തോടും യോജിപ്പുണ്ടായില്ല. ന്യൂനപക്ഷാവകാശങ്ങള്‍ കവരാനുള്ള നീക്കമെന്ന വിമോചന സമരത്തിലെ പഴയ വാദം അവര്‍ ഉന്നയിച്ചു. കോണ്‍ഗ്രസിലെ യുവജനവിഭാഗവും യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവും മാനേജ്‌മെന്റുകള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കും എതിരായി നില കൊണ്ടു.

കേരള കോണ്‍ഗ്രസും അവരുടെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.സിയും മാനേജ്‌മെന്റുകളെ പിന്തുണച്ചു. ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ കോണ്‍ഗ്രസിന് എതിരായി. ക്ഷീണിച്ചു കൊണ്ടിരുന്ന കേരള കോണ്‍ഗ്രസിന് പിടിവള്ളിയായി  ഈ വിഭാഗത്തിന്റെ ശക്തമായ പിന്തുണ  1965-ലെയും 67-ലെയും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്താങ്ങിയിരുന്ന ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ ഇക്കാലത്ത് കേരള കോണ്‍ഗ്രസിന് അനുകൂലമായി മാറി.

അന്ന് ഭരണുന്നണിയുടെ നയരൂപീകരണ സിമിതിചെയര്‍മാനായിരുന്ന എ.കെ. ആന്റണി കേരള രാഷ്ട്രീയത്തില്‍ സ്വാധീനശക്തിയായി മാറിയത് ഈ സമരത്തോടെയായിരുന്നു.  സ്വകാര്യ കോളേജ് അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്‍കുക എന്ന ആവശ്യം ഉന്നയിച്ച് എ.കെ.പി.സി.ടി.എ. പോലുള്ള സംഘടനകള്‍ കെ.എം. ചാണ്ടിയുടെയും രാമചന്ദ്രന്‍നായരുടെയും നേതൃത്വത്തില്‍ രംഗത്ത് വന്നപ്പോള്‍ അവയെ പിന്തുണയ്ക്കുക മാത്രമല്ല, കോളേജുകളിലെ ഫീസ് ഏകീകരണം എന്ന ആവശ്യം കെ.എസ്.യു. പോലുള്ള സംഘടനകള്‍ മു്‌ന്നോട്ട് വെച്ചതായി അന്ന നിയമസഭാംഗം കൂടിയായ എ.കെ. ആന്റണി ഓര്‍ക്കുന്നു. ഈ രണ്ടു പ്രശ്‌നങ്ങളിലും സ്വാകാര്യ മാനേജ്മെന്റുകള്‍ക്കെതിരായ നിലപാടാണ് കോണ്‍ഗ്രസിലെ യുവജന വിഭാഗം സ്വീകരിച്ചത്. 

സ്വാകാര്യ മാനേജ്‌മെന്റുകളുടെ പ്രതിഷേധത്തെ നേരിടണമെന്ന  അഭിപ്രായമായിരുന്നു തങ്ങള്‍ക്ക്. ഒടുവില്‍ ഇന്ദിരാഗാന്ധി ഇടപെട്ടാണ് പ്രശ്‌നത്തിന്  പരിഹാരമുണ്ടാക്കിയെതെന്ന് എ.കെ.ആന്റണി പറയുന്നു. കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ.കെ. വിശ്വനാഥന്‍ ഗുജറാത്ത് ഗവര്‍ണറായി നിയമിതനായതിനെ തുടര്‍ന്ന് എ.കെ. ആന്റണി കെ.പി.സി.സി അധ്യക്ഷനാവുന്നതും കോണ്‍ഗ്രസില്‍ ആന്റണിയുടെ നേതൃത്വത്തില്‍ സംഘടനാ വിഭാഗവും കെ. കരുണാകരന്റെ നേതൃത്വത്തില്‍ ഭരണവിഭാഗവും രണ്ട് പ്രബലചേരികളായി രൂപപ്പെടുന്നതും ഇക്കാലത്തായിരുന്നു.

അന്ന് എ.കെ.ജിയുടെ നേതൃത്വത്തില്‍ നടന്ന സി.പി.എമ്മിന്റെയും അവരുടെ കര്‍ഷകത്തൊഴിലാളി സംഘടനയുടെയും മിച്ചഭൂമിസമരത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാന്‍ അവര്‍ തയ്യാറായില്ല. കോണ്‍ഗ്രസ് മാനേജ്‌മെന്റുകള്‍ക്ക് വഴങ്ങിയതായി സി.പി.എം. കുറ്റപ്പെടുത്തി. ഇടതു സര്‍വ്വീസ് സംഘടനയുടെ എന്‍.ജി.ഒ. സമരത്തെ നേരിടാന്‍ മുഖ്യമന്ത്രി അച്യുതമേനോന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചതും അക്കാലത്തായിരുന്നു.

