വിവിധ സമുദായങ്ങള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ പ്രാതിനിധ്യം നല്‍കുന്നതിന് വ്യത്യസ്ത സംവിധാനങ്ങളാണുണ്ടായിരുന്നത്. ഭിന്നിപ്പിച്ചുഭരിക്കുന്നതില്‍ സമര്‍ഥരായ ബ്രിട്ടീഷുകാര്‍ സാമുദായിക മണ്ഡലങ്ങള്‍ തന്നെ ഉണ്ടാക്കി. 1937-ലെ പ്രവിശ്യാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ആകെയുള്ള 250 സീറ്റില്‍ 117 സീറ്റ് മുസ്ലിം സംവരണമായിരുന്നു. മുസ്ലിം മതവിഭാഗത്തില്‍പ്പെട്ട നികുതിദായകര്‍ക്ക് മാത്രം വോട്ടുചെയ്യാവുന്ന സ്ഥാനാര്‍ഥികള്‍. ഇലക്ടറല്‍ കോളേജ് മതാടിസ്ഥാനത്തില്‍. 1909-ലെ ഇന്ത്യന്‍ കൗണ്‍സില്‍ ആക്ടനുസരിച്ചായിരുന്നു ഇത്.
കേരളത്തില്‍ കൊച്ചിയില്‍ 1925-ല്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 30 മണ്ഡലത്തില്‍ 23 പൊതുമണ്ഡലത്തിന് പുറമെ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ ഈഴവ മണ്ഡലം, മുസ്ലിം മണ്ഡലം, തോട്ട ഉടമ മണ്ഡലം, ജൂത മണ്ഡലം, കച്ചവടക്കാരുടെ മണ്ഡലം എന്നിങ്ങനെ സംവരണ മണ്ഡലമുണ്ടായിരുന്നു. വോട്ടവകാശം അതത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം. പൊതുമണ്ഡലത്തില്‍ വോട്ടവകാശം സ്വത്തുടമകളായ നികുതിദായകര്‍ക്ക് മാത്രം. അതല്ലെങ്കില്‍ മെട്രിക്കുലേഷന്‍ പാസായവര്‍ക്ക്. സമൂഹത്തിലെ ഉന്നതന്മാര്‍ക്ക് മാത്രം വോട്ടവകാശം എന്നര്‍ഥം. സംവരണം ചെയ്ത സീറ്റുകളിലേക്കുള്ള മണ്ഡലത്തിന്റെ അതിര്‍ത്തി ആദ്യഘട്ടത്തില്‍ പ്രവിശ്യ മൊത്തത്തിലായിരുന്നു.
സമൂഹത്തിലെ ഏറ്റവും അധഃസ്ഥിതരായ ദളിത് ജനവിഭാഗങ്ങള്‍ക്ക് നിയമസഭകളില്‍ പ്രാതിനിധ്യം ഉണ്ടാവണമെങ്കില്‍ അവര്‍ക്കുമാത്രമായി വോട്ട് ചെയ്ത് തിരഞ്ഞെടുക്കാവുന്ന മണ്ഡലം വേണമെന്ന് അംബേദ്കര്‍ വാദിച്ചു. പൊതുമണഡലങ്ങളില്‍ അന്നത്തെ സ്ഥിതിവെച്ച് ദളിതുവിഭാഗത്തിലുള്ളവരെ സ്ഥാനാര്‍ഥിയായി നിര്‍ത്താനോ ജയിപ്പിക്കാനോ സാധ്യതയില്ലായിരുന്നു. മനുഷ്യന് മനുഷ്യനശുദ്ധമായ കെട്ടകാലം. എന്നാല്‍ പ്രത്യേകം വോട്ടുചെയ്ത് തിരഞ്ഞെടുക്കാവുന്ന മണ്ഡലം ഭിന്നിപ്പുണ്ടാക്കുമെന്നും അന്യവല്‍ക്കരണമാകും ഫലമെന്നും ഗാന്ധിജി വാദിച്ചു.
