ഒന്നാം കേരളനിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലം 114 മാത്രമായിരുന്നു. കേരളസംസ്ഥാനത്ത് ഉള്‍പ്പെടുത്തിയ പ്രദേശങ്ങളിലെ ആകെ ലോകസഭാ മണ്ഡലത്തിന്റെ എണ്ണം 18. അഞ്ച് ലക്ഷത്തിലധികവും ഏഴര ലക്ഷത്തില്‍ കുറവും ജനസംഖ്യയാണ് ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ടാവേണ്ടതെന്നാണ് ഭരണഘടനയിലെ 81-ാം വകുപ്പ് നിര്‍ദേശിക്കുന്നത്.
മണ്ഡല അതിര്‍ത്തി നിര്‍ണയ കമ്മീഷന്‍ അതനുസരിച്ച് കേരളത്തില്‍ 18 ലോകസഭാ മണ്ഡലവും 126 നിയമസഭാംഗത്വുമാണ് നിര്‍ദേശിച്ചത്. സംസ്ഥാന പുനസംഘടനാ നിയമത്തിലും ഇതേ നിര്‍ദേശമായിരുന്നു. എന്നാല്‍ രാജ്യത്തെ 494 ലോകസഭാ മണ്ഡലത്തിലെ ശരാശരി ജനസംഖ്യയുടെ കണക്കനുസരിച്ച് കേരളത്തില്‍ പതിനെട്ടര ലോകസഭാ സീറ്റിന് അവകാശമുണ്ടെന്ന് അക്കാലത്ത് വാദിക്കപ്പെട്ടു.
പതിനെട്ടര എന്നാല്‍ 19. 19 ലോകസഭാ മണ്ഡലമുണ്ടെങ്കില്‍ നിയമസഭയില്‍ 133 സീറ്റ് വേണം. പക്ഷേ ആ അവകാശവാദം അംഗീകരിക്കപ്പെട്ടില്ല. 1961-ലെ സെന്‍സസ് അനുസരിച്ച് രാജ്യത്ത് ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം 522 ആയി കൂടിയപ്പോള്‍ കേരളത്തില്‍ പാര്‍ലമെന്റ് സീറ്റുകള്‍ 19- ആയി വര്‍ധിച്ചു. അതിന്റെ അനുപാതത്തില്‍ നിയമസഭാംഗങ്ങളുടെ എണ്ണം 133 ആയി ഉയര്‍ന്നു. 1971-ലെ സെന്‍സസ് പ്രകാരം മൂന്നാമത് മണ്ഡല അതിര്‍ത്തി നിര്‍ണയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം ലോകസഭാ മണ്ഡലങ്ങളുടെ എണ്ണം 543 ആയി. കേരളത്തിലേത് 20 ആയി വര്‍ധിച്ചു.
അതിനാനുപാതികമായി നിയമസഭാ മണ്ഡലത്തിന്റെ എണ്ണം 140 ആയി ഉയര്‍ന്നു. 114 മണ്ഡലം മാത്രമുണ്ടായപ്പോള്‍ 126 അംഗങ്ങളുണ്ടായത് 12 മണ്ഡലം ദ്വയാംഗത്വമുള്ളതായതിനാലാണ്. ഏകാംഗ സംവരണ മണ്ഡലങ്ങള്‍ നിലവില്‍ വരുന്നത് 1965-ലെ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പുമുതലാണ്
ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളുടെ എണ്ണം കൂട്ടുന്നത് 1971-ലെ സന്‍സസിന് ശേഷം താല്‍ക്കാലികമായി നിര്‍ത്തി. കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായി അടിയന്തരാവസ്ഥക്കാലത്ത് കൊണ്ടുവന്ന ഭരണഘടനാഭേദഗതിയെ തുടര്‍ന്നാണിത്.
ജനസംഖ്യാ വളര്‍ച്ചക്കാനുപാതികമായി സീറ്റുകളുടെ എണ്ണം വര്‍ധിച്ചാല്‍ ചില സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തം വന്‍തോതില്‍ കുറയും- കേരളം, പഞ്ചാബ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കുടുംബാസൂത്രണപ്രവര്‍ത്തനം വിജയകരമായത്. എന്നാല്‍ ജനപ്പെരുപ്പം കൂടിയ ഉത്തരപ്രദേശ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റുകള്‍ വര്‍ധിക്കും. ഇത് അസന്തുലിതാവസ്ഥയുണ്ടാക്കുമെന്ന നിരീക്ഷണത്തോടെയാണ് ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.
2000-ല്‍ 84-ാത് ഭരണഘടനാഭേദഗതിയിലൂടെ അതേ നില 2026 വരെ തുടരാന്‍ അനുശാസിച്ചു. എന്നാല്‍ സംസഥാനങ്ങള്‍ക്കകത്ത് പാര്‍ലമെന്റ്- നിയമസഭാ മണ്ഡലങ്ങളെ ഏറെക്കുറെ ജനസംഖ്യാനുപാതികമാക്കുകയെന്ന ലക്ഷ്യത്തോടെ നാലാം മണ്ഡല അതിര്‍ത്തി നിര്‍ണയ കമ്മീഷനെ നിയോഗിച്ചു. 2002 ല്‍ നിലവില്‍വന്ന ആ അതിര്‍ത്തി പുനര്‍നിര്‍ണയ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മണ്ഡല എണ്ണം കൂട്ടാതെ പുനര്‍വിഭജനം നടത്തി. 2001-സെന്‍സസ് പ്രകാരമുള്ള ആ വിഭജനം 2009-ല്‍ നടപ്പിലായി.
കേരളത്തില്‍ അസംബ്ലി മണ്ഡലങ്ങള്‍ അതാത് ജില്ലയില്‍ ഒതുങ്ങിനില്‍ക്കുകയും ചില ജില്ലകളില്‍ മണ്ഡലത്തിന്റെ എണ്ണം കൂടുകയും ചില ജില്ലകളില്‍ കുറയുകയും ചെയ്തു. 2026 ന് ശേഷം നടക്കുന്ന ആദ്യ സെന്‍സസ് പ്രകാരമേ ഇനി മണ്ഡല പുനര്‍വിഭജനം പാടുള്ളുവെന്ന് 84-ാം ഭരണഘടനാ ഭേദഗതി അനുശാസിക്കുന്നു. അതായത് 2031-സെന്‍സസ് നടന്ന ശേഷം പുതിയ കമ്മീഷന്‍ വരുമെന്നര്‍ഥം.
Content Highlights: Kerala assembly election history