മുസ്ലീംലീഗിലെ പിളര്‍പ്പ്

മുസ്ലീം ലീഗിലെ ആഭ്യന്തര വഴക്കുകളെ തുടര്‍ന്ന് സി.എച്ച്. മുഹമ്മദ് കോയ  വിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജി വെച്ചു. ഒഴിവു വന്ന മഞ്ചേരി പാര്‍ലമെന്റ് സീറ്റിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സി.എച്ചിനെ മത്സരിപ്പിച്ചു. സി.എച്ചിനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കാനുള്ള ലീഗിലെ സി.എച്ച് വിരുദ്ധരുടെ നീക്കത്തിന് മനസ്സില്ലാമനസ്സോടെ സി.എച്ചിനും വഴങ്ങേണ്ടി വന്നു. ചാക്കീരി അഹമ്മദ് കുട്ടി പകരം മന്ത്രിയായി. ഇതിനിടെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നിയമസഭയില്‍ ആറ് മുസ്ലീം ലീഗ് എം.എല്‍.എമാര്‍  പ്രത്യേക ബ്ലോക്കായി. മന്ത്രിസഭ രാജി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിമത ലീഗ് എം.എല്‍.എമാര്‍ പ്രതിപക്ഷവുമായി ബന്ധം പുലര്‍ത്തി. ആറ് എം.എല്‍.എ മാരെ 1975 മാര്‍ച്ചില്‍ പാര്‍ട്ടി പുറത്താക്കി.

CH
സി.എച്ച്. മുഹമ്മദ്‌കോയ

ലീഗിലെ 11 എം.എല്‍.എമാരില്‍ ആറ് പേരാണ് അവരോടൊപ്പമായിരുന്നതെന്ന് ലീഗ് ചരിത്രകാരനായ എം.സി.വടകര പറയുന്നു. "പ്രധാനപ്പെട്ട നേതാക്കള്‍ അവരുടെ കൂടെയായിരുന്നു. അവര്‍ സി.എച്ചിനെ താറടിച്ച് കാണിച്ചു. രണ്ട് മൂന്ന് നേതാക്കള്‍ മാത്രമേ സി.എച്ചിനൊപ്പം ഉണ്ടായിരുന്നുള്ളൂ.പക്ഷെ, ജനങ്ങളും അണികളും  സി.എച്ചിനെ ലീഗിലെ അത്യുന്നത പദവിയിലേക്ക് ഉയര്‍ത്തി.  അഖിലേന്ത്യാ ലീഗ് എന്ന പേരില്‍ അവര്‍ വേറെ പാര്‍ട്ടി രൂപീകരിച്ച്  മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ ആ  സഖ്യത്തില്‍ മല്‍സരിച്ചുവെങ്കിലും മന്ത്രിമാരാവാന്‍ അവര്‍ക്ക് കഴിഞ്ഞുവെന്നല്ലാതെ കാര്യമായ  രാഷ്ട്രീയ വിജയം നേടാനായില്ല." ലീഗണികളില്‍ ഭൂരിപക്ഷവും മുസ്ലീം ലീഗില്‍ തന്നെ അണിനിരന്നതായി എം.സി.വടകര ചൂണ്ടിക്കാട്ടുന്നു.

വിമത എം.എല്‍.എമാര്‍ അച്യുതമേനോന്‍ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു.  വിമത ലീഗ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കുന്നതിനെ കുറിച്ചായിരുന്നു സി.പി.എമ്മിന്റെ ആലോചന.  സ്പീക്കര്‍ മൊയ്തീന്‍കുട്ടി ഹാജി എന്ന് ബാവ ഹാജി സ്പീക്കര്‍ സഥാനം രാജി വെച്ച് വിമത ലീഗിലേക്ക് നീങ്ങി.

രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കൊടുമ്പിരിക്കൊണ്ടപ്പോഴും ഭരണസ്ഥിരതയുടെ നേട്ടങ്ങള്‍ സര്‍ക്കാരിന് പ്രകടിപ്പിക്കാനായതായി എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. "കേരളത്തിലെ ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ഭരണാധികാരം ഉപകാര പ്രദമായ ഒരു സര്‍ക്കാരായിരുന്നു അന്നത്തേത്. കാര്‍ഷികപരിഷ്‌ക്കരണ നിയമം പാസ്സാക്കിയത് ഇ.എം.എസ്. സര്‍ക്കാരിന്റെ കാലത്തായിരുന്നെങ്കിലും നിയമം നടപ്പാക്കിയതും അതിന്‍രെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടിയതും  അച്യുതമേനോന്‍ സര്‍ക്കാരിന്റെ കാലത്തായിരുന്നു.  ലക്ഷോപലക്ഷം കുടിയാന്‍മാര്‍ക്കും പാട്ടക്കാര്‍ക്കും അതിന്റെ പ്രയോജനം കിട്ടി." അന്നെടുത്ത വിപ്ലവകരമായ തീരുമാനങ്ങള്‍, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ  ആ സര്‍ക്കാരിന്റെ  സല്‍ഭരണം ജനങ്ങള്‍ അംഗീകരിച്ചതായി  എ.കെ.ആന്റണി പറയുന്നു.

അടിയന്തരാവസ്ഥയുടെ പ്രക്ഷുബ്ധ നാളുകള്‍

ലോകസ്ഭയിലേക്കുള്ള പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കി കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി വന്നത് 1975 ജൂണ്‍ 12-നായിരുന്നു. എതിര്‍സ്ഥാനാര്‍ത്ഥി രാജ് നാരായണന്റെ തിരഞ്ഞെടുപ്പ് ഹര്‍ജിയിന്‍മേലുള്ള ജസ്റ്റിസ് ജഗമോഹന്‍ലാല്‍ സിന്‍ഹയുടെ വിധിയാണ് അടിയന്തരാവസഥയിലേക്കും തുടര്‍ന്നുള്ള പ്രക്ഷുബ്ധ രാഷ്ട്രീയത്തിലേക്കും നയിച്ചത്.

സുപ്രീം കോടതിയിലെ അപ്പീല്‍ ഹര്‍ജിയില്‍ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ വിധി ഇന്ദിര ഗാന്ധിക്ക് ആശ്വാസമായി. ലോക്ഭയില്‍ വോട്ടവകാശം വിലക്കുകയും അതോടൊപ്പം പാര്‍ലമെന്റംഗമായും പ്രധാനമന്ത്രിയായും തുടരാമെന്നായിരുന്നു കൃഷ്ണയ്യരുടെ വിധി. ഇതിനിടെ തന്റെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിക്കുള്ളിലെ പടയൊരുക്കത്തെയും ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നീക്കത്തെയും ഒറ്റയടിക്ക് നേരിടാനാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്.

1975 ജൂണ്‍ 25ന് രാത്രി 11.45-ന് രാഷ്ട്രപതി ഫക്രുദീന്‍ അലിയഹമ്മദ് അടയിന്തരാവസഥാ പ്രഖ്യാപനത്തില്‍ ഒപ്പു വെച്ചു. പിന്നാലെ ജൂലായ് ഒന്നിന് ഇന്ദിര ഇരുപതിന പരിപാടിയും പ്രഖ്യാപിച്ചു. അടിയന്തരാവസ്ഥ ജനനന്മയ്ക്ക് എന്ന പ്രഖ്യാപനത്തെ കേരളത്തിലെ ഭരണുന്നണിയും സ്വാഗതം ചെയ്തു. ഇന്ദിരയുടെ പ്രഖ്യാപനങ്ങള്‍ അച്യുതമേനോന്‍ അതേപടി നടപ്പാക്കി.

emergency

സി.പി.എം, കേരള കോണ്‍ഗ്രസ്, സംഘടനാ കോണ്‍ഗ്രസ്, വിമത മുസ്ലീം ലീഗ് ( അഖിലേന്ത്യാ ലീഗ് ), കെ.എസ്.പി., കെ.ടി.പി. എന്നീ പാര്‍ട്ടികളടങ്ങിയ പ്രതിപക്ഷ ഏകോപനസമിതി അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രതിഷേധിച്ചു. എം.പി. വീരേന്ദ്രകുമാറായിരുന്നു കണ്‍വീനര്‍. എസ്.എഫ്.ഐ, , കെ.എസ്.സി., ഐ.എസ്.ഒ. എന്നീ വിദ്യാര്‍ത്ഥി സംഘടനകളും പഠിപ്പുമുടക്കുമായി രംഗത്തിറങ്ങി. നിരോധനാജ്ഞ ലംഘിച്ച പ്രതിപക്ഷ നേതാക്കളെല്ലാം രാജ്യരക്ഷാ  നിയമപ്രകാരം കൂട്ടത്തോടെ അറസ്റ്റിലായി.

