കേരളത്തിന് പ്രധാനമന്ത്രിയുണ്ടായില്ലെങ്കിലും മലയാളനാട്ടില്‍ പ്രധാനമന്ത്രിമാര്‍ ഒന്നിലേറെയുണ്ടായിരുന്നു. അതില്‍ ആദ്യത്തെയാളാണ് സാക്ഷാല്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍. 1947 സെപ്റ്റംബര്‍ ഒന്നിന് കൊച്ചി രാജ്യത്ത് പനമ്പിള്ളി പ്രധാനമന്ത്രിയായി. സഹമന്ത്രിമാര്‍ സഹോദരന്‍ കെ.അയ്യപ്പന്‍, സി.ആര്‍.ഇയ്യുണ്ണി, പിന്നെ ടി.കെ.നായരും. അധികാരം ജനപ്രതിനിധികള്‍ക്ക് വിട്ടുകൊടുത്തുവെങ്കിലും ക്രമസമാധാനം തന്റെ അടുപ്പക്കാരനായ ടി.കെ.നായര്‍ക്കായിരിക്കുമെന്ന് രാജാവ് വ്യവസ്ഥ വെച്ചു.
ആ ഒറ്റ തീരുമാനം വലിയ സംഭവവികാസങ്ങള്‍ക്കിടയാക്കി. മന്ത്രിസഭ അധികാരമേല്‍ക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് എറണാകുളം മഹാരാജാസ് കോളേജില്‍ സ്വതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നത് രാജഭക്തന്മാര്‍ തടഞ്ഞത്. അതിനെ വെല്ലുവിളിച്ച് പതാക ഉയര്‍ത്തി. പക്ഷേ ദേശീയവാദികളെ രാജഭക്തര്‍ തല്ലിച്ചതക്കുകയും രാജപതാക ഉയര്‍ത്തുകയും ചെയ്തു. വി.വിശ്വനാഥമേനോന്‍, ടി.സി.എന്‍.മേനോന്‍ അടക്കമുള്ള വിദ്യര്‍ഥികളെ പുറത്താക്കുകയും ചെയ്തു. ഇതിനെതിരായ സമരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കെയാണ് പനമ്പിള്ളി പ്രധാനമന്ത്രിയാവുന്നത്.
കൊച്ചിയിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അക്കാലത്തെ രൂപമായിരുന്നു പ്രജാമണ്ഡലം. മഹാരാജാസ് കോളേജിലെ മര്‍ദനത്തിനും വിദ്യാര്‍ഥി വിരുദ്ധ നിലപാടിനുമെതിരെ പ്രജാമണ്ഡലവും ശക്തമായ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ രാജാവിന്റെ വിശ്വസ്തനായ നിയമപാലന മന്ത്രി ടി.കെ.നായര്‍ സമരത്തെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‍കുകയായിരുന്നു. പ്രധാനമന്ത്രിക്കും മറ്റ് രണ്ട് മന്ത്രിമാര്‍ക്കും ഒന്നും ചെയ്യാന്‍ അധികാരമില്ലാത്ത അവസ്ഥ.
മര്‍ദനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മത്തായി മാഞ്ഞൂരാന്റെ കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയമസഭക്കകത്തുവരെ കയറി ജാഥ വിളിക്കുകയും അമിതാധികാരവാഴ്ചയുടെ കോലം കത്തിക്കുകയും ചെയ്തു. തുടര്‍ന്ന് നിരോധനാജ്ഞയുണ്ടായി. പ്രജാമണ്ഡലം രാജേന്ദ്ര മൈതാനത്ത് നടത്തിയ പ്രതിഷേധയോഗം പോലീസ് കയ്യേറുകയും സമരാനുകൂലികളെ അറസ്റ്റ് ചെയ്യുകയും അതിനെതിരെ മുദ്രാവാക്യമുയര്‍ന്നതിനെ തുടര്‍ന്ന് പരക്കെ ലാത്തിച്ചാര്‍ജുമുണ്ടായി.
മന്ത്രി ടി.കെ.നായരുടെ ഉത്തരവനുസരിച്ചാണ് പോലീസ് അതിക്രമം കാട്ടിയതെന്ന് പ്രജാമണ്ഡലം കുറ്റപ്പെടുത്തി. അടുത്തദിവസം കൂടിയ മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രിയും മറ്റ് രണ്ട് മന്ത്രിമാരും സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടും നിയമപാലനമന്ത്രി നിരാകരിച്ചു. രാജാവിനെച്ചെന്നു കണ്ട് പ്രധാനമന്ത്രി ഈ ആവശ്യം ഉന്നയിച്ചെങ്കിലും തന്റെ ആജ്ഞാനുവര്‍ത്തിയായ ടി.കെ.നായര്‍ പറയുന്നതനുസരിച്ചേ നടപടിയെടുക്കൂ എന്നതായിരുന്നു രാജാവിന്റെ നിലപാട്. അതേ തുടര്‍ന്ന് ഒക്ടോബര്‍ 22-ന് പനമ്പിള്ളി മന്ത്രിസഭ രാജിവെച്ചു. ഇതേ മന്ത്രിസഭ 1946-ല്‍ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇല്ലാതെ ഒരു വര്‍ഷത്തോളം ഭരണം നടത്തിയിരുന്നു. പനമ്പിള്ളിക്ക്് പകരം ടി.കെ.നായര്‍ പ്രധാനമന്ത്രിയായി ഒക്ടോബര്‍ 27-ന് ചുമതലയേറ്റു. പ്രോഗ്രസ്സീവ് പാര്‍ട്ടി നേതാവായ അദ്ദേഹത്തിനൊപ്പം നാഷണലിസ്റ്റ് പാര്‍ട്ടി നേതാക്കളായ പറമ്പി ലോനാപ്പന്‍, ബാലകൃഷ്ണമേനോന്‍ എന്നിവരും മന്ത്രിമാരായി.
കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിയായ അമ്പാട്ട് ശിവരാമമേനോന്‍ അകാലത്തില്‍ അന്തരിച്ചതിനെ തുടര്‍ന്ന് ജനകീയ മന്ത്രിയായ ഡോ.എ.ആര്‍.മേനോനെ ഉപജാപത്തിലൂടെ പുറത്താക്കിയ ശേഷം ജനകീയ മന്ത്രിയായത് ടി.കെ.നായരായിരുന്നു. 1945-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചിട്ടും മന്ത്രിസ്ഥാനം പ്രജാമണ്ഡലം ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് ജനകീയ മന്ത്രിമാരായവരാണ് ലോനപ്പനും കെ.ബാലകൃഷ്ണമേനോനും.
ആദ്യത്തെ പ്രധാനമന്ത്രി അധികാരമില്ലാതെ 52-ാം ദിവസം രാജിവെച്ചത് നിസ്സഹായനായല്ല, സ്വാതന്ത്ര്യാനന്തരമുള്ള പുതിയ രാഷ്ട്രീയത്തിന്റെ തയ്യാറെടുടുപ്പിനായിക്കൂടിയാണ്. മാത്രമല്ല ആ രാജിയോടെ സഹോദരന്‍ അയ്യപ്പനടക്കം സോഷ്യലിസ്റ്റ് പാര്‍ട്ടി എന്ന പേരിലുണ്ടായിരുന്ന പാര്‍ട്ടിക്കാര്‍ പ്രജാമണ്ഡലത്തിന്റെ അഥവാ കോണ്‍ഗ്രസ്സിന്റെ ഭാഗമാവുകയും ചെയ്തു.