കവടിയാറില്‍ രാജ്ഭവന് സമീപം അക്കാമ്മ ചെറിയാന്റെ പ്രതിമ കാണുന്നവരില്‍ അധികാമാര്‍ക്കും അറിയില്ല, അത് തിരുവിതാംകൂറിലെ ഝാന്‍സി റാണിയായി അറിയപ്പെട്ട സ്വാതന്ത്ര്യസമരത്തിലെ വീരനായികയാണെന്ന്. 1948-51-ല്‍ തിരുവിതാംകൂര്‍ നിയമസഭയില്‍ അംഗമായിരുന്ന, കാഞ്ഞിരപ്പള്ളിയില്‍നിന്ന് എതിരില്ലാതെ ജയിച്ച എം.എല്‍.എ. തിരുവിതാംകൂറില്‍ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള ജനാധിപത്യപ്രക്ഷോഭത്തില്‍ സ്‌റ്റേറ്റ് കോണ്‍ഗ്രസിന്റെ 11 ഡിക്‌റ്റേറ്റര്‍മാരെ തുറുങ്കിലടച്ച ശേഷം 12-ാമത് ഡിക്‌റ്റേറ്ററായാണ് കാഞ്ഞിരപ്പള്ളിയിലെ ഹൈസ്‌കൂള്‍ പ്രഥമാധ്യാപികയായ അക്കാമ്മ എത്തുന്നത്.
സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെയും യൂത്ത് ലീഗിനെയും നിരോധിച്ചതിനെ തുടര്‍ന്ന് ഡിക്‌റ്റേറ്റര്‍ എന്ന പദവിയിലാണ് സമരനേതാവിനെ നിയോഗിച്ചിരുന്നത്. മഹാരാജാവിന്റെ ആട്ടപ്പിറന്നാള്‍ ദിവസം, അക്കാമ്മയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് കോണ്‍ഗ്രസ് വോളന്റിയര്‍മാര്‍ രാജകൊട്ടാരത്തിലേക്ക് മാര്‍ച്ച് ചെയ്തു. നിരോധനം ലംഘിച്ച് നടന്ന മാര്‍ച്ച് കൊട്ടാരത്തിനടുത്തുവരെയെത്തി. പട്ടാളം വെടിയുതിര്‍ക്കാന്‍ ഓങ്ങിനില്‍ക്കെ അതിനെ വെല്ലുവിളിച്ച് അക്കാമ്മ പ്രഖ്യാപിച്ചു- pþ iam the leader shoot me first, before you kill others... അക്കാമ്മക്കൊപ്പം ആ സമരത്തില്‍ മുന്നണിയിലുണ്ടായിരുന്ന മറ്റൊരാള്‍ അവരുടെ ഇളയ സഹോദരി റോസമ്മയായിരുന്നു. പില്‍ക്കാലത്ത് പി.ടി.പുന്നൂസിന്റെ പത്‌നിയായ, ദേവികുളം എം.എല്‍.എ.യും ഐക്യകേരളനിയമസഭയിലെ ആദ്യ പ്രൊടെം സ്പീക്കറുമായിരുന്ന റോസമ്മ.
കൊട്ടാരത്തിലേക്ക് മാര്‍ച്ച് നടത്തിയ അക്കാമ്മയെയും റോസമ്മയെയും 1939 ഡിസമ്പര്‍ 24-ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തിരുവിതാംകൂറില്‍ ദേശസേവികാ സംഘം രൂപവല്‍ക്കരിച്ചത് അക്കാമ്മയാണ്. പിന്നീട് രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്ന അക്കാമ്മ 1967-ല്‍ വീണ്ടും കോണ്‍ഗ്രസ്സിലെത്തി കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ഥിയായെങ്കിലും പരാജയപ്പെട്ടു.