പത്രങ്ങള്‍ക്ക് സെന്‍ഷര്‍ഷിപ്പ് ഏര്‍പ്പെടുത്തി.  സി.പി.എം., സോഷ്യലിസ്റ്റ് പാര്‍ട്ടി, അഖിലേന്ത്യാ ലീഗ്, കേരള കോണ്‍ഗ്രസ്, ഭാരതീയ ജനസംഘം നേതാക്കളെല്ലാം അറസ്റ്റിലായവരില്‍പ്പെടുന്നു. ഇ.എം.എസ്. ഉള്‍പ്പെടെയുള്ള നേതാക്കളെല്ലാം അന്ന് അറസ്റ്റ് ചെയ്യപെട്ടുവെന്ന് കെ.ജി. പരമേശ്വരന്‍ നായര്‍ പറയുന്നു. "പിണറായി അന്നത്തെ ഫയര്‍ ബ്രാന്‍ഡ് അംഗമായിരുന്നു.. അടിയന്തരാവസ്ഥാകാലത്ത്  ക്രൂരമായ പോലീസ് മര്‍ദനത്തിന് വിധേയനായ പിണറായി ജയില്‍മോചിതനായ ശേഷം ചോരപുരണ്ട തന്റെ ഷര്‍ട്ട് ഉയര്‍ത്തി കാണിച്ച് ജയിലിലെ തന്റെ അനുഭവങ്ങളെ കുറിച്ച് ഒരു മണിക്കൂറിലധികം നിയമസഭയില്‍ പ്രസംഗിച്ചു." കെ.ജി. പരമേശ്വരന്‍ നായര്‍ ഓര്‍ക്കുന്നു.

ആഭ്യന്തരമന്ത്രി കെ. കരുണാകരന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രതാപശാലിയായി മാറിയത് അടിയന്തരാവസ്ഥാക്കാലത്തായിരുന്നു. ഭരണരംഗത്തും സംഘടനാ രംഗത്തും കെ. കരുണാകരന്‍ ശക്തനായി. ചികില്‍സയ്ക്കും വിശ്രമത്തിനും മുഖ്യമന്ത്രി സി. അച്യുതമേനോന്‍ മോസ്‌ക്കോയിലേക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല  കരുണാകരനായി.

അച്യുതമേനോനുണ്ടായിരുന്നപ്പോഴും ആഭ്യന്തരമന്ത്രി സൂപ്പര്‍ മുഖ്യമന്ത്രിയായി. 1975-ലുണ്ടായ നക്‌സലൈറ്റ് ആക്രമണങ്ങളുടെ മറവില്‍ കായണ്ണ, കക്കയം തുടങ്ങിയ പോലീസ് ക്യാമ്പുകളില്‍ പോലീസിന്റെ കിരാതവാഴ്ച അരങ്ങേറി.ഇരുമ്പുലക്കയാലുള്ള ഉരുട്ടല്‍ തുടങ്ങിയ പോലീസ് മുറകള്‍ പ്രയോഗിക്കപ്പെട്ടു. അറസ്റ്റ് ചെയ്യപ്പെട്ട കാലിക്കറ്റ് റീജിയണല്‍  എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജനെ തേടി പിതാവ് പ്രൊഫസര്‍ ഈച്ചരവാര്യര്‍ മന്ത്രിമന്ദിരങ്ങളിലും പോലീസ് സ്‌റ്റേഷനുകളിലും കയറിയിറങ്ങി. കോടതിയെ സമീപിച്ചു.

രാജനെ കുറിച്ചൊരു വിവരവും ലഭിക്കാതെയാണ് ഈച്ചരവാര്യര്‍  മരിച്ചത്. തിരുവനന്തപുരത്തെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ച് മര്‍ദ്ദനത്തില്‍ മരിച്ച വര്‍ക്കല വിജയന്‍, കണ്ണന്‍ തുടങ്ങി അടിയന്തരാവ്‌സഥയിലെ പോലീസതിക്രമത്തില്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടവര്‍ അനേകം. അതിക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ജീവച്ഛവങ്ങളായി  തുടര്‍ന്നവര്‍ വേറെയും. അടിയന്തരാവസ്ഥാകാലത്തെ അതിക്രമങ്ങളുടെയും പോലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങളുടെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് പിന്നീടാണെന്ന് മാത്രം.