ഒടുവില്‍ അംബേദ്കറും ഗാന്ധിജിയും ഒരു പോയന്റില്‍ യോജിച്ചു. ദ്വയാംഗ മണ്ഡലം. സംവരണ മണ്ഡലം, പക്ഷേ സംവരണത്തിന് പുറത്തുള്ള ഒരാള്‍ കൂടി തിരഞ്ഞെടുക്കപ്പെടുന്ന മണ്ഡലം. ജനാധിപത്യഭരണം വന്ന് ഒരു ഘട്ടമാകുമ്പോള്‍ എല്ലാ വിഭാഗക്കാരും കൂടി ഒരു ദളിത് സ്ഥാനാര്‍ഥിയെ മാത്രം തിരഞ്ഞെടുക്കേണ്ട മണ്ഡലം യാഥാര്‍ഥ്യാമാക്കുക എന്ന ലക്ഷ്യം.
ഐക്യകേരളത്തിലെ ആദ്യ നിയമസഭയില്‍ 11 എസ്.സി. അംഗങ്ങളും ഒരു എസ്.ടി.അംഗവുമാണുണ്ടായിരുന്നത്. അന്നത്തെ സംവരണ( ദ്വയാംഗ) മണ്ഡലങ്ങള്‍. വര്‍ക്കല, തൃക്കടവൂര്‍, മാവേലിക്കര, കുന്നത്തൂര്‍, കൊട്ടാരക്കര, ദേവികുളം, ചാലക്കുടി, വടക്കാഞ്ചേരി, പൊന്നാനി, ചിറ്റൂര്‍, മഞ്ചേരി, നീലേശ്വരം, വയനാട്( എസ്.ടി.)
114 മണ്ഡലത്തിലായി 126 അംഗങ്ങള്‍
ആദ്യ തിരഞ്ഞെടുപ്പില്‍ ഈ മണ്ഡലങ്ങളില്‍ പലതിലും ജനറല്‍ സീറ്റില്‍ ജയിച്ച പാര്‍ട്ടിയല്ല സംവരണ സീറ്റില്‍ ജയിച്ചത്. ആറ് മണ്ഡലത്തില്‍ സി.പി.ഐ.യും കോണ്‍ഗ്രസ്സും ഓരോ സീറ്റ് പങ്കിട്ടു. അന്ന് സി.പി.ഐ.യുടെ ഏറ്റവും പ്രമുഖരായ നേതാക്കളായ ഇ.എം.എസ്സും കെ.സി.ജോര്‍ജും മത്സരിച്ചത് ദ്വയാംഗ മണ്ഡലത്തിലാണ്. നീലേശ്വരത്ത് ഇ.എം.എസ്സും ആ മണ്ഡലത്തിലെ സംവരണ സീറ്റില്‍ സി.പി.ഐ.യിലെതന്നെ കള്ളാളനും ജയിച്ചു. മാവേലിക്കരയില്‍ തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന കെ.സി.ജോര്‍ജും അതേ മണ്ഡലത്തിലെ സംവരണ സീറ്റില്‍ സി.പി.ഐയിലെതന്നെ കര്‍ഷക തൊഴിലാളി യൂണിയന്റെ സ്ഥാപകനേതാവായ പി.കെ.കുഞ്ഞച്ചനും ജയിച്ചു.
ദേവികുളത്ത് സി.പി.ഐ.യിലെ റോസമ്മ പുന്നൂസ് ജനറല്‍ സീറ്റില്‍ ജയിച്ചപ്പോള്‍ സംവരണ സീറ്റില്‍ കോണ്‍ഗ്രസ്സിലെ എന്‍.ഗണപതിയും ജയിച്ചു. ചാലക്കുടിയില്‍ ജനറല്‍ സീറ്റില്‍ വലിയൊരു തോല്‍വി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിന്റെ സമുന്നത നേതാവായ പനമ്പിള്ളി ഗോവിന്ദമേനോനെ പി.എസ്.പി.യിലെ സി.ജി.ജനാര്‍ദനനാണ് തോല്‍പ്പിച്ചത്.സംവരണ സീറ്റില്‍ സി.പി.ഐ.യിലെ പി.കെ.ചാത്തന്‍ വിജയിച്ചു. പൊന്നാനിയില്‍ സി.പി.ഐ.നേതാവ് ഇ.കെ.ഇമ്പിച്ചിബാവ ജയിച്ചപ്പോള്‍ അതേ മണ്ഡലത്തിലെ സംവരണ സീറ്റില്‍ കോണ്‍ഗ്രസ്സിലെ കുഞ്ഞമ്പു കല്ലയനാണ് ജയിച്ചത്.
Content Highlights: Kerala assembly history- Part 02 | PinNottam