ജയിലില്‍നിന്ന് ഭരണത്തിലേക്ക്

അടിയന്തരാവ്‌സഥയുടെ ആദ്യനാളുകളില്‍ കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം. ജോര്‍ജും ആര്‍. ബാലകൃഷണപിള്ളയും ജയിലിലായിരുന്നു. കെ.എം. മാണി ഒളിവിലും. ജയിലില്‍ നിന്നിറങ്ങിയ കെ.എം. ജോര്‍ജിനെയും ആര്‍. ബാലകൃഷ്ണപിള്ളയെയും  ഭരണമുന്നണിയില്‍ ചേരാന്‍ കോണ്‍ഗ്രസ് പ്രേരിപ്പിച്ചു. ഡല്‍ഹിയിലാണ് ചര്‍ച്ചകള്‍ നടന്നത്. സ്പീക്കറും രണ്ടു മന്ത്രിമാരും അടുത്ത തിരഞ്ഞെടുപ്പില്‍ 25 സീറ്റും എന്ന വാഗ്ദാനം കേരള കോണ്‍ഗ്രസിന് നല്‍കി. 

പാര്‍ട്ടി  ചെയര്‍മാന്‍ മന്ത്രിയാവുന്നതിനെതിരെ കേരള കോണ്‍ഗ്രസില്‍ പടയൊരുക്കം തുടങ്ങി. കെ.എം. മാണിയെ മന്ത്രിയാക്കാന്‍ ഒരു നേതാവ് ഒരു സ്ഥാനമേ വഹിക്കാന്‍ പാടുള്ളൂ എന്ന് ആവശ്യമുയര്‍ത്തി. പാര്‍ട്ടി ചെയര്‍മാനും പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ഒരാളായിക്കൂടാ ആ വാദം ശക്തമായപ്പോള്‍ കെ.എം. ജോര്‍ജ് പിന്‍വാങ്ങി. ചെയര്‍മാന്‍ സ്ഥാനത്ത് തുടരാന്‍ അദ്ദേഹം തീരുമാനിച്ചു. പാര്‍ട്ടി  തീരുമാനമെടുത്തതിന്റെ പിറ്റേന്ന്  കെ.എം. മാണിയും ആര്‍. ബാലകൃഷണപിള്ളയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു . ടി.എസ്. ജോണ്‍ സ്പീക്കറായി. ബാലകൃഷ്ണപിള്ള അന്ന് നിയമസഭാംഗമായിരുന്നില്ല. 1970-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷണനോട് പരാജയപ്പെട്ട ബാലകൃഷ്ണപിള്ള 1971-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍നിന്നുള്ള ലോക്‌സഭാംഗമാവുകയായിരുന്നു.

George KM
കെ.എം. ജോര്‍ജ്‌

ഇതിനിടയില്‍ കെ.എം. ജോര്‍ജിന്റെയും കെ.എം. മാണിയുടെയും നേതൃത്വത്തില്‍ രണ്ട് ചേരിയായി കേരള കോണ്‍ഗ്രസ് പിരിഞ്ഞു. ലോകസഭാംഗമായിരുന്ന ആര്‍. ബാലകൃഷണപിള്ള ആറു മാസം മന്ത്രിയായിരുന്ന ശേഷം നിയമസഭയിലേക്ക് എത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് രാജി വെച്ചൊഴിഞ്ഞു. പകരം കെ.എം. ജോര്‍ജ് മന്ത്രിയായി. കെ.എം. ജോര്‍ജ് 1976 ഡിസംബര്‍ 11-ന് അന്തരിച്ചതിനെ തുടര്‍ന്ന് കെ. നാരായണക്കുറുപ്പ് മന്ത്രിയായി. കേരള കോണ്‍ഗ്രസില്‍ ഐക്യം സ്ഥാപിക്കാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം കൊണ്ടുവന്ന ഒത്തു തീര്‍പ്പ് ഫോര്‍മുല പ്രകാരമായിരുന്നു അത്. ഇത് സ്വീകാര്യമാവാത്ത  ആര്‍. ബാലകൃഷ്ണപിള്ള ഭരണുന്നണിയുമായി തെറ്റിപ്പിരിഞ്ഞു. പിള്ള ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് ഉദയം കൊണ്ടു.

1977 ജനുവരിയില്‍ ലോകസഭ പിരിച്ചു വിടാനും മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു . കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ട് കേരളവും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. അന്ന് വരെ ഒരു മന്ത്രിസഭയ്ക്കും കാലാവധി പൂര്‍ത്തിയാക്കാനായിരുന്നില്ല. അടിയന്തരാവസ്ഥയുടെ തണലില്‍  കാലാവധിയും കഴിഞ്ഞ് രണ്ട് വര്‍ഷം കൂടി അച്യുതമേനോന്‍ സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ കഴിഞ്ഞു.

Content Highlights: Return of Achutha Menon-pinarayi viajyan-thiranjeduppu